Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്താരാഷ്ട്ര അന്വേഷണവും ഖഷോഗി അമേരിക്കയിലെ സ്ഥിരതാമസക്കാരനായതിനാൽ എഫ്ബിഐ അന്വേഷണവും വേണം; ഇത് 'അന്താരാഷ്ട്ര കുറ്റകൃത്യം'; ആഗ്‌നസ് കലമാഡിന്റെ റിപ്പോർട്ടിലുള്ളതും അമേരിക്കൻ ചാര സംഘടനയുടെ കണ്ടത്തലുകൾക്ക് സമാനമായ വിശദീകരണങ്ങൾ; മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധത്തിനു പിന്നിൽ സൗദി കിരീടാവകാശിയെന്ന് യുഎൻ റിപ്പോർട്ട്; സൽമാൻ രാജകുമാരൻ നേരിടുന്നത് വൻ പ്രതിസന്ധി; മൗനം തുടർന്ന് സൗദി; ഈസ്താംബൂളിലെ കൊല വീണ്ടും ചർച്ചയാകുമ്പോൾ

അന്താരാഷ്ട്ര അന്വേഷണവും ഖഷോഗി അമേരിക്കയിലെ സ്ഥിരതാമസക്കാരനായതിനാൽ എഫ്ബിഐ അന്വേഷണവും വേണം; ഇത് 'അന്താരാഷ്ട്ര കുറ്റകൃത്യം'; ആഗ്‌നസ് കലമാഡിന്റെ റിപ്പോർട്ടിലുള്ളതും അമേരിക്കൻ ചാര സംഘടനയുടെ കണ്ടത്തലുകൾക്ക് സമാനമായ വിശദീകരണങ്ങൾ; മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധത്തിനു പിന്നിൽ സൗദി കിരീടാവകാശിയെന്ന് യുഎൻ റിപ്പോർട്ട്; സൽമാൻ രാജകുമാരൻ നേരിടുന്നത് വൻ പ്രതിസന്ധി; മൗനം തുടർന്ന് സൗദി; ഈസ്താംബൂളിലെ കൊല വീണ്ടും ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ജനീവ: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധത്തിനു പിന്നിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ കൈകളുണ്ടെന്നതിനു വിശ്വസനീയമായ തെളിവുണ്ടെന്നു ഐക്യരാഷ്ട്ര സംഘടന (യുഎൻ) പ്രത്യേക അന്വേഷക ആഗ്‌നസ് കലമാഡിന്റെ പുതിയ റിപ്പോർട്ട്. കൂടുതൽ അന്വേഷണം വേണമെന്നതു ശരിവയ്ക്കുംവിധം മുഹമ്മദ് ബിൻ സൽമാന്റെ പങ്കു വ്യക്തമാണെന്നു കലമാഡ് ചൂണ്ടിക്കാട്ടുന്നു. മുഹമ്മദ് ബിൻ സൽമാന്റെ സ്വാധീനശക്തിയെക്കുറിച്ച് നന്നായി അറിയാമായിരുന്നു. അദ്ദേഹത്തെ അതിരൂക്ഷമായി വിമർശിച്ചിട്ടുള്ള ഖഷോഗി ഭയപ്പെട്ടിരുന്നെന്നുമുള്ളതിനു തെളിവുകൾ ലഭിച്ചതായും റിപ്പോർട്ടിലുണ്ട്.

കൊലപാതകത്തെക്കുറിച്ച് സ്വതന്ത്രവും നീതിയുക്തവുമായ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും കഴിഞ്ഞദിവസം പുറത്തുവന്ന 100 പേജുള്ള റിപ്പോർട്ടിലുണ്ട്. 'അന്താരാഷ്ട്ര കുറ്റകൃത്യം' എന്നാണ് സംഭവത്തെ വിശേഷിപ്പിക്കുന്നത്. വാഷിങ്ടൺ പോസ്റ്റ് പത്രത്തിലെ പംക്തീകാരനും സൗദി ഭരണകൂടത്തിന്റെ വിമർശകനുമായിരുന്നു ജമാൽ ഖഷോഗി. അതുകൊണ്ടു തന്നെ കൊലപാതകത്തിൽ സൗദി കീരീടാവകാശിക്ക് പങ്കുണ്ടെന്ന് അന്നുതന്നെ ആരോപണമുയർന്നിരുന്നു. എന്നാൽ, സൗദി അധികൃതർ അത് നിഷേധിച്ചു. കേസിൽ 11 ആളുടെ പേരിൽ കൊലക്കുറ്റം ചുമത്തി സൗദി രഹസ്യ വിചാരണയും തുടങ്ങി. ഇതിൽ അഞ്ചാളുെട പേരിൽ കൊലക്കുറ്റം ചുമത്താനാണ് നീക്കം. എന്നാൽ, ഈ വിചാരണ അന്താരാഷ്ട്ര നിലവാരത്തിലായിരുന്നില്ലെന്നും നിർത്തിവെക്കണമെന്നും കല്ലമാർഡ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. ഇതും സൗദിക്ക് തിരിച്ചടിയാണ്.

സൽമാനെതിരെ വിശ്വസനീയമായ തെളിവുകളുണ്ടെന്നും അദ്ദേഹം അന്വേഷണം നേരിടണമെന്നും അന്വേഷണ റിപ്പോർട്ട് പറയുന്നു. അന്താരാഷ്ട്ര അന്വേഷണവും ഖഷോഗി അമേരിക്കയിലെ സ്ഥിരതാമസക്കാരനായതിനാൽ എഫ്ബിഐ അന്വേഷണവും വേണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനോട് കല്ലാമാർഡ് ആവശ്യപ്പെട്ടു. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന കാര്യത്തിൽ സംശയമില്ലെന്ന് ആഗ്‌നസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഖഷോഗി കൗൺസുലേറ്റിലെത്തുന്നതിന് തൊട്ടുമുമ്പ് സൽമാൻ രാജകുമാരന്റെ അടുത്ത അനുയായി മെഹർ അബ്ദുൾ അസീസും സൗദിയിലെ ഫോറൻസിക് ഡോക്ടർ അബ്ദാഹ് തുബൈഗിയും തമ്മിലുള്ള ഫോൺസംഭാഷണത്തെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. മൃതദേഹം ബാഗിനുള്ളിൽ സൂക്ഷിക്കാനാകുമോ എന്ന് തുബൈഗിയോട് അസീസ് ചോദിക്കുന്നുണ്ട്. അതിന് കഴിയില്ല. ഭാരമേറിയതാകുമെന്നും എന്നാൽ ഖഷോഗിയെ വധിക്കാൻ എളുപ്പമാകുമെന്നുമാണ് തുബൈഗിയുടെ മറുപടി. തുടർന്ന് അസ്ഥിസന്ധികൾ എല്ലാം വേർപ്പെടുത്തണമെന്നും ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ബാഗുകളിലേക്ക് മാറ്റണമെന്നും തുബൈഗി പറയുന്നുണ്ട്- ആഗ്‌നസ് റിപ്പോർട്ടിൽ വെളിപ്പെടുത്തി.

സൗദി കോൺസുലേറ്റിൽ നടന്ന കൊലപാതകത്തിന്റെ വിഡിയോ കണ്ടതായി റിപ്പോർട്ടിൽ പറയുന്നു. ഇസ്തംബുളിലെ സൗദി കോൺസുലേറ്റിൽ വച്ചാമ് കഴിഞ്ഞ വർഷം ഒക്ടോബറിൽ ഖഷോഗി കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് മുൻകയ്യെടുത്തുള്ള രാജ്യാന്തര അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. ഖഷോഗി വധക്കേസിൽ മനുഷ്യാവകാശങ്ങളിലൂന്നിയുള്ള സ്വതന്ത്ര അന്വേഷണം നടത്താനാണ് ആഗ്‌നസ് കലമാഡിനെയും സംഘത്തെയും നിയോഗിച്ചത്. യുഎന്നിനെ ഔദ്യോഗികമായി പ്രതിനിധാനം ചെയ്യാതെ, സ്വതന്ത്രനിലപാടാണു അന്വേഷണ സംഘത്തിനുള്ളത്.

ഖഷോഗി കേസ് അന്വേഷിച്ച സൗദി സംഘം മുഹമ്മദ് ബിൻ സൽമാന്റെ പങ്കു നിഷേധിച്ചിരുന്നു. കൊല നടത്തിയതിനു കസ്റ്റഡിയിലുള്ള 12 പേരടങ്ങിയ സംഘത്തിൽ 5 പേർക്കു വധശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ സൗദി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സൗദിയിലെ വിചാരണ സുതാര്യമല്ലെന്നും ഖഷോഗിയെ കൊലപ്പെടുത്താൻ നിയോഗിച്ച 15 അംഗ സംഘത്തിൽ 11 പേരുടെ വിവരം കുറ്റപത്രത്തിൽ ഇല്ലെന്നും ആഗ്‌നസ് പറയുന്നു. ഇതിനൊപ്പമാണ് കിരീടാവകാശിക്കെതിരായ കണ്ടെത്തലുകളും പരാമർശങ്ങളും. ഇത് സൗദിയെ തീർത്തും വെട്ടിലാക്കും. മുഹമ്മദ് ബിൻ സൽമാന്റെ കടുത്ത വിമർശകനായ ഖഷോഗി സൗദി അറേബ്യൻ അധികൃതരുടെ കണ്ണിലെ കരടായിരുന്നു. എങ്ങനെയും നാട്ടിലെത്തിച്ച് വിചാരണ ചെയ്യാൻ ശ്രമിച്ചുവരുകയായിരുന്നു അധികാരികൾ. അതിനായി രഹസ്യാന്വേഷണവിഭാഗം ഉപമേധാവി ഒരു ദൗത്യസംഘത്തെ നിയോഗിക്കുകയും ചെയ്തു.

ഈ സംഘം ഈസ്താംബൂൾ സ്ഥാനപതി കാര്യാലയത്തിലെത്തിയ സമയത്താണ് ഖഷോഗിയും എത്തുന്നത്. വിവാഹത്തിനുള്ള രേഖകൾ ശരിയാക്കാനാണ് ഖഷോഗി എത്തിയത്. തുടർന്ന് അദ്ദേഹത്തെ കാണാതായി. ആഴ്ചകൾക്കുശേഷമാണ് സ്ഥാനപതികാര്യാലയത്തിൽവെച്ച് അദ്ദേഹം കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുന്നത്. സൗദി സംഘത്തിന്റെ അറിവോടെ ഒക്ടോബർ രണ്ടിനായിരുന്നു കൊലപാതകമെന്നും റിപ്പോർട്ട് പറയുന്നു. തെളിവുകൾ നീക്കുംവരെ തുർക്കി അന്വേഷണസംഘത്തെ സൗദി അകറ്റിനിർത്തി. ഖഷോഗിയെ സൗദി ദൗത്യസംഘം വധിച്ചതായി തുർക്കിയാണ് ആദ്യം റിപ്പോർട്ട് പുറത്തുവിടുന്നത്. പിന്നീട് ദൗത്യസംഘത്തിനുപങ്കുണ്ടെന്ന് സമ്മതിച്ചപ്പോഴും കിരീടവകാശിക്ക് ബന്ധമില്ലെന്നായിരുന്നു സൗദി പറഞ്ഞിരുന്നത്.

ഖഷോഗിവധത്തിൽ സൗദി രാജകുമാരന്റെ പങ്കുണ്ടെന്ന് അമേരിക്കൻ ചാരസംഘടനയായ സിഐഎ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, സിഐഎയെ തള്ളി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൽമാനെ പിന്തുണച്ചു. ഖഷോഗി കൊല്ലപ്പെട്ട് ഒരാഴ്ചയക്കുശേഷം 11,000 കോടി ഡോളറിന്റെ ആയുധക്കരാറിൽ അമേരിക്കയുമായി സൗദി ഒപ്പുവച്ചിരുന്നു. ഖഷോഗിവധത്തിൽ അമേരിക്കയുടെ നിലപാട് സൗദിക്ക് അനുകൂലമാക്കാനായിരുന്നു ഇതെന്നാണ് നിരീക്ഷകർ വിലയിരുത്തിയത്. ആഗ്‌നസിന്റെ റിപ്പോർട്ട് യുഎൻ മനുഷ്യാവകാശ കൗൺസിലിന് ഔദ്യോഗികമായി സമർപ്പിക്കും. 47 അംഗ കൗൺസിലിൽ സൗദിയും ഉൾപ്പെടുന്നു. റിപ്പോർട്ടിനെക്കുറിച്ച് സൗദി പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP