Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഘവന്റെ വലംകൈയായി ഡിവൈഎഫ് ഐയിൽ താരമായി; ബദൽ രേഖയിൽ ഗുരുവിനെ തള്ളിപ്പറഞ്ഞ് മലക്കം മറിച്ചിൽ; മഹിളാ അസോസിയേഷൻ നേതാവിനെ പങ്കാളിയാക്കിയത് പാർട്ടി പ്രവർത്തനത്തിനിടെ; ഭർത്താവ് എംഎൽഎയായതോടെ സഖാക്കൾക്കിടയിലെ ദമ്പതികൾ അധികാര കേന്ദ്രമായി; ശ്യാമളയുടെ കോപം വെട്ടി നിരത്തിയത് നിരവധി സഖാക്കളെ; ജയരാജന്റെ പ്രകീർത്തന ആൽബത്തിൽ വിവാദം ഉണ്ടാക്കിയതും ഗോവിന്ദൻ; സാജൻ പാറയിലിന്റെ ആത്മഹത്യയിൽ ഗോവിന്ദനും ഭാര്യയും ഒറ്റപ്പെടുമ്പോൾ

രാഘവന്റെ വലംകൈയായി ഡിവൈഎഫ് ഐയിൽ താരമായി; ബദൽ രേഖയിൽ ഗുരുവിനെ തള്ളിപ്പറഞ്ഞ് മലക്കം മറിച്ചിൽ; മഹിളാ അസോസിയേഷൻ നേതാവിനെ പങ്കാളിയാക്കിയത് പാർട്ടി പ്രവർത്തനത്തിനിടെ; ഭർത്താവ് എംഎൽഎയായതോടെ സഖാക്കൾക്കിടയിലെ ദമ്പതികൾ അധികാര കേന്ദ്രമായി; ശ്യാമളയുടെ കോപം വെട്ടി നിരത്തിയത് നിരവധി സഖാക്കളെ; ജയരാജന്റെ പ്രകീർത്തന ആൽബത്തിൽ വിവാദം ഉണ്ടാക്കിയതും ഗോവിന്ദൻ; സാജൻ പാറയിലിന്റെ ആത്മഹത്യയിൽ ഗോവിന്ദനും ഭാര്യയും ഒറ്റപ്പെടുമ്പോൾ

രഞ്ജിത്ത് ബാബു

കണ്ണൂർ: സിപിഎം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. വി. ഗോവിന്ദൻ മാസ്റ്റരുടെ ഭാര്യ എന്ന നിലയിൽ പി.കെ. ശ്യാമള നഗര ഭരണത്തിന്റെ അപ്രമാധിത്യം ആരംഭിച്ചിട്ട് കാലമേറെയായി. പാർട്ടി യുവജനനേതാവായിരിക്കേയാണ് ഗോവിന്ദൻ മാസ്റ്റർ മഹിളാ അസോസിയേഷൻ നേതാവായ ശ്യാമളയെ വിവാഹം കഴിച്ചത്. എം. വി.രാഘവന്റെ അടുത്ത അനുയായിയായിരുന്ന ഗോവിന്ദൻ മാസ്റ്റർ അദ്ദേഹത്തിന്റെ തണലിലായിരുന്നു വളർന്നത്. 1985 ൽ അന്നത്തെ സിപിഎം. നേതാവായിരുന്ന എം. വി. രാഘവൻ കൊച്ചിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ ബദൽ രേഖ അവതരിപ്പിച്ച സംഭവത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ടിരുന്നു. അക്കാലത്തെ ഡി.വൈ. എഫ്.ഐ.യുടെ സംസ്ഥാന നേതാവായിരുന്നു ഗോവിന്ദൻ.

ബദൽ രേഖയുടെ പേരിൽ രാഘവനും ഒപ്പമുള്ളവരും പാർട്ടിയിൽ നിന്ന് പുറത്താകും മുമ്പ് തന്നെ ഗോവിന്ദൻ തിരിച്ച് സിപിഎം. ലേക്ക് ചേക്കേറുകയായിരുന്നു. 1996 ൽ തളിപ്പറമ്പിലെ പാർട്ടി കോട്ടയിൽ നിന്നും ഗോവിന്ദൻ മാസ്റ്റർ മത്സരിച്ച് എംഎൽഎ ആയി. 2001 ലും തളിപ്പറമ്പിൽ നിന്നു തന്നെ മത്സരിച്ചു ജയിച്ചു. ഇക്കാലത്ത് ഭാര്യ പി.കെ ശ്യാമളയായിരുന്നു തളിപ്പറമ്പ് നഗരസഭയുടെ ചെയർപേഴ്സൻ. അന്നത്തെ വൈസ് ചെയർമാന് പോലും നഗരസഭയുടെ പ്രവർത്തനത്തിന് കാര്യമായി ഇടപെടാനായില്ല. എല്ലാം ചെയർപേഴ്സനും അവരുടെ ഉപചാപക വൃന്ദത്തിന്റെ കീഴിലുമായി. അതിനെതിരെ പാർട്ടിക്കകത്തു നിന്നു തന്നെ എതിർ ശബ്ദം പുറത്ത് വന്നെങ്കിലും പാർട്ടിയുടെ ചുക്കാൻ എം. വി. ഗോവിന്ദന്റെ കയ്യിലായിരുന്നതിനാൽ കൂടുതൽ ആർക്കും പ്രതികരിക്കാനായില്ല. ഫലത്തിൽ തളിപ്പറമ്പ് നഗരസഭയുടെ ഭരണം ഏകാധിപത്യ രീതിയിൽ തന്നെയായി.

സിപിഎമ്മിന്റെ കോട്ടയാണ് ആന്തൂർ. തളിപ്പറമ്പ് നഗരസഭ പിന്നീട് കോൺഗ്രസും പിടിച്ചു. ഇത് സിപിഎം ഗൗരവത്തോടെ എടുത്തു. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ആന്തൂറിനെ തളിപ്പറമ്പ് നഗരസഭയ്‌ക്കൊപ്പം ചേർത്തു. ഇതോടെ സിപിഎം ഭരണം തളിപ്പറമ്പിലെത്തി. കണ്ണൂരിലെ നഗരസഭയിലെ ഭരണം നഷ്ടമായത് കോൺഗ്രസിന് അംഗീകരിക്കാനായില്ല. ഇതോടെ ഉമ്മൻ ചാണ്ടി അധികാരത്തിൽ എത്തിയപ്പോൾ തളിപ്പറമ്പിൽ നിന്ന് ആന്തൂറിനെ മാറ്റി. എന്നാൽ നഗരസഭാ പരിധിയിൽ വരുന്ന സ്ഥലങ്ങളെ പഞ്ചായത്തായി തരംതാഴ്‌ത്തിയാൽ അതിൽ ഹൈക്കോടതി ഇടപെടൽ ഉറപ്പായിരുന്നു. പല മാറ്റങ്ങളും ഹൈക്കോടതി തള്ളുകയും ചെയ്തു. തിരുവനന്തപുരം കോർപ്പറേഷനിലും കോഴിക്കോട് കോർപ്പറേഷനിലും ഇത് മൂലം ആഗ്രഹിച്ച മാറ്റങ്ങൾ നടത്താൻ ഉമ്മൻ ചാണ്ടിക്കായില്ല. അതുകൊണ്ട് തന്നെ ആന്തൂറിനെ നഗരസഭയാക്കി പുതിയ മുൻസിപ്പാലിറ്റി രൂപീകരിച്ചു. ഇതോടെ ശ്യാമള നഗരസഭാ അധ്യക്ഷയായി.

ചെയർപേഴ്സനായ ശ്യാമളയുടെ നീരസത്തിന് പാത്രമായ നഗരസഭാംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും എതിരെ ഉപചാപക വൃന്ദങ്ങളെ ഉപയോഗിച്ച് നേരിട്ടതായും ആരോപണമുണ്ട്. എതിർ ശബ്ദം ഉയർത്തുന്നവരെ പാർട്ടി വിരുദ്ധരുടെ പട്ടികയിലാക്കാനും അവർക്ക് കഴിഞ്ഞിരുന്നു. എല്ലാറ്റിനും കണ്ണടച്ചുള്ള പിൻതുണ ഭർത്താവിൽ നിന്നും ലഭിച്ചു പോന്നിരുന്നു. അക്കാലത്ത് നഗരസഭയിലെ കെട്ടിട നിർമ്മാണം, മറ്റ് സംരംഭങ്ങൾ എന്നിവ ആരംഭിക്കാൻ ശ്യാമള കനിഞ്ഞ് അനുഗ്രഹിക്കണം. ഇവരുടെ അപ്രീതിക്ക് പാത്രമായവർക്ക് നിരവധി തവണ നഗരസഭയിൽ കയറി ഇറങ്ങേണ്ടി വന്ന അനുഭവമാണ് ഉള്ളത്. അപ്പോഴും പാർട്ടി നേതൃത്വം ഇടവിട്ട് മാത്രമേ കാര്യങ്ങൾ നടക്കാറുള്ളൂ. എതിർപാർട്ടിക്കാർക്ക് ലഭിക്കുന്ന ആനുകൂല്യം പോലും ഇവരുടെ നീരസം ഏറ്റുവാങ്ങുന്ന സിപിഎം. കാർക്ക് ലഭിച്ചിരുന്നില്ല എന്ന ആക്ഷേപവും നിലവിലുണ്ട്.

ഒരു ടേംമിന്റെ ഇടവേളക്കു ശേഷം ആന്തൂർ പഞ്ചായത്തിനെ നഗരസഭയാക്കി പ്രഖ്യാപിച്ചതോടെ അതിന്റെ ചെയർമാൻ പദവി ശ്യാമളയുടെ കയ്യിൽ തന്നെ എത്തിച്ചേർന്നു. ഇവിടേയും അവർ പഴയ സ്വഭാവം തന്നെയാണ് അനുവർത്തിച്ചത്. വൈസ് ചെയർമാൻ പദവിയിലുള്ള ആളേയും അവർ അംഗീകരിക്കാൻ തയ്യാറായില്ല. തളിപ്പറമ്പ് നഗരസഭയിൽ ഉൾപ്പെട്ടിരുന്ന പഴയ ആന്തൂരിലെ സംരംഭകയായ സോഹിത വിജു എന്ന സ്ത്രീ പറയുന്നത് ചെയർ പേഴ്സനും അഞ്ചംഗങ്ങളുമാണ് കാര്യങ്ങളെല്ലാം തീരുമാനിക്കുന്നതെന്നാണ്. അതുകൊണ്ടു തന്നെ നഗരസഭ എതിരായതിനാൽ ലക്ഷങ്ങൾ ചിലവഴിച്ച് തളിപ്പറമ്പ് കിൻഫ്ര പാർക്കിലേക്ക് അവരുടെ സംരംഭം മാറ്റി സ്ഥാപിക്കേണ്ടി വന്നു.
സിപിഎം. ലെ സമുന്നത നേതാവായ എം. വി. ഗോവിന്ദൻ മാസ്റ്ററാണ് മുൻ ജില്ലാ സെക്രട്ടറി പി.ജയരാജന് പണി കൊടുത്തതെന്ന് പാർട്ടി അനുഭാവികൾ തന്നെ പരസ്യമായി പറയുന്നു.

പി.ജയരാജനെ പ്രകീർത്തിച്ചു കൊണ്ടുള്ള ആൽബം കണ്ണൂരിലിറങ്ങിയപ്പോൾ അത് ജയരാജന്റെ അറിവോടെ ഇറക്കിയതാണെന്ന ആരോപണം സംസ്ഥാന കമ്മിറ്റിയിലെത്തിച്ചത് ഗോവിന്ദൻ മാസ്റ്ററാണെന്നും പറയുന്നു. ഇതേ തുടർന്നാണ് പി.ജയരാജനെ സംസ്ഥാന സമിതി വിമർശിച്ചത്. എന്നാൽ കണ്ണൂർ ജില്ലയിൽ എം വി ഗോവിന്ദൻ മാസ്റ്റർക്ക് പാർട്ടി അണികളിൽ കാര്യമായ സ്വാധീനമൊന്നുമില്ല. ലെനിനിന്റേയും ഏംഗൽസിന്റേയും ചെഗുവേരയുടേയും മാനവ സ്നേഹം വാതോരാതെ പ്രസംഗിക്കുന്ന നേതാവിന്റെ ഭാര്യയാണ് പ്രവാസി യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അണികൾ തന്നെ ആരോപിക്കുന്നു.

ശ്യാമളയ്‌ക്കെതിരെ നടപടി വരും

പ്രവാസി വ്യവസായി സാജന്റെ മരണത്തിൽ ആന്തൂർ നഗരസഭാ അധ്യക്ഷക്കെതിരേ നടപടി വേണമെന്ന് തളിപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ ശുപാർശ. എം വിജയരാജന്റെ നേതൃത്വത്തിൽ ചേർന്ന അടിയന്തരയോഗമാണ് നടപടിക്ക് ശുപാർശ ചെയ്തത്. സാജന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ശ്യാമളക്ക് ഒഴിഞ്ഞുമാറാനാകില്ല. പലതരത്തിലുള്ള വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. നഗരസഭാ അധ്യക്ഷ എന്ന നിലയിൽ സമ്പൂർണ പരാജയമാണ് പി.കെ.ശ്യാമള എന്നാണ് ഏരിയ കമ്മിറ്റിയോഗത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പി.കെ.ശ്യാമളക്കെതിരേ നടപടി വേണമെന്ന ആവശ്യം ഉയരുന്നത്. അതേ സമയം ഇത് സംബന്ധിച്ച ചർച്ചകൾക്കായി അടിയന്തരമായി ജില്ലാ കമ്മിറ്റിയും യോഗം ചേരും.

പാർട്ടി അനുഭാവിയായ സാജൻ അധ്യക്ഷയുടെ നടപടിയെക്കുറിച്ച് മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി പോലും ഇക്കാര്യം ചർച്ചചെയ്തത് പി.കെ.ശ്യാമളയെ പ്രകോപിപ്പിച്ചിരുന്നതായും യോഗം വിലയിരുത്തി. ഏകപക്ഷീയമായ പ്രവർത്തന ശൈലിയാണ് അധ്യക്ഷ തുടരുന്നത്. ഫണ്ട് വിനിയോഗത്തിലടക്കം ഇത് പ്രകടമാണ്. നഗരസഭാ അംഗങ്ങളുടെ വിമർശനങ്ങളോ നിർദ്ദേശങ്ങളോ സ്വീകരിക്കാൻ തയാറാകാത്ത വ്യക്തിയാണ് അധ്യക്ഷ എന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഉരുന്നത്.

അതേ സമയം ശനിയാഴ്ച നടക്കുന്ന സംസ്ഥാന കമ്മിറ്റിയിലും ഇത് സംബന്ധിച്ച ചർച്ച നടക്കുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP