Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദൈവം നാമമല്ല, ക്രിയയാണ്

ദൈവം നാമമല്ല, ക്രിയയാണ്

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ന്ന് പരിശുദ്ധ ത്രിത്വത്തിന്റെ തിരുന്നാളാണ്. ക്രൈസ്തവരുടെ സവിശേഷമായ ദൈവസങ്കല്പമാണ് ദൈവം 'ത്രിയേകദൈവമാണെന്നത്.' അതായത്, ദൈവം ഒരേ സമയം ഒന്നും മൂന്നുമാണെന്നത്. ഈ ദൈവിക രഹസ്യത്തിലേക്ക് വെളിച്ചം വീശുന്ന ക്രിസ്തുവിന്റെ തിരുമൊഴികളാണ് ഇന്നത്തെ സുവിശേഷഭാഗം. ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ട വചനമിതാണ്: "പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്. അതുകൊണ്ടാണ് എനിക്കുള്ളവയിൽ നിന്ന് സ്വീകരിച്ച് അവൻ (സത്യാത്മാവ്) നിങ്ങളോടു പ്രഖ്യാപിക്കും എന്നു ഞാൻ പറഞ്ഞത്" (യോഹ 16:15).

ഈ വചനത്തിന്റെ ആദ്യ ഭാഗം നമുക്ക് ശ്രദ്ധിക്കാം. ''പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്.'' ഈ വാക്യത്തെ തിരിച്ചിട്ടാൽ ആശയം ഒന്നുകൂടെ വ്യക്തമാകും - ''എനിക്കുള്ളതെല്ലാം ഞാൻ പിതാവിൽ നിന്ന് സ്വീകരിച്ചതാണ്.'' ഈശോയുടെ ഈ അവബോധത്തെയാണ് ഈശോയുടെ 'ദൈവപുത്രത്വമെന്ന്' നമ്മൾ വിളിക്കുന്നത്. പിതാവിനുള്ളതെല്ലാം സ്വീകരിച്ചവനാണ് പുത്രനെന്ന് സാരം.

എല്ലാം സ്വീകരിച്ചവന്റെ സ്വാഭാവികമായ പ്രതികരണം എന്തായിരിക്കും? എല്ലാം സ്വീകരിച്ചതാണെങ്കിൽ അവൻ എല്ലാം കൊടുക്കും. അക്കാര്യമാണ് മുകളിൽ പറഞ്ഞ വചനത്തിന്റെ രണ്ടാം ഭാഗം പറയുന്നത്: ''അവൻ (സത്യാത്മാവ്) എനിക്കുള്ളവയിൽ നിന്ന് സ്വീകരിച്ച് നിങ്ങളോടു പ്രഖ്യാപിക്കും'' (യോഹ 16:15). എല്ലാം പിതാവിൽ നിന്ന് സ്വീകരിച്ച പുത്രൻ എല്ലാം സത്യാത്മാവിന് കൊടുക്കുന്നു. അഥവാ സത്യാത്മാവ് എല്ലാം പുത്രനിൽ നിന്ന് സ്വീകരിക്കുന്നു.

അങ്ങനെയെങ്കിൽ എല്ലാം സ്വീകരിക്കുന്നതും എല്ലാം കൊടുക്കുന്നതുമാണ് ദൈവസ്വഭാവമെന്നു വരുന്നു. ഇങ്ങനെ എല്ലാം സ്വീകരിക്കുകയും എല്ലാം കൊടുക്കുകയും ചെയ്യുന്ന ആ പ്രക്രിയ തന്നെയാണ് ദൈവം. അങ്ങനെയെങ്കിൽ ദൈവമെന്നത് ഒരു നാമമെന്നതിനേക്കാൾ ഒരു 'ക്രിയയാണെന്ന്' വരുന്നു.

സ്വീകരിക്കലും കൊടുക്കലുമാണ് ദൈവികരീതിയെങ്കിൽ അതിന് നമ്മൾ സാധാരണ പറയുന്ന പേരാണ് 'സ്‌നേഹം.' കാരണം സ്‌നേഹത്തിൽ സ്വീകരിക്കലും കൊടുക്കലും ഉൾച്ചേർന്നിരിക്കുന്നു.

ഫ്രാൻസീസ് പാപ്പാ ലോക കുടുംബസമ്മേളനത്തിന് ഫിലഡൽഫിയായിൽ വച്ച് പറഞ്ഞ സംഭവം. സൃഷ്ടികർമ്മത്തിനു മുൻപ് ദൈവം എന്തു ചെയ്യുകയായിരുന്നു എന്ന കുട്ടിയുടെ ചോദ്യം (സംഭവത്തിന്റെ വിശദാംശങ്ങൾക്ക് വീഡിയോ കാണുക).

സൃഷ്ടികർമ്മം തുടങ്ങുന്നതിന് മുൻപ് ദൈവം സ്‌നേഹിച്ചു കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ സ്‌നേഹിച്ചു കൊണ്ടിരുന്ന ദൈവം തന്റെ സ്‌നേഹത്തിന്റെ നിറവിലാണ് സൃഷ്ടികർമ്മം ആംരഭിക്കുന്നത് തന്നെ. അതിന്റെ കൊടുമുടിയിൽ ആറാം ദിവസം ദൈവം സൃഷ്ടിക്കുന്നത് മനുഷ്യനെയാണ്. അതിനാലാണ് ദൈവത്തിന്റെ സ്വഭാവം (സ്വീകരിക്കലും കൊടുക്കലും) സവിശേഷമായ രീതിയിൽ മനുഷ്യനിൽ നിഴലിക്കുന്നത്.

ദൈവം മനുഷ്യനെ തന്റെ ഛായയിൽ സൃഷ്ടിച്ചു (ഉൽപ 1:26,27). എല്ലാം സ്വീകരിക്കുകയും കൊടുക്കുകയും ചെയ്യുന്നതാണ് ദൈവസ്വഭാവം. ഈ ദൈവികഛായയിലാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ചുരുക്കത്തിൽ മനുഷ്യനിൽ നിഴലിക്കുന്ന ദൈവിക ഛായയാണ് ''എല്ലാം സ്വീകരിക്കാനും കൊടുക്കാനുമുള്ള പ്രവണത.'' മനുഷ്യനിലെ ദൈവിക സ്വഭാവമാണത്; മനുഷ്യനിലെ ദൈവികത തന്നെയാണത്.

ഈശോ പറയുന്നത് പിതാവിനുള്ളതെല്ലാം തനിക്കുള്ളതാണെന്നാണ് (യോഹ 16:15). അതിനർത്ഥം തനിക്കുള്ളതെല്ലാം താൻ പിതാവിൽ നിന്നും സ്വീകരിച്ചതാണെന്ന അവബോധം ഈശോയ്ക്ക് ഉണ്ടായിരുന്നു. ഈശോയുടെ ഈ അവബോധമായിരുന്നു അവന്റെ 'ദൈവപുത്രത്വം.'

അങ്ങനെയെങ്കിൽ സ്വീകരിച്ചതിനെക്കുറിച്ചുള്ള അവബോധത്തിലേക്ക് ഉണർന്നു വരാനാണ് ഈശോ ഇന്ന് നമ്മളോട് ആവശ്യപ്പെടുന്നത്. എന്തൊക്കെയാണ് നാം സ്വീകരിച്ചിട്ടുള്ളത്? ശരിക്ക് ചിന്തിച്ചാൽ, നമ്മൾ സ്വീകരിക്കാത്തതായി എന്താണുള്ളത്? നമ്മൾ അനുനിമിഷം ശ്വസിക്കുന്ന പ്രാണവായുവും, നമ്മൾ കുടിക്കുന്ന വെള്ളവും, നമ്മൾ കഴിക്കുന്ന ഭക്ഷണവും, നമ്മൾ നടക്കുന്ന ഈ ഭൂമിയും നമ്മൾ സ്വീകരിച്ചവയല്ലേ? അങ്ങനെ ചിന്തിച്ചാൽ നമ്മൾ സ്വീകരിക്കാത്തതായി ഒന്നും തന്നെ കണ്ടെന്ന് വരില്ല. നമ്മുടെ ജീവൻ തന്നെ നമ്മൾ സ്വീകരിച്ചതല്ലേ?

എല്ലാം സ്വീകരിച്ചതാണെന്ന അവബോധത്തിലേക്കുയർന്നാൽ ഉണ്ടാകുന്ന സ്വാഭാവികമായ പരിണതഫലം എന്തായിരിക്കും? അത് നന്ദിയല്ലാതെ മറ്റെന്താണ്? എല്ലാം സ്വീകരിച്ചവയാണെന്ന് തിരിച്ചറിയുന്നവൻ ഹൃദയം നിറയെ നന്ദിയോടെ ഉദാരമായി കൊടുക്കാൻ തുടങ്ങും. അങ്ങനെ കൊടുത്തു കൊണ്ടിരുന്നാൽ എന്തായിരിക്കും അതിന്റെ പരിണിതഫലം?... നേരെ മറിച്ച്, സ്വീകരിച്ചവയെ തിരിച്ചറിയാതെ, കൊടുക്കാൻ മടിക്കുന്നതിന്റെ പരിണിതഫലം എന്തായിരിക്കും?

ഇത് മനസ്സിലാക്കാൻ ഏറ്റവും നല്ലത് ഫലസ്തീനായിലെ രണ്ടു തടാകങ്ങളുടെ സ്വഭാവം മനസ്സിലാക്കുകയാണ്. ഗലീലി തടാകത്തിന്റെയും ചാവു കടലിന്റെയും സവിശേഷതകളിലെ വ്യത്യാസങ്ങൾ എന്തൊക്കെയാണ്? (വിശദാംശങ്ങൾക്ക് വീഡിയോ കാണു)

എല്ലാം സ്വീകരിച്ചതാണെന്നു തിരിച്ചറിയുന്നവൻ എല്ലാം ഉദാരമായി കൊടുക്കാൻ തുടങ്ങും. അതിലൂടെ അവനിലെ ജീവൻ കൂടുതൽ സജീവമാകാൻ തുടങ്ങും; അവനിലെ ജീവൻ വളർന്നു വരും. ആ വളർച്ചയുടെ നിറവിലാണ് അവന്റെ ജീവൻ നിത്യതയെ തൊടുന്നത്.

നേരെ മറിച്ച് സ്വീകരിച്ചവ തിരിച്ചറിയാത്തവൻ കൊടുക്കാൻ മടിക്കും. അവൻ എല്ലാം പിടിച്ചു വയ്ക്കാൻ ശ്രമിക്കും. അത് അവനെ നിർജീവനാക്കും; മൃതപ്രായനാക്കും. അങ്ങനെ, അവൻ ചാവുകടൽ പോലെ മൃതനായിത്തീരും.

അതിനാൽ ഈശോ ഇന്ന് നമ്മോട് ആവശ്യപ്പെടുന്നത് നമ്മിലെ ദൈവസ്വഭാവം തിരിച്ചറിയാനാണ്. അതായത്, നമ്മിൽ പതിഞ്ഞിരിക്കുന്നതും, നമ്മൾ സംവഹിക്കുന്നതുമായ ദൈവികഛായ. അത് തിരിച്ചറിയാൻ ആദ്യം വേണ്ടത് നമ്മൾ സ്വീകരിച്ചവയെക്കുറിച്ചുള്ള അവബോധത്തിലേക്ക് ഉണരുക എന്നതാണ്; അതിന് ശേഷം ആ അവബോധത്തിൽ തുടർച്ചയായി ജീവിക്കുക.

അങ്ങനെയായാൽ ഹൃദയത്തിൽ നിറയെ നന്ദിയോടെ നമുക്ക് ജീവിക്കാനും, ഉദാരതെയോടെ കൊടുക്കാനും നമുക്കാകും. അതിലൂടെ എല്ലാം സ്വീകരിക്കുകയും എല്ലാം കൊടുക്കുകയും ചെയ്യുന്ന ദൈവിതതയിലേക്ക് നമുക്ക് വളർന്നു കയറാനും പറ്റും.

അനുജദിന ജീവിതത്തിൽ നമ്മൾ ഏറെ സ്വീകരിക്കുകയും ഏറെ കൊടുക്കുകയും ചെയ്യുന്നവരാണ്. അങ്ങനെയെങ്കിൽ അനുദിന ജീവിതത്തിലെ നമ്മുടെ സ്വീകരിക്കലുകളെ നമുക്ക് കൂടുതൽ ബോധപൂർവ്വമാക്കാം. അനുദിന ജീവിതത്തിലെ നമ്മുടെ കൊടുക്കലുകളിൽ നമുക്ക് കൂടുതൽ സ്നേഹം കലർത്താം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP