Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരനാറി പ്രയോഗവും സംഘി വിളികളും അതിജീവിച്ച വിജയം; മാലേഗാവ് കേസിലെ പ്രതി സത്യവാചകത്തിനിടയിൽ സ്വന്തം വാക്കുകൾ തിരുകിക്കയറ്റിയപ്പോൾ 'കൊടുങ്കാറ്റായത്' ചട്ടങ്ങൾ ഉയർത്തിപ്പിടിച്ച്; പ്രജ്ഞാസിങിനെ പ്രോടൈം സ്പീക്കറെ കൊണ്ട് തിരുത്തിച്ച് കാലെടുത്ത് വയ്ക്കുന്നത് ശബരിമലയിലെ യുവതി പ്രവേശനത്തിലേക്കും; ആചാര സംരക്ഷണത്തിനുള്ള സ്വകാര്യബില്ലിലൂടെ വിശ്വാസികളുടെ കണ്ണിലുണ്ണിയായി കൊല്ലത്തെ എംപി; ബിജെപിയെ പ്രതിരോധത്തിലാക്കി ബില്ലിലെ രാഷ്ട്രീയം പ്രേമചന്ദ്രൻ ചർച്ചയാക്കുമ്പോൾ

പരനാറി പ്രയോഗവും സംഘി വിളികളും അതിജീവിച്ച വിജയം; മാലേഗാവ് കേസിലെ പ്രതി സത്യവാചകത്തിനിടയിൽ സ്വന്തം വാക്കുകൾ തിരുകിക്കയറ്റിയപ്പോൾ 'കൊടുങ്കാറ്റായത്' ചട്ടങ്ങൾ ഉയർത്തിപ്പിടിച്ച്; പ്രജ്ഞാസിങിനെ പ്രോടൈം സ്പീക്കറെ കൊണ്ട് തിരുത്തിച്ച് കാലെടുത്ത് വയ്ക്കുന്നത് ശബരിമലയിലെ യുവതി പ്രവേശനത്തിലേക്കും; ആചാര സംരക്ഷണത്തിനുള്ള സ്വകാര്യബില്ലിലൂടെ വിശ്വാസികളുടെ കണ്ണിലുണ്ണിയായി കൊല്ലത്തെ എംപി; ബിജെപിയെ പ്രതിരോധത്തിലാക്കി ബില്ലിലെ രാഷ്ട്രീയം പ്രേമചന്ദ്രൻ ചർച്ചയാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പരനാറി പ്രയോഗവും സംഘി വിളികളും വീണ്ടും സിപിഎം കൊല്ലത്ത് ചർച്ചയാക്കിയത് എൻകെ പ്രേമചന്ദ്രന്റെ മികവും വ്യക്തിപ്രഭാവവും തകർക്കാനായിരുന്നു. കൊല്ലത്തെ എംപിയെ അത്രയേറെ തോൽപ്പിക്കണമെന്ന ആഗ്രഹം സിപിഎമ്മിനുണ്ടായിരുന്നു. ഇപ്പോഴിതാ ഈ നീക്കങ്ങൾക്ക് ലോക്‌സഭയിൽ തിരിച്ചടി കൊടുക്കുകയാണ് പ്രേമചന്ദ്രൻ. ശബരിമലയിലെ യുവതി പ്രവേശന സ്വകാര്യ ബിൽ അവതരിപ്പിക്കാനുള്ള പ്രേമചന്ദ്രന്റെ നീക്കം വലിയ തിരിച്ചടിയാവുക സിപിഎമ്മിനാകും. ശബരിമലയിൽ വിശ്വാസികൾക്കൊപ്പമായിരുന്നു കേരളത്തിലെ യുഡിഎഫ് എന്ന് തെളിയിക്കാനുള്ള സുവർണ്ണാവസരം. വിശ്വാസികളെ യുഡിഎഫിനൊപ്പം പ്രേമചന്ദ്രൻ അടുപ്പിച്ച് നിർത്തുമ്പോൾ കേരളത്തിലെ ബിജെപിയുടെ മോഹങ്ങളും തകരും. വട്ടിയൂർക്കാവിലേയും മഞ്ചേശ്വരത്തേയും ഉപ തെരഞ്ഞെടുപ്പിലും ഇത് അതി നിർണ്ണായകമാകും.

കഴിഞ്ഞ ലോക്‌സഭയിൽ കേരളത്തിലെ ഏറ്റവും മികച്ച എംപിയാര് എന്ന് കണ്ടെത്താൻ വേണ്ടി മറുനാടൻ മലയാളി നടത്തിയ ഓൺലൈൻ സർവേയിൽ വിജയിയും ആർഎസ്‌പിയുടെ ഏക എംപിയും കൊല്ലം ലോക്സഭാ മണ്ഡലത്തിന്റെ പ്രതിനിധിയുമായ എൻ കെ പ്രേമചന്ദ്രനായിരുന്നു. പാർലമെന്റിലെയും മണ്ഡലത്തിലെയും മികച്ച പ്രകടനങ്ങൾ വിലയിരുത്തി മറുനാടൻ വായനക്കാർ തിരഞ്ഞെടുത്തത് ലോക്സഭയിലെ മികച്ച എംപിക്കുള്ള പുരസ്‌ക്കാരങ്ങൾ നേടിയിട്ടുള്ള പ്രേമചന്ദ്രനെ തന്നെയായിരുന്നു. ആകെ സർവേയിൽ പങ്കെടുത്തവരിൽ മൂന്നിൽ ഒന്നു ശതമാനത്തിന് അടുത്ത് വോട്ടു നേടിയാണ് പ്രേമചന്ദ്രൻ മറുനാടൻ സർവേയിലെ വിജയി ആയത്. മറ്റ് എംപിമാരെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് പ്രേമചന്ദ്രൻ വിജയിയായത്. അതായത് ഓൺലൈൻ സർവേയിൽ 32 ശതമാനം വോട്ടുകളാണ് അന്ന് പ്രേമചന്ദ്രന് കിട്ടിയത്. ഈ പിന്തുണയുടെ കാരണം ലോക്‌സഭയിലെ ഇടപെടലായിരുന്നു. ഇത് വീണ്ടും അതിശക്തമായി പ്രേമചന്ദ്രൻ മുമ്പോട്ട് കൊണ്ടു പോകുന്നതിന്റെ തെളിവാണ് ശബരിമലയിലെയും മറ്റും ഇടപെടൽ.

17-ാം ലോക്‌സഭയുടെ തുടക്കം മുതൽ തന്നെ താരമാണ് പ്രേമചന്ദ്രൻ. ആദ്യം സാധ്വി പ്രജ്ഞസിങ് താക്കൂറിന്റെ സത്യപ്രതിജ്ഞയിലെ ക്രമപ്രശ്‌നം ഉയർത്തി കാട്ടി അദ്ദേഹം പ്രതിപക്ഷത്തിന്റെ കൃത്യത വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഈ സമ്മേളനത്തിലെ ആദ്യ നിയമ നിർമ്മാണമായി യുവതീപ്രവേശം തടയാൻ ബിൽ അദ്ദേഹം അവതരിപ്പിക്കുന്നത്. വെള്ളിയാഴ്ചത്തെ നടപടികളിൽ ഇതും ഉൾപെടുത്തി. ഇടതു പാർട്ടികളൊഴികെ ഇതിനെ അനുകൂലിക്കും. ബിജെപിക്ക് പോലും എതിർക്കാനാവാത്ത തരത്തിലെ ബിൽ. ഇതോടെ ലോക്‌സഭയിലെ വാർത്താ താരമായി മാറുകയാണ് പ്രേമചന്ദ്രൻ. ജനമനസ്സ് അറിഞ്ഞുള്ള നടപടി. ഒന്നിന് പിന്നാലെ ഒന്നായി നാല് സ്വകാര്യബില്ലുകൾ വെള്ളിയാഴ്‌ച്ച എൻ.കെ പ്രേമചന്ദ്രൻ അവതരിപ്പിക്കുന്നുണ്ട്. ആദ്യത്തേത് ശബരിമല. പിന്നെ, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, തൊഴിലാളികളുടെ ക്ഷേമം ഇൻഷൂറൻസ് തുടങ്ങിയവുമായി ബന്ധപ്പെട്ടതുമായ ബില്ലുകളാണ് മറ്റുള്ളവ.

ലോക്‌സഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കിടയിലാണ് ഭോപാലിൽനിന്നുള്ള ബിജെപി. അംഗം പ്രജ്ഞാ സിങ് പുതിയ വിവാദമുണ്ടാക്കിയത്. മാലേഗാവ് സ്‌ഫോടനക്കേസിൽ പ്രതിയായ അവർ, സത്യപ്രതിജ്ഞയ്ക്കിടയിൽ സ്വന്തം പേരിനൊപ്പം ഗുരുവായ സ്വാമി പൂർണചേതാനന്ദ് അവേധാശാനന്ദ് ഗിരിയുടെ പേരുകൂടി ചേർത്തുവായിച്ചതാണു പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. സംസ്‌കൃതത്തിലായിരുന്നു പ്രതിജ്ഞ. ഭാരത് മാതാ കീജയ് എന്നുവിളിച്ചായിരുന്നു അവർ പ്രതിജ്ഞ അവസാനിപ്പിച്ചത്. സത്യവാചകത്തിനിടയിൽ സ്വന്തം വാക്കുകൾ തിരുകിക്കയറ്റാനാവില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹളംവെച്ചു. ആർ.എസ്‌പി. അംഗം എൻ.കെ. പ്രേമചന്ദ്രനാണ് ചട്ടം ഉദ്ധരിച്ച് വിഷയം പ്രോട്ടെം സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സത്യവാങ്മൂലത്തിൽ പ്രജ്ഞ പേരു നൽകിയിരിക്കുന്നതെങ്ങനെയെന്നു പരിശോധിക്കണമെന്നും അദ്ദേഹമാവശ്യപ്പെട്ടു. കേരളത്തിൽനിന്നുള്ള അംഗങ്ങൾ പ്രേമചന്ദ്രനെ പിന്തുണച്ച് എഴുന്നേറ്റു. പ്രജ്ഞയെ പിന്തുണച്ച് ബിജെപി. അംഗങ്ങളും അണിനിരന്നു. ഇതോടെ ബഹളമായി. സർട്ടിഫിക്കറ്റിൽ ചേർത്തിരിക്കുന്ന പേരുമാത്രമേ സത്യവാചകത്തിൽ ഉൾപ്പെടുത്താവൂവെന്ന് പ്രോട്ടെംസ്പീക്കർ റൂളിങ് നൽകി. അതായത് പ്രേമചന്ദ്രന്റെ വാദങ്ങൾ അംഗീകരിച്ചുവെന്ന് സാരം. ഈ ലോക്‌സഭയിലെ പ്രതിപക്ഷത്തിന്റെ ആദ്യ ഇടപെടലും ഇതായിരുന്നു.

സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ലോക്‌സഭാ നടപടിക്രമങ്ങളെ കുറിച്ച് നല്ല അവഹാഗം വേണം. ഇതിനൊപ്പം ബിൽ സ്വന്തമായി തയ്യാറാക്കുകയും വേണും. ഇതിൽ പ്രേമചന്ദ്രൻ മിടുക്ക് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പഴുതുകൾ അടച്ച് തയ്യാറാക്കിയ ശബരിമലയിലെ സ്വകാര്യബിൽ പാസാകുമോ എന്നത് കാത്തിരുന്നു കാണേണ്ട കാഴ്ചയാണ്. യുവതീപ്രവേശത്തെ തുറന്നെതിർക്കുന്ന ബിജെപിയെ വലയ്ക്കുന്നതാണ് ബിൽ. വിശ്വാസസംരക്ഷണത്തിന് ഭരണഘടനയുടെ വഴിതേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പ്രഖ്യാപിച്ചിരുന്നു. ബിജെപി പ്രകടനപത്രികയിലും ശബരിമല ആചാരണ സംരക്ഷണം ഉൾപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ പ്രേമചന്ദ്രനെ എതിർക്കാൻ മോദിക്കും കഴിയില്ല. ബില്ലിലെ ചർച്ച നിർണ്ണായകമാകുമെന്ന് പ്രേമചന്ദ്രനും അറിയാം. ഏതായാലും കേരളത്തിന്റെ ശ്രദ്ധ മുഴുവൻ ബിൽ അവതരണ ദിവസം ലോക്‌സഭയിലേക്കാകും.

ഇത് പ്രേമചന്ദ്രനും തിരിച്ചറിയുന്നു. ശബരിമല ബില്ലിനെ കുറിച്ച് ബിജെപി അംഗങ്ങളോട് സംസാരിക്കേണ്ട ആവശ്യം ഇല്ല. യുഡിഎഫ് ബില്ല് അവതരിപ്പിക്കുന്നതിന് ബിജെപി അംഗങ്ങളോട് ആലോചിക്കുന്നത് എന്തിനാണ്. ബില്ല് തള്ളി പോകുമോ എന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല. ചർച്ച ചെയ്ത ശേഷമല്ലേ തള്ളി പോകുകയുള്ളൂ. ചർച്ച ചെയ്യുമ്പോൾ ബിജെപിക്കും കേന്ദ്ര സർക്കാരിനും നിലപാട് പറയേണ്ടി വരും. ബിജെപിക്ക് ബില്ലിനെ എതിർക്കാൻ പറ്റുമോ? ബിജെപി സ്വന്തം നിലപാട് സഭയിൽ പറയേണ്ടി വരുമല്ലോ. ശബരിമല യുവതീ പ്രവേശന ബില്ല് തള്ളിയാൽ കേരളത്തിൽ ബിജെപിക്ക് പിന്നെ എന്ത് അടിസ്ഥാനമാണുള്ളത്. ശബരിമല ബില്ല് ചർച്ചയ്ക്ക് വന്നാൽ ബിജെപി പ്രതിരോധത്തിലാകും. വലിയ രാഷ്ട്രീയ ചലനമുണ്ടാക്കാൻ സാധ്യതയുള്ള ബില്ലാണിത്. ബിജെപിയെ കൂടി പ്രതിരോധത്തിലാക്കുകയാണ് ബില്ലിലെ രാഷ്ട്രീയം. അതുകൊണ്ടാണല്ലോ കേരളത്തിൽ ജനം ടിവി ഒഴികെ മറ്റ് ചാനലുകൾ ബില്ല് അവതരിപ്പിക്കാൻ പോകുന്നു എന്ന വാർത്ത കാണിക്കുന്നത്-പ്രേമചന്ദ്രൻ പറയുന്നു.

സുപ്രീം കോടതി വിധിക്കെതിരായ എത്രയോ ബില്ല് നമ്മൾ പാസാക്കിയിരിക്കുന്നു. മുല്ലപ്പെരിയാർ ബില്ല് സുപ്രീം കോടതി വിധിക്ക് എതിരായാണല്ലോ നിയമസഭയിൽ പാസാക്കിയത്. ശബരിമലയുടെ കാര്യത്തിൽ പറയുകയാണെങ്കിൽ വിശ്വാസം എന്നത് യുക്തിസഹമല്ലല്ലോ. വിശ്വാസത്തിന്റെ ശരി തെറ്റുകളെ കുറിച്ചും അതിലെ യുക്തിയെ കുറിച്ചും സംസാരിക്കുകയാണെങ്കിൽ വിശ്വാസം തന്നെ ഇല്ല. ഇതിന് സ്ത്രീ സമത്തവുമായി ബന്ധമില്ല-പ്രേമചന്ദ്രൻ പറയുന്നു. സ്വകാര്യ ബിൽ അവതരിപ്പിക്കാനാണ് പ്രേമചന്ദ്രൻ എംപി അനുമതി തേടിയിരിക്കുന്നത്. ശബരിമലയിൽ തൽസ്ഥിതി തുടരണമെന്ന് ബില്ലിൽ ആവശ്യപ്പെടുന്നു. വെള്ളിയാഴ്ചയാണ് ബിൽ അവതരിപ്പിക്കാൻ അനുമതി ലഭിച്ചിരിക്കുന്നത്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീം കോടതി ഭരണഘടനാ ബഞ്ച് വിധി നിലനിൽക്കെയാണ് ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിക്കാൻ യുഡിഎഫ് നീക്കം നടത്തുന്നത്.

തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ശബരിമല യുവതീപ്രവേശനം ലോക്സഭയിൽ ഉന്നയിക്കുമെന്നും ബിൽ കൊണ്ടുവരാൻ ശ്രമങ്ങൾ നടത്തുമെന്നും യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ നിലപാട് ശക്തമാക്കുമെന്നും യുഡിഎഫും കോൺഗ്രസും അറിയിച്ചിട്ടുണ്ട്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും കേരളത്തിൽ പ്രത്യക്ഷമായി പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പ്രധാന രാഷ്ട്രീയ വിഷയവും ശബരിമല തന്നെയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും കേരളത്തിലെത്തിയപ്പോൾ ശബരിമലയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നിരവധി തവണ നടത്തിയിട്ടുണ്ട്. ഇതിനിടെ പല വിവാദവും ഉണ്ടായി. ഇതിന്റെ നേട്ടം വോട്ടെടുപ്പിൽ കിട്ടിയത് യുഡിഎഫിനാണ്. അത് നിലനിർത്താനും പ്രേമചന്ദ്രന്റെ ബില്ലിലൂടെ കഴിയും.

കേരളത്തിലെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടം നടന്ന മണ്ഡലമാണ് കൊല്ലം. യുഡിഎഫ് സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രനെ എന്തുവില കൊടുത്തും തോൽപ്പിക്കാൻ ഇടതുപക്ഷവും മുഖ്യമന്ത്രിയും കച്ചമുറുക്കി ഇറങ്ങിയിരുന്നു. ഈ തിരഞ്ഞെടുപ്പിലും സജീവ ചർച്ചയായി. വ്യക്തി പരമായി വരെ ആക്രമിച്ചുകൊണ്ടായിരുന്നു ഇതൊന്നും വോട്ടെടുപ്പിൽ വിജയിച്ചില്ല. മികച്ച ഭൂരിപക്ഷം നേടിയാണ് പ്രേമചന്ദ്രൻ ലോക്‌സഭയിലെത്തിയത്. സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും തിളക്കമുള്ള വിജയങ്ങളിൽ ഒന്നായിരുന്നു കൊല്ലത്ത് ആർഎസ്‌പിയുടെ എൻ.കെ.പ്രേമചന്ദ്രന്റെ വിജയം. 1,49,772 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിന്റെ കരുത്തനായ സ്ഥാനാർത്ഥിയായ കെ.എൻ.ബാലഗോപാലിനെ പ്രേമചന്ദ്രൻ പരാജയപ്പെടുത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പോരാട്ടത്തെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തിപരമായ ഒരു തിരിച്ചടി കൂടിയാണ് പ്രേമചന്ദ്രന്റെ ഈ തിളക്കമുള്ള വിജയം. മുഖ്യമന്ത്രിയുടെ പരനാറി പ്രയോഗമാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രേമചന്ദ്രന് വിജയം സമ്മാനിച്ചത് എന്നാണ് സിപിഎം കേന്ദ്രങ്ങളിൽ നിന്ന് ഉൾപ്പെടെ ആരോപണങ്ങൾ വന്നത്. അന്ന് പ്രേമചന്ദ്രന്റെ എതിരാളിയായ എം.എ.ബേബി കൂടി ഈ ആരോപണം ഏറ്റുപിടിച്ചിരുന്നു. ഇക്കുറിയും പ്രേമചന്ദ്രന് എതിരെ പരനാറി പ്രയോഗമായി മുഖ്യമന്ത്രി രംഗത്ത് വന്നിരുന്നു.എന്നാൽ ഈ പരനാറി വിളി ഏറ്റില്ലെന്നും കൊല്ലത്തുകാർ പ്രേമചന്ദ്രന് പരവതാനി തന്നെ നൽകിയെന്നുതുമാണ് വസ്തുത.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിലേക്ക് കേരളത്തിൽ സിപിഎം ഒതുങ്ങിയ തിരിച്ചടിക്ക് പുറമെയാണ് പ്രേമചന്ദ്രന്റെ തിളങ്ങുന്ന വിജയം കൂടി സിപിഎമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മുന്നിലേക്ക് വരുന്നത്. പ്രേമചന്ദ്രനെ ഏറ്റവും എതിർത്തത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു എന്ന് വരുമ്പോഴാണ് പ്രേമചന്ദ്രന്റെ വിജയം സിപിഎമ്മിനും മുഖ്യമന്ത്രിക്കും കനത്ത തിരിച്ചടിയായി മാറുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ആർഎസ്‌പി ഇടത് മുന്നണി വിട്ടപ്പോൾ കുറ്റക്കാരനായി മുഖ്യമന്ത്രി കണ്ടത് എൻ.കെ.പ്രേമചന്ദ്രനെ മാത്രമായിരുന്നു. ഈ വിദ്വേഷത്തിൽ നിന്നാണ് പിന്നീട് വിവാദം സൃഷ്ടിച്ച പരനാറി പ്രയോഗം മുഖ്യമന്ത്രി എൻ.കെ.പ്രേമചന്ദ്രനെതീരെ ഉതിർക്കുന്നത്. അന്ന് നിയമസഭംഗമായ എം.എ.ബേബി ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രേമചന്ദ്രനെതിരെ മത്സരിച്ചപ്പോൾ ബേബി പരാജയപ്പെടാൻ കാരണം അന്ന് പാർട്ടി സെക്രട്ടറിയായി പിണറായി വിജയൻ നടത്തിയ പരനാറി പ്രയോഗമായിരുന്നു. ഇപ്പോൾ പോളിറ്റ് ബ്യുറോ അംഗമായ എം.എ.ബേബി തന്നെ ഈ കാര്യത്തിൽ പിണറായിയെ കുറ്റപ്പെടുത്തി രംഗത്ത് വന്നിരുന്നു. അന്ന് കുണ്ടറ എംഎൽഎയായ ബേബി തോറ്റ എംഎൽഎയായിമാറാൻ കാരണവും ഈ പ്രയോഗമാണ് എന്നാണ് അടുപ്പമുള്ളവരോട് ബേബി പറഞ്ഞിരുന്നത്. ഈ പ്രശ്നങ്ങൾ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തായിരുന്നു.

അന്ന് പിണറായി വിജയൻ നടത്തിയ പരനാറി പ്രയോഗം കൊല്ലം ലോക്സഭാ സീറ്റിൽ എൻ.കെ.പ്രേമചന്ദ്രനെ ജയിപ്പിക്കാനുള്ള കാരണങ്ങളിൽ ഒന്നായി മാറിയപ്പോൾ അതെ തനിയാവർത്തനമാണ് ഇക്കുറിയും നടന്നത്. പ്രേമചന്ദ്രൻ പരനാറിയാണോ എന്ന് ചോദിച്ചപ്പോൾ ഇക്കുറിയും അതേ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് മുഖ്യമന്ത്രി ഇക്കുറിയും പറഞ്ഞത്. ഇതോടെ ഈ ലോക്സഭാ തിരഞ്ഞെടുപ്പിലും പരനാറി പ്രയോഗം വിഷയമായി വന്നു. കഴിഞ്ഞ തവണ പരനാറി പ്രയോഗം പ്രേമചന്ദ്രനെ തുണച്ചപ്പോൾ ഇത്തവണ ശക്തമായി നിലനിന്ന ശബരിമല വികാരത്തിനൊപ്പം പരനാറി പ്രയോഗം കൂടി കടന്നുവന്നു. കഴിഞ്ഞ തവണ 40000-ൽ താഴെ വോട്ടുകൾക്ക് പ്രേമചന്ദ്രൻ എംഎ.ബേബിയെ പരാജയപ്പെടുത്തിയപ്പോൾ ഇക്കുറി ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൊല്ലത്ത് നിന്ന് പ്രേമചന്ദ്രൻ വിജയിയായത്. പ്രേമചന്ദ്രൻ സംഘിയാണെന്നു പറഞ്ഞാണ് പരനാറിക്കൊപ്പം ഇക്കുറി പ്രേമചന്ദ്രന് എതിരെ സിപിഎം രംഗത്ത് വന്നത്. ഇത്തരത്തിലൊരു നേതാവാണ് ബിജെപിയേയും പരിവാറിനേയും വെട്ടിലാക്കി ശബരിമലയിൽ ബില്ലെന്ന സ്വകാര്യ പൂഴിക്കടകനുമായി എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP