Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാർട്ടൂൺ വിവാദത്തിൽ സിപിഎമ്മും പു.ക.സയുമെല്ലാം മൗനം തുടരുമ്പോൾ കാർട്ടൂണിസ്റ്റിനെ പിന്തുണച്ച് സിപിഐ അനുകൂല സാംസ്കാരിക സംഘടനയായ യുവകലാസാഹിതി; വിഷയം ന്യൂനപക്ഷ വികാരം വ്രണപ്പെടലാവുമ്പോൾ 'മീശ'വിവാദ കാലത്തെ ആവിഷ്‌ക്കാര സ്വാന്ത്ര്യവാദികളെ കാണാനില്ല; ശബ്ദമുയർത്തിയത് വിഎസും എഴുത്തുകാരൻ സക്കറിയയും മാത്രം; തീരുമാനം പുനഃപരിശോധിക്കണമെന്ന് സാംസ്‌കാരിക വകുപ്പ് പറയുന്നത് അപമാനമാണെന്നും യുവകലാ സാഹിതി

കാർട്ടൂൺ വിവാദത്തിൽ സിപിഎമ്മും പു.ക.സയുമെല്ലാം മൗനം തുടരുമ്പോൾ കാർട്ടൂണിസ്റ്റിനെ പിന്തുണച്ച്  സിപിഐ അനുകൂല സാംസ്കാരിക സംഘടനയായ യുവകലാസാഹിതി; വിഷയം ന്യൂനപക്ഷ വികാരം വ്രണപ്പെടലാവുമ്പോൾ 'മീശ'വിവാദ കാലത്തെ ആവിഷ്‌ക്കാര സ്വാന്ത്ര്യവാദികളെ കാണാനില്ല; ശബ്ദമുയർത്തിയത് വിഎസും എഴുത്തുകാരൻ സക്കറിയയും മാത്രം; തീരുമാനം പുനഃപരിശോധിക്കണമെന്ന് സാംസ്‌കാരിക വകുപ്പ് പറയുന്നത്  അപമാനമാണെന്നും യുവകലാ സാഹിതി

കെ വി നിരഞ്ജൻ

 കോഴിക്കോട്:എസ് ഹരീഷിന്റെ മീശ എന്ന നോവലിനെതിരെ സംഘപരിവാർ ഉറഞ്ഞുതുള്ളിയപ്പോൾ നോവലിനും നോവലിസ്റ്റിനുമൊപ്പം നിന്ന ഇടത് സർക്കാർ പക്ഷെ കാർട്ടൂൺ വിവാദം വന്നപ്പോൾ കാർട്ടൂണിനെ തള്ളിക്കൊണ്ട് മതസംഘടനകൾക്ക് കീഴടങ്ങുന്ന സമീപനമാണ് സ്വീകരിക്കുന്നത്. സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലനും മുഖ്യമന്ത്രി പിണറായി വിജയനും ഉൾപ്പെടെ ഇതേ നിലപാട് സ്വീകരിച്ചപ്പോൾ ഒരു പരിധി വരെ സിപിഐയും വി എസ് അച്യുതാനന്ദനും മാത്രമാണ് മതസംഘടനകൾക്ക് കീഴടങ്ങരുതെന്ന തരത്തിൽ നിലപാട് കൈക്കൊണ്ടത്. സിപിഎം അനുകൂല സാംസ്കാരിക സംഘടനയായ പുരോഗമന കലാസാഹിത്യ സംഘം ഉൾപ്പെടെ ഇക്കാര്യത്തിൽ മൗനം പാലിക്കുമ്പോൾ സി പിഐ അനുകൂല സാംസ്കാരിക സംഘടനായ യുവകലാസാഹിതി കാർട്ടൂണിന് അനുകൂലമായ നിലപാടാണ് എടുത്തത്. -ജാതി-മത ശക്തികളുടെ ഫത്വകൾക്ക് കീഴടങ്ങാതെ ജഡ്ജിങ് കമ്മിറ്റി തീരുമാനിച്ചതുപ്രകാരം കാർട്ടൂൺ പുരസ്‌ക്കാരം നടപ്പാക്കുവാൻ ലളിതകലാ അക്കാദമി തയ്യാറാകണമെന്നാണ് യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

കാർട്ടൂൺ തികച്ചും സർഗാത്മകമായ ഒരു കലാവിഷ്‌കാരമാണ്.ലോകത്തെവിടെയും കാർട്ടുണിസ്റ്റുകളുടെ വിമർശനങ്ങൾക്ക് വിധേയമാകാത്ത വിഷയങ്ങളില്ല. ആർ കെ ലക്ഷ്മണനെ പോലുള്ള കാർട്ടൂണിസ്റ്റുകളുടെ വിമർശനങ്ങൾക്ക് പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു ഉൾപ്പെടെയുള്ള ലോകനേതാക്കൾ വിധേയരായിട്ടുണ്ട്. വിമർശനവും അഭിപ്രായപ്രകടനങ്ങളും വ്യക്തികളുടെ മൗലിക അവകാശവും സ്വാതന്ത്ര്യവുമാണ്. കലാകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരെ മതമൗലികവാദ ശക്തികൾ എക്കാലത്തും വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണമാണ് കാർട്ടൂൺ പുരസ്‌കാര വിവാദത്തിനും നിദാനമായിട്ടുള്ളത്.ജാതിമത ശക്തികളുടെ എതിർപ്പുകൾ ഭയന്നു പുരസ്‌കാര തീരുമാനം പുനഃപരിശോധിക്കണമെന്നു സാംസ്‌കാരിക വകുപ്പ് പറയുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണ്.പുരസ്‌കാര നിർണ്ണയത്തിൽ ഇടപെടാൻ സർക്കാരിന് യാതൊരധികാരവുമില്ല.ഈ സാഹചര്യത്തിൽ ജാതി മതശക്തികളുടെ വെല്ലുവിളികളെ തൃണവത്ക്കരിച്ച് ജഡ്ജിങ് കമ്മിറ്റി നിശ്ചയിച്ചതു പ്രകാരമുള്ള കാർട്ടൂൺ പുരസ്‌കാര നിർണ്ണയം എത്രയും വേഗം പ്രാവർത്തികമാക്കണമെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണനും ജനറൽ സെക്രട്ടറി ഇ എം സതീശനും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

ഇടത് സർക്കാറിന്റെ ഇത്തരം സമീപനങ്ങൾ ബിജെപി ഉൾപ്പെടെയുള്ള സംഘടനകൾക്ക് സഹായകരമാകുമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. 'മീശ' എന്ന നോവൽ ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നുവെന്ന് പറഞ്ഞായിരുന്നു സംഘപരിവാർ സംഘടനകൾ രംഗത്ത് വന്നത്. അപ്പോൾ നോവലിനൊപ്പമായിരുന്നു മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും സംസ്ഥാന സർക്കാറുമെല്ലാം. ഇപ്പോൾ കെ കെ സുഭാഷ് രചിച്ച ബിഷപ്പ് ഫ്രാങ്കോ കഥാപാത്രമാകുന്ന 'വിശ്വാസം രക്ഷതി' എന്ന കാർട്ടൂൺ അക്കാദമി അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ക്രിസ്ത്യൻ വിഭാഗത്തിന്റെ ചിഹ്നം അവഹേളിക്കുന്ന രീതിയിൽ കാർട്ടൂണിൽ ഉപയോഗിച്ചതിനോട് സർക്കാറിന് വിയോജിപ്പാണെന്നായിരുന്നു സാംസ്കാരിക മന്ത്രിയുടെ പ്രതികരണം. ക്രിസ്ത്യൻ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു ഇത്തരമൊരു പ്രതികരണം. ഹിന്ദു സ്ത്രീകളെ അവഹേളിച്ചാൽ അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യവും ക്രിസ്ത്യൻ ചിഹ്നങ്ങളെ അവഹേളിച്ചാൽ അത് മതപ്രതീകങ്ങളെ അവഹേളിക്കലുമായാണ് ഈ സർക്കാർ കണക്കാക്കുന്നെതന്നാണ് വിമർശനം ഉയരുന്നത്. എംഎഫ് ഹുസൈന്റെ ചിത്രങ്ങൾ ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്നുവെന്ന് പറഞ്ഞ് ഹിന്ദു സംഘടനകൾ രംഗത്തെത്തിയപ്പോഴും ഇടതുനേതാക്കളെല്ലാം ഹുസൈനൊപ്പമായിരുന്നു. എന്നാൽ മറ്റ് വിഭാഗങ്ങളുടെ കാര്യം വരുമ്പോൾ എന്തുകൊണ്ട് സർക്കാറിന് എഴുത്തുകാരനും കാർട്ടൂണിസ്റ്റിനുമൊപ്പം നിൽക്കാൻ സാധിക്കുന്നില്ലെന്നാണ് ചോദ്യം.

ഇതുപോലെ തന്നെയായിരുന്നു വാങ്ക് വിളിക്കാൻ ആഗ്രഹിക്കുന്ന മുസ്ലിം പെൺകുട്ടിയുടെ കഥ പറഞ്ഞ റഫീഖ് മംഗലശ്ശേരിയുടെ കിത്താബ് എന്ന നാടകത്തിനെതിരെയും ചില ഇസ്ലാമിക ഗ്രൂപ്പുകളിൽനിന്ന് പ്രതിഷേധം ഉയർന്നിരുന്നു. അന്നും നാടകകൃത്ത് റഫീക്ക് മംഗലശ്ശേരിക്ക് യാതൊരു പിന്തുണയും സാംസ്കാരിക നായകരുടെ ഭാഗത്തുനിന്ന് കിട്ടിയില്ല, എന്നുമാത്രമല്ല, നാടകത്തിന്റെ മൂല കൃതിയായ കഥയെഴുതിയ ഉണ്ണി ആർ തൊട്ട് സച്ചിതാനന്ദൻവരെ ഇസ്ലാമോഫോബിയ എന്നു പറഞ്ഞ് നാടക സംവിധായകൻ റഫീഖിന്റെ ഒറ്റപ്പെടുത്തുകയായിരുന്നു. അന്നും സോഷ്യൽ മീഡിയയും സ്വതന്ത്ര ചിന്തകരും മാത്രമാണ് റഫീഖിന് പിന്തുണ നൽകിയത്.

ഫ്രാങ്കോ കാർട്ടൂണിന്റെ വിഷയത്തിലും സമാനമായ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. എഴുത്തുകാരൻ സക്കറിയ മാത്രമാണ് ഈ വിഷയത്തിൽ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുവേണ്ടി പ്രതികരിക്കാൻ തയ്യാറായത്. കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ അവാർഡ് നിർണ്ണയത്തിന് എഴുത്തുകാരുടെ സമിതി ആവശ്യമില്ലെന്ന് സക്കറിയ പ്രതികരിച്ചു. പരിഹസിക്കാൻ ഉള്ളതുതന്നെയാണ് കാർട്ടൂൺ എന്ന് മന്ത്രിയും എതിർക്കുന്നവരും മനസ്സിലാക്കണം. അതിനെ ഗൗരവമായി കണ്ട് പ്രതിഷേധിക്കുന്നവർ വിഡ്ഢികളാണ്. അവാർഡ് നിർണ്ണയ കമ്മറ്റിയിൽ ഉണ്ടായിരുന്ന കലാകാരന്മ്മാർ മനസ്സ് തുറക്കണം. കലാകാരന്മ്മാർക്ക് മുകളിലല്ല മന്ത്രി ബാലൻ. അമേരിക്കൻ പ്രസിഡന്റ് ട്രമ്പിനെ അവിടെ കാർട്ടൂണിസ്റ്റുകൾ വലിച്ചു കീറുകയാണ്. മോസ്‌ക്കോയിൽ പുട്ടിനെതിരെയും കാർട്ടൂണിസ്റ്റുകൾ സജീവമാണ്. ഇതൊന്നും മനസ്സിലാക്കാനുള്ള ശേഷി മന്ത്രിക്കില്ലെന്നും സക്കറിയ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഏതെങ്കിലും ഒരു മതവിഭാഗത്തെ അവഹേളിക്കുന്നതിനെ സർക്കാർ അനുകൂലിക്കുന്നില്ലെന്നും അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യമായി കാണാൻ കഴിയില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ നിലപാട് സ്വീകരിച്ചത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആരും നിഷേധിക്കരുതെന്നാണ് സർക്കാറിന്റെ നിലപാട്. എന്നാൽ മതചിഹ്നങ്ങളെ അവഹേളിക്കുന്ന തരത്തിലായാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം എന്തേ മീശയുടെ കാര്യത്തിൽ ബാധകമായില്ല.. ഹിന്ദുക്കളുടെ മതചിഹ്നങ്ങൾക്കും ആചാരങ്ങൾക്കും മാത്രം ഈ നാട്ടിൽ യാതൊരു വിലയുമില്ലേ എന്ന ചോദ്യത്തിലൂടെ മതവിശ്വാസികളിലേക്ക് കൂടുതലായി ഇറങ്ങിച്ചെല്ലാൻ ഇത്തരം നിലപാടുകൾ സംഘപരിവാറിനെ സഹായിക്കുമെന്നത് തീർച്ചയാണ്.

മീശ വിവാദത്തിൽ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനൊപ്പം നിന്നയാളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാർട്ടൂൺ വിഷയത്തിലെത്തിയപ്പോൾ ആവിഷ്‌ക്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെങ്കിലും അത് വഴി മത വികാരങ്ങളെ വ്രണപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ലളിതകലാ അക്കാദമി സ്വതന്ത്ര സ്ഥാപനമാണെന്നും അവാർഡിൽ ഇടപെടാൻ മന്ത്രിക്ക് അധികാരമില്ലെന്നുമായിരുന്നു സിപിഐ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്.എന്നാൽ ഇത് തള്ളിയ മന്ത്രി എ കെ ബാലൻ മത ചിഹ്നങ്ങളെ അധിക്ഷേപിച്ചതിനോട് യോജിപ്പില്ലെന്ന മറുപടിയാണ് നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP