Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐഎൻഎസ് വിശാഖപട്ടണത്തിലെ തീപിടുത്തത്തിൽ കൊല്ലപ്പെട്ട ബജേന്ദ്ര കുമാർ കരാർ തൊഴിലാളി; മസ്ഗാവ് ഡോകിൽ തീപിടുത്തം ഉണ്ടായത് 2021ൽ കമ്മീഷൻ ചെയ്യേണ്ട യുദ്ധക്കപ്പലിൽ; തീ പൂർണമായും നിയന്ത്രണ വിധേയമായത് നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ

ഐഎൻഎസ് വിശാഖപട്ടണത്തിലെ തീപിടുത്തത്തിൽ കൊല്ലപ്പെട്ട ബജേന്ദ്ര കുമാർ കരാർ തൊഴിലാളി; മസ്ഗാവ് ഡോകിൽ തീപിടുത്തം ഉണ്ടായത് 2021ൽ കമ്മീഷൻ ചെയ്യേണ്ട യുദ്ധക്കപ്പലിൽ; തീ പൂർണമായും നിയന്ത്രണ വിധേയമായത് നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഒരാളുടെ മരണത്തിനിടയാക്കിയ തീപിടുത്തം ഉണ്ടായത് 2021ൽ കമ്മീഷൻ ചെയ്യേണ്ടിയിരുന്ന യുദ്ധക്കപ്പലിൽ. മസ്ഗാവ് ഡോകിൽ ഇന്നലെ വൈകിട്ടാണ് നിർമ്മാണത്തിലിരുന്ന കപ്പലിൽ തീപിടുത്തം ഉണ്ടായത്. ഐഎൻഎസ് വിശാഖപട്ടണം എന്ന നാവികസേനയുടെ യുദ്ധക്കപ്പലിലെ തീപിടുത്തത്തിൽ മരിച്ചത് കരാർ ജീവനക്കാരനായ ബജേന്ദ്ര കുമാർ ആണ്. 23കാരനായ ബജേന്ദ്ര കുമാർ മരിച്ചത് പെള്ളലേറ്റും ശ്വസം മുട്ടിയുമാണ്. ഒരാൾക്കു പരുക്കേറ്റിട്ടുണ്ട്, ഇതു ഗുരുതരമല്ല. വെള്ളിയാഴ്ച വൈകിട്ട് അഞ്ചേ മുക്കാലോടെയായിരുന്നു സംഭവം. കപ്പലിലെ എയർകണ്ടിഷൻ സംവിധാനത്തോടു ചേർന്നാണു തീപിടിത്തമുണ്ടായതെന്നാണു സൂചന. രാത്രിയോടെ 9.45ഓടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കി.

മിസൈൽ ഡിസ്‌ട്രോയറായ സ്റ്റെൽത്ത് ഗൈഡഡ് വിഭാഗത്തിലുള്ള നാലു കപ്പലുകളാണ് എംഡിഎസ്എല്ലിനു(മസ്ഗാവ് ഡോക്ക് ഷിപ്ബിൽഡേഴ്‌സ്) കീഴിൽ നിർമ്മിക്കുന്നത്. 29,340 കോടി രൂപയുടേതാണു പ്രോജക്ട് 15ബി എന്ന പേരിലുള്ള കപ്പൽ നിർമ്മാണ കരാർ. 2015 ഏപ്രിലിലാണ് പ്രോജക്ട് 15ബി ആരംഭിച്ചത്. 2021ൽ ആദ്യത്തെ കപ്പൽ കമ്മിഷൻ ചെയ്യാനിരിക്കെയാണ് അപകടം.

പതിനെട്ടാം നൂറ്റാണ്ട് മുതൽ ഉപയോഗത്തിലുള്ളതാണ് മസ്ഗാവ് ഡോക്ക്. ഇവിടെയാണ് ഇന്ത്യൻ നാവികസേനയുടെ സ്‌കോർപ്പീൻ മുങ്ങിക്കപ്പലുകളും നിർമ്മിക്കുന്നത്. ദക്ഷിണ മുംബൈയിൽ സിഎസ്ടി റെയിൽവേ സ്റ്റേഷനു സമീപത്താണ് കപ്പൽ നിർമ്മാണശാലയായ 'മസ്ഗാവ് ഡോക്'. കപ്പലിന്റെ 12704 യാർഡിലെ കപ്പലിന്റെ സെക്കന്റ് ഡെക്കിലാണ് തീപിടിച്ചത്. എന്നാൽ രണ്ടും മൂന്നും ഡെക്കുകളിലേക്ക് തീപടരുന്നത് വൈകിട്ട് ഏഴോടെ തടയാൻ സാധിച്ചു. തീയണയ്ക്കുന്നതിന് അഗ്‌നിരക്ഷാ സേനയുടെ എട്ട് യൂണിറ്റ് എത്തി. 'ചെറിയ' തീപിടിത്തമാണ് ഉണ്ടായതെന്നു മസ്ഗാവ് ഡോക്ക് ഷിപ്ബിൽഡേഴ്‌സ് വക്താവ് പറഞ്ഞു.

2018 മാർച്ചിൽ മസ്ഗാവ് ഡോക്കിൽ ഐഎൻഎസ് കൊൽക്കത്തയുടെ നിർമ്മാണത്തിനിടെ വാതകച്ചോർച്ചയുണ്ടായി കമാൻഡർ കുന്തൽ വാധ്വ മരിച്ചിരുന്നു. അന്ന് ഒട്ടേറെ പേർക്കു പരുക്കേൽക്കുയും ചെയ്തു. മുംബൈ നേവൽ ഡോക്യാർഡിൽ അറ്റകുറ്റപ്പണിക്കിടെ ഐഎൻഎസ് മാതംഗ എന്ന യുദ്ധക്കപ്പലിനു തീപിടിച്ചത് 2014 ഏപ്രിലിലാണ്, അന്ന് ആർക്കും പരുക്കേറ്റിരുന്നില്ല. അതിനു തൊട്ടുമുൻപത്തെ വർഷം സ്വാതന്ത്യ്‌രദിനത്തലേന്ന് നേവൽ ഡോക്യാർഡിൽ നിർത്തിയിട്ട ഐഎൻഎസ് സിന്ധുരക്ഷക് മുങ്ങിക്കപ്പലിലുണ്ടായ സ്ഫോടനത്തിൽ മലയാളികൾ ഉൾപ്പെടെ 18 നാവികർ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയുടെ ഏക വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ 2019 ഏപ്രിലിൽ ഉണ്ടായ തീപിടിത്തത്തിൽ ലഫ്റ്റനന്റ് കമാൻഡർ ഡി.എസ്. ചൗഹാൻ (28) മരിച്ചിരുന്നു. കപ്പൽ കർണാടകയിലെ കാർവാർ തുറമുഖത്തേക്ക് അടുക്കുമ്പോഴായിരുന്നു തീപിടിത്തം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP