Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിൽ അവതരണത്തിന് അനുമതി നൽകിയത് ഏകകണ്ഠമായ ശബ്ദ വോട്ട്; സംസാരിക്കാൻ അവസരം നൽകാതെ ഇടപെടൽ നടത്തി ചെയറിലിരുന്ന മീനാക്ഷീ ലേഖി; വെട്ടിലാകുന്നത് ബിജെപി തന്നെ; ഇനി നിർണ്ണായകം 25ന് നടക്കുന്ന നറുക്കെടുപ്പ്; ഭാഗ്യം തുണച്ചാൽ ശബരിമല ശ്രീധർമശാസ്താ ടെമ്പിൾ ബിൽ 2019 അടുത്ത മാസം ലോക്‌സഭയിൽ ചർച്ചയ്‌ക്കെത്തും; വേനലവധി കഴിഞ്ഞ് സുപ്രീംകോടതി എടുക്കുന്ന നിലപാടും നിർണ്ണായകം; പ്രേമചന്ദ്രന്റെ തന്ത്രപരമായ നീക്കം പ്രതീക്ഷ നൽകുന്നത് അയ്യപ്പ വിശ്വാസികൾക്ക് തന്നെ

ബിൽ അവതരണത്തിന് അനുമതി നൽകിയത് ഏകകണ്ഠമായ ശബ്ദ വോട്ട്; സംസാരിക്കാൻ അവസരം നൽകാതെ ഇടപെടൽ നടത്തി ചെയറിലിരുന്ന മീനാക്ഷീ ലേഖി; വെട്ടിലാകുന്നത് ബിജെപി തന്നെ; ഇനി നിർണ്ണായകം 25ന് നടക്കുന്ന നറുക്കെടുപ്പ്; ഭാഗ്യം തുണച്ചാൽ ശബരിമല ശ്രീധർമശാസ്താ ടെമ്പിൾ ബിൽ 2019 അടുത്ത മാസം ലോക്‌സഭയിൽ ചർച്ചയ്‌ക്കെത്തും; വേനലവധി കഴിഞ്ഞ് സുപ്രീംകോടതി എടുക്കുന്ന നിലപാടും നിർണ്ണായകം; പ്രേമചന്ദ്രന്റെ തന്ത്രപരമായ നീക്കം പ്രതീക്ഷ നൽകുന്നത് അയ്യപ്പ വിശ്വാസികൾക്ക് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമലയിൽ ആചാരസംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെടുന്ന സ്വകാര്യ ബിൽ എൻ.കെ. പ്രേമചന്ദ്രൻ ലോക്‌സഭയിൽ അവതരിപ്പിച്ചപ്പോൾ സഭ ഒന്നടങ്കം അതിനെ പിന്തുണച്ചു. അതായത് ശബരിമല വിശ്വാസ സംരക്ഷണത്തിൽ ലോക്‌സഭയുടെ വികാരം അനുകൂലമാണ്. പ്രേമചന്ദ്രന്റെ ബിൽ ചർച്ചയ്ക്ക് വരുമോ എന്നതാണ് ഇനിയുള്ള ചോദ്യം. അത് സംഭവിച്ചാൽ ശബരിമല യുവതി പ്രവേശനത്തിൽ നിർണ്ണായക നിയമ നിർമ്മാണത്തിനുള്ള സാധ്യത അതിവേഗം ഉയരും. അതിന് വേണ്ടത് ഭാഗ്യമാണ്. നറക്കെടുപ്പിലാണ് അവതരണാനുമതി കിട്ടിയ സ്വകാര്യ ബില്ലുകൾ ചർച്ചയ്ക്ക് എടുക്കണമോ എന്ന് തീരുമാനിക്കുക. അതുകൊണ്ട് തന്നെ ഈ നറക്കെടുപ്പിലേക്ക് കാത്തിരിക്കുകയാണ് പ്രേമചന്ദ്രനും വിശ്വാസികളും.

ഇന്നലെ അവതരിപ്പിച്ച സ്വകാര്യ ബില്ലുകളിലുള്ള ചർച്ച ജൂലൈ 12നു നടക്കും. ഏതെല്ലാം ബില്ലുകൾ ചർച്ചയ്‌ക്കെടുക്കണമെന്ന് ഈ മാസം 25നു നറുക്കെടുപ്പിലൂടെ തീരുമാനിക്കും. ചരിത്രപരമായ ബില്ലാണിതെന്നും 2018 സെപ്റ്റംബർ ഒന്നിനു നിലനിന്ന ആചാരങ്ങൾ ശബരിമലയിൽ ഉറപ്പാക്കണമെന്നും പ്രേമചന്ദ്രൻ ബിൽ അവതരണവേളയിൽ ചൂണ്ടിക്കാട്ടി. ബില്ലിൽ അപാകതകളുണ്ടെന്നു വ്യക്തമാക്കിയ ഭരണകക്ഷി എംപി: മീനാക്ഷി ലേഖിയെ സ്വകാര്യ ബിൽ അവതരണവേളയിൽ സ്പീക്കർ കസേരയിൽ സഭ നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയതു ശ്രദ്ധേയമായി. ശബരിമല വിശ്വാസികളെ പ്രത്യേക വിഭാഗമായി പരിഗണിച്ച് ആചാരസംരക്ഷണത്തിനു നിയമനിർമ്മാണം വേണമെന്നായിരുന്നു ലേഖി നേരത്തെ ആവശ്യപ്പെട്ടത്. സീറോ അവറിലായിരുന്നു വിഷയം ലേഖി ലോക്‌സഭയിൽ ചർച്ചയാക്കിയത്. കഴിഞ്ഞ ലോക്‌സഭയിലും ശബരിമലയിൽ നിയമ നിർമ്മാണത്തിന് വേണ്ടി വാദിച്ച എംപിയായിരുന്നു ലേഖി.

നിയമത്തിലൂടെ 2018 സെപ്റ്റംബർ ഒന്നിന് മുമ്പുണ്ടായിരുന്ന ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നും ഒരു കോടതി വിധിയും ബാധകമാക്കരുതെന്നും പ്രേമചന്ദ്രന്റെ ബിൽ ആവശ്യപ്പെടുന്നു. കോടതി, ട്രിബ്യൂണൽ, അഥോറിറ്റി എന്നിവയുടെ വിധി, അപ്പീൽ, നിയമം എന്നിവ ക്ഷേത്ര ആചാരാനുഷ്ഠാനങ്ങൾക്ക് തടസമാകരുത്. തടസമാകുന്ന വിധികളും നിയമങ്ങളും റദ്ദാക്കണം. ആചാരാനുഷ്ഠാനങ്ങൾ നടപ്പാകുന്നുവെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കണമെന്നും ബില്ലിൽ ആവശ്യപ്പെടുന്നു.വേനൽ അവധിക്കു ശേഷം ജൂലായ് ഒന്നിന് തുറക്കുന്ന സുപ്രീംകോടതിയിൽ ശബരിമല റിവ്യൂ ഹർജികൾ തീർപ്പായാൽ അതും ബില്ലിന്റെ ചർച്ചയെ സ്വാധീനിക്കും. ബിൽ അവതരിപ്പിച്ച സാഹചര്യത്തിൽ അഞ്ചു വർഷത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും ചർച്ച ചെയ്യാൻ അവസരമുണ്ട്. ബിൽ സർക്കാരിന് ഏറ്റെടുക്കുകയും ചെയ്യാം. 17-ാമത് ലോക്‌സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് ഇത്.

ശബരിമല വിഷയത്തിൽ ഭക്തരുടെ വികാരം മാനിക്കുമെന്ന് കേന്ദ്ര നിയമ വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ്. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ നിയമ നടപടികൾ കൂടി പരിശോധിച്ച ശേഷമായിരിക്കും ബില്ലിന്മേലുള്ള തുടർനടപടികളെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയെ മറികടന്നുള്ള നിലപാടെടുക്കാൻ കേന്ദ്രസർക്കാരിന് സാദ്ധ്യമല്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി രാംമാധവ്. എൻ.കെ. പ്രേമചന്ദ്രൻ എംപി ലോക്സഭയിൽ അവതരിപ്പിച്ച ശബരിമല സ്വകാര്യബില്ലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തിൽ നിയമപരമായി സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് രാംമാധവ് വ്യക്തമാക്കി. ഈ വിഷയത്തിൽ സുപ്രീം കോടതി നിലപാടെടുത്തിട്ടുണ്ട്. കോടതിയെ മറികടന്ന് നിലപാടെടുക്കുക സാധ്യമല്ല. ജനങ്ങളുടെ വികാരം മാനിച്ച് എന്തെല്ലാം കേന്ദ്ര സർക്കാരിന് ചെയ്യാൻ സാധിക്കുമോ അതെല്ലാം ചെയ്യുമെന്ന് രാം മാധവ് പറഞ്ഞു.ശബരിമല വിഷയത്തിൽ ഞങ്ങൾ ക്ഷേത്രത്തിന്റെ ആചാരത്തിനും പാരമ്പര്യത്തിനുമൊപ്പമാണ്. അതോടു ചേർന്നു നിൽക്കുന്ന വിശ്വാസികളുടെ വികാരത്തിനൊപ്പവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് ആദ്യ പടി... നിർണ്ണായകം കേന്ദ്ര നിലപാട്

നിയമനിർമ്മാണത്തിനുള്ള ആദ്യ പടിയാണ് ബില്ലുകൾ. നിയമത്തിന്റെ കരട് രേഖ ബില്ലുകളായാണ് ലോക്‌സഭയിലും രാജ്യസഭയിലും കൊണ്ടുവരിക. രണ്ടിടത്തും അവതരിപ്പിച്ച്, അംഗങ്ങൾ ഇതിൽ ചർച്ച നടത്തി അത് പാസ്സാക്കിയാൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി നൽകും. രാഷ്ട്രപതി ഇതിൽ ഒപ്പുവച്ചാൽ അത് നിയമമായി. ബില്ലുകൾ രണ്ട് തരത്തിലുണ്ട്. ഒന്ന് സർക്കാർ കൊണ്ടുവരുന്ന ബില്ലുകൾ. കേന്ദ്രമന്ത്രിസഭയിലെ ഒരംഗമായിരിക്കും ഈ ബില്ലുകൾ കൊണ്ടുവരിക. രണ്ടാമത് സ്വകാര്യ ബിൽ. രാജ്യസഭയിലോ ലോക്‌സഭയിലോ ഉള്ള ഒരംഗത്തിന് ഈ ബില്ല് അവതരിപ്പിക്കാൻ അവകാശമുണ്ടായിരിക്കും.

സ്വകാര്യബില്ല് അവതരിപ്പിക്കുന്നതിന് ആദ്യം പാർലമെന്റിൽ നോട്ടീസ് നൽകണം. എന്തിനാണ് ബില്ല് കൊണ്ടുവരുന്നതെന്ന് വ്യക്തമാക്കണം. ഈ ബില്ല് ചട്ടപ്രകാരം അവതരിപ്പിക്കാമോ എന്ന് രാജ്യസഭാ സെക്രട്ടേറിയറ്റോ ലോക്‌സഭാ സെക്രട്ടേറിയറ്റോ പരിശോധിക്കും. എന്തെങ്കിലും സംശയം ഇതിലുണ്ടെങ്കിൽ അതാത് സെക്രട്ടേറിയറ്റുകൾ നിയമമന്ത്രാലയത്തിന്റെ സഹായം തേടും. ഇതിന് ശേഷമാണ് ശബരിമല ബില്ലിന് അനുമതി കിട്ടിയത്. വെള്ളിയാഴ്ചകളിലാണ് ഇത്തരം ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി നൽകുക. സ്വകാര്യ അംഗങ്ങളുടെ ദിനം എന്നാണ് വെള്ളിയാഴ്ചകളെ സാധാരണ വിളിക്കാറ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുക. പ്രേമചന്ദ്രൻ ഇന്നലെ ബിൽ അവതരിപ്പിക്കുകയും ചെയ്തു. ഇനിയാണ് പ്രധാന കടമ്പ.

ബില്ല് അവതരിപ്പിച്ചാലും ഇത് ചർച്ചയ്ക്ക് എടുക്കുക എളുപ്പമല്ല. 25-ാം തീയതിയാണ് ഏതൊക്കെ ബില്ലുകൾ ചർച്ചയ്ക്ക് എടുക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ നറുക്കെടുപ്പ് നടക്കുക. അന്ന് നറുക്കെടുപ്പിൽ വിജയിച്ചാൽ ബില്ല് ചർച്ചയ്ക്ക് വരും. സാധാരണ ലോക്‌സഭയിൽ മുന്നൂറിലധികം ബില്ലുകൾ അവതരിപ്പിക്കാറുണ്ട്. എന്നാൽ ഇരുപതിൽ താഴെ സ്വകാര്യ ബില്ലുകൾ മാത്രമാണ് ചർച്ചയ്ക്ക് എടുക്കുക. ഇതിലേക്ക് ശബരിമല എത്തണമെങ്കിൽ ഭാഗ്യം കൂടി വേണം. ചർച്ചയ്ക്ക് എടുത്താലും ഇത്തരം സ്വകാര്യ ബില്ലുകൾ പാസ്സാക്കാറുണ്ടോ? സാധ്യത വളരെക്കുറവാണ് എന്നതാണുത്തരം. 1970 മുതൽ ഒരു സ്വകാര്യ ബില്ലും പാർലമെന്റ് ബില്ല് പാസ്സാക്കിയിട്ടില്ല. ഇതുവരെ 14 സ്വകാര്യ ബില്ലുകൾ മാത്രമാണ് നിയമമായിട്ടുള്ളത്. എന്നാൽ ശബരിമലയിൽ ചില കുരുക്കുകൾ ഉണ്ട്. എല്ലാവർക്കും വിശ്വാസികളെ വേണം. അതുകൊണ്ട് തന്നെ പ്രേമചന്ദ്രന്റെ ബില്ലിന് ചർച്ചയ്ക്ക് അവസരം കിട്ടിയാൽ വിഷയത്തിൽ കേന്ദ്രത്തിന് നിലപാട് പറയേണ്ടി വരും. അതാണ് ഈ ബില്ലിനെ ശ്രദ്ധേയമാക്കുന്നത്.

പലപ്പോഴും സ്വകാര്യബില്ലുകൾ സമഗ്രമാകാറില്ല. കേന്ദ്രസർക്കാർ നിയമമന്ത്രാലയത്തിന്റെയും ഉദ്യോഗസ്ഥ തല ചർച്ചകളുടെയും വലിയ ആലോചനാ നടപടികളിലൂടെയും കൊണ്ടുവരുന്ന ബില്ലുകളുടെ അത്ര സമഗ്രത ഒരു എംപി മാത്രമിരുന്ന് തയ്യാറാക്കുന്ന സ്വകാര്യ ബില്ലിൽ ഉണ്ടാകില്ല. എംപിമാർക്ക് ഒരു വിഷയം ഉന്നയിക്കാൻ സ്വകാര്യ ബില്ലുകളെ ആശ്രയിക്കാം എന്ന് മാത്രം. അത്തരമൊരു വിഷയം കേന്ദ്രസർക്കാർ കൂടി അംഗീകരിക്കുന്നുണ്ടെങ്കിൽ ഇതിൽ സമഗ്രമായ നിയമനിർമ്മാണം നടത്തുമെന്ന് കേന്ദ്രത്തിന് എംപിമാർക്ക് ഉറപ്പ് നൽകാം. ഇത്തരത്തിലൊരു ഉറപ്പെങ്കിലും കേന്ദ്ര സർക്കാരിന് ബിൽ ചർച്ചയ്ക്ക് വന്നാൽ എടുക്കേണ്ടി വരും. അതുകൊണ്ട് തന്നെ നറക്കെടുപ്പ് തന്നെയാണ് ഇനി പ്രധാനം. ഇതിൽ അയ്യപ്പന്റെ ഇടപെടൽ ഉണ്ടാകുമെന്നാണ് വിശ്വാസികളുടെ പ്രതീക്ഷ.

ഒരു സ്വകാര്യ ബില്ല് ചർച്ചയ്ക്ക് വന്നാൽ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് കേന്ദ്രസർക്കാരിന് മുന്നിലുള്ളത്: ഒന്ന്, ബില്ല് പിൻവലിക്കാൻ അംഗത്തോട് ആവശ്യപ്പെടാം. സമഗ്രമായ നിയമനിർമ്മാണം നടത്തുമെന്ന് ഉറപ്പ് നൽകാം. അതിനാൽ തൽക്കാലം ഇപ്പോൾ ബില്ല് പിൻവലിച്ചാൽ ഇതേ വിഷയത്തിൽ സമഗ്രമായ, കുറ്റമറ്റ നിയമനിർമ്മാണം നടത്തുമെന്ന് ഉറപ്പ് നൽകാം. അതല്ലെങ്കിൽ, സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ തൽക്കാലം സർക്കാരിന് ഇടപെടാനാകില്ലെന്ന് കാണിച്ച് എതിർക്കാം. അതല്ലെങ്കിൽ ബില്ല് പാസ്സാക്കുന്നതിനായി വോട്ടെടുപ്പ് ആവശ്യപ്പെടാം. ഇതിലേത് നിലപാടാകും കേന്ദ്രസർക്കാർ സ്വീകരിക്കുക എന്നത് നിർണായകമാണ്. ശബരിമലയിൽ കരുതലോടെ മാത്രമേ കേന്ദ്രം മുന്നോട്ട് പോകൂ. വിശ്വാസികളുടെ വികാരം മാനിക്കില്ലെന്ന് പറയാനുമാകില്ല. ശബരിമല ബിജെപിയുടെ പ്രകടന പത്രികയിലുള്ളതാണ് ഇതിന് കാരണം.

സ്വകാര്യ അംഗങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും നല്ല അവസരവും ജനാധിപത്യ അവകാശവുമാണെന്ന് എൻ കെ പ്രേമചന്ദ്രൻ പറയുന്നു. ''കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് ജനങ്ങൾ ഏറ്റവുമധികം ആവശ്യപ്പെടുന്ന ഒരു കാര്യത്തിൽ ഒരു നടപടിയുമുണ്ടാകാത്തതിനാലാണ് ഈ ബില്ല് കൊണ്ടുവന്നത്. ബില്ലവതരണം ആദ്യഘട്ടം മാത്രമാണെന്ന കാര്യം ഞാനും സമ്മതിക്കുന്നു. എന്നാൽ കേരളത്തിൽ അക്രമം അഴിച്ചു വിട്ടുകൊണ്ടുള്ള സമരം നടത്തുകയും നിയമനിർമ്മാണം നടത്തുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുകയും ചെയ്ത ബിജെപി പിന്നീട് അതിൽ ഒരു നടപടിയൊന്നുമെടുത്തിട്ടില്ല'', ബിജെപിക്ക് നയം വ്യക്തമാക്കേണ്ട സമയമാണിതെന്നും, നിലപാടെടുത്തേ മതിയാകൂ എന്നും പ്രേമചന്ദ്രൻ വ്യക്തമാക്കുന്നു.

ഉയർന്നത് ജയ് അയ്യപ്പ

ബിൽ അവതരണത്തിന്റെ നടപടിക്രമം മാത്രമാണ് ഇന്നലെ നടന്നത്. ശബരിമലയിൽ കഴിഞ്ഞ സെപ്റ്റംബർ ഒന്നിനു മുമ്പുള്ള സ്ഥിതി തുടരാൻ വ്യവസ്ഥ ചെയ്യുന്നതാണ് ശബരിമല ശ്രീധർമശാസ്താ ടെമ്പിൾ (സ്പെഷ്യൽ പ്രൊവിഷൻ) ബിൽ 2019.

അയ്യപ്പ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തിൽ നിയമനിർമ്മാണം വേണമെന്ന് സഭാധ്യക്ഷയുടെ കസേരിയിൽ ഇരുന്ന മീനാക്ഷി ലേഖി പറഞ്ഞതും ചർച്ചയായിരുന്നു. ഇത്തരത്തിലുള്ള ബില്ലുകൾ പൂർണതയുള്ള ബില്ലല്ലെന്നും മാധ്യമവാർത്തകളിൽ ഇടം നേടാനാണ് ബില്ലമായി വരുന്നതെന്നുമുള്ള മീനാക്ഷി ലേഖിയുടെ ആരോപണത്തെ പ്രേമചന്ദ്രൻ രൂക്ഷമായി വിമർശിച്ചു. സമഗ്രതയുള്ള ബില്ലാണ് വേണ്ടതെന്നും ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കേസുണ്ടെന്നുമുള്ള അവരുടെ അഭിപ്രായം മുഖംരക്ഷിക്കലാണ്. ഒരു ഭാഗത്ത് യോജിക്കുകയും യുഡിഎഫിന്റെ അംഗം കൊണ്ടുവന്ന ബില്ലിനെ അംഗീകരിക്കാനുള്ള വൈമനസ്യം പ്രകടിപ്പിക്കുകയുമാണ് മീനാക്ഷി ലേഖിയുടെ നിലപാടിന് പിന്നിലുള്ളതെന്നും പ്രേമചന്ദ്രൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല യുവതീ പ്രവേശനത്തിനെതിരായ എൻ. കെ പ്രേമചന്ദ്രന്റെ സ്വകാര്യ ബിൽ അവതരിപ്പിക്കാൻ ഇന്നലെ ഉച്ച തിരിഞ്ഞ് 3.40നാണ് ലോക്സഭ ശബ്ദവോട്ടോടെ അനുമതി നൽകിയത്.ശൂന്യവേളയിൽ പ്രേമചന്ദ്രന്റെ ബില്ലിനെ എതിർത്ത ബിജെപി എംപിയും സ്പീക്കർ പാനൽ അംഗവുമായ മീനാക്ഷി ലേഖിയായിരുന്നു അപ്പോൾ ചെയറിൽ. ബിൽ അവതരിപ്പിച്ചുകൊണ്ട് വിഷയം സംസാരിക്കാൻ പ്രേമചന്ദ്രൻ അനുവാദം തേടിയെങ്കിലും ചെയർ അനുവദിച്ചില്ല. സ്വകാര്യ ബില്ലുകൾ പൂർണമല്ലെന്നും മാധ്യമവാർത്തകളിൽ ഇടംനേടാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അവർ ശൂന്യവേളയിൽ പറഞ്ഞിരുന്നു. സമഗ്രമായ ബില്ലാണ് വേണ്ടത്. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതേസമയം ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമനിർമ്മാണം വേണമെന്നും അയ്യപ്പ ഭക്തരെ പ്രത്യേക വിഭാഗമായി പരിഗണിച്ച് നിയമനിർമ്മാണം നടത്താനാകുമെന്നും ചൂണ്ടിക്കാട്ടിയ മീനാക്ഷി ലേഖി 'ജയ് അയ്യപ്പ' എന്നു വിളിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.

സുപ്രീംകോടതി വിധി മൂലം ആചാര-അനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ കഴിയാത്തതിനാൽ വിശ്വാസികൾ ആശങ്കാകുലരാണെന്ന് ആന്റോ ആന്റണി പറഞ്ഞു. കഴിഞ്ഞ മണ്ഡല കാലത്ത് വിശ്വാസികളുടെ എണ്ണം കുറഞ്ഞു. പാർലമെന്റിന്റെ അധികാരം ഉപയോഗിച്ച് സുപ്രീം കോടതി വിധി മറി കടക്കാൻ പുതിയ നിയമം പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP