Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഞഞ്ഞാപിഞ്ഞ' പറയുന്നവർ ഓർക്കേണ്ടത് ഇനിയും ഉപതെരഞ്ഞെടുപ്പ് വരുമെന്ന്; ആലപ്പുഴയിൽ ഇടത് വിജയത്തിന് പിന്നിൽ താനാണെന്നു ചിലർ പ്രചരിപ്പിക്കുന്നുണ്ട്; 20-20 അടിക്കാത്തിന് കാരണം യുഡിഎഫ് മാത്രം; ശബരിമല വിഷയത്തിൽ ബിജെപിയെ പൂർണ്ണമായും തള്ളി സുകുമാരൻ നായർ; ശബരിമലയിൽ ആശ്രയമായി കാണുന്നത് കോടതിയെ മാത്രം; പ്രേമചന്ദ്രന് മനം നിറഞ്ഞ് അഭിനന്ദനവും; വിശ്വാസ പോരാട്ടം തുടരും; എൻ എസ് എസ് ബജറ്റിലെ രാഷ്ട്രീയം കരുത്താകുന്നത് കോൺഗ്രസിന് തന്നെ

'ഞഞ്ഞാപിഞ്ഞ' പറയുന്നവർ ഓർക്കേണ്ടത് ഇനിയും ഉപതെരഞ്ഞെടുപ്പ് വരുമെന്ന്; ആലപ്പുഴയിൽ ഇടത് വിജയത്തിന് പിന്നിൽ താനാണെന്നു ചിലർ പ്രചരിപ്പിക്കുന്നുണ്ട്; 20-20 അടിക്കാത്തിന് കാരണം യുഡിഎഫ് മാത്രം; ശബരിമല വിഷയത്തിൽ ബിജെപിയെ പൂർണ്ണമായും തള്ളി സുകുമാരൻ നായർ; ശബരിമലയിൽ ആശ്രയമായി കാണുന്നത് കോടതിയെ മാത്രം; പ്രേമചന്ദ്രന് മനം നിറഞ്ഞ് അഭിനന്ദനവും; വിശ്വാസ പോരാട്ടം തുടരും; എൻ എസ് എസ് ബജറ്റിലെ രാഷ്ട്രീയം കരുത്താകുന്നത് കോൺഗ്രസിന് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശേരി: ശബരിമല വിഷയത്തിൽ ബിജെപിയെ പൂർണ്ണമായും തള്ളി എൻ എസ് എസ് രംഗത്ത് വരുമ്പോൾ ഉപതിരഞ്ഞെടുപ്പുകളിലും നേട്ടം ഉണ്ടാകുമെന്ന പ്രതീക്ഷയിലേക്ക് മാറുകയാണ് യുഡിഎഫ്. ലോക്‌സഭയിലെ യുഡിഎഫ് വിജയത്തിന് കാരണം ശബരിമല മാത്രമാണെന്നാണ് എൻ എസ് എസ് വിലയിരുത്തൽ. എല്ലാ മതങ്ങളിലേയും ശബരിമല അയ്യപ്പനെ സ്‌നേഹിക്കുന്ന വിശ്വാസികളുടെ വികാരമാണു ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറയുന്നു. ആചാര സംരക്ഷണത്തിനായി കേരളം നിറഞ്ഞു നിന്ന പ്രതിഭാസമായിരുന്നു ഇതെന്നാണ് എൻ എസ് എസ് വിശദീകരിക്കുന്നത്. 

ന്യൂനപക്ഷ ഏകീകരണം നടന്നതായി പ്രചരിപ്പിക്കാനുള്ള രാഷ്ട്രീയപാർട്ടികളുടെ ശ്രമം ഗൂഢ ലക്ഷ്യത്തോടെയാണ്. കോൺഗ്രസിലെ തമ്മിലടി മൂലമാണു ആലപ്പുഴയിൽ മാത്രം യുഡിഎഫ് സ്ഥാനാർത്ഥി പരാജയപ്പെട്ടതെന്നും സുകുമാരൻ നായർ പറഞ്ഞു. അതായത് ഒത്തൊരുമയോടെ നിന്നിരുന്നുവെങ്കിൽ എല്ലാ സീറ്റിലും യുഡിഎഫിന് ജയിക്കാനാകുമായിരുന്നുവെന്നാണ് എൻ എസ് എസ് വിലയിരുത്തൽ. പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്ത് 201920 വർഷത്തേക്കുള്ള 122.5 കോടി രൂപയുടെ ബജറ്റ് അവതരിപ്പിക്കുവേയാണ് സുകുമാരൻ നായർ നിലപാടുകൾ വിശദീകരിച്ചത്.എൻഎസ്എസ് പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായർ അധ്യക്ഷത വഹിച്ചു. ബിജെപിയേയും ഇടതുപക്ഷത്തേയും കടന്നാക്രമിക്കുകയാണ് സുകുമാരൻ നായർ. എൻ എസ് എസ് പിന്തുണ യുഡിഎഫിന് ആയിരുന്നുവെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം.

ബിജെപി വിശ്വാസികളെ വഞ്ചിച്ചു. അധികാരം കൈയിലുണ്ടായിട്ടും ബിജെപി വിശ്വാസികളെ സഹായിച്ചില്ല. പകരം ശബരിമലയെ തിരഞ്ഞെടുപ്പിൽ ആയുധമാക്കാൻ ശ്രമിച്ചു. കോടതി വിധിയെ ഈശ്വര വിശ്വാസം തകർക്കാനുള്ള അവസരമായിട്ടാണ് ഇടതു സർക്കാർ ഉപയോഗിച്ചത്. വിധി നടപ്പാക്കാൻ സമയം ചോദിക്കണമെന്നും പുനപരിശോധനാ ഹർജി കൊടുക്കണമെന്നും ഇടതു സർക്കാരിനോടു കാലുപിടിച്ചു പറഞ്ഞിട്ടും വഴങ്ങിയില്ല. യുഡിഎഫ് മാത്രമാണു നിയമ നടപടി സ്വീകരിക്കുകയും സമാധാനപരമായ പ്രതിഷേധങ്ങൾ നടത്തുകയും ചെയ്തത്. അതു കൊണ്ടാണ് അവർക്ക് ഈ നേട്ടം കൊയ്യാൻ കഴിഞ്ഞത്. ശബരിമല പ്രശ്‌നത്തിൽ കോടതി മാത്രമാണു ആശ്രയം. വിശ്വാസ സംരക്ഷണത്തിനായി ഏതറ്റം വരെയും എൻഎസ്എസ് പോകും-എൻ എസ് എസ് പ്രഖ്യാപിച്ചു.

ശബരിമല വിധി സംബന്ധിച്ചു പാർലമെന്റിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച എൻ.കെ. പ്രേമചന്ദ്രൻ എംപിയെ അദ്ദേഹം അഭിനന്ദിച്ചു. ബില്ലിന്റെ ഭാവി എന്തായാലും അത് അവതരിപ്പിക്കാനുള്ള തീരുമാനം അഭിനന്ദനാർഹമാണ്. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ ബില്ല് അനുഗുണമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രവും ബിജെപി.യും 'ഞഞ്ഞാപിഞ്ഞ' പറയുന്നു

ശബരിമല വിശ്വാസ വിഷയത്തിൽ കേന്ദ്രവും ബിജെപി.യും 'ഞഞ്ഞാപിഞ്ഞ' പറയുകയാണെന്നാണു സുകുമാരൻനായർ ആരോപിച്ചത്. കേന്ദ്രസർക്കാർ വിശ്വസികളോട് കാട്ടിയത് വഞ്ചനയാണ്. വിശ്വാസവിഷയത്തിൽ കൂടെനിന്നവർ തെരഞ്ഞെടുപ്പിൽ വിശ്വാസപ്രശ്നം ഉപകരണമാക്കിയശേഷം ചതിക്കുകയായിരുന്നു. ഈ വിഷയത്തിൽ നിയമയുദ്ധത്തിൽ കോൺഗ്രസ് വിശ്വാസികൾക്കൊപ്പംനിന്നു.
ബിജെപിക്കു കേന്ദ്രത്തിൽ അധികാരം ഉണ്ടായിരുന്നിട്ടും സഹായകരമായ ഒരു നടപടിയും എടുത്തില്ല. ഇനിയും ഉപതെരഞ്ഞെടുപ്പുകൾ വരുമെന്നു ബന്ധപ്പെട്ടവർ ഓർക്കുന്നത് നന്നായിരിക്കുമെന്നു പറയാനും സുകുമാരൻ നായർ മറന്നില്ല.

തെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി എന്നു തന്നെയാണ് കരുതിയതെന്നായിരുന്നു ജനറൽ സെക്രട്ടറിയുടെ മറ്റൊരു പരാമർശം. ഇതിന്റെ കാരണം ന്യൂനപക്ഷ ഏകീകരണമെന്നാണു ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്. ഭൂരിപക്ഷ സമുദായങ്ങൾ ഏറെയുള്ള സ്ഥലങ്ങളിലും യു.ഡി.എഫാണു വിജയിച്ചത്. എന്നാൽ ഇടതുപക്ഷം വിജയിച്ച ഏക മണ്ഡലത്തിൽ ധാരാളം ന്യൂനപക്ഷങ്ങൾ കഴിയുന്നുണ്ട്. ഇവിടുത്തെ വിജയത്തിന്റെ പിന്നിൽ താനാണെന്നു ചിലർ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ആലപ്പുഴയിൽെ യു.ഡിഎഫിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം യു.ഡി.എഫിനു മാത്രമാണ് പ്രതിപക്ഷനേതാവിന്റെ മണ്ഡലത്തിൽ പോലും കഴിഞ്ഞതവണത്തേക്കാൾ കുറഞ്ഞ വോട്ടാണു ലഭിച്ചതെന്നുമായിരുന്നു സുകുമാരൻനായരുടെ മറുപടി പ്രസംഗം. എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളിയ്‌ക്കെതിരെ ഒളിയമ്പാണ് ഈ വിഷയത്തിൽ സുകുമാരൻ നായർ യോഗത്തിൽ അവതരിപ്പിച്ചത്.

വിശ്വാസ സംരക്ഷണം, സംവരണം, വിദ്യാഭ്യാസ നയം എന്നീ വിഷയങ്ങളിൽ ഇടത് സർക്കാരിനുള്ള നിലപാടിൽ ശക്തമായ എതിർപ്പ് ആവർത്തിച്ച് എൻ.എസ്.എസ്. ബജറ്റ് അവതരിപ്പിക്കുന്നത്. മുന്നാക്ക സമുദായങ്ങളുടെ സ്ഥാപനങ്ങൾ നശിപ്പിക്കാനും വിശ്വാസ സംരക്ഷണ പ്രവർത്തനങ്ങളെ പരാജയപ്പെടുത്താനുമുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് പെരുന്നയിൽ സുകുമാരൻ നായർ പറഞ്ഞു. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തുശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള കഴിഞ്ഞ എൻ.ഡി.എ. സർക്കാരിന്റെ തീരുമാനം ഭൂരിപക്ഷം സംസ്ഥാനങ്ങളും നടപ്പാക്കിയപ്പോൾ കേരള സർക്കാർ കാലതാമസം വരുത്തുന്നു. ദേവസ്വം ബോർഡിലെ നിയമനങ്ങളിൽ മുന്നാക്ക സമുദായങ്ങളിലെ പാവങ്ങൾക്കായി സംസ്ഥാന സർക്കാർ പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ച് കൈയടി വാങ്ങിയെങ്കിലും ഇന്നും നടപ്പായിട്ടില്ല.-ഇങ്ങനെ പോകുന്ന വിമർശനം. മന്നം ജയന്തി നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്‌സ് ആക്ടിന്റെ പരിധിയിൽപ്പെടുത്താത്തത് മന്നത്തു പത്മനാഭനോടുള്ള അനാദരവാണെന്നും സുകുമാരൻ നായർ ആരോപിച്ചു.

സംവരണകാര്യത്തിൽ മുന്നാക്ക സമുദായങ്ങളോട് കാണിക്കുന്ന അവഗണന ബോധപൂർവമാണോയെന്ന് സംശയിക്കണം. ശബരിമലയുടെ പേരിൽ ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും ഇല്ലാതാക്കാനുള്ള നടപടികളാണ് സംസ്ഥാന സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും ഭാഗത്തുനിന്നുണ്ടായത്. പാർലമെന്റിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിൽ രാഷ്ട്രീയകക്ഷികൾ എന്ത് നിലപാടെടുക്കുമെന്നറിയാൻ കാത്തിരിക്കുകയാണ്. വിശ്വാസികളോടുള്ള വഞ്ചന ഒരുതരത്തിലും അംഗീകരിക്കില്ലെന്നും വിശ്വാസികൾക്കൊപ്പം എൻ.എസ്.എസ്. ഉണ്ടാകുമെന്നും സുകുമാരൻ നായർ വ്യക്തമാക്കി. പൊതുവിദ്യാഭ്യാസത്തെ തകർക്കുന്ന ഖാദർ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകളും അനുബന്ധ ഉത്തരവുകളും പിൻവലിച്ച് നിലവിലെ സമ്പ്രദായം തുടരണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുള്ള പ്രമേയവും ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ചു.

സമദൂരത്തിനിടെ കോൺഗ്രസിനും വിമർശനം

കേരളത്തിൽ യുഡിഎഫിനുണ്ടായ വിജയം മതന്യൂനപക്ഷങ്ങളുടെ ഏകീകരണമാണെന്ന കെപിസിസി പ്രസിഡന്റക്കമുള്ളവരുടെ പ്രസ്താവന വിശ്വാസികളെ കളിയാക്കുന്നതിന് തുല്യമാണെന്നും സുകുമാരൻ നായർ പറഞ്ഞു. ആറു നിയമസഭ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലവും ഈ നിലയിലായിരിക്കുമോയെന്ന് പറയാൻ ബന്ധപ്പെട്ടവർക്ക് കഴിയുമോ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ ഏകീകരണമുണ്ടായിട്ടുണ്ടെങ്കിൽ ന്യൂനപക്ഷത്തിന് നല്ല സ്വാധീനമുള്ള ആലപ്പുഴയിൽ എങ്ങനെ എൽഡിഎഫ് ജയിച്ചുവെന്ന് യുഡിഎഫ് പറയണം - സുകുമാൻ നായർ പറഞ്ഞു.

കേരളത്തിലെ വിജയത്തിനു വിശ്വാസികളുടെ വോട്ടുകളുടെ ഏകീകരണമാണ് ഉണ്ടായതെന്ന് സമ്മതിക്കാൻ യു.ഡി.എഫോ കെപിസിസി പ്രസിഡന്റോ തയ്യാറായില്ല.ഇനിയും തെരഞ്ഞെടുപ്പു വരുമെന്ന് യു.ഡി.എഫ് നേതാക്കന്മാർ മറക്കരുത്. ന്യൂന പക്ഷ ഏകീകരണം ചില കേന്ദ്രങ്ങളിലെ ഉണ്ടാകൂ. എന്നാൽ കേരളത്തിൽ പൊതുപ്രതിഭാസമാണുണ്ടായത്. വിശ്വാസികൾ ഒരുമിച്ചതുകൊണ്ടാണിത്. അതിൽ ന്യൂനപക്ഷ, ഭൂരിപക്ഷ വേർതിരിവുണ്ടാക്കുന്നത് ചിലരുടെ രാഷ്ട്രീയമാണ്. ജാതിമതരാഷ്ട്രീയ വ്യത്യാസം കൂടാതെ വിശ്വാസ സംരക്ഷണത്തിനായി ജനങ്ങൾ ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. 20 മണ്ഡലങ്ങളിലും ഈ വികാരമാണ് പ്രകടമായത്. അതേസമയം രാഷ്ട്രീയ വിജയം കൊയ്യാനുള്ള അവസരമായിട്ടാണ് ബിജെപിയും കോൺഗ്രസും ശബരിമല വിഷയത്തെ ആദ്യം സമീപിച്ചത്.

സാമൂഹ്യനീതിക്കുവേണ്ടിയുള്ള നിലപാടുകളോടൊപ്പം എൻഎസ്എസ് എന്നുമുണ്ടാകും. തെറ്റായ നയങ്ങളെ എതിർക്കുകയെന്നതും നല്ല കാര്യങ്ങൾക്ക് സഹായിക്കുക എന്നതും എൻ.എസ്.എസിന്റെ പൊതുനയമാണ്. കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളോട് ഇനിയും അതേനയം തുടരും.നായർ സർവീസ് സൊസൈറ്റിക്ക് രാഷ്ട്രീയമില്ല, എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂര നിലപാടാണുള്ളതെന്നും ജി.സുകുമാരൻ നായർ പറഞ്ഞു

122.5 കോടിയുടെ ബജറ്റ്

122.5 കോടിയുടെ ബജറ്റാണ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അവതരിപ്പിച്ചത്. ആരോഗ്യം, കാർഷികം, വിദ്യാഭ്യാസം, സ്വയം തൊഴിൽ കണ്ടെത്തൽ എന്നിങ്ങനെ സമഗ്ര വികസനത്തിനു തുടക്കം കുറിക്കുന്ന പദ്ധതികളാണുള്ളത്. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ബജറ്റ് സമ്മേളനം ആരംഭിച്ചത്. പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നുള്ള പ്രമേയം ഡയറക്ടർ ബോർഡ് അംഗം എൻ.വി. അയ്യപ്പൻപിള്ള അവതരിപ്പിച്ചു.

ജനറൽ ഭരണം, സംഘടന, ശാഖ, സ്‌കൂൾ വിഭാഗം, കോളേജ് വിഭാഗം, കൃഷി വിഭാഗം, ഹെൽത്ത് സർവ്വീസസ് വിഭാഗം, പ്ലാനിങ് & ഡവലപ്മെന്റ് വിഭാഗം, സോഷ്യൽ സർവ്വീസ് വിഭാഗം, ഹ്യൂമൻ റിസോഴ്സസ്, സർവ്വേ & ലാൻഡ് റിക്കാർഡ് വിഭാഗം, മരാമത്ത് വിഭാഗം, അക്കൗണ്ട്സ് & ഓഡിറ്റ് വിഭാഗം, ആശ്രമം, ദേവസ്വം എന്നിവയ്ക്കെല്ലാമായാണ് 122.50 കോടി രൂപയുടെ വരവും അത്രയും തന്നെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് അവതരിപ്പിച്ചത്.

59 താലൂക്ക് യൂണിയൻ പ്രസിഡന്റുമാരും ഡയറക്ടർബോർഡ് അംഗങ്ങളും കൗൺസിൽ അംഗങ്ങളും ഉദ്യോഗസ്ഥരും ബജറ്റിൽ പങ്കെടുത്തു. എൻ.എസ്.എസ് ട്രഷറർ ഡോ.എം.ശശികുമാർ, കരയോഗം രജിസ്ട്രാർ പി.എൻ.സുരേഷ് എന്നിവർ ബജറ്റ് പ്രസംഗം നടത്തി. തുടർന്ന് പ്രതിനിധിസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. ഒമ്പതുപേരെ പ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുത്തു. മുൻ മന്ത്രിയും പ്രതിനിധി സഭാംഗവുമായിരുന്ന ആർ ബാലകൃഷ്ണപിള്ളയും അദ്ദേഹത്തിന്റെ പുത്രനും മുൻ മന്ത്രിയുമായിരുന്ന കെ.ബി ഗണേശ് കുമാറും ബജറ്റിന് എത്തിയിരുന്നു.

പി.എൻ നരേന്ദ്രനാഥൻ നായർ (പത്തനംതിട്ട), എം. സംഗീത്കുമാർ (തിരുവനന്തപുരം), പി. ബാലകൃഷ്ണപിള്ള (കോട്ടയം), വി. രാഘവൻ (തളിപ്പറമ്പ്), കെ.ആർ. ശിവൻകുട്ടി (പന്തളം), സി.പി ചന്ദ്രൻ നായർ (മീനച്ചിൽ), ജി. മധുസൂദനൻ പിള്ള (ചിറയിൻകീഴ്), ഡി. അനിൽ കുമാർ (തിരുവല്ല), കെ.പി നാരായണപിള്ള (കുട്ടനാട്) എന്നിവരെയാണ് പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP