Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യാത്രാചെലവ് പഴ്‌സ് കീറുന്നുണ്ടോ? ചെറുതായാലും വലുതായാലും യാത്ര പുറപ്പെടും മുൻപ് കൃത്യമായി പ്ലാനിങ് നടത്തേണ്ടതെങ്ങനെ? സീസൺ കാലത്ത് വിമാന ടിക്കറ്റ് കുറയും എന്നത് സത്യമോ? ഹോട്ടൽ പോഡുകൾ എന്ന പാക്കേജ് സേവനം തരുന്ന ലാഭം എത്രത്തോളമെന്ന് അറിഞ്ഞിട്ടുണ്ടോ? ബസ് യാത്ര മുതൽ വിമാനയാത്രയിൽ വരെ ഓർക്കാൻ ഏറെ; യാത്രാചെലവ് പരിധി വിട്ട് പോകാതിരിക്കാൻ ചില ഓർമ്മപ്പെടുത്തലുകൾ

യാത്രാചെലവ് പഴ്‌സ് കീറുന്നുണ്ടോ? ചെറുതായാലും വലുതായാലും യാത്ര പുറപ്പെടും മുൻപ് കൃത്യമായി പ്ലാനിങ് നടത്തേണ്ടതെങ്ങനെ? സീസൺ കാലത്ത് വിമാന ടിക്കറ്റ് കുറയും എന്നത് സത്യമോ? ഹോട്ടൽ പോഡുകൾ എന്ന പാക്കേജ് സേവനം തരുന്ന ലാഭം എത്രത്തോളമെന്ന് അറിഞ്ഞിട്ടുണ്ടോ? ബസ് യാത്ര മുതൽ വിമാനയാത്രയിൽ വരെ ഓർക്കാൻ ഏറെ; യാത്രാചെലവ് പരിധി വിട്ട് പോകാതിരിക്കാൻ ചില ഓർമ്മപ്പെടുത്തലുകൾ

തോമസ് ചെറിയാൻ കെ

യാത്ര എന്നത് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല അല്ലേ? നമ്മുടെ ജീവിതത്തിൽ വിദ്യാലയങ്ങളിലേക്കും ഓഫീസിലേക്കും അടക്കമുള്ള സ്ഥലത്തേക്ക് യാത്ര ചെയ്ത് തുടങ്ങുന്നതാണ് നമ്മുടെ ഓരോ ദിവസവും. അതിനാൽ തന്നെ യാത്ര എന്നത് ഒഴിച്ചു കൂടാനാവാത്ത ഒന്നാണെന്ന് നിസ്സംശയം പറയാം. എന്നാൽ വിലക്കയറ്റം എന്നത് സാധാരണക്കാരന്റെ കീശ കീറുന്ന വേളയിൽ യാത്രാക്കൂലി എന്നത് ഇന്ന് താങ്ങാൻ പറ്റാത്ത ഒന്നായി മാറുകയാണ്. യാത്രയ്ക്കിടയിൽ വരുന്ന അപ്രതീക്ഷിത ചെലവുകൾ അടക്കം സാധാരണക്കാരനെ വലയ്ക്കുകയാണ്. ഇന്ധന വില അടിക്കടി വർധിക്കുന്നത് വേറെ. വണ്ടിക്കൂലിക്ക് ഞാൻ എവിടുന്ന് പണം കണ്ടെത്തും എന്ന് പലരും പരാതി പറയുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു.

എന്നാൽ കൃത്യമായി പ്ലാൻ ചെയ്താൽ യാത്രാ ചെലവ് എന്നത് പരിധി വിട്ട് പോകാതെ നോക്കാൻ നമുക്ക് സാധിക്കും. അതിനായി ആദ്യം വേണ്ടത് കൃത്യമായ മുന്നൊരുക്കങ്ങളാണ്. സ്‌കൂളിലേക്കും ഓഫീസിലേക്കും പോകുന്ന സമയത്ത് നാം ഉപയോഗിക്കുന്ന ഗതാഗത സംവിധാനം അത് ബസോ ട്രെയിനോ ആകട്ടെ സീസൺ ടിക്കറ്റ്, കൺസഷൻ എന്നിവ ലഭ്യമാകുന്ന തരത്തിലാണെങ്കിൽ പ്രതിദിനമുള്ള യാത്രയുടെ ചെലവ് കുറയ്ക്കാൻ സാധിക്കും എന്നതിൽ സംശയമില്ല. എന്നാൽ തീർത്ഥാടനം, വിനോദ യാത്രകൾ തുടങ്ങി വിദേശത്തേക്ക് വിമാനയാത്ര നടത്തുമ്പോൾ വരെ യാത്രാക്കൂലി അമിതമായി ചെലവാകുന്നത് നിയന്ത്രിക്കാൻ നാം ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

യാത്രാക്കൂലി വർധന...ചില പ്രശ്നങ്ങളും പരിഹാരങ്ങളും

യാത്രാക്കൂലി പോക്കറ്റ് കീറുന്നതിന്റെ പ്രധാന കാരണം അശ്രദ്ധയാണെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ല. ആദ്യം തന്നെ യാത്രതിരിക്കും മുൻപ് കഴിവതും വണ്ടിയുടെ സമയത്തിന് ഏതാനും നിമിഷം മാത്രം സ്പോട്ടിൽ (അത് എയർപോർട്ടോ, റെയിൽവേ സ്റ്റേഷനോ, ബസ് സ്റ്റാൻഡോ ആവാം) എത്തുന്ന പരിപാടി ഒഴിവാക്കാം. യാത്രാക്കൂലി എപ്പോഴും ചില്ലറയായി സൂക്ഷിക്കുക. ബാക്കി കിട്ടാതെ വിഷമിക്കുന്ന സമയത്ത് വണ്ടി പോകുമോ എന്ന് പേടിച്ച് പണം ഉപേക്ഷിക്കുന്ന പരിപാടി മിക്കവരും കാട്ടുന്ന ഒന്നാണ്. അതു പോലെ തന്നെ മറ്റൊരു പ്രധാന കാര്യമാണ് സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുമ്പോഴും ചെലവ് കീശ കീറുന്ന കാര്യം. വാഹനം എടുക്കും മുൻപ് ഇന്ധനം വേണ്ടത്ര അളവിൽ ഉണ്ട് എന്നത് മുതൽ ടയറിന്റെ കാറ്റ് വരെ കൃത്യമാണെന്ന് ഉറപ്പ് വരുത്തുക.

മറ്റൊരു പ്രധാന സംഗതിയാണ് വാഹനത്തിന്റെ രേഖകൾ കൃത്യമായി കരുതിയിട്ടുണ്ട് എന്നത്. അതുപോലെ തന്നെ പ്രധാന സംഗതിയാണ് ടിക്കറ്റ് ബുക്ക് ചെയ്യാതെ യാത്ര ചെയ്യുമ്പോൾ വരുന്ന തല വേദനകൾ. ദീർഘ ദൂരയാത്രയാണെങ്കിൽ കൃത്യമായി ഓൺലൈൻ ബുക്കിങ് നടത്താം. ഏത് ദിവസമാണ് യാത്രയെന്ന് മുൻകൂട്ടി അറിയാമെങ്കിൽ കഴിവതും നേരത്തെ തന്നെ ബുക്ക് ചെയ്താൽ ടിക്കറ്റ് നിരക്ക് കുറഞ്ഞ് കിട്ടും. ഒന്നിൽ കൂടുതൽ ആളുകൾ ഒരു ഭാഗത്തേക്ക് യാത്ര ചെയ്യുന്നുണ്ടോ എന്ന് മുൻകൂട്ടി അറിഞ്ഞാൽ ഒന്നിച്ച് ബുക്ക് ചെയ്യുന്നതും ഏറെ ലാഭകരമാണ്. യാത്രയ്ക്കിടെ ടിക്കറ്റ് നിരക്ക് പോലെ തന്നെ പണം ചെലവാകുന്ന ഒന്നാണ് ഭക്ഷണം.

അതിനാൽ തന്നെ യാത്രയ്ക്കിടെ ഒരു വിധം വലുപ്പമുള്ള കുപ്പിയിൽ ശുദ്ധമായ വെള്ളവും ബിസ്‌ക്കറ്റ് പോലുള്ള ചെറു ഭക്ഷണം കരുതുന്നതും ഏറെ ഉത്തമമാണ്. അനാവശ്യമായി ഭക്ഷണത്തിന് വഴിയിൽ ചെലവ് വരില്ല. മാത്രമല്ല. വഴിയിൽ നിന്നും ലഭിക്കുന്ന ഭക്ഷണം ശുദ്ധമല്ലെങ്കിൽ അതിന്റെ നൂലാമാലകൾ വേറെ. അസുഖം എന്തെങ്കിലും ഉള്ള സമയമാണെങ്കിൽ യാത്ര ഒഴിവാക്കുന്നതാണ് ഏറെ ഉത്തമം.

യാത്രകൾ ഏങ്ങനായാലും മുന്നൊരുക്കങ്ങൾ തന്നെ പ്രധാനം

യാത്ര ചെയ്യുന്ന വേളയിൽ ആവശ്യത്തിന് മുന്നൊരുക്കങ്ങൾ നടത്താതെ 'എടുത്തോ പിടിച്ചോ' എന്ന് പറഞ്ഞ് ചാടിപുറപ്പെടുന്നതാണ് ചെലവ് കൈയിൽ നിൽക്കാത്ത സാഹചര്യത്തിന് വഴിയൊരുക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പൊതു ഗതാഗതത്തേയും സ്വകാര്യ വാഹനത്തേയും ആശ്രയിക്കുന്ന ആളുകളാണുള്ളത്. ഇതിൽ തന്നെ പൊതു ഗതാഗത സംവിധാനത്തിൽ ബസും ട്രെയിനുമാണ് ഏറ്റവുമധികമായി ആളുകൾ ഉപയോഗിക്കുന്നത്. രാജ്യത്തിനകത്ത് വിമാനയാത്ര എന്നത് ഒരു വിഭാഗം മാത്രം ആളുകൾ മാത്രമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഏത് ഗതാഗത സംവിധാനം ഉപയോഗിച്ചാലും പൂർണമായ മുന്നൊരുക്കങ്ങൾ സാധ്യമല്ലെങ്കിലും ഒന്ന് ശ്രദ്ധിച്ചാൽ പോക്കറ്റ് ചോരാതെ നോക്കാം.

റോഡ് ഗതാഗതം...സ്വന്തം വാഹനവും പൊതുഗതാഗത മാർഗങ്ങളും ഉപയോഗിക്കുമ്പോൾ

റോഡ് മാർഗം യാത്ര ചെയ്യുമ്പോൾ നാം ഉപയോഗിക്കുന്നത് ഒന്നുകിൽ സ്വന്തം വാഹനം അല്ലെങ്കിൽ പൊതു ഗതാഗത സംവിധാനമായിരിക്കും. അതിനാൽ തന്നെ അതിലേക്ക് തന്നെ ആദ്യം ശ്രദ്ധ തിരിക്കാം. സ്വന്തം വാഹനമാണെങ്കിൽ യാത്ര ആരംഭിക്കും മുൻപ് കൃത്യമായി ഇന്ധനം, കാറ്റ് എന്നിവയുണ്ടെന്നും വാഹനത്തിന്റെ രേഖകൾ കൃത്യമായി അപ്ഡേറ്റഡാണെന്നും ഉറപ്പ് വരുത്തുക. മാത്രമല്ല ദീർഘദൂര യാത്രയാണെങ്കിൽ ലഘു ഭക്ഷണവും അത്യാവശ്യം വേണ്ട മരുന്നുകളും കരുതുക. അമിത വേഗതയോട് ഗുഡ് ബൈ പറയാം. ശരാശരി വേഗതയിൽ ഓടിച്ചാൽ ഇന്ധനം ലാഭിക്കാമെന്ന കാര്യം മറക്കണ്ട. യാത്ര തിരിക്കുമ്പോൾ എത്തേണ്ട സ്ഥലം ഗൂഗിൾ മാപ്പിൽ നോക്കി കൃത്യമായി മനസിലാക്കുന്നത് നല്ലതാണ്.

പൊതു ഗതാഗത മാർഗമാണ് ഉപയോഗിക്കുന്നതെങ്കിൽ കൃത്യമായി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യുക. സീസൺ അനുസരിച്ചുള്ള ഡിസ്‌കൗണ്ട് സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഏറെ ഉത്തമമാണ്. രാജ്യത്തെ പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നവരിൽ നല്ലൊരു വിഭാഗം ആളുകളും ട്രെയിനുകളെ ആശ്രയിക്കുന്നവരാണ്. ട്രെയിൻ യാത്രയാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ ഓൺലൈനായി ബുക്ക് ചെയ്യുന്നതാണ് ഏറെ ഉത്തമം. നേരിട്ടെത്തി ടിക്കറ്റ് എടുത്താൽ സമയം പോകില്ലെന്നും മറ്റു ഉറപ്പുണ്ടേൽ അങ്ങനെയുമാകാം. യാത്രയിൽ ഭക്ഷണത്തിനും മറ്റും അമിതമായി ചെലവ് വരുന്നത് പതിവാണ്. അതിനാൽ തന്നെ ലഘുഭക്ഷണം കൈയിൽ കരുതാം.

ദീർഘദൂര യാത്രയും ഒരുപാട് ആളുകളും ഉണ്ടെങ്കിൽ ബോഗി ബുക്ക് ചെയ്യാവുന്ന സംവിധാനമുണ്ട്. ഇത് നാളുകൾ മുന്നേ ചെയ്താൽ ടിക്കറ്റ് നിരക്ക് അത്രയും കുറയും. രാജ്യത്തിനകത്ത് വിനോദ സഞ്ചാരത്തിനായി ട്രെയിൻ തിരഞ്ഞെടുക്കുന്നതാകും ഏറെ ഉത്തമം. അതിനായി രാജ്യത്ത് പാക്കേജ് ട്രെയിനുകൾ ഒരുക്കിയിട്ടുണ്ട്. ഭാരത് ദർശൻ, ഫെയ്റി ക്യുൻ, മഹാപരി എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ ചെലവ് കുറച്ച് യാത്ര ചെയ്യാൻ സാധിക്കും എന്ന് ഓർക്കുക.

വിമാന യാത്രയും ചെലവ് കുറഞ്ഞതാക്കാം: കൃത്യമായ പ്ലാനിങ്ങുണ്ടേൽ 'ആകാശയാത്ര' വെറും ഈസി

ഫ്ളൈറ്റ് യാത്രയെന്നാൽ വളരെ ചെലവേറിയതാണെന്നാണ് ഏവരുടേയും ധാരണ. എന്നാൽ ഇത് മിഥ്യാ ധാരണയാണ്. കുറഞ്ഞ ചെലവിലും വിമാന യാത്ര സാധ്യമാക്കാം. മറ്റ് ഗതാഗത മാർഗങ്ങൾ പോലെ തന്നെ കൃത്യമായ മുന്നൊരുക്കങ്ങൾ തന്നെയാണ് വിമാന യാത്രയ്ക്കും ആവശ്യം. രാജ്യത്തിനകത്താണ് യാത്ര ചെയ്യുന്നതെങ്കിൽ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നിരക്ക് കുറഞ്ഞവ തിരഞ്ഞെടുക്കാം. വിവിധ ഫ്ളൈറ്റ് സർവീസുകളുടെ റേറ്റുകൾ താരതമ്യം ചെയ്ത് തീരുമാനമെടുക്കുന്നത് ഏറെ ഉത്തമം. യാത്രയുടെ തീയ്യതി എത്രത്തോളം മുൻകൂട്ടി അറിയാമോ അത്രയും നല്ലത്. ഉത്സവ സീസണുകളിലും മറ്റും ടിക്കറ്റ് നിരക്ക് കുറയും എന്നത് അബദ്ധ ധാരണയാണ്. ഈ സമയത്ത് ഒട്ടേറെ ബുക്കിങ്ങുകൾ നടന്ന് അധിക സർവീസുകൾ നടത്തേണ്ടി വരുമെന്നതിനാൽ ടിക്കറ്റ് നിരക്ക് വർധിക്കും.

അത്യാവശ്യ ഘട്ടങ്ങളിൽ ഫ്ളൈറ്റ് കമ്പനികളെ നേരിട്ട് ബന്ധപ്പെട്ടാൽ നിരക്കിൽ ഇളവ് നൽകുന്ന കമ്പനികളുമുണ്ട്. ഉദാ: അടുത്ത ബന്ധുക്കളുടെ മരണം സംഭവിക്കുന്ന ഘട്ടത്തിലൊക്കെ. ആപ്പുകളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലും ഏറെ നല്ലത് കമ്പനി വെബ്സൈറ്റുകൾ തന്നെയാണ്. തട്ടിപ്പ് പരസ്യങ്ങളിൽ പണം പോകാതെ നോക്കുക. വീക്കെൻഡ് ദിനങ്ങളെക്കാൾ പ്രവൃത്തി ദിവസങ്ങളിൽ യാത്ര തീരുമാനിച്ചാൽ നിരക്ക് കുറയും എന്ന കാര്യം ഓർക്കുക. ഗൂഗിൾ ഫ്ളൈറ്റ് നോക്കുന്നത് ഉത്തമമാണ്. ഫ്്ളൈറ്റ് സമയവും നിരക്കും ഗൂഗിളും കൃത്യമായി പറഞ്ഞ് തരും. റീഫണ്ടിങ് എന്ന കാര്യവും ഓർക്കേണ്ട ഒന്നാണ്. ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്ത ശേഷം നിരക്ക് കുറയുന്ന വേളയിൽ റീഫണ്ടിങ് നടത്തുന്ന കമ്പനികളുമുണ്ടെന്ന കാര്യം ഓർക്കുക.

അതു പോലെ തന്നെ അറിഞ്ഞിരിക്കേണ്ട ഒന്നാണ് സ്റ്റോപ്പ് ഓവർ ഫെയർ. അതായത് യാത്ര ചെയ്യുന്നതിനിടെ നിങ്ങൾക്ക് എയർപോർട്ടിൽ കാത്ത് കിടക്കേണ്ട സാഹചര്യം ഉണ്ടാകില്ല. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നിങ്ങൾ എയർപോർട്ടിൽ വിശ്രമിക്കേണ്ട സാഹചര്യം വന്നാൽ ബുക്ക് ചെയ്യാൻ സാധിക്കുന്ന ഫ്‌ളൈറ്റ് പാക്കേജാണ്. സാധാരണ ഗതിയിൽ ഇത് ഒരു ദിവസത്തിലധികം നീണ്ട് നിൽക്കുന്നതാകാം. ഒരു പക്ഷേ ഇത് അഞ്ച് ദിവസത്തിന് മുകളിൽ ആയേക്കാം. എന്നിരുന്നാലും നിങ്ങളുടെ ഈ സമയത്തുള്ള എല്ലാ ചെലവുകളും ഈ പാക്കേജിൽ ഉൾപ്പെടും, നിങ്ങളുടെ ഹോട്ടൽ ചാർജ്ജ് ഉൾപ്പെടെ. ടൂറിസം പ്രമേഷൻ ലക്ഷ്യം വെച്ചുള്ള സേവനമാണിത്.

യാത്ര അൽപം 'ഹെവിയാണോ'? ഇക്കാര്യങ്ങൾ ഓർക്കൂ

വീട്ടിൽ നിന്നും വിദ്യാലയങ്ങളിലേക്കും ഓഫീസിലേക്കും യാത്ര ചെയ്യുന്നത് പോലെയല്ല അൽപം 'ഹെവി' യാത്രകൾ നടത്തുമ്പോൾ. സ്വന്തം രാജ്യത്തിനുള്ളിലെ വിനോദയാത്ര മുതൽ ബിസിനസ് യാത്രകളും വിദേശത്തേക്ക് നടത്തുന്ന വിനോദ യാത്രകളിലും വരെ നാം ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. രാജ്യത്തിന് അകത്തായായാലും പുറത്തേക്കായാലും ടൂർ പാക്കേജുകളെ ആശ്രയിക്കുന്നത് ഏറെ ഉത്തമമാണ്. താമസവും ഭക്ഷണവും അടക്കമുള്ളത് ഒരു കുടക്കീഴിൽ ലഭിക്കുന്ന പാക്കേജുകൾ തിരഞ്ഞെടുക്കുമ്പോൾ അവ നമ്മുടെ ആവശ്യങ്ങൾക്കും ബഡ്ജറ്റിനും ഇണങ്ങുന്നതാണെന്നും ഉറപ്പ് വരുത്തുക. യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണം അനുസരിച്ചുള്ള പാക്കേജുകൾ തിരഞ്ഞെടുക്കുകയും ഇവ നാളുകൾക്ക് മുൻപ് തന്നെ ബുക്കിങ് നടത്താനും ശ്രമിക്കുക. യാത്രയ്ക്കിടെ വരുന്ന ചെലവുകൾക്ക് ഇ- വാലറ്റ് ഉപയോഗിക്കാൻ പറ്റുമെങ്കിൽ അത്രയും നല്ലത്.

കാർഡ് ഡീലിങ്സ് നടത്തുമ്പോൾ സുരക്ഷിതത്വവും ഉറപ്പ് വരുത്തുക. ഭക്ഷണമാണ് മറ്റൊരു പ്രധാന സംഗതി. ടിക്കറ്റ് നിരക്കിലടക്കം ലാഭം നോടാൻ കഴിഞ്ഞെങ്കിൽ ആ തുക നല്ല ഭക്ഷണം വാങ്ങാൻ ഉപയോഗിക്കാം. ടൂർ പാക്കേജിലെ ഭക്ഷണം വേണ്ട പകരം തങ്ങൾ തന്നെ തിരഞ്ഞെടുക്കുന്ന റസ്റ്റോറന്റാണെങ്കിൽ ഭക്ഷണം ശുദ്ധമാണെന്നും തങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്നതാണെന്നും ഉറപ്പ് വരുത്തുക. താമസത്തിന്റെ കാര്യവും അങ്ങനെ തന്നെ. കുറച്ച് അധികം ആളുകൾ ഉണ്ടെങ്കിൽ റൂം റെന്റ് നിരക്കിൽ ഇളവും ഇതിനൊപ്പം തന്നെ കുറഞ്ഞ നിരക്കിൽ നല്ല ഭക്ഷണവും നൽകുന്ന സഞ്ചാര കേന്ദ്രങ്ങളും ഇന്ത്യയ്ക്ക് അകത്തും പുറത്തുമുണ്ട്. സീസൺ അനുസരിച്ച് യാത്ര ചെയ്യുമ്പോൾ നിരക്ക് കുറയും എന്ന് കരുതരുത്.

ഇന്ത്യ പോലൊരു രാജ്യത്ത് ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ യാത്ര ചെയ്യുന്നതാണ് ഏറെ ഉത്തമം. ആളു കൂടുതൽ ഉള്ളപ്പോൾ യാത്രാ നിരക്ക് കുറയും എന്നതാണ് സത്യം. ഷെയർ ചെയ്ത് ചെലവ് നടത്തിയാൽ യാത്ര രസകരവും പ്രതീക്ഷിച്ചതും കൂടുതൽ സ്ഥലങ്ങൾ സന്ദർശിക്കുന്നതും അടക്കമുള്ള കാര്യങ്ങൾ നടക്കും എന്ന് ഓർക്കുക. എത്തിച്ചേരേണ്ട സ്ഥലം ഏതായാലും പകൽ സമയത്ത് തന്നെ എത്തിച്ചേരാൻ ശ്രമിക്കുക. വിനോദയാത്ര ബസിലും ട്രെയിനിലുമൊക്കെയാണെങ്കിൽ യാത്ര എന്നത് രാത്രി സമയത്തും നേരം വെളുക്കുമ്പോൾ തന്നെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരാനും സാധിച്ചാൽ യാത്ര ആയാസ രഹിതമായിരിക്കും എന്ന് ഓർക്കുക.

അതുപോലെ തന്നെ അറിഞ്ഞിരിക്കേണ്ട ഒന്നാണ് ഹോട്ടൽ പോഡുകൾ. രാജ്യത്തെ മിക്ക മെട്രോ നഗരങ്ങളിലും ഈ സേവനമുണ്ട്. ഒരു മുറി എടുത്ത് വമ്പൻ തുക നൽകുന്ന ചെലവ് ഇതിനില്ല. ഇതിനു പകരമുള്ള ചെലവ് കുറഞ്ഞ സേവനമാണിത്. ഒരു കട്ടില്ഡ, ഷെൽഫ്, വൈഫൈ, എസി, ഭക്ഷണം എന്നിവയടങ്ങുന്ന മിനി പാക്കേജാണത്. ഇവ 2030 രൂപ മുതൽ ആരംഭിക്കുന്നുണ്ട്. ഗ്രാമീണ ടൂറിസത്തിൽ ഇത് ലഭിക്കാൻ സാധ്യത കുറവാണെന്നും ഓർക്കുക.

മറവി നല്ലതല്ല കേട്ടോ: യാത്രയിൽ ഇവ കരുതാം

യാത്രയ്ക്ക് ഇറങ്ങും മുൻപ് നാം പല തവണ ചോദിക്കുന്ന കാര്യമാണ് അതെടുത്തോ..ഇതെടുത്തോ എന്നൊക്കെ. അഥവാ ഇനി എന്തെങ്കിലും മറന്നാൽ തന്നെ യാത്രയ്ക്കിടെ അത് വാങ്ങാനുള്ള തത്രപ്പാടിനിടെ പ്ലാനിങ് മൊത്തത്തിൽ പൊളിയുന്ന സംഭവങ്ങളും പതിവാണ്. അതിനാൽ തന്നെ യാത്ര വലുതായാലും ചെറുതായാലും കൈയിൽ കരുതേണ്ട കാര്യങ്ങൾ കൃത്യമായി എടുത്ത് വച്ചുവെന്ന് ഉറപ്പ് വരുത്തുക. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

> രേഖകൾ കൃത്യമായി കൈയിൽ കരുതാം. നമ്മുടെ പാസ്പോർട്ട് മുതൽ തിരിച്ചറിയൽ രേഖകൾ വരെ കൃത്യമായ കൈയിൽ കരുതുക. ട്രാവൽ ഡോക്യുമെന്റ് ഓർഗനൈസർ എന്നത് പ്രധാന ഘടകമാണ്. ഏതൊക്കെ അംഗങ്ങളുടെ അവരുടെയെല്ലാം കൃത്യമായി വെവ്വേറെ സൂക്ഷിക്കുക.

> നമ്മുടെ ഡിജിറ്റൽ ഗാഡ്ജറ്റുകളും കൃത്യമായി ഒപ്പം പാക്ക് ചെയ്ത് സൂക്ഷിക്കുക. പെൻഡ്രൈവ് മുതൽ ലാപ്ടോപ്പും അനുബന്ധ വസ്തുക്കളും വരെ കൃത്യമായും സുരക്ഷിതമായും പാക്ക് ചെയ്തെന്ന് ഉറപ്പ് വരുത്തുക. പാസ് വേർഡ് പ്രൊട്ടക്ഷൻ നൽകാവുന്നവയ്ക്ക് അതും ആകാം. അതുപോലെ തന്നെ ഒന്നാണ് ഇന്റർനാഷണൽ ട്രാവൽ അഡാപ്റ്റർ അടക്കമുള്ള വസ്തുക്കൾ. നമ്മൾ പോകുന്ന രാജ്യത്ത് നമ്മുടെ ഗാഡ്ജറ്റുകളുടെ വസ്തുക്കൾ കൃത്യമായി ഉപയോഗിക്കാൻ പറ്റാതെ പെട്ടു പോകുന്ന അവസ്ഥയുണ്ട്.

> മെഡിക്കൽ കിറ്റ്: അത്യാവശ്യം വേണ്ട മരുന്നുകളും ബാൻഡ് എയ്ഡും മറ്റും അടങ്ങുന്ന മിനി ഫസ്റ്റ് എയ്ഡ് ബോക്സ എപ്പോഴും നല്ലതാണ്. മിനി പില്ലോ അടക്കമുള്ള മെഡിക്കൽ കിറ്റുകൾ ഇന്ന് ലഭ്യമാണ്.

>പാക്കിങ് ക്യൂബ്സ് : ഇവ ഏറെ പ്രയോജനകരമായ ചെറു ബാഗുകളുടെ കൂട്ടമാണ്. വലിയ ബാഗിൽ അതാത് സാധനങ്ങൾ കൃത്യമായി പാക്ക് ചെയ്ത് വയ്ക്കാനും ആവശ്യത്തിന് അനുസരിച്ച് എടുത്ത ശേഷം തിരികെ വയ്ക്കാനും ഇവ സഹായിക്കും. ഇവയ്ക്കൊപ്പം തന്നെ കരുതേണ്ട ഒന്നാണ് ട്രാവൽ വാട്ടർ ബോട്ടിൽ. ഇതിൽ ദീർഘനേരം കൃത്യമായി ചൂടോ തണുപ്പോ എന്തു തന്നെയായാലും നില നിർത്തുന്ന ബോട്ടിലുകൾ ലഭ്യമാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP