Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബ്ലാക് മെയിലിംഗിന് നിന്നു കൊടുക്കരുത്; പെണ്ണു 'ശരി'യല്ലെങ്കിൽ വീടും കത്തും നാടും കത്തും, റോഡും കത്തും എന്നു പറഞ്ഞ് കത്തിച്ചു കളഞ്ഞ പെണ്ണിന്റെ ജാതകമെഴുതുന്ന തിരക്കിലാണ് മാധ്യമങ്ങൾ; പെൺകുട്ടികളെ ചുട്ടു കൊല്ലുമ്പോൾ കൂടെ നിന്ന് പെട്രോൾ ഒഴിച്ചു കൊടുക്കുന്ന സമൂഹത്തെ വിമർശിച്ച് ശാരദക്കുട്ടി

ബ്ലാക് മെയിലിംഗിന് നിന്നു കൊടുക്കരുത്; പെണ്ണു 'ശരി'യല്ലെങ്കിൽ വീടും കത്തും നാടും കത്തും, റോഡും കത്തും എന്നു പറഞ്ഞ് കത്തിച്ചു കളഞ്ഞ പെണ്ണിന്റെ ജാതകമെഴുതുന്ന തിരക്കിലാണ് മാധ്യമങ്ങൾ; പെൺകുട്ടികളെ ചുട്ടു കൊല്ലുമ്പോൾ കൂടെ നിന്ന് പെട്രോൾ ഒഴിച്ചു കൊടുക്കുന്ന സമൂഹത്തെ വിമർശിച്ച് ശാരദക്കുട്ടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മാവേലിക്കരയിൽ സൗമ്യ എന്ന പൊലീസുകാരിയെ പൊലീസുകാരൻ കത്തിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ ഞെട്ടൽ മാറിയിട്ടില്ല കേരളത്തിന്. സംഭവത്തിൽ കൊടും ക്രൂരതയാണ് അജാസ് എന്ന പൊലീസുകാരൻ ചെയ്തത്. പ്രണയം നിരസിച്ചതിന്റെ പേരിൽ ചുട്ടുകൊന്നു എന്ന വിധത്തിലാണ് വാർത്തകൾ വരുന്നത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിലേക്ക് വിരൽ ചൂണ്ടുകയാണ് എഴുത്തുകാരി ശാരദക്കുട്ടി.

പ്രണയാഭ്യർത്ഥന നിരസിക്കുന്നതിന്റെ പേരിൽ പെൺകുട്ടികളെ തീകൊളുത്തി കൊലപ്പെടുത്തുന്ന സംഭവങ്ങൾ നമ്മുടെ സംസ്ഥാനത്ത് ആവർത്തിക്കുകയാണ്. ക്രൂരമായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ കത്തിച്ച പെൺകുട്ടിയുടെ ജീവിതം ചെകയാൻ വെമ്പൽകൊള്ളുന്ന മാധ്യമങ്ങളേയും, ചുട്ടു കൊല്ലുമ്പോൾ കൂടെനിന്ന് പെട്രോളൊഴിക്കാൻ സഹായിക്കുന്ന നിലപാടുകൾക്കെതിരെയും തുറന്നു വിമർശിക്കുയാണ് ശാരദക്കുട്ടി ചെയ്യുന്നത്.

ബ്ലാക്‌മെയിലിംഗിനോ ഇമോഷനൽ ബ്ലാക്‌മെയിലിംഗിനോ നിന്നു കൊടുക്കരുതെന്ന് പെൺകുട്ടികൾക്ക് ധൈര്യം പകരാൻ പൊതു സമൂഹം തയ്യാറാകണമെന്നും ഭയമെന്ന വികാരത്തിന് കീഴ്‌പ്പെടാതെ സധൈര്യം ജീവിതത്തിൽ മുന്നേറാൻ അവരെ പ്രാപ്തരാക്കാൻ സമൂഹവും ഭരണകൂടവും കൂടെയുണ്ടാകണമെന്ന അഭിപ്രായവും അവർ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ കുറിക്കുന്നു. ബാഹ്യഭീഷണികൾ ഉള്ളിലൊതുക്കി എരിഞ്ഞു തീരുന്ന സ്ത്രീകൾ വാഴുന്ന സമൂഹം ഒരാധുനിക സമൂഹമല്ല. അവരെ ഭരിക്കുന്ന സർക്കാർ ആധുനിക വീക്ഷണമുള്ള സർക്കാരുമല്ലെന്നും ശാരദക്കുട്ടി ഫേസ്‌ബുക്കിൽ എഴുതുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പെണ്ണുപൂക്കുന്ന നാട് എന്ന സാറാ ജോസഫിന്റെ സങ്കൽപം പെണ്ണു കത്തുന്ന നാട് എന്ന വൈപരീത്യത്തിലേക്കാണ് ചെന്നെത്തിയിരിക്കുന്നത്. സ്വപ്നവും സങ്കൽപവും ഉത്സാഹവും സന്തോഷവും ഉന്മാദവും ചിറകും കൊക്കും നഖങ്ങളും ഒക്കെ പിച്ചിപ്പറിച്ച് പെൺകുട്ടികളെ നിർജ്ജീവരാക്കി 'നല്ല'വീടിനു വേണ്ടി മാത്രമായി രൂപപ്പെടുത്തിയെടുക്കുന്ന പ്രക്രിയയിൽ സജീവമായിരിക്കുന്ന ഈ നാട് ദരിദ്രമാണ്. ഭയാനകമാണിവിടുത്തെ ജീവിതം.ഭ്രൂണാവസ്ഥയിൽ തന്നെ പെൺകുഞ്ഞുങ്ങളെ കൊന്നുകളയുന്ന പാപത്തറകളെ കുറിച്ചാണ് എഴുത്തുകാരി വർഷങ്ങൾക്കു മുൻപെഴുതിയത്.

ഇന്ന് കേരളം നടുറോഡിൽ പെണ്ണുങ്ങളെ കത്തിച്ചു കളയുകയാണ്. വലിയ വികാസമാണത്. കത്തിച്ചു കളഞ്ഞ പെണ്ണിന്റെ ജാതകമെഴുതുന്ന തിരക്കിലാണ് മാധ്യമങ്ങൾ. പെണ്ണു 'ശരി'യല്ലെങ്കിൽ വീടും കത്തും നാടും കത്തും. റോഡും കത്തും. ശരിയാകേണ്ടതെങ്ങനെയെന്നറിയാതെ ഉഴറിപ്പായുന്ന പെൺജന്മങ്ങളേ നമ്മുടെയൊക്കെ ശരീരത്തിൽ നിന്നു പടരുന്ന തീ ഒന്നു തന്നെ. അതിലാണീ നാട് കത്തിച്ചാമ്പലാകാൻ വിധിക്കപ്പെട്ടിരിക്കുന്നത്.നമുക്കു ചെയ്യാവുന്ന ചിലതുണ്ട്. പ്രണയമോ സൗഹൃദമോ ദാമ്പത്യമോ എന്തുമായിക്കൊള്ളട്ടെ. അതു തകർന്നാൽബ്ലാക്‌മെയിലിങിനോ ഇമോഷനൽ ബ്ലാക് മെയിലിങിനോ നിന്നു കൊടുക്കരുതെന്ന്, അതിൽ ഭയന്നു വീഴരുതെന്ന് പെൺകുട്ടികൾക്ക് ധൈര്യം കൊടുക്കാൻ വീട്ടുകാരും സുഹൃത്തുക്കളും പൊതു സമൂഹവും തയ്യാറാകണം.

ആ ബന്ധത്തിനിടയിൽ സംഭവിച്ച എന്തും, ശാരീരികമോ വൈകാരികമാ ബൗദ്ധികമോ ആയ ഏതു പ്രശ്നവും ഭയം കൂടാതെ സത്യസന്ധമായി തുറന്നു പറയാൻ അവർക്കു കഴിയുന്ന സാമൂഹിക സാഹചര്യമുണ്ടാകണം. അതംഗീകരിച്ചു കൊണ്ട് ഒരു മനുഷ്യ ജീവനെ അപകടങ്ങളിൽ നിന്നും സംഘർഷങ്ങളിൽ നിന്നും രക്ഷിക്കാനുള്ള ബാധ്യത സമൂഹം ഏറ്റെടുക്കേണ്ടതുണ്ട്.ശരിതെറ്റുകൾ നിർണ്ണയിച്ച് വിലയിരുത്തി ശരി ചെയ്യുന്നവരെ മാത്രം അംഗീകരിക്കുകയും മറ്റുള്ളവരെ ചുട്ടു കൊല്ലുമ്പോൾ കൂടെ നിന്ന് പെട്രോൾ ഒഴിച്ചു കൊടുക്കുകയും ചെയ്യുന്ന ക്രൂര സമുദായമായി നാം പൂർണ്ണമായും മാറിക്കൊണ്ടിരിക്കുമ്പോൾ ഭരണകൂടം പുലർത്തേണ്ട പല തരം ജാഗ്രതകളുണ്ട്. എല്ലാത്തരം വൈറസുകൾക്കെതിരെയുമാണ് സർക്കാർ ജാഗരൂകമാകേണ്ടത്.പെൺകുട്ടികൾക്ക് അവരുടെ മാനസികവും വൈകാരികവുമായി സംഭവിക്കുന്ന ഇടർച്ചകൾ തുറന്നു സംസാരിക്കുവാനും അവർക്ക് ഭദ്രമായ മാനസിക സാഹചര്യങ്ങളിലേക്ക്സ്വയം നയിക്കുവാനും സഹായിക്കുന്ന തരത്തിൽ സംവിധാനം ചെയ്ത ഉത്തരവാദപ്പെട്ട, വിശ്വസനീയമായ വേദികൾ ഉണ്ടാകണം.

ബാഹ്യഭീഷണികൾ ഉള്ളിലൊതുക്കി എരിഞ്ഞു തീരുന്ന സ്ത്രീകൾ വാഴുന്ന സമൂഹം ഒരാധുനിക സമൂഹമല്ല. അവരെ ഭരിക്കുന്ന സർക്കാർ ആധുനിക വീക്ഷണമുള്ള സർക്കാരുമല്ല.എന്തിനായിരിക്കണം വനിതാ മതിൽ? എന്തിനായിരിക്കണം നവോത്ഥാനം? എന്തിനായിരിക്കണം വനിതാ ശിശുക്ഷേമ വകുപ്പുകൾ? എന്തിനായിരിക്കണം വിദ്യാഭ്യാസം? എന്തിനായിരിക്കണം എഴുത്തുകളും പ്രസംഗങ്ങളും? എന്തിനായിരിക്കണം എഴുത്തുകാർ?സംശയങ്ങൾക്കുള്ളിൽ കത്തിപ്പുകയുകയാണ്. പൊള്ളിപ്പൊളിയുകയാണ്. വെന്തുരുകുകയാണ്.എസ്.ശാരദക്കുട്ടി
17.6.2019

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP