Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുതുതായി സ്ഥാപിച്ച മൂന്ന് മരക്കുരിശുകൾ ഇന്ന് വൈകുന്നേരം അഞ്ചിന് മുമ്പ് മാറ്റാനുള്ള കളക്ടറുടെ ഉത്തരവ് അനുസരിക്കുമെന്ന് പള്ളി അധികൃതർ; പതിറ്റാണ്ടുകളായുള്ള 14 കോൺക്രീറ്റ് കുരിശുകൾ പൊളിക്കാൻ അനുവദിക്കില്ലെന്നും ഇടവകക്കാർ; ആറാമത്തെ കുരിശിന് മുമ്പിൽ സ്ഥാപിച്ച പുതിയ ശൂലത്തിനെതിരെ കേസ്; 19 മുതൽ നിലയ്ക്കൽ മോഡൽ സമരം തുടങ്ങുമെന്ന് ഹിന്ദു ഐക്യവേദി; പഞ്ചാലിമേട്ടിലെ വിവാദം തുടരുന്നു

പുതുതായി സ്ഥാപിച്ച മൂന്ന് മരക്കുരിശുകൾ ഇന്ന് വൈകുന്നേരം അഞ്ചിന് മുമ്പ് മാറ്റാനുള്ള കളക്ടറുടെ ഉത്തരവ് അനുസരിക്കുമെന്ന് പള്ളി അധികൃതർ; പതിറ്റാണ്ടുകളായുള്ള 14 കോൺക്രീറ്റ് കുരിശുകൾ പൊളിക്കാൻ അനുവദിക്കില്ലെന്നും ഇടവകക്കാർ; ആറാമത്തെ കുരിശിന് മുമ്പിൽ സ്ഥാപിച്ച പുതിയ ശൂലത്തിനെതിരെ കേസ്; 19 മുതൽ നിലയ്ക്കൽ മോഡൽ സമരം തുടങ്ങുമെന്ന് ഹിന്ദു ഐക്യവേദി; പഞ്ചാലിമേട്ടിലെ വിവാദം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: പാഞ്ചാലിമേട്ടിൽ അനധികൃതമായി സ്ഥാപിച്ച മൂന്ന് മരക്കുരിശുകൾ ഉണ്ടാക്കിയ വിവാദം തീരുന്നില്ല. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനുള്ളിൽ മാറ്റിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് പള്ളി അധികാരികളെ കളക്ടർ അറിയിച്ചിട്ടുണ്ട്. എന്നാൽ നേരത്തെ സ്ഥാപിച്ച 14 സിമന്റ് കുരിശുകൾ മാറ്റാൻ തീരുമാനമില്ല. അതിനിടെ ക്രൈസ്തവസഭയുടെ ഭൂമികൈയേറ്റത്തിനെതിരെ പാഞ്ചാലിമേട്ടിൽ 19-ന് 'നിലയ്ക്കൽ മോഡൽ' സമരം തുടങ്ങുമെന്ന് ഹിന്ദു ഐക്യവേദി തൃശ്ശൂരിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സ്ഥലത്ത് സംഘർഷത്തിനുള്ള സാധ്യതയും കൂടുകയാണ്.

പുതുതായി മൂന്ന് മരക്കുരിശുകൾ സ്ഥാപിച്ചെന്ന് വിശ്വഹിന്ദു പരിഷത്ത് കളക്ടർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കണയങ്കവയൽ പള്ളി അധികൃതർക്ക് പെരുവന്താനം വില്ലേജ് ഓഫീസർ വെള്ളിയാഴ്ച നോട്ടീസ് നൽകിയത്. സിമന്റ് കുരിശുകളുടെ കാര്യത്തിൽ വളരെ മുമ്പുള്ള പരാതിയിൽ ഹിയറിങ് നടന്നുകൊണ്ടിരിക്കുകയാണ്. അതിനുശേഷമേ നടപടിയുണ്ടാകുകയുള്ളൂ. മരക്കുരിശുകൾ മാറ്റാമെന്ന് പള്ളി അധികൃതർ ജില്ലാ കളക്ടറെ അറിയിച്ചിട്ടുണ്ട്. നിലയ്ക്കൽ മോഡൽ സമരം നടത്താൻ അയ്യപ്പ വികാരവും ഹിന്ദു ഐക്യവേദി ചർച്ചയാക്കുന്നുണ്ട്. ശബരിമല പൂങ്കാവനത്തിന്റെ ഭാഗമാണിത്. വള്ളിയാങ്കാവ് ക്ഷേത്രത്തിന്റെ മൂലസ്ഥാനവുമാണിതെന്ന് ഹിന്ദു ഐക്യവേദി പറയുന്നു.

ഇതിനിടെ ശനിയാഴ്ച പാഞ്ചാലിമേട് മലയിലെ ആറാമത്തെ കുരിശിന് മുന്നിൽ പുതിയൊരു ശൂലം പ്രത്യക്ഷപ്പെട്ടു. ഇതിനെതിരെ സ്ഥലം കൈവശംവെച്ചിട്ടുള്ള ഡി.ടി.പി.സി. പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. ശൂലം വെച്ചത് ആരാണെന്ന് കണ്ടെത്താനായില്ല. ഈ ശൂലം ഇപ്പോൾ മാറ്റിയിട്ടുണ്ട്. പ്രവീൺ തൊഗാഡിയയുടെ എ എച്ച് പിയും വിഷയത്തിൽ സജീവമായി ഇടപെടുന്നുണ്ട്. ഈ സംഘടനയാണ് ശൂലം വച്ചതെന്നാണ് സൂചന. ഇടുക്കി ജില്ലയിലെ ക്രൈസ്തവസഭയുടെ കൈയേറ്റങ്ങളെക്കുറിച്ച് ജില്ലാ കളക്ടർക്ക് നിവേദനം നൽകിയതും നടപടിയെടുക്കാമെന്ന് ഉറപ്പ് കിട്ടിയതുമാണെന്ന് ഹിന്ദു ഐക്യവേദി പറയുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് നടപടി വേണ്ടെന്നുവെച്ചിരിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് സമരം തുടങ്ങുന്നത്.

പാഞ്ചാലിമേട്ടിലാകെ 490 ഏക്കർ ഭൂമിയാണുള്ളത്. 2016-17-ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ 22 ഏക്കർ സ്ഥലം ദേവസ്വം ബോർഡ് ഏറ്റെടുത്തിട്ടുണ്ട്. ആ 22 ഏക്കറിനുള്ളിലാണ് കുരിശുകൾ സ്ഥാപിച്ചതെന്നാണ് ഹിന്ദു ഐക്യവേദിയുടെ ആരോപണം. ഡി.ടി.പി.സി. ഈ 22 ഏക്കറിന് ചുറ്റും വേലികെട്ടി ടൂറിസ്റ്റുകളെ ടിക്കറ്റ് വെച്ച് പ്രവേശിപ്പിക്കുന്നുണ്ട്. എന്നാൽ ഡി.ടി.പി.സി.ക്ക് ഈ ഭൂമിയിൽ അവകാശമില്ലെന്നാണ് ഹിന്ദു ഐക്യവേദിയുടെ വാദം. എന്നാൽ വർഷങ്ങളായുള്ള ക്രൈസ്തവ തീർത്ഥാടന കേന്ദ്രമാണ് ഇതെന്നും അതുകൊണ്ട് തന്നെ വിവാദങ്ങൾ ബോധപൂർവ്വം ഉണ്ടാക്കുന്നതുമാണെന്ന് പള്ളി അധികാരികളും പറയുന്നു. സർക്കാർ ഭൂമിയിൽ ക്ഷേത്രവും ഉണ്ട്. ഈയിടെ അത് പുതുക്കി പണിയുകയും ചെയ്തു. കുരിശ് തീർത്ഥാടനത്തെ എതിർക്കുന്നവരെ പള്ളിക്കാരും അതേ നാണയത്തിലാണ് നേരിടുന്നത്.

വനവാസകാലത്ത് പഞ്ചപാണ്ഡവർ പാഞ്ചാലിമേട്ടിൽ താമസിച്ചിരുന്നെന്ന് ചിലർ വിശ്വസിക്കുന്നു. ഈ മലയിൽ താഴെ മുതൽ മുകളിൽ വരെ കുരിശുകൾ നാട്ടിയിട്ടുണ്ട്. പഞ്ചപാണ്ഡവർ വസിച്ചുവെന്ന് കരുതുന്ന സ്ഥലത്തിന്റെ അവശേഷിപ്പായ കല്ലുകൾ നശിപ്പിക്കപ്പെട്ടതായി ആരോപണമുണ്ട്. 1956-ൽത്തന്നെ ഈ കുരിശുകൾ അവിടെയുണ്ടെന്നാണ് കണയങ്കവയൽ സെന്റ് മേരീസ് പള്ളി ഭാരവാഹികൾ പറയുന്നത്. പഞ്ച പാണ്ഡവരുമായി ബന്ധപ്പെട്ടതാണ് പാഞ്ചാലിമേട് എന്നാണ് ഹിന്ദു സംഘടനകൾ പറയുന്നത്. ഈ സ്ഥലത്ത് ആനപ്പാറ, പാഞ്ചാലി കുളം, ക്ഷേത്ര സമുച്ചയം ഇങ്ങനെയുള്ള ചരിത്ര അവശേഷിപ്പുകൾ ഇപ്പോഴുമുണ്ട്. റവന്യൂ ഭൂമിയായ ഇവിടം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖല കൂടിയാണ്. ഇതിന്റെ കവാടം മുതലുള്ള ഭൂമിയാണ് ക്രൈസ്തവ സംഘടനകൾ കൈയേറി കുരിശുനാട്ടിയത്. ഇതിനിടെ പ്രവീൺ തൊഗാഡിയയുടെ എ എച്ച് പി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് വന്നു. കോൺക്രീറ്റ് കുരിശിനോട് ചേർന്ന് ശൂലം നാട്ടി തൊഗാഡിയയുടെ എ എച്ച് പി പ്രവർത്തകർ പ്രതിഷേത്തിന് പുതിയമാനം നൽകിയത്.

മകരവിളക്ക് സമയത്ത് ആയിരങ്ങൾ ജ്യോതി കാണാൻ എത്തുന്ന പ്രദേശമാണ് പാഞ്ചാലിമേട്. ഇവിടെ കിലോമീറ്ററുകളോളം റവന്യൂ ഭൂമി കൈയേറി ക്രൈസ്തവ സംഘടനകൾ കുരിശുനാട്ടിയതെന്ന് ഹിന്ദു സംഘടനകൾ ആരോപിക്കുന്നു. എന്നാൽ കുരിശ് മാറ്റണമെങ്കിൽ ഇവിടെയുള്ള ക്ഷേത്രവും പൊളിക്കണമെന്നാണ് ക്രൈസ്തവ വിശ്വാസികളുടെ നിലപാട്. ക്ഷേത്രവും സർക്കാർ ഭൂമിയിലാണെന്ന് ഇവർ പറയുന്നു. സ്ഥലത്തേയ്ക്ക് കടക്കണമെങ്കിൽ വിനോദ സഞ്ചാര വകുപ്പിന്റെ പ്രത്യേക പാസ് വേണം. ഈ മേഖലയിലാണ് കുരിശുകൾ സ്ഥാപിച്ചത്. ഇതാണ് വിവാദങ്ങൾക്ക് തുടക്കമിടുന്നത്. മുമ്ബും ഇടുക്കിയുടെ പലഭാഗത്തും കുരിശുകൾ ഉയർന്നത് സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു.

പാസില്ലാതെ പോകാൻ പറ്റുന്നത് ക്ഷേത്രത്തിലേക്ക് ദർശനം തേടിയെത്തുന്നവർക്ക് മാത്രമാണെന്ന് ഹിന്ദു സംഘടനകൾ പറയുന്നത് ഈ സാഹചര്യത്തിലാണ് റവന്യൂ ,വനം വകുപ്പ് അധികൃതരുടെ ഒത്താശയോടെ കുരിശുനാട്ടി കൈയേറ്റം നടക്കുന്നത് . ക്രൈസ്തവ തീർത്ഥാടന കേന്ദ്രം എന്ന ബോർഡും , കുരിശും വിനോദ സഞ്ചാര കേന്ദ്രത്തിന്റെ കവാടത്തിൽ തന്നെ സ്ഥാപിച്ചിട്ടുണ്ടെന്നും ഹിന്ദു സംഘടകൾ ആരോപിക്കുന്നു. ഇതിന് മറുപടിയായാണ് സർക്കാർ ഭൂമിയിലെ ക്ഷേത്രവും പൊളിക്കണമെന്ന ചർച്ച ക്രൈസ്തവ വിഭാഗവും ഉയർത്തുന്നത്. ഇതിനൊപ്പം തൊഗാഡിയയുടെ അനുയായികൾ കൂടി എത്തുമ്ബോൾ സ്ഥിതി സംഘർഷത്തിലേക്ക് പോവുകയാണ്.

പാണ്ഡവർ വനവാസകാലത്ത് താമസിച്ചിരുന്നുവെന്ന ഐതിഹ്യവും പാഞ്ചാലിമേടിനുണ്ട്. പഞ്ചപാണ്ഡവർ ഇരുന്നുവെന്ന് കരുതുന്ന കൽപാളികളും പാഞ്ചാലി താമസിച്ചിരുന്നുവെന്ന ഭീമൻ ഗുഹയും ഐതിഹ്യത്തിന് ആക്കം കൂട്ടുന്നു. ഇതാണ് പ്രദേശത്തിന് പാഞ്ചാലിമേട് എന്ന പേരുവരാൻ കാരണമെന്നും കരുതപ്പെടുന്നു. പാഞ്ചാലിക്കുളവും ക്ഷേത്രവും പാണ്ഡവർ ഭക്ഷണം പാകം ചെയ്യാനുപയോഗിച്ച അടുപ്പുകല്ലുകൾ എന്ന് വിശ്വസിക്കുന്നവയുമെല്ലാം ഇവിടെ കാണാം. ഈ ക്ഷേത്രത്തിനെ പൊളിച്ചു മാറ്റണമെന്ന ആവശ്യമാണ് ക്രൈസ്തവരിൽ ഒരു വിഭാഗം ഉയർത്തുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തെ തൊടാൻ സർക്കാരും തയ്യാറാകില്ല. ഇത് മനസ്സിലാക്കിയാണ് ഈ ആവശ്യം. ഇതും സംഘർഷത്തിലേക്ക് കാര്യങ്ങളെത്തുമെന്ന സൂചനയാണ് നൽകുന്നത്. അതുകൊണ്ട് തന്നെ പ്രദേശത്ത് സുരക്ഷയും കർശനമാക്കും. നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന സ്ഥലം കൂടിയാണ് ഇത്. സമുദ്രനിരപ്പിൽനിന്ന് 2500 അടി മുകളിലാണ് പാഞ്ചാലിമേട്. കുട്ടിക്കാനത്തുനിന്നു 10 കിലോമീറ്ററാണ് പാഞ്ചാലിമേട്ടിലേക്കുള്ളത്.

പാഞ്ചാലിമേട്. മൊട്ടക്കുന്നുകളാൽ സുന്ദരമാണ്. ഹൈറേഞ്ചിന്റെ കുളിർമ മുഴുവൻ ആവാഹിച്ചെടുത്ത കാറ്റും പ്രത്യേകതയാണ്. ഭുവനേശ്വരി ദേവിയുടെ ചെറിയ കോവിലാണ് ഇവിടെ ഉള്ളത്. പീഠം തകർന്ന ഒരു ശിവലിംഗവും കാണാം. പഞ്ചപാണ്ഡവർ പണ്ട് ഇവിടെ പാഞ്ചാലിയുമൊത്ത് താമസിച്ചിട്ടുണ്ടഎന്നാണ് വിശ്വാസം. അങ്ങനെയാണ് ഈ മേടിന് പാഞ്ചാലിമേട് എന്ന പേര് ലഭിച്ചത്. പഞ്ചപാണ്ഡവന്മാരിൽ ഭീമന്റെ കാലടി പതിഞ്ഞെന്ന് നാട്ടുകാർ വിശ്വസിക്കുന്ന ഒരു ഗുഹയും ഇവിടെയുണ്ട്. നിത്യപൂജയില്ലാത്ത ഈ ദേവി ക്ഷേത്രവും അതിപുരാതനമായ സർപ്പപ്രതിഷ്ഠകളും പഴക്കമേറിയതും അപൂർവുമായ ശിവലിംഗവുമൊക്കെ ചേർന്ന് ഈ സ്ഥലത്ത് നിന്ന് ശബരിമലയിലെ മകരജ്യോതിയും ദർശിക്കാം. ഇവിടെയാണ് വിവാദങ്ങൾ തലപൊക്കുന്നത്.

എന്നാൽ പാഞ്ചാലിമേടിലെ കുരിശിനും വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ക്രൈസ്തവ വിശ്വാസികൾ പറയുന്നത്. അതുകൊണ്ട് തന്നെ പൊളിച്ചു മാറ്റാൻ കഴിയില്ലെന്നാണ് അവരുടെ നിലപാട്. ഇത്രയും പഴക്കമുള്ള കുരിശിനെ വിവാദത്തിലാക്കുന്നവരുടെ ഉദ്ദേശശുദ്ധിയേയും പള്ളി അധികാരികൾ ചോദ്യം ചെയ്യുന്നത്. അതിനിടെ പുതുതായി വച്ച കുരിശ് മാത്രമാണ് എടുത്തുമാറ്റാൻ ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് റവന്യൂ അധികാരികൾ പറയുന്നത്. 1956മുതൽ മരിയൻ കുരിശടി മലയിലേക്ക് തീർത്ഥാടകർ എത്താറുണ്ട്. ഇതിന് മുമ്പിലെ ബോർഡ് സ്ഥാപിച്ചത് 1956 ആണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരമൊരു സ്ഥലത്തെ കുരിശിനെ വിവാദമാക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഇതിനെയാണ് പള്ളിയും എതിർക്കുന്നത്. ഈ സാഹചര്യത്തിലാണ് ക്ഷേത്രവും പൊളിക്കേണ്ടതല്ലേ എന്ന ചോദ്യം അവർ ഉയർത്തുന്നത്.

സമുദ്രനിരപ്പിൽനിന്ന് 2500 അടി ഉയരത്തിലാണ് പാഞ്ചാലിമേടിന്റെ സ്ഥാനം. ദേശീയപാത 183-ൽ മുറിഞ്ഞപുഴയിൽ നിന്ന് നാലര കിലോമീറ്റർ യാത്ര ചെയ്താൽ എത്താം. മുണ്ടക്കയം തെക്കേമല വഴിയും എത്താം. തെളിഞ്ഞ അന്തരീക്ഷത്തിൽ ആലപ്പുഴ ബീച്ചിന്റെയും ലൈറ്റ് ഹൗസിന്റെയും വിദൂരകാഴ്ചയും ദൃശ്യമാണ്. വശ്യത നിറഞ്ഞ പ്രകൃതിയും പച്ചപ്പ് നിറഞ്ഞ മൊട്ടക്കുന്നും കോടമഞ്ഞുള്ള തണുത്ത കാലാവസ്ഥയുമാണ് പ്രത്യേകത. പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരവിളക്ക് പാഞ്ചാലിമേട്ടിൽ നിന്ന് കാണാം. ഇതു കാണാൻ ആയിരങ്ങളാണ് ഇവിടെയെത്തുന്നത്. ഇതോടൊപ്പം വിനോദസഞ്ചാരികൾ എല്ലാക്കാലത്തും പാഞ്ചാലിമേട്ടിലേക്ക് എത്തുന്നുണ്ട്. ഇതുകൊണ്ടുതന്നെ പാഞ്ചാലിമേട്ടിലും ചുറ്റും ഭൂമികൈയേറ്റം വ്യാപകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP