Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'എ.കെ.ജി തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു; ചങ്ങമ്പുഴയും നടത്തിയിരുന്നു വിവാഹ അഭ്യർത്ഥന; ശബരിമലയിൽ മാത്രമല്ല, കേരളത്തിൽ പൊതുസ്ഥാപനങ്ങളിലെല്ലാം സ്ത്രീകളെ കയറ്റണം; പണ്ട് ഞങ്ങൾ ദൈവമില്ലെന്നൊക്കെ പറഞ്ഞു; ഇപ്പോൾ രാത്രി ഞാൻ ആരും കാണാതെ കിടന്ന് ദൈവത്തെ പ്രാർത്ഥിക്കും; പോരാട്ട വഴികളിലെ പകരം വെക്കാനില്ലാത്ത വിപ്ലവ താരകത്തിന്റെ കൗമരത്തിലേക്കും യൗവ്വനത്തിലേക്കുമുള്ള മടക്കയാത്ര; മനസു തുറന്ന് ഗൗരിയമ്മ  

'എ.കെ.ജി തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു; ചങ്ങമ്പുഴയും നടത്തിയിരുന്നു വിവാഹ അഭ്യർത്ഥന; ശബരിമലയിൽ മാത്രമല്ല, കേരളത്തിൽ പൊതുസ്ഥാപനങ്ങളിലെല്ലാം സ്ത്രീകളെ കയറ്റണം; പണ്ട് ഞങ്ങൾ ദൈവമില്ലെന്നൊക്കെ പറഞ്ഞു; ഇപ്പോൾ രാത്രി ഞാൻ ആരും കാണാതെ കിടന്ന് ദൈവത്തെ പ്രാർത്ഥിക്കും; പോരാട്ട വഴികളിലെ പകരം വെക്കാനില്ലാത്ത വിപ്ലവ താരകത്തിന്റെ കൗമരത്തിലേക്കും യൗവ്വനത്തിലേക്കുമുള്ള മടക്കയാത്ര; മനസു തുറന്ന് ഗൗരിയമ്മ   

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: കേരള രാഷ്ട്രീയത്തിലെ പോരാട്ട വഴികളിലെ പകരം വെക്കാനില്ലാത്ത വിപ്ലവ താരകം കളത്തിൽപറമ്പിൽ രാമൻ ഗൗരി എന്ന കെആർ ഗൗരിയമ്മയമ്മ 101ലേക്ക് കടക്കുന്നത് 21ന്. 1919 ജൂലൈ 14 നാണ് ആലപ്പുഴയിലെ പട്ടണക്കാട്ട്, കളത്തിൽ പറമ്പിൽ രാമന്റെയും പാർവതിയുടെയും മകളായി ഗൗരിയമ്മയുടെ ജനനം. മിഥുനത്തിലെ തിരുവോണമാണ് ഗൗരിയുടെ ജന്മനക്ഷത്രം.അടുത്തകാലത്തെ സംഭവങ്ങളിൽ ഓർമപ്പിശകുണ്ടെങ്കിലും കൗമാരവും യൗവനവും ആ മനസ്സിൽ ഇന്നും തളിർത്തുനിൽക്കുന്നു.

അത്തരത്തിലാണ് തനിക്ക് വന്ന വിവാഹ അഭ്യർത്ഥനകളും പ്രണയ അഭ്യർത്ഥനകളും ഗൗരിയമ്മ ഒന്നുകൂടി അയവറക്കുന്നത്. കൂടാതെ കഴിഞ്ഞു പോയ കാലത്തിലേക്ക് ഒരു മടക്കയാത്രകൂടിയാണ് മലയാള മനോരമക്ക് നൽകിയ അഭിമുഖം. എ.കെ.ജി തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. മരിക്കുന്നത് വരെ എ.കെ.ജിക്ക് തന്നെ ഇഷ്ടമായിരുന്നു എന്നും ഗൗരിയമ്മ പറഞ്ഞു.

'വിവാഹബന്ധം പോലും പ്രസ്ഥാനത്തിന് വേണ്ടിയെന്ന നിലപാടായിരുന്നു എ.കെ.ജിയുടേത്. അങ്ങനെയാണ് അദ്ദേഹം എന്നോട് വിവാഹാലോചന നടത്തിയത്''ഒരിക്കൽ ഇവിടെ അസുഖമായി കിടക്കുമ്പോൾ എ.കെ.ജി സുശീലയോട് എന്നെ വന്നുകാണാൻ പറഞ്ഞു. പാർലമെന്റ് സമ്മേളനം കഴിഞ്ഞപ്പോൾ സുശീലയും എ.കെ.ജിയും കൂടി എന്നെ കാണാൻ വന്നപ്പോഴാണ് സുശീല മുൻപ് വന്നില്ലെന്ന് എ.കെ.ജി അറിഞ്ഞത്. അദ്ദേഹം സുശീലയെ വഴക്ക് പറഞ്ഞു'.

ഏറെക്കുറെ അതേസമയം തന്നെയാണ്'ഒരു ദിവസം ചങ്ങമ്പുഴ അടുത്തുവന്ന് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് എന്നു പറഞ്ഞു. പറ്റില്ലെന്നായിരുന്നു എന്റെ മറുപടി. എനിക്ക് അന്നൊരാളോട് ഇഷ്ടമുണ്ടായിരുന്നു.ചങ്ങമ്പുഴയുടെ അഭ്യർത്ഥന നിരസിക്കാൻ കാരണം പാലക്കാട്ടുകാരനായ രാജനെന്ന ആളാണ്. പിന്നാലെ നടന്ന രാജനെ ആദ്യം പേടിയായിരുന്നു. കൊളേജിൽ നിന്ന് മാറിയ ശേഷം രാജനുമായി അകന്നു. പിന്നീട് പാർട്ടി രൂപീകരിക്കുന്ന കാലത്താണ് ഞാൻ രാജനെ തിരക്കിയത്. അപ്പോൾ അദ്ദേഹം മരിച്ചുവെന്ന് അറിഞ്ഞു'- ഗൗരിയമ്മ പറഞ്ഞു.ശബരിമലയിൽ മാത്രമല്ല, കേരളത്തിൽ പൊതുസ്ഥാപനങ്ങളിലെല്ലാം സ്ത്രീകളെ കയറ്റണമെന്നും ഗൗരിയമ്മ പറഞ്ഞു.'ആർക്കെങ്കിലും തന്റെ വീട്ടിൽ സത്രീകളെ കയറ്റുന്നത് ഇഷ്ടമല്ലെങ്കിൽ അവിടെ വേണ്ട. പൊതുസ്ഥാപനങ്ങളിൽ സ്ത്രീകൾക്കും പുരുഷനും തുല്യ അവകാശമാണെ'ന്നും ഗൗരിയമ്മ പറഞ്ഞു.

അവസാന കാലത്ത് ടിവിയെ പരിചരിക്കാൻ ബോംബൈയിൽ പോയി

ആലപ്പുഴ ചാത്തനാട് കളത്തിപ്പറമ്പിൽ വീടിന്റെ ഹാളിലും ഗൗരിയമ്മയുടെ കിടപ്പുമുറിയിലും നിറയെ ചിത്രങ്ങളാണ്. വിവാഹനാളിൽ ടി.വി.തോമസിനൊപ്പം എടുത്ത ചിത്രങ്ങളാണധികം. ഈ ചിത്രങ്ങൾ എപ്പോഴും എടുത്തു നോക്കാറുണ്ടോയെന്നു ചോദിച്ചാൽ, 'എല്ലാം മനസ്സിലുണ്ട്' എന്നാണു മറുപടി. ഹാളിൽ, കിടപ്പുമുറിയിലേക്കുള്ള വാതിലിനോടു ചേർന്നുള്ള കസേരയിലിരുന്നാൽ ഗൗരിയമ്മയ്ക്ക് എല്ലാം കാണാം.

ഗേറ്റിലൂടെ കടന്നു പോകുന്നവരെയും അടുക്കളയിൽ നിൽക്കുന്നവരെയും മാത്രമല്ല, അലമാരകളിൽ നിറഞ്ഞിരിക്കുന്ന ടി.വി.തോമസിന്റെ ചിത്രങ്ങളും സീരിയൽ കാണുന്ന ടിവിയുമെല്ലാം. ആരു ഗേറ്റിൽ വന്നു നിന്നാലും പൊലീസുകാരനെ വിട്ട് അന്വേഷിപ്പിക്കും. '57ലെ മന്ത്രിസഭ കഴിഞ്ഞ് ടിവി തിരഞ്ഞെടുപ്പിൽ തോറ്റു. വരുമാനമില്ലാതായി. എന്റെ വരുമാനം കൊണ്ടു ജീവിക്കണം. ടിവിയുടെ ചെലവിന് അദ്ദേഹത്തിന്റെ പഴ്‌സിൽ ഞാൻ 2 രൂപ വയ്ക്കും. 14 അണ സിഗരറ്റിന്, 2 അണ ബീഡിക്ക്. ഒരു രൂപ കള്ളുകുടിക്കാൻ. ടിവി പുറത്തുപോയി മദ്യപിക്കുന്നത് ഒഴിവാക്കാൻ ലഹരി കുറഞ്ഞ കള്ളു കൊണ്ടുവരാൻ 14 അണ കൊടുത്ത് ഞാനൊരാളെ ഏർപ്പാടാക്കി.

'ഞങ്ങൾ ഇവിടെ വന്നു താമസിക്കുന്ന കാലത്ത് ടിവിക്കു കള്ളുകുടിക്കണം, സിഗരറ്റ് വലിക്കണം, ബീഡി വേണം. ചെലവിനു പണം കണ്ടെത്താൻ ഞാൻ പച്ചക്കറിക്കൃഷി ചെയ്തു. എന്റത്രയും പൊക്കമുള്ള ചീര വിറ്റിട്ടുണ്ട്. പശുവിനെ വളർത്തി പാൽ വിറ്റിട്ടുണ്ട്. 'പാർട്ടി പിളർന്നപ്പോൾ രണ്ടാളും സിപിഎമ്മിൽ നിൽക്കാൻ തീരുമാനിച്ചു. പക്ഷേ, എം. എൻ.ഗോവിന്ദൻ നായർ ടിവിയെ പിടിച്ചുകൊണ്ടുപോയി.. അയാളാണു വില്ലൻ'.

'എന്നെ ഉപേക്ഷിച്ചു പോയെങ്കിലും അവസാനം ബോംബെയിലെ ആശുപത്രിയിൽ ടി.വി.തോമസിനെ പരിചരിക്കാൻ ഞാൻ പോയി. രണ്ടു പാർട്ടിയിലായതിനാൽ ആദ്യം ഇഎംഎസ് പോകാൻ അനുവദിച്ചില്ല. പിന്നെ പാർട്ടി യോഗം കൂടിയാണ് 2 ആഴ്ച അനുവദിച്ചത്. തിരിച്ചുപോരാൻ നേരം ടിവി കരഞ്ഞു.

പിന്നീട് ഞാൻ കണ്ടിട്ടില്ല. കുറച്ചു ദിവസം കഴിഞ്ഞ് തിരുവനന്തപുരത്തു നിന്ന് കലക്ടർ ഓമനക്കുഞ്ഞമ്മ വിളിച്ചു, ടിവി മരിച്ചെന്ന്. ഞാൻ തിരുവനന്തപുരത്തു ചെന്നു. മൃതദേഹം മൂടിയിരുന്ന തുണിയുയർത്തി മുഖം കണ്ടു. ആലപ്പുഴയിലേക്കുള്ള യാത്രയിലും ഞാൻ ഒപ്പമുണ്ടായിരുന്നു. ഇവിടെ, ഈ വീട്ടിൽ കൊണ്ടുവരണമെന്നായിരുന്നു എന്റെ ആഗ്രഹം. കൊണ്ടുവന്നില്ല.'

'കാനനഛായയിൽ ആടു മെയ്‌ക്കാൻ ഞാനും വരട്ടെയോ നിന്റെ കൂടെ...?'

എറണാകുളം മഹാരാജാസ് കോളജിൽ കെ.ആർ.ഗൗരി പഠിച്ചത്. മലയാളം അദ്ധ്യാപകനായിരുന്ന കുറ്റിപ്പുഴ കൃഷ്ണപിള്ള ഒരു ദിവസം ക്ലാസിൽ 'രമണന്റെ' വരികൾ വായിച്ച ശേഷം കവിയെ പരിചയമുണ്ടോയെന്നു ചോദിച്ചപ്പോൾ ക്ലാസിൽ കോറസ് ഉയർന്നു ചങ്ങമ്പുഴ. കവിയെ ഗുരുനാഥൻ എണീപ്പിച്ചു നിർത്തിയപ്പോഴാണ് ഗൗരിയും കൂട്ടുകാരും സഹപാഠിയായ കൃഷ്ണപിള്ളയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള എന്നു തിരിച്ചറിഞ്ഞത്.

ആരും കാണാതെ കിടന്ന് ദൈവത്തെ പ്രാർത്ഥിക്കും

ഞാൻ അതെന്തിനാ ചിന്തിക്കുന്നത്. മക്കളില്ല. എനിക്കു മക്കളുണ്ടായിരുന്നെങ്കിൽ എന്നുപറഞ്ഞ് ഒരു ബുക്കെഴുതാം. പണ്ട് ഞങ്ങൾ ദൈവമില്ലെന്നൊക്കെ പറഞ്ഞു. ഇപ്പോൾ രാത്രി ഞാൻ ആരും കാണാതെ കിടന്ന് ദൈവത്തെ പ്രാർത്ഥിക്കും. ഞാൻ ഒറ്റയാണ്. ആരും എനിക്കില്ല. പക്ഷേ, ഞാൻ എഴുന്നേറ്റു നടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP