Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് മോഹിച്ച് വെറുതെ കിടന്ന കൃഷിഭൂമിയിൽ ഓർഗാനിക് ഇന്റഗ്രേറ്റഡ് ഫാം തുടങ്ങി; ഗൂണ്ടാപ്പിരിവിനായി ഫാമിനെതിരെ സാമൂഹിക വിരുദ്ധർ; എതിർത്തപ്പോൾ രാഷ്ട്രീയപാർട്ടികളുടെ പിൻബലത്തിൽ സമരം; സഹോദരനെ പ്രതിയാക്കി കൊലപാതക ശ്രമത്തിന് കേസും; കേസും കൂട്ടവുമായതോടെ കടത്തിൽ മുങ്ങി; 12 കോടി മുടക്കി മലബാർ ഹിൽസ് ആൻഡ് റിസോർട്ട് ചെമ്പാനോട് തുടങ്ങിയപ്പോൾ നേരിട്ട പീഡനങ്ങൾ വിവരിച്ച് പ്രവാസി വ്യവസായി ആയ ബിനു ജോസഫ്

നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് മോഹിച്ച് വെറുതെ കിടന്ന കൃഷിഭൂമിയിൽ ഓർഗാനിക് ഇന്റഗ്രേറ്റഡ് ഫാം തുടങ്ങി; ഗൂണ്ടാപ്പിരിവിനായി ഫാമിനെതിരെ സാമൂഹിക വിരുദ്ധർ; എതിർത്തപ്പോൾ രാഷ്ട്രീയപാർട്ടികളുടെ പിൻബലത്തിൽ സമരം; സഹോദരനെ പ്രതിയാക്കി കൊലപാതക ശ്രമത്തിന് കേസും; കേസും കൂട്ടവുമായതോടെ കടത്തിൽ മുങ്ങി; 12 കോടി മുടക്കി മലബാർ ഹിൽസ് ആൻഡ് റിസോർട്ട് ചെമ്പാനോട് തുടങ്ങിയപ്പോൾ നേരിട്ട പീഡനങ്ങൾ വിവരിച്ച് പ്രവാസി വ്യവസായി ആയ ബിനു ജോസഫ്

എം മനോജ് കുമാർ

കോഴിക്കോട്: കേരളത്തിൽ വ്യവസായം വരണം. വ്യവസായികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും നൽകാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധരാണ്. കേരളം ഭരിച്ച എല്ലാ മുഖ്യമന്ത്രിമാരെയും പോലെ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും പറയുന്നത് ഇതേ കാര്യം തന്നെയാണ്. പക്ഷെ വ്യവസായം തുടങ്ങാൻ ഉറച്ച് കേരളത്തിൽ എത്തുന്നവർക്ക് സംഭവിക്കുന്നതോ? കണ്ണൂർ ആന്തൂരിൽ കൺവെൻഷൻ സെന്ററിന് നിരന്തരം അനുമതി നിഷേധിക്കപ്പെട്ടപ്പോൾ പ്രവാസി വ്യവസായി സാജൻ ആത്മഹത്യചെയ്ത സംഭവം മുഖ്യധാരയിൽ നിൽക്കുമ്പോൾ തന്നെയാണ് കോഴിക്കോട് ചെമ്പാനോട് പന്നി ഫാം ആരംഭിച്ച പ്രവാസി വ്യവസായിക്ക് അനുഭവിക്കേണ്ടി വന്ന മനസ് തകരുന്ന അനുഭവങ്ങളും ദുരന്തവും വെളിയിൽ വരുന്നത്. പന്ത്രണ്ട് കോടി രൂപയുടെ പ്രോജക്ടിനെ കേരളത്തിലെ വ്യാവസായികാന്തരീക്ഷം നാമാവശേഷമാക്കുന്നത് എങ്ങിനെയാണ് എന്നാണ് പ്രവാസി വ്യവസായിയായ ബിനു ജോസഫ് തുറന്നുകാട്ടുന്നത്.

കോഴിക്കോടെ മലയോര മേഖലയായ ചെമ്പാനോട് മലബാർ ഹിൽസ് ഫാം ആൻഡ് റിസോർട്ട് ആരംഭിച്ച ബിനു ജോസഫിന് ഈ ഫാമിന്റെ പേരിൽ കയ്യിലെ സമ്പാദ്യം മുഴുവൻ നഷ്ടമായി. ഫാമിനെതിരെ സാമൂഹ്യവിരുദ്ധർ നടത്തിയ സമരം രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുത്തപ്പോൾ ഫാമും ഫാമിൽ നിക്ഷേപിച്ച കോടികളും നഷ്ടമാകുന്ന അവസ്ഥ വന്നു. ക്വാറി സമരവും നിപ്പാ ബാധയും സിർക്കാ വൈറസും ഒപ്പം എത്തിയപ്പോൾ ബിസിനസ് മുഴുവനും തുലഞ്ഞ അവസ്ഥയുമായി. ഇപ്പോൾ ബാങ്ക് ലോണിന്റെ പേരിൽ വന്ന കോടികളുടെ കടക്കെണിയിൽ പകച്ച് നിൽക്കുകയാണ് ബിനു ജോസഫിന്റെ കുടുംബം. സാമൂഹ്യവിരുദ്ധരുടെ സമരം രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുത്തപ്പോൾ ഇംഗ്ലണ്ടിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയ സഹോദരനു വ്യാജകൊലപാതക ശ്രമക്കേസിൽ പ്രതിയാകേണ്ടി വന്നു.

കേസിന്റെ പേരിൽ വീട്ടിലേക്കുള്ള പൊലീസ് റെയിഡുകൾ വേറെയും. കേരളത്തിൽ ഈ കുടുംബത്തിന് നേരിടേണ്ടി വന്നത് ഉറക്കം നഷ്ടമായ രാവുകളും മനഃസമാധാനക്കേടും മാത്രമാണ്. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്കുകളിൽ നിന്ന് ഇപ്പോൾ നേരിടേണ്ടി വരുന്ന സമ്മർദ്ദം വേറെയും. പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്തപ്പോൾ ഇതേ സമയത്ത് തന്നെയാണ് ഫാമിന്റെ പേരിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന മാനസിക സമ്മർദ്ദങ്ങളും ഭീഷണിയും സാമ്പത്തിക നഷ്ടങ്ങളും ഒരു വോയിസ് ക്ലിപ്പിന്റെ രൂപത്തിൽ ബിനു ജോസഫ് പുറത്തുവിട്ടത്. കേരളത്തിലെ വ്യവസായ സംരംഭകർക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളും ദുരന്തങ്ങളുമാണ് ബിനു ജോസഫിന്റെ സംസാരത്തിൽ തെളിഞ്ഞുവരുന്നത്.

കൃഷിഭൂമി വെറുതെ കിടന്നപ്പോഴാണ് ബിനു ജോസഫ് ചെമ്പാനോട് ഓർഗാനിക് ഫാം തുടങ്ങാൻ തീരുമാനിക്കുന്നത്. ഓർഗാനിക് ഇന്റഗ്രെറ്റഡ് ഫാം ആശയമാണ് ഈ ഘട്ടത്തിൽ മനസ്സിൽ നിന്നത്. മത്സ്യകൃഷി, ആട് ഫാം, പന്നി ഫാം എന്നിവയെക്കുറിച്ച് എല്ലാം ആലോചന വന്നു. ഒപ്പം ഓർഗാനിക് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്‌സ് ഫാം. ഇതെല്ലാം പ്ലാൻ ചെയ്തു. ആദ്യം പന്നി ഫാമിൽ തുടങ്ങാം എന്നാണ് കരുതിയത്. എല്ലാ സർക്കാർ അനുമതികളും വാങ്ങാൻ ആദ്യം തീരുമാനിച്ചു. പൊലൂഷൻ കൺട്രോൾ ബോർഡ്, ഫയർ, പഞ്ചായത്ത് തുടങ്ങിയ അനുമതികൾ ആദ്യം വാങ്ങി. കേരളത്തിലെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രോജക്ട് ആയി ചെയ്യണമെന്നും ആഗ്രഹിച്ചു. കെട്ടിടത്തിന് അനുമതി ചോദിച്ചപ്പോൾ മുതൽ പ്രശ്‌നങ്ങൾ തുടങ്ങി. പഞ്ചായത്ത് അനുമതി കോഴിക്കോട് കോർപ്പറേഷന് തട്ടി. പന്നി ഷെഡ് കെട്ടാൻ കോർപ്പറേഷനിൽ നിന്നും അനുമതി തേടിയപ്പോൾ അനുമതി സംസ്ഥാന തലത്തിൽ നിന്നും വരേണ്ടതാണ് എന്ന് പറഞ്ഞു.

വികലാംഗർക്കുള്ള പാർക്കിങ് ഇല്ല. സ്ത്രീകൾക്കുള്ള മൂത്രപ്പുര ഇല്ല എന്നൊക്കെ പറഞ്ഞു സംസ്ഥാന തലത്തിൽ അനുമതി നീട്ടി നീട്ടിക്കൊണ്ടുപോയി. ഒരു പന്നി ഫാമിന്റെ ഷെഡ് കെട്ടാനുള്ള അനുമതിക്ക് വേണ്ടിയാണ് ഈ പെടാപ്പാട് എന്ന് ഓർക്കണം. അപ്പോൾ തന്നെ മാസം ഏഴു കഴിഞ്ഞു. ഷെഡ് കെട്ടാനുള്ള അനുമതി ഏഴുമാസം കഴിഞ്ഞപ്പോഴാണ് കിട്ടിയത്. അടുത്ത പടിയായി ഷെഡ് കെട്ടാൻ കോൺട്രാക്ട് കൊടുത്തു. ഷെഡ് കെട്ടൽ തന്നെ രണ്ടു വർഷം എടുത്തു. അപ്പോഴേക്കും മൂന്നു തവണ ക്വാറി സമരം വന്നു. സിമന്റിന്റെ സമരം വന്നു. ബംഗാൾ തിരഞ്ഞെടുപ്പ് വന്നതിനാൽ തൊഴിലാളികൾ എല്ലാം പോയെന്നു പറഞ്ഞു. സമയം നീണ്ടു നീണ്ടുപോയി. . പിന്നെ അതിശക്തമായ രണ്ടു മഴക്കാലവും. ഇങ്ങിനെ ആറുമാസം കൊണ്ട് തീരേണ്ടുന്ന ഷെഡ് രണ്ടര വർഷം കൊണ്ടാണ് പൂർത്തീകരിച്ചത്.

പന്നികൾക്കുള്ള ഷെഡും പന്നികളും എത്തിക്കഴിഞ്ഞപ്പോൾ ഇതേ സമയത്ത് തന്നെ ഒന്നര കിലോമീറ്റർ അകലെയുള്ളവർ ഒത്തുകൂടി സമരസമിതിയുണ്ടാക്കി. തൊട്ടടുത്തുള്ളവരാരുമല്ലാ സമരവുമായി ഇറങ്ങിയത് എന്നത് ഓർക്കേണ്ട കാര്യമാണ്. കാരണം 500 മീറ്റർ പരിധിയിൽ താമസക്കാർ ആരുമില്ല. ഒന്നര കിലോമീറ്റർ ദൂരെയുള്ളവരാണ് സമരവുമായി ഇറങ്ങിയത്. ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് സമരത്തിന് പിന്നിലുണ്ടായിരുന്നത്. ഒരാൾ പ്രകൃതിവിരുദ്ധ പീഡനത്തിന്റെ പേരിൽ റിമാൻഡിൽ ആയ പുള്ളിയാണ്. മറ്റുള്ളവർ എല്ലാം ക്രിമിനൽ പശ്ചാത്തലമുള്ളവർ. അവർ പണമാണ് ചോദിച്ചത്. ആ പണം നൽകാൻ ഞാൻ തയ്യറായില്ല. വേറൊരാൾ പറഞ്ഞത് അവരുടെ സ്ഥലം കൂടി വിലയ്ക്ക് വാങ്ങണം എന്നാണ്. ഇതിനൊന്നും ഞങ്ങൾക്ക് കഴിയുന്ന കാര്യവുമായിരുന്നില്ല.

ഫാം മുന്നോട്ടു കൊണ്ടുപോകുമ്പോൾ തന്നെ സമരവുമായി സാമൂഹ്യവിരുദ്ധർ രംഗത്തെത്തി. പണം ലഭിക്കാത്തതിനാലാണ് സമരം വന്നതെന്ന കാര്യം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച രാഷ്ട്രീയ പാർട്ടികൾ കൂടി അറിഞ്ഞതായി തോന്നിയില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും സമരത്തിന് പിന്തുണ നൽകുകയും സമരം രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുകയും ചെയ്തു. പന്ത്രണ്ടു കോടി രൂപയുടെ പ്രോജക്ടിനു സ്ഥലത്തിന്റെ മൂല്യം കണക്കാക്കി നാലരക്കോടി രൂപയാണ് ലോണിന് അനുമതിയായത്. ബാക്കി തുക കയ്യിൽ നിന്നും എടുക്കേണ്ടിയും വന്നു. ഫാം തുടങ്ങുമ്പോൾ തന്നെ അകമ്പടിയായി സമരവും വന്നു. എന്റെ അനുജനെതിരെ കൊലപാതക ശ്രമത്തിനു പൊലീസ് കേസ്. എല്ലാം വ്യാജം. കഴമ്പില്ലെന്ന് കണ്ടു പൊലീസ് തന്നെ ഈ കേസ് ഒഴിവാക്കി. പക്ഷെ ഈ കേസിന്റെ പേരിൽ പൊലീസ് റെയിഡ്. ഒന്ന് രണ്ടു തവണ റെയിഡ് വന്നു. നൂറു പേർ കൂടെ നിൽക്കുമ്പോൾ ഒന്നോ രണ്ടോ പേർ ശക്തമായി എതിര് നിൽക്കുന്ന പ്രശ്‌നങ്ങളാണ് അനുഭവിക്കേണ്ടത്.

സമരം മുന്നോട്ടു പോയപ്പോൾ പിന്നീട് സമരത്തിലെ വിഡ്ഢിത്തം തിരിച്ചറിഞ്ഞു രാഷ്ട്രീയ പാർട്ടികൾ ഓരോന്നായി മാറി. സമരത്തിലെ ആളുകൾ പൊലീസിൽ കേസിൽ പ്രതികൾ ആയി മാറിയതോടെ പുറത്തുനിന്നുള്ള പിന്തുണ അവർക്ക് കുറഞ്ഞു. പക്ഷെ ഫാം തുടങ്ങിയ സമയത്തുള്ള സമരവും പൊലീസ് കേസുകളും കാരണം ഞങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലായി. ബാങ്ക് അടവ് മുടങ്ങി. മാസം ഏകദേശം ഏഴ് ലക്ഷത്തോളം രൂപ ബാങ്കിൽ അടക്കേണ്ടതാണ്. അത് അടയ്ക്കാൻ കഴിയാത്ത പ്രശ്‌നം സമരം കാരണം വന്നു. മുപ്പത്തിയഞ്ചോളം സ്റ്റാഫ് ഉണ്ടായിരുന്നു. നാല് ലക്ഷത്തിലധികം തുക ഇവരുടെ ശമ്പളത്തിനായി ആവശ്യവും വന്നിരുന്നു. ഒന്നിനും പണം തികയാത്ത അവസ്ഥവന്നു.

പൊലീസ് കേസ് തുടർന്നപ്പോൾ കോടതിയിൽ നിന്ന് കമ്മീഷൻ വന്നു. അവർക്ക് എല്ലാ കാര്യവും വ്യക്തമായി. കോടതിവിധി ഞങ്ങൾക്ക് അനുകൂലമായി വന്നു. ഫാം നടത്താനുള്ള എല്ലാ സാഹചര്യവും അനുവദിച്ച് നൽകണം എന്നാണ് കോടതി വിധിച്ചത്. അപ്പോഴേക്കും ഞങ്ങൾ കടത്തിൽ മുങ്ങി. അനുജന്റെ പ്രോപ്പർട്ടി വിറ്റും പുറത്തുനിന്നു കൂടുതൽ തുക സ്വരൂപിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് സർക്ക വൈറസിന്റെ പ്രശ്‌നം വന്നത്. എണ്ണൂറോളം പന്നികളാണ് ചത്തുപോയത്. അപ്പോഴേക്കും ജിഎസ്ടി വന്നു. നോട്ടു നിരോധനം വേറെയും. ഇപ്പോൾ അഞ്ചാറു കോടിയോളം രൂപ വിവിധ ബാങ്കുകളിൽ ലോണുണ്ട്. അടക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തി നിൽക്കുകയാണ്. ഫെഡറൽ ബാങ്ക്, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി ഒന്നിന് പിറകെ ഒന്നായി എല്ലാവരും നോട്ടീസ് പതിച്ചു.

വീട്ടിൽ നിന്ന് ഇറങ്ങിപ്പോകണം എന്നാണ് ആവശ്യപ്പെട്ടത്. അല്ലെങ്കിൽ ഇറക്കി വിടും എന്ന് ഭീഷണിയും. എന്റെ അമ്മ എക്‌സ് മിലിട്ടറിയുടെ വിധവയായി ജീവിക്കുന്ന ആളാണ്. അച്ഛൻ മുൻപേ മരിച്ചിരുന്നു. എല്ലാവർക്കും കടം കാരണമുള്ള മാനസിക പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും. വീണ്ടും ഞങ്ങൾ കോടതിയെ സമീപിച്ചു. കൃഷി നടത്തുന്ന ഒരാൾ എല്ലാ വർഷവും ലൈസൻസ് പുതുക്കണം.ക്വാറി നടത്തുന്നവർക്ക് വരെ മൂന്നു വർഷത്തേക്ക് ആണ് ലൈസൻസ്. പക്ഷെ കൃഷി നടത്തുന്നവർക്ക് വർഷാവർഷം ലൈസൻസ് പുതുക്കണം. ഫാമിനെതിരെ നിന്നവർ മുഖ്യമന്ത്രി,ഡിജിപി, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങി ഏതൊക്കെ കമ്മീഷനുകൾക്ക് പരാതി നൽകാനുണ്ടോ അവിടെയൊക്കെ ഞങ്ങൾക്ക് എതിരായി പരാതി നൽകിയ അനുഭവമാണ് പറയാനുള്ളത്. എല്ലാവരും വന്നു അന്വേഷിക്കും. കള്ളപ്പരാതി നല്കുന്നവർക്കെതിരെ ഒരു നടപടിയും വന്നിട്ടുമില്ല. കണ്ണൂർ ആന്തൂരിൽ കൺവെൻഷൻ സെന്ററിന് അനുമതി നൽകാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്ത സാജൻ എന്തൊക്കെ അനുഭവിച്ചിട്ടുണ്ടാകും എന്ന് എനിക്ക് ഊഹിക്കാൻ കഴിയും. ഒന്നും പറയാനോ ഇതുമാതിരി വിവരങ്ങൾ പങ്കു വയ്ക്കാനും കഴിയാതെയാണ് സാജൻ വിടപറഞ്ഞിരിക്കുന്നത്.

ഇപ്പോഴും ഫാം മുന്നോട്ടു കൊണ്ടുപോകൽ തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം. അത്രമാത്രം പണം ഈ സംരംഭത്തിൽ ഞങ്ങൾ മുടക്കിക്കഴിഞ്ഞിരിക്കുന്നു. ഫാം മുന്നോട്ടു കൊണ്ടുപോകാൻ വേണ്ടി ഞങ്ങളുടെ പേരിൽ ഉണ്ടായിരുന്ന പത്തേക്കർ സ്ഥലം വിറ്റു. അപ്പോഴാണ് നിപ്പ വൈറസ് പ്രശ്‌നം വന്നത്. ഇതും ഈ പ്രദേശത്താണ് വന്നത്. ബാർ നിരോധനം വന്നപ്പോൾ അപ്പോഴും കച്ചവടം കുറഞ്ഞു. ഈ ഘട്ടത്തിൽ പന്നിയുടെ വില കുത്തനെ കുറയുകയും ചെയ്തു. ഇപ്പോൾ ബാങ്കുകളിൽ നിന്നുള്ള ലോൺ തിരിച്ചടവ് പ്രശ്‌നം, മാനസിക സംഘർഷങ്ങൾ എല്ലാം കാരണം ഉറക്കമില്ലാത്ത അവസ്ഥയാണ്. മൂന്നു നാല് സർജറികൾക്കും വിധേയനായി. ലോൺ തിരിച്ചടവ് പ്രശ്‌നത്തിൽ . മൊറട്ടോറിയം നിലനിൽക്കുമ്പോൾ സുന്ദരം ഫിനാൻസ് വന്നു ഫാമിലെ എല്ലാ വണ്ടിയും പിടിച്ചുകൊണ്ടുപോയി. പുറത്തുനിന്നുള്ള ടാക്‌സി വണ്ടികളെയാണ് ഇപ്പോൾ അവലംബം. ശമ്പളം ലഭിക്കാത്ത അവസ്ഥ വന്നപ്പോൾ സ്റ്റാഫുകൾ പലരും ഒഴിവായിപ്പോയി.

ഫാമിനെതിരെയുള്ള എല്ലാ ഭീഷണികളും ഫാം പൂട്ടിക്കും അടപ്പിക്കും എന്ന് പറഞ്ഞുള്ളതാണ്. ഇറച്ചി വിൽക്കുന്ന കടകൾ പലതും ലൈസൻസ് ഇല്ലാതെയാണ് മുന്നോട്ടു പോകുന്നത്. അത് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ? ഒരു ബിസിനസ് തുടങ്ങിയപ്പോൾ മുന്നിലെ അവസ്ഥ ഇതാണ്. ഞങ്ങളെ പൂട്ടിക്കെട്ടിക്കാനാണ് എല്ലാവരും പരിശ്രമിച്ചത്. ഉദ്യോഗസ്ഥ തലത്തിൽ നിന്നും ഞങ്ങൾക്ക് ഒരു പിന്തുണയും ലഭിച്ചതുമില്ല. നാട്ടിലേക്ക് തിരിച്ചുവന്ന അനിയനും കുടുംബവും യുകെയിലേക്ക് തന്നെ തിരിച്ചു പോവുകയാണ്. എന്റെ കുടുംബവും മറ്റു രാജ്യങ്ങളിലേക്ക് മാറേണ്ട അവസ്ഥയിലാണ്.

വിദേശങ്ങളിൽ നമ്മുടെ നാട്ടുകാർ പലരും അനുഭവിക്കുന്നത് അടിമത്തമാണ്. ഈ അടിമത്തം മാറണമെങ്കിൽ അവർക്ക് കേരളത്തിൽ തന്നെ ജോലി നൽകാൻ കഴിയണം. പക്ഷെ കേരളത്തിലെ അവസ്ഥ ഇങ്ങനെയും. പ്രവാസ സംരംഭകർ എങ്ങിനെ കേരളത്തിൽ വ്യവസായം കൊണ്ടുവരും. വ്യവസായം തുടങ്ങിയാൽ ഇതാണ് അവസ്ഥ. ജോലി കൊടുക്കുന്ന ആളുകൾക്ക് പിന്തുണ നൽകിയില്ലെങ്കിൽ കേരളത്തിൽ എങ്ങിനെ വ്യവസായം വളരും. കേരളത്തിലെ ആളുകൾക്ക് സ്വന്തം നാട്ടിൽ ജോലി ലഭിക്കേണ്ടേ? സർക്കാർ അടിയന്തരമായി കണ്ണ് തുറക്കണം. കേരളത്തിൽ വ്യവസായം തുടങ്ങാൻ വേണ്ടി നിന്ന് ജീവിക്കുന്ന രക്തസാക്ഷിയായ അനുഭവമാണ് മുൻപിലുള്ളത്. സർക്കാരിന്റെ അടിയന്തര ഇടപെടൽ കേരളത്തിലെ വ്യവസായികൾക്ക് ഇപ്പോൾ ആവശ്യമുണ്ട്-ബിനു ജോസഫ് വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP