Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ജനക്കൂട്ടം മർദ്ദിച്ചവശനാക്കിയ തബ്രിസ് അൻസാരിയെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് നാലുദിവസം കസ്റ്റഡിയിൽ വെച്ച ശേഷം; യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ചുപേർ കസ്റ്റഡിയിൽ; രണ്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തത് കൃത്യവിലോപം കാട്ടിയതിന്റെ പേരിൽ; സംഭവത്തിൽ മുഖ്യമന്ത്രി രഘുബർദാസ് ഇടപെട്ടത് ആൾക്കൂട്ടം യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ജനരോഷം ശക്തമായതോടെ

ജനക്കൂട്ടം മർദ്ദിച്ചവശനാക്കിയ തബ്രിസ് അൻസാരിയെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് നാലുദിവസം കസ്റ്റഡിയിൽ വെച്ച ശേഷം; യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ചുപേർ കസ്റ്റഡിയിൽ; രണ്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തത് കൃത്യവിലോപം കാട്ടിയതിന്റെ പേരിൽ; സംഭവത്തിൽ മുഖ്യമന്ത്രി രഘുബർദാസ് ഇടപെട്ടത് ആൾക്കൂട്ടം യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ജനരോഷം ശക്തമായതോടെ

മറുനാടൻ മലയാളി ബ്യൂറോ

റാഞ്ചി: ഝാർഖണ്ഡിൽ മോഷണക്കുറ്റമാരോപിച്ച് ജനക്കൂട്ടം മർദ്ദിച്ച യുവാവ് തബ്രീസ് അൻസാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കൃത്യവിലോപം കാട്ടിയ രണ്ട് പൊലീസുകാരെ സസ്പെന്റ് ചെയ്തു. കേസിൽ ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ജനക്കൂട്ടം യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിക്കുന്നതിന്റെയും ജയ് ശ്രീറാം വിളിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ വിവാദമായതോടെയാണ് മുഖ്യമന്ത്രി രഘുബർ ദാസ് നേരിട്ട് ഇടപെട്ടത്.

സെരായ്കലായിൽ ഈമാസം പതിനെട്ടിനാണ് ജനക്കൂട്ടം യുവാവിനെ അതിക്രൂരമായി മർദിച്ചത്. ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ച് തബ്രീസ് അൻസാരിയെന്ന ഇരുപത്തിനാലുകാരനെ ഏഴു മണിക്കൂറോളം പോസ്റ്റിൽ കെട്ടിയിട്ടു. ഓരോ അടിക്കും ജയ്ശ്രീറാമും ജയ് ഹനുമാനും വിളിക്കാൻ നിർബന്ധിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. മണിക്കൂറൂകളോളം മർദ്ദിച്ച് അബോധാവസ്ഥയിലായപ്പോഴാണ് പൊലീസിന് കൈമാറിയത്. എന്നാൽ, നാലു ദിവസം കസ്റ്റഡിയിൽ വച്ചതിന് ശേഷമാണ് പൊലീസ് തബ്രീസിനെ ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്‌ച്ച ആശുപത്രിയിൽ എത്തിയപ്പോഴേക്കും തബ്രീസ് മരിച്ചിരുന്നു. ചൊവ്വാഴ്‌ച്ച ജംഷഡ്പൂരിൽ നിന്ന് കാർസോവയിലേക്കുള്ള വീട്ടിലേക്ക് രണ്ടു സുഹൃത്തുക്കളോടൊപ്പം മടങ്ങവേയാണ് ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ച് ആക്രമണം നടന്നത്. തബ്രീസിന്റെ വീട്ടിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയായിരുന്നു സംഭവം.

തബ്രീസിനെ ആശുപത്രിയിലെത്തിക്കുന്നതിന് വളരെ മുമ്പ് തന്നെ മരിച്ചിരുന്നതായി ബന്ധുക്കളെ ഉദ്ധരിച്ച് എൻഡിടിവി റിപോർട്ട് ചെയ്തു. പല തവണ ആവശ്യപ്പെട്ടിട്ടും പൊലീസ് അദ്ദേഹത്തിന് ചികിൽസ നൽകാൻ കൂട്ടാക്കിയില്ല. തബ്രീസിനെ കാണണമെന്ന ബന്ധുക്കളുടെ ആവശ്യം അംഗീകരിക്കാനും പൊലീസ് തയ്യാറായില്ല. സംഭവത്തിൽ വീഴ്‌ച്ച വരുത്തിയ പൊലീസ്, ഡോക്ടർമാർ ഉൾപ്പെടെ എല്ലാവർക്കുമെതിരേ നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.

പുണെയിൽ വെൽഡറായി ജോലിചെയ്യുന്ന തബ്രീസ് അൻസാരി വിവാഹത്തിനായാണ് നാട്ടിലെത്തിയത്.മുസ്ലിമായതിന്റെ പേരിലാണ് അദ്ദേഹത്തെ മർദ്ദിച്ചു കൊന്നത്. എനിക്കാരുമില്ല. ഭർത്താവ് മാത്രമായിരുന്നു എനിക്ക് ആകെയുള്ള തുണ. എനിക്ക് നീതി കിട്ടണം-തബ്രീസിന്റെ ഭാര്യ ഷാഹിസ്ത പർവീൺ പറഞ്ഞു.

സംഭവത്തെ ജമ്മുകശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ശക്തമായി അപലപിച്ചു. ബിജെപി ഭരിക്കുന്ന ഝാർഖണ്ഡിൽ തബ്രീസ് അൻസാരിയെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയിരിക്കുന്നു. ജയ്ശ്രീറാം വിളിക്കാൻ വിസമ്മതിച്ചതിന്റെ പേരിലാണ് ഹിന്ദുക്കൾ അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തിയത്. രണ്ടാം എൻഡിഎ സർക്കാരിന്റെ പുതിയ ഇന്ത്യ ഇതാണോ? എല്ലാവരുടെയും വിശ്വാസം ആർജിക്കുന്നത് ഇങ്ങിനെയാണോ?- മെഹ്ബൂബ മുഫ്തി ട്വിറ്ററിൽ ചോദിച്ചു.

അൻസാരിയെ ആക്രമിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന രണ്ട് വീഡിയോകൾ ആണ് പ്രചരിച്ചത്. ആദ്യം എത്തിയത് അരമിനിറ്റുള്ള വീഡിയോ ആയിരുന്നു. അതിൽ തബ്രീസ് നിലത്ത് പുല്ലിൽ കിടക്കുന്നതായാണു കാണുന്നത്. ചുറ്റുമുള്ളവർ ആക്രോശിക്കുന്നുണ്ട്. ഒരാൾ മരക്കഷ്ണം ഉപയോഗിച്ച് അദ്ദേഹത്തെ അടിക്കുന്നു. മോഷ്ടിച്ചതെന്തിനെന്ന് പലരും ചോദിക്കുന്നതും താൻ മോഷ്ടിച്ചില്ലെന്ന് തബ്‌രീസ് മറുപടി നൽകുന്നുമുണ്ട്.

രണ്ടാമത്തെ വീഡിയോയുടെ ദൈർഘ്യം പത്ത് മിനുട്ടാണ്. ഈ ദൃശ്യങ്ങളിൽ വൈദ്യുതി തൂണിൽ കെട്ടിയിട്ട നിലയിലാണ് തബ്രീസിനെ ആളുകൾ അടിക്കുന്നത്. മോഷ്ടിക്കാൻ വീട്ടിൽ കയറിയതിനെ കുറിച്ച് ഒരാൾ ചോദിക്കുന്നതും താനല്ല മറ്റു രണ്ടുപേരാണ് മോഷ്ടിക്കാൻ വന്നതെന്നും തബ്രീസ് വ്യക്തമായി പറയുന്നുണ്ട്. ഈ വീഡിയോയുടെ അവസാന ഭാഗത്തായി മോഷണത്തെക്കുറിച്ച് ചോദിക്കുന്നതിന് പകരം ജയ് ശ്രീറാം വിളിക്കാനാണ് ആവശ്യപ്പെടുന്നത്. വിസ്സമ്മതിച്ചതോടെ ക്രുരമായി മർദിക്കുകയായിരുന്നു. തുടർന്ന് തബ്രീസ് ജയ്ശ്രീറാം എന്ന് വിളിക്കുന്നുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP