Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സീനിയോറിട്ടിയിൽ കിട്ടേണ്ടത് വിജിലൻസ്; എക്‌സൈസിൽ ഒതുങ്ങി കൂടിയത് ഏറ്റുമുട്ടൽ വേണ്ടെന്ന തീരുമാനത്തിൽ; എന്നിട്ടും ജയിലിന്റെ ചുമതല നൽകി തരംതാഴ്‌ത്തൽ; ഒതുക്കൽ പദവിയിൽ വീണ്ടും ഗർജ്ജനം; ഇനി ആർക്ക് എളുപ്പത്തിൽ പരോൾ കിട്ടില്ല; മൊബൈലും കഞ്ചാവും അഴിക്കുള്ളിലെത്തിയാൽ ജയിലർക്ക് പണിയുറപ്പ്; ലക്ഷ്യം ടിപി വധക്കേസിലെ തടവുകാർ തന്നെ; തടവറയിലെ പാർട്ടി ഗ്രാമങ്ങൾ തകർക്കാനുറച്ച് ഋഷിരാജ് സിങ്; കണ്ണൂരിലും വിയ്യൂരിലും സിങ്കം എത്തുമ്പോൾ വെട്ടിലാകുന്നത് വെട്ടിയൊതുക്കിയ നേതൃത്വവും

സീനിയോറിട്ടിയിൽ കിട്ടേണ്ടത് വിജിലൻസ്; എക്‌സൈസിൽ ഒതുങ്ങി കൂടിയത് ഏറ്റുമുട്ടൽ വേണ്ടെന്ന തീരുമാനത്തിൽ; എന്നിട്ടും ജയിലിന്റെ ചുമതല നൽകി തരംതാഴ്‌ത്തൽ; ഒതുക്കൽ പദവിയിൽ വീണ്ടും ഗർജ്ജനം; ഇനി ആർക്ക് എളുപ്പത്തിൽ പരോൾ കിട്ടില്ല; മൊബൈലും കഞ്ചാവും അഴിക്കുള്ളിലെത്തിയാൽ ജയിലർക്ക് പണിയുറപ്പ്; ലക്ഷ്യം ടിപി വധക്കേസിലെ തടവുകാർ തന്നെ; തടവറയിലെ പാർട്ടി ഗ്രാമങ്ങൾ തകർക്കാനുറച്ച് ഋഷിരാജ് സിങ്; കണ്ണൂരിലും വിയ്യൂരിലും സിങ്കം എത്തുമ്പോൾ വെട്ടിലാകുന്നത് വെട്ടിയൊതുക്കിയ നേതൃത്വവും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വിവാദങ്ങളിൽ പെട്ടുഴലുന്ന സിപിഎമ്മിന് വെല്ലുവിളിയായി സിങ്കം. എക്‌സൈസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് ജയിൽ മേധാവിയായി ഋഷിരാജ് സിംഗിനെ മാറ്റിയത് പണി കൊടുക്കാനാണ്. ജയിൽ ഡിജിപിയായി മുമ്പ് ജോലി നോക്കിയിരുന്ന ഋഷിരാജ് സിങ് തീർത്തും അസംതൃപ്തനായിരുന്നു അന്ന്. പൊലീസിലെ സീനിയോറിട്ടി അനുസിരിച്ച് ഡിജിപിമാരിൽ മൂന്നാമനാണ് ഋഷിരാജ് സിങ്. ഇതിൽ ജേക്കബ് തോമസ് സസ്‌പെൻഷനിലും. അതുകൊണ്ട് പൊലീസ് മേധാവി അല്ലെങ്കിൽ വിജിലൻസ് ഡിജിപി സ്ഥാനത്തിന് ഋഷിരാജിന് അർഹതയുണ്ട്. ഇത് നൽകാതെയാണ് എക്‌സൈസിൽ നിയോഗിച്ചത്. അപ്പോഴും സിങ്കം തൃപ്തനായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി വീണ്ടും ജയിൽ ആസ്ഥാനത്ത് എത്തി.

എക്‌സൈസ് വകുപ്പിലെ ചില നീക്കങ്ങൾക്ക് സിങ്കത്തെ കൂടെ കിട്ടില്ലെന്ന് മനസ്സിലാക്കിയായിരുന്നു ഇത്. ഇതു കൊണ്ടാണ് ജയിൽ ഡിജിപിയാക്കിയത്. ഇതോടെ അധികാരം പ്രയോഗിക്കുകയാണ് സിങ്കം. സിപിഎമ്മിനെ തീർത്തും വെട്ടിലാക്കി ഇന്ന് ജയിലുകളിൽ മിന്നൽ പരിശോധന നടത്തി. ടിപി കേസ് പ്രതികളുടെ രാജാധികാരം മനസ്സിലാക്കിയായിരുന്നു സിങ്കത്തിന്റെ ഇടപെടൽ. താനറിയാതെ ആർക്കും പരോൾ നൽകരുതെന്നും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടെ രാഷ്ട്രീയ തടവുകാർക്ക് പരോളിൽ പുറത്തിങ്ങി വിലസാൻ പറ്റാത്ത സാഹചര്യം ഉണ്ടാകും. കൊടും ക്രിമിനലുകൾക്ക് പരോൾ അനുവദിക്കില്ല. ഇതും സിപിഎമ്മിനെ വെട്ടിലാക്കും. ജയിലുകളിൽ നിരന്തരം റെയ്ഡ് നടത്താനാണ് സിങ്കത്തിന്റെ തീരുമാനം.

വിയ്യൂർ കണ്ണൂർ സെൻട്രൽ ജയിലുകളിലെ മിന്നൽ പരിശോധനയിൽ പിടിച്ചെടുത്തത് സ്മാർട്ട്ഫോണുകളും കഞ്ചാവും റേഡിയോയും ഉൾപ്പെടെയുള്ള വസ്തുക്കളായിരുന്നു. ജയിൽ ഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു കണ്ണൂർ സെൻട്രൽ ജയിലിലെ പരിശോധന. വിയ്യൂരിൽ തൃശൂർ കമ്മീഷണർ യതീഷ് ചന്ദ്രയും റെയ്ഡിന് നേതൃത്വം നൽകി. പുലർച്ചെ നാലുമണിയോടെയായിരുന്നു പരിശോധന. രണ്ടും ഋഷിരാജ് സിംഗിന്റെ നിർദ്ദേശ പ്രകാരമായിരുന്നു. ജയിലുകളിൽ പാർട്ടി ഗ്രാമം അനുവദിക്കില്ലെന്നാണ് ഋഷിരാജ് സിങ് വ്യക്തമാക്കുന്നത്. മൊബൈൽ ഫോണുകൾ, കഞ്ചാവ്, റേഡിയോ എന്നിവയ്ക്ക് പുറമെ ബീഡി, സിഗരറ്റ്, പുകയിലെ പണം ചിരവ, ബാറ്ററികൾ സിം കാർഡുകൾ ഇരുമ്പുവടികൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. വിയ്യൂരിലെ പരിശോധനയിൽ ടിപി കേസ് പ്രതി ഷാഫിയുടെ കയ്യിൽ നിന്ന് രണ്ട് മൊബൈലുകൾ പിടിച്ചെടുത്തു. മുൻപ് രണ്ടുതവണ ഷാഫിയിൽ നിന്ന് മൊബൈലുകൾ പിടിച്ചിട്ടുണ്ട്.

വിയ്യൂരിൽ നിന്ന് 4 മൊബൈൽ ഫോണുകളാണ് ആകെ പിടിച്ചത്. തടവുകാർ ജയിലിൽ വഴിവിട്ട ആനൂകൂല്യങ്ങൾ അനുഭവിക്കുന്നുവെന്ന് നിരന്തരം പരാതികളുയർന്ന സാഹചര്യത്തിലായിരുന്നു പരിശോധന. ഒരേ സമയമാണ് കണ്ണൂരിലും വിയ്യൂരിലും റെയ്ഡ്. പരിശോധനാ വിവരം ചോരാതിരിക്കാൻ അതീവ രഹസ്യമായാണ് പദ്ധതിയിട്ടതും നടപ്പാക്കിയതും. രണ്ടിടത്തുമായി 150 ഓളം പൊലീസുകാർ പങ്കെടുത്തു. ജയിൽ ഡിജിപിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ കർശന നിലപാടുകളുമായി ഋഷിരാജ് സിങ് രംഗത്തെത്തിയിരുന്നു. ടി പി കേസിലെ അഞ്ച് പ്രതികൾ വിയ്യൂർ സെൻട്രൽ ജയിലിലാണ്. ഇവർ 2014 ൽ കോഴിക്കോട് ജില്ലാ ജയിലിലും സ്മാർട്ട് ഫോൺ ഉപയോഗിച്ചിരുന്നു. ജയിലിൽ നിന്നുള്ള ഫോട്ടോകൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വിവാദമായി. വിയ്യൂരിലേക്ക് മാറ്റിയപ്പോൾ 2017 ലും ഷാഫിയുടെ കയ്യിൽ നിന്ന് മൊബൈൽ പിടിച്ചു.

വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് എത്തുന്നവരെ കൂട്ടിക്കലർത്തി സെല്ലുകളിൽ പാർപ്പിക്കുന്ന രീതി ഇനി സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിൽ ഉണ്ടാവില്ലെന്ന് ഋഷിരാജ് സിങ് വ്യക്തമാക്കി കഴിഞ്ഞു. കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് തടവുകാരെ തരംതിരിച്ച് പ്രത്യേകം പാർപ്പിക്കും. ഉദാഹരണത്തിന് മോഷണക്കേസുകളിൽ റിമാൻഡ് ചെയ്‌തോ ശിക്ഷിക്കപ്പെട്ടോ എത്തുന്നവരെ അതേ വിഭാഗത്തിൽപെട്ടവരെ പാർപ്പിക്കുന്ന സെല്ലിലാകും താമസിപ്പിക്കുക. അവരെ കൊലക്കേസുകളിലോ പീഡനക്കേസിലോ മറ്റോ ശിക്ഷിക്കപ്പെട്ട് എത്തുന്നവരുടെ കൂട്ടത്തിൽ പാർപ്പിക്കില്ല. മറ്റ് കേസുകളിലും ഈ രീതി അവലംബിക്കും. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് എത്തുന്നവരേയും ക്വട്ടേഷൻ സംഘത്തെയും മയക്കുമരുന്ന് കേസിലെ പ്രതികളെയുമൊന്നും സെല്ലുകളിൽ കൂട്ടായി പാർപ്പിക്കില്ല.

ചെറിയ കുറ്റകൃത്യങ്ങളിലുൾപ്പെട്ട് എത്തുന്നവർ ജയിൽ ജീവിതത്തിനൊടുവിൽ കൊടുംകുറ്റവാളികളായി മാറുന്ന സാഹചര്യവും ജയിലിലെ കൂട്ടുകെട്ടിലൂടെ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതും ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിചാരണ തടവുകാരെയും ശിക്ഷാ പ്രതികളെയും പ്രത്യേകം പാർപ്പിക്കും.ജയിലുകളുടെ പ്രവർത്തനം അഴിമതി വിമുക്തവും കുറ്റമറ്റതുമാക്കാനുള്ള നടപടികളുടെ ഭാഗമാണ് ഇതെല്ലാം. ജയിലുകളിൽ കഞ്ചാവും മയക്കുമരുന്നും കടത്തികൊണ്ടുവരുന്നത് തടയാൻ പരിശോധനകൾ കർശനമാക്കാനും നിർദ്ദേശിച്ചു. ഇതിനായി സെല്ലുകളിൽ ശക്തമായ നിരീക്ഷണം നടത്തും. ലഹരിക്ക് അടിമപ്പെട്ട തടവുകാരെ അതിൽ നിന്ന് മോചിപ്പിക്കാനായി എല്ലാ ആഴ്ചയും ബോധവത്കരണം നടത്തും. ആവശ്യമായവർക്ക് ലഹരി വിമുക്ത ചികിത്സ ലഭ്യമാക്കും. ജയിലിൽ താത്കാലിക ജീവനക്കാരായി വിമുക്ത ഭടന്മാരെ നിയോഗിക്കും.

പരോൾ അപേക്ഷകളിൽ കാലവിളംബം കൂടാതെ തീരുമാനമെടുക്കണം. ആർക്കും പ്രത്യേക പരിഗണന നൽകാൻ പാടില്ല. ഇത് തന്റെ അനുമതിയോടെ മാത്രമേ നൽകാവൂവെന്നും ഋഷിരാജ് സിങ് പറഞ്ഞിരുന്നു. ഏത് ജയിലിലും ഏത് സമയത്തും തന്റെ മിന്നൽ സന്ദർശനവും പരിശോധനയും ഉണ്ടാകുമെന്നും ഡി.ജി.പി ജീവനക്കാരെ കഴിഞ്ഞ ദിവസം ഓർമിപ്പിച്ചിരുന്നു. സീനിയോറിട്ടിയിൽ മൂന്നാമനെങ്കിലും കേരളത്തിലെ ഐപിഎസുകാരിൽ ഒന്നാമനാണ് സിങ്കം. ഡയറക്ടർ ജനറൽ തസ്തികയിലേക്കുള്ള നിയമനത്തിന് കേന്ദ്രസർക്കാർ അംഗീകരിച്ച ഐപിഎസ് പട്ടികയിൽ കേരളത്തിൽ നിന്നുള്ളത് ഋഷിരാജ് സിങ് മാത്രമാണ്. ഡിജിപി ലോക്നാഥ് ബെഹ്റയെ തള്ളിയാണ് ഋഷിരാജ് സിംഗിന്റെ നേട്ടം. ഇതോടെ സിആർപിഎഫ്, ബിഎസ്എഫ്, ഇന്റലിജൻസ് ബ്യൂറോ, റോ, ദേശീയ അന്വേഷണ ഏജൻസി, സിബിഐ തുടങ്ങിയവ സുപ്രധാന പദവികളിൽ ഡയറക്ടർ ജനറലായി ഋഷിരാജ് സിങ് എത്താനുള്ള സാധ്യത തെളിഞ്ഞിരുന്നു.

കേരള പൊലീസ് കേഡറിൽ സീനിയോറിറ്റിയുള്ള ഡിജിപിമാരായ ജേക്കബ് തോമസിനെയും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെയും മറികടന്നുള്ള ഋഷി രാജ് സിംഗിന്റെ മുന്നേറ്റം മികച്ച പ്രതിച്ഛാായയുമായാണ്. എന്നാൽ ഇതൊന്നും കേരളത്തിലെ ഭരണ നേതൃത്വം കണ്ടില്ലെന്ന് നടിക്കുകയാണ്. നിയമപോരാട്ടം നടത്തിയാൽ ഋഷിരാജ് സിംഗിന് വിജിലൻസ് മേധാവിയാകാം. എന്നാൽ പ്രശ്നക്കാരനെന്ന ഇമേജുണ്ടാക്കാൻ സിങ്കത്തിന് താൽപ്പര്യമില്ല.കേഡർ തസ്തികകളിൽ ഡിജിപി റാങ്കിലുള്ളവരെത്തന്നെ നിയമിക്കണമെന്നാണു കേന്ദ്ര നിർദ്ദേശം. അതിനാലാണു ലോക്നാഥ് ബെഹ്റയെ വിജിലൻസ് ഡയറക്ടറുടെ അധിക ചുമതലയിൽ നിന്നു മാറ്റിയപ്പോൾ ഡിജിപി റാങ്കിലുള്ള എൻ.സി.അസ്താനയെ നിർബന്ധിച്ചു കേരളത്തിലേക്കു കൊണ്ടുവന്നു വിജിലൻസ് ഡയറക്ടറാക്കിയത്. നിലവിൽ സംസ്ഥാനത്തു കേന്ദ്ര സർക്കാർ അംഗീകരിച്ച നാലു ഡിജിപിമാരാണുള്ളത്.

1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരായ ലോക്നാഥ് ബെഹ്റ, ഋഷിരാജ് സിങ്, ജേക്കബ് തോമസ് എന്നിവരും 1986 ബാച്ചിലെ എ.ഹേമചന്ദ്രനും. ഇതിൽ ബെഹ്റ പൊലീസ് മേധാവിയാണ്. ഏറ്റവും സീനിയറായ ജേക്കബ് തോമസ് സസ്പെൻഷനിലും. അതുകൊണ്ട് തന്നെ ഋഷിരാജ് സിംഗോ ഹേമചന്ദ്രനോ വേണം വിജിലൻസ് തലപ്പത്ത് എത്താൻ. എന്നാൽ ഇതൊന്നും ആരും നടപ്പാക്കുന്നില്ല. പകരം കേഡർ തസ്തികകൾ മാറ്റി മാറ്റി കളിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP