Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിഐ നവാസിന്റെ തിരോധാനം: ഡിഗ്നിറ്റി അറ്റ് വർക്ക് എന്തെന്ന് നമ്മുടെ പല മേലുദ്യോഗസ്ഥർക്കും അറിയില്ലെന്ന കാര്യം ഉറപ്പ്; ബോസിന് കാപ്പി ഉണ്ടാക്കുന്നതും വീട്ടിലെ ജോലി ചെയ്യുന്നതും ഗവേഷണ സൂപ്പർവൈസറുടെ മക്കളെ ക്രെഷിൽ കൊണ്ടുവിടുന്നതും നിങ്ങളുടെ ജോലിയല്ല; ഡിഗ്നിറ്റി അറ്റ് വർക്ക് അടിയന്തരമായി പഠിപ്പിക്കണം: സുരേഷ്.സി.പിള്ള എഴുതുന്നു

സിഐ നവാസിന്റെ തിരോധാനം: ഡിഗ്നിറ്റി അറ്റ് വർക്ക് എന്തെന്ന് നമ്മുടെ പല മേലുദ്യോഗസ്ഥർക്കും അറിയില്ലെന്ന കാര്യം ഉറപ്പ്; ബോസിന് കാപ്പി ഉണ്ടാക്കുന്നതും വീട്ടിലെ ജോലി ചെയ്യുന്നതും ഗവേഷണ സൂപ്പർവൈസറുടെ മക്കളെ ക്രെഷിൽ കൊണ്ടുവിടുന്നതും നിങ്ങളുടെ ജോലിയല്ല; ഡിഗ്നിറ്റി അറ്റ് വർക്ക് അടിയന്തരമായി പഠിപ്പിക്കണം: സുരേഷ്.സി.പിള്ള എഴുതുന്നു

സുരേഷ് സി. പിള്ള

സിഐ യുടെ തിരോധാനവും, തൊഴിൽ സ്ഥലത്തെ മാന്യതയും (*ഡിഗ്‌നിറ്റി അറ്റ് വർക്ക്*)'.കൊച്ചി സെൻട്രൽ സർക്കിൾ ഇൻസ്‌പെക്ടറിന്റെ തിരോധാനവും, തിരിച്ചു വരവും, അദ്ദേഹം ജോലിസ്ഥലങ്ങളിൽ അനുഭവിച്ചിരുന്ന മാനസിക സംഘർഷങ്ങളും കഴിഞ്ഞ കുറെ ദിവസങ്ങളായി ദൃശ്യ മാധ്യമങ്ങളിൽ കണ്ടു കാണും.

വിശദാംശങ്ങൾ മുഴുവനായും നമുക്ക് ഇപ്പോൾ അറിയില്ല, അത് പുറത്തു വരട്ടെ. പക്ഷെ ഒരു കാര്യം ഉറപ്പാണ്, *ഡിഗ്‌നിറ്റി അറ്റ് വർക്ക്* എന്താണ് എന്ന് നമ്മുടെ സർക്കാർ, പൊതു മേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പല മേലുദ്യോഗസ്ഥർക്കും അറിവുള്ളതല്ല. കുറെ നാളുകൾക്ക് മുൻപ് മേലുദ്യോഗസ്ഥന്റെ മകളുടെ അടി വാങ്ങി, ആശുപത്രിയിൽ ആയ പൊലീസുകാരന്റെ നിസ്സഹായാവസ്ഥ പത്രത്തിൽ വായിച്ചു കാണുമല്ലോ? മേലുദ്യോഗസ്ഥനായി ചായ ഉണ്ടാക്കുന്ന കീഴുദ്യോഗസ്ഥന്റെ കഥയും കേട്ടുകാണും.

ചുറ്റിനും നോക്കിയാൽ സമാനമായ നൂറു കണക്കിന് ഉദാഹരണങ്ങൾ വേറെയും കാണാം.എന്ത് തൊഴിൽ ആയാലും, അത് ഒരു പൗരന്റെ അന്തസ്സിനും, മാന്യതയ്ക്കും അനുസരിച്ചു ചെയ്യാൻ ഉതകുന്ന രീതിയിൽ വിദേശ രാജ്യങ്ങളിൽ ഒക്കെയുള്ള നിയമാവലി ആണ് 'ഡിഗ്‌നിറ്റി അറ്റ് വർക്ക് പോളിസി (Dignity at Work Policy)'.

അയർലണ്ടിലും അമേരിക്കയിലുമായി ഞാൻ ജോലി ചെയ്ത നാലു സ്ഥാപനങ്ങളിലും നിർബന്ധിതമായ കോഴ്‌സ് (mandatory course) ആയിരുന്നു 'ഡിഗ്‌നിറ്റി അറ്റ് വർക്ക്'.ചില സ്ഥലങ്ങളിൽ ഓരോ രണ്ടു വർഷം കൂടുമ്പോൾ ഇത് പുതുക്കുകയും വേണം. ഒരു ഓർഗനൈസേഷന്റെ പ്രസിഡന്റ് മുതൽ ഏറ്റവും താഴത്തെ ശ്രേണിയിൽ ഉള്ള ആൾ വരെ ചെയ്യേണ്ടിയിരുന്ന കോഴ്‌സ് ആണ് 'ഡിഗ്‌നിറ്റി അറ്റ് വർക്ക്'.

ഓരോ തൊഴിൽ ശാലകൾക്കും അവരുടേതായ 'ഡിഗ്‌നിറ്റി അറ്റ് വർക്ക് പോളിസികൾ കാണും. 'ഡിഗ്‌നിറ്റി അറ്റ് വർക്ക് പോളിസിയിൽ വരുന്നതാണ് Bullying (മറ്റുള്ളവരെ ഭയപ്പെടുത്തി ഭരിക്കാന് സ്വന്തം ശക്തി ഉപയോഗിക്കുക), Harassment (ശാരീരിക, മാനസിക പീഡനം) and Sexual Harassment (ലൈംഗിക പീഡനം). ഇതിനെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നതിനും മുൻപേ ഓരോ തൊഴിലാളിയും മനസ്സിലാക്കേണ്ട വലിയ ഒരുകാര്യമാണ്, നിങ്ങൾക്ക് നിങ്ങളുടെ കോൺട്രാക്ടിൽ ഉള്ള ജോലി ചെയ്യാനേ ബാദ്ധ്യത ഉള്ളൂ. അതായത്, മേലുദ്യോഗസ്ഥന് കാപ്പി ഉണ്ടാക്കുന്നതും, ബോസിന്റെ വീട്ടിലെ ജോലി ചെയ്യുന്നതും, ഗവേഷണ സൂപ്പർവൈസറുടെ മക്കളെ ക്രെഷിൽ കൊണ്ടെ വിടുന്നതും നിങ്ങളുടെ തൊഴിലിൽ പെട്ട കാര്യമല്ല. നിങ്ങളുടെ കോൺട്രാക്ടിൽ ഇല്ലാത്ത കാര്യങ്ങൾ, നിങ്ങളുടെ ഇഷ്ടത്തിനു വിപരീതമായി നിങ്ങളെ കൊണ്ട് ചെയ്യുക്കുന്നത് ബുള്ളിയിങ് ആണ്.

എന്താണ് 'ബുള്ളിയിങ്ങ് അഥവാ Bullying ' ?

അധികാരം ഉപയോഗിച്ചോ, ഭീഷണിപ്പെടുത്തിയോ, ബലം പ്രയോഗിച്ചോ, സമ്മർദ്ദതന്ത്രങ്ങൾ പ്രയോഗിച്ചോ, ഭയപ്പെടുത്തിയോ മറ്റൊരാളെ ക്കൊണ്ട് ജോലി ചെയ്യിക്കുന്നതോ, അവരെ നിങ്ങളുടെ വരുതിയിൽ ആക്കുന്നതോ, അവരെ മറ്റുള്ളവരിൽ നിന്നും താഴ്‌ത്തി കാണിക്കുന്നതോ ആയ പ്രവർത്തികൾ എല്ലാം ബുള്ളിയിങ് ആയി വരും. ഉദാഹരണത്തിന് മുകളിലത്തെ പൊലീസ് ഉദ്യോഗസ്ഥൻ ജോലി സ്ഥലത്തെ ബുള്ളിയിങിന്റെ ഇര എന്ന് പറയാം.

ബുള്ളിയിങ്ങ് (Bullying) ഏതൊക്കെ തരത്തിൽ ആകാം?

ബുള്ളിയിങ്ങിനെ സാധാരണയായി അഞ്ചായി തരം തിരിക്കാം. വൈകാരികമായത് (emotional), വാക്കുകൾ കൊണ്ട് (verbal), ശാരീരികമായി (physical), sexual (ലൈംഗികമായി), ഇന്റർനെറ്റ് വഴി (cyber) ഉള്ള ബുള്ളിയിങ്ങുകൾ ഈ അഞ്ചെണ്ണം.

ഉദാഹരണങ്ങൾ പറയുമോ?

ജോലി സ്ഥലത്തുള്ള ബുള്ളിയിന്റെ ഉദാഹരണങ്ങൾ ആണ്, സ്ഥിരമായി അപമാനിക്കുക, അവജ്ഞയോടെ സംസാരിക്കുക, മറ്റുള്ളവരുടെ മുൻപിൽ താഴ്‌ത്തിക്കെട്ടുക, കോൺട്രാക്ടിൽ ഇല്ലാത്ത ജോലികൾ ചെയ്യിക്കുക, ഭീഷണി, ഭീഷണിയോടെ സംസാരിക്കുക, മറ്റുള്ളവരുടെ മുൻപിൽ മനപ്പൂർവ്വം ഒഴിവാക്കപ്പെടുക (തഴയപ്പെടുക), ലൈംഗിക ചുവയോടെ സംസാരിക്കുക, ജോലിയിൽ മോശമാണ് എന്ന് മറ്റുള്ളവരുടെ മുൻപിൽ വച്ച് അപമാനിക്കുക തുടങ്ങിയവ. താഴെ ഉള്ള ഉദ്യോഗസ്ഥനെ കൊണ്ട് കാപ്പി ഉണ്ടാക്കിന്നതും, സിഗരറ്റ് മേടിക്കാൻ കടയിൽ വിടുന്നതും എല്ലാം ബുള്ളിയിന്റെ ഉദാഹരണങ്ങൾ ആണ്.

ഇത് വിദേശത്തൊക്കെയല്ലേ പറ്റൂ, നമ്മുടെ നാട്ടിൽ ഇതിന് നിയമ പരിരക്ഷ ഉണ്ടോ?

ണ്ടല്ലോ. ഇന്ത്യൻ ഭരണ ഘടനയുടെ ആർട്ടിക്കിൾ ഇരുപത്തൊന്ന് (Article 21 Right to Life and Personal Liberty) പറയുന്നത് 'No person shall be deprived of his life or personal liberty except according to procedure established by law.' എന്നാണ്. ഇതിനെ സാധൂകരിച്ചു കൊണ്ട്, സുപ്രീം കോർട്ട് Francis Coralie v. Union Territory വിധി ന്യായത്തിൽ പറയുന്നുണ്ട് 'The right to live includes the right to live with human dignity and all that goes along with it, viz., the bare necessities of life such as adequate nutrition, clothing and shelter over the head and facilities for reading writing and expressing oneself in diverse forms, freely moving about and mixing and mingling with fellow human beings and must include the right to basic necessities the basic necessities of life and also the right to carry on functions and activities as constitute the bare minimum expression of human self.' (Reference: Chaskalson. 'Human dignity as a constitutional value.' The Concept of Human Dignity in Human Rights Discourse (Kluwer Law International The Hague 2002) (2002): 133-144.)

നിങ്ങൾ ബുള്ളിയിങിന്റെ ഇരയാണെങ്കിൽ എന്തൊക്കെ ചെയ്യാം?

നിങ്ങളുടെ നേരിട്ടു മുകളിൽ ഉള്ള ഉദ്യോഗസ്ഥനിൽ നിന്നാണ് ബുള്ളിയിങ്ങ് ഉണ്ടാകുന്നതെങ്കിൽ, അതിനും മുകളിലുള്ള ഉദ്യോഗസ്ഥനോട് പരാതിപ്പെടാം. അല്ലെങ്കിൽ സ്ഥാപനത്തിന്റെ HR മാനേജരോട് നേരിട്ടു പരാതി പറയാം. നിങ്ങൾ ഏതെങ്കിലും യൂണിയൻ മെമ്പർ ആണെങ്കിൽ, യൂണിയൻ പ്രതിനിധികളും ആയും ഈ കാര്യങ്ങൾ ചർച്ച ചെയ്യാം. നിങ്ങൾ നേരിട്ട് തൊഴിൽ ദാതാവിനെ കണ്ട് പരാതി പറയുന്നതിലും കൂടുതൽ ഫലപ്രദമായത് യൂണിയൻ പ്രതിനിധികളുമായി തൊഴിൽ ദാതാവിനെ കാണുന്നതാണ്.

ഒരു കാര്യം അടിവരയിട്ടു പറയാം നിങ്ങൾ, നിങ്ങളുടെ കോൺട്രാക്ടിൽ (എഴുതിയതോ, വാക്കളുള്ളതോ ആയ) പറഞ്ഞ കാര്യങ്ങൾ മാത്രം ചെയ്യാനേ നിങ്ങൾ ബാധ്യസ്ഥരായുള്ളൂ.

അമേരിക്കൻ എഴുത്തുകാരൻ John Calvin Maxwell ന്റെ വാക്കുകൾ കൂടി പറഞ്ഞു നിർത്താം 'There are two kinds of pride, h good and bad. 'Good pride' represents our dignity and self-respect. 'Bad pride' is the deadly sin of superiority that reeks of conceit and arrogance.'.

ചുരുക്കത്തിൽ കേരളത്തിലെ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപങ്ങളിലെ എല്ലാ ഉദ്യോഗസ്ഥർക്കും അടിയന്തിരമായി നൽകേണ്ട ഒരു കോഴ്‌സ് ആണ് *ഡിഗ്‌നിറ്റി അറ്റ് വർക്ക് പോളിസി* എന്ന കാര്യത്തിൽ തർക്കം ഉണ്ടാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP