Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മായം ചേർക്കാത്ത മയക്കുമരുന്ന് നിശാപാർട്ടികളിൽ എത്തിക്കുന്ന വിരുതനെ ഇടപാടുകാർക്കെല്ലാം പ്രിയം; 'കിളി പോകാൻ' എന്തുചെയ്യണമെന്ന് ക്ലാസ് നൽകാനും വിദഗ്ധൻ; കുളു-മനാലിയിൽ നിന്ന് ഹാഷിഷ് ഓയിൽ എത്തിക്കാൻ സന്ദേശം കൈമാറിയിരുന്നത് രഹസ്യ സ്വഭാവമുള്ള ടെലിഗ്രാം മെസഞ്ചർ ആപ്പ് വഴി; കച്ചവടമെല്ലാം അടിപൊളി ജീവിതം നയിക്കാൻ; ആലുവ എക്‌സൈസ് ഷാഡോ സ്‌ക്വാഡ് ഓടിച്ചിട്ട് പിടിച്ച സക്കീർ കുടുങ്ങിയത് 'ഓപ്പറേഷൻ മൺസൂണിൽ'

മായം ചേർക്കാത്ത മയക്കുമരുന്ന് നിശാപാർട്ടികളിൽ എത്തിക്കുന്ന വിരുതനെ ഇടപാടുകാർക്കെല്ലാം പ്രിയം;  'കിളി പോകാൻ' എന്തുചെയ്യണമെന്ന് ക്ലാസ് നൽകാനും വിദഗ്ധൻ; കുളു-മനാലിയിൽ നിന്ന് ഹാഷിഷ് ഓയിൽ എത്തിക്കാൻ സന്ദേശം കൈമാറിയിരുന്നത് രഹസ്യ സ്വഭാവമുള്ള ടെലിഗ്രാം മെസഞ്ചർ ആപ്പ് വഴി; കച്ചവടമെല്ലാം അടിപൊളി ജീവിതം നയിക്കാൻ; ആലുവ എക്‌സൈസ് ഷാഡോ സ്‌ക്വാഡ് ഓടിച്ചിട്ട് പിടിച്ച സക്കീർ കുടുങ്ങിയത് 'ഓപ്പറേഷൻ മൺസൂണിൽ'

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി : മായം ചേർക്കാത്ത മയക്കുമരുന്ന് വിൽപ്പനക്കാരൻ എന്ന നിലയിൽ ലഹരി ഉപഭോക്താക്കളുടെ പ്രിയങ്കരനായ കോട്ടയം ഈരാറ്റുപേട്ട, തടയ്ക്കൽ ദേശത്ത്, പള്ളിത്താഴ വീട്ടിൽ ബഷീർ മകൻ കുരുവി അഷ്‌റു എന്ന് വിളിക്കുന്ന സക്കീർ (33) എക്‌സൈസൈസ് സംഘത്തിന്റെ പിടിയിൽ. ഈരാറ്റുപേട്ട സ്വദേശിയാണെങ്കിലും ഇയാൾ ഇപ്പോൾ ആലുവ കുട്ടമശ്ശേരിക്കടുത്ത് വാടകയ്ക്കാണ് താമസിച്ചു വന്നിരുന്നത്.
പെരുമ്പാവൂർ വല്ലം കൊച്ചങ്ങാടി എന്ന സ്ഥലത്ത് ബ്യൂട്ടി പാർലർ നടത്തുന്ന ഇയാൾ, ഇത് മറയാക്കി വർഷങ്ങളായി കഞ്ചാവ് വിൽപ്പന നടത്തി വരുകയായിരുന്നു എന്നാണ് എക്‌സൈസ് അധികൃതരുടെ വെളിപ്പെടുത്തൽ.

ആലുവ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ടി കെ ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് ഇയാളെ പിടികൂടിയത്. രണ്ട് കിലോ ഗ്രാം ഹാഷിഷ് ഓയിൽ, 95 അൽപ്രാസോളം മയക്ക് മരുന്ന് ഗുളികകൾ, 35 നൈട്രോസെപാം മയക്ക് മരുന്ന് ഗുളികകൾ എന്നിവ ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. നിശാപാർട്ടികൾക്ക് വേണ്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സക്കീർ ലഹരിമരുന്ന് എത്തിച്ചുു നൽകിയിരുന്നതായും ഈ രംഗത്ത് ഇയാളുടെ നേതൃത്വത്തിൽ വൻ സംഘം പ്രവർത്തിച്ചുവരുന്നതായും വിവരം ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഗ്രീൻ ലേബൽ വിഭാഗത്തിൽപ്പെടുന്ന ഏറ്റവും മുന്തിയ ഇനം ഹാഷിഷ് ഓയിലാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത് . അന്താരാഷ്ട വിപണിയിൽ ഇതിന് രണ്ട് കോടിയിൽപരം രൂപ വിലമതിക്കും.

ഹിമാചൽ പ്രദേശിലെ കുളു - മണാലി എന്നിവിടങ്ങളിൽ നിന്ന് ഏജന്റുമാർ വഴിയാണ് ഇയാൾ ഹാഷിഷ് ഓയിൽ കേരളത്തിൽ എത്തിക്കുന്നത്.ഗ്രീൻ ലേബൽ ഇനത്തിൽ പെടുന്ന ഹാഷിഷ് ഓയിലിന് ആവശ്യക്കാർ ഏറെയാണ്. മായം ചേർക്കാത്ത മയക്കുമരുന്നുകൾ വിൽക്കുന്നതുകൊണ്ട് ഇയാൾ ഉപഭോക്താക്കൾക്ക് പ്രിയങ്കരനായിരുന്നു. മുൻകൂട്ടി ലഭിക്കുന്ന ഓർഡർ അനുസരിച്ചാണ് ഇയാൾ നിശാപാർട്ടികൾക്ക് മയക്ക് മരുന്ന് എത്തിച്ച് കൊടുത്തിരുന്നത്. ക്യാൻസർ രോഗികൾക്ക് കീമോതറാപ്പി ചെയ്യുന്നതിനും, അമിതമായ ഉത്കണ്ഠ- ഭയം എന്നിവ ഉള്ളവർക്ക് നൽകുന്നതുമായ അതിമാരകമായ മയക്ക് മരുന്നാണ് അൽപ്രസോളം. ഈ മയക്ക് മരുന്നിന്റെ അളവും, ഉപയോഗക്രമവും പാളിയാൽ കഴുത്തിന് കീഴ്‌പോട്ട് തളർന്ന് പോകുവാനും ഒരു പക്ഷേ മരണം വരെ സംഭവിക്കാവുന്നതുമാണെന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.

മാനസ്സിക വിഭ്രാന്തിയുള്ളവർക്ക് സമാശ്വാസത്തിനായി നൽകുന്നതാണ് നൈട്രോസെപാം ഗുളികകൾ. മൈസൂർ നിന്നും മൈസൂർ മാങ്കോ എന്ന ഇനത്തിൽപ്പെടുന്ന കഞ്ചാവ് എടുത്തുകൊണ്ട് വന്ന് നാട്ടിൽ വിൽപ്പന നടത്തി വന്നിരുന്ന ഷക്കീർ, ഇയാളുടെ ഒരു സുഹൃത്ത് വഴി ബാംഗ്ലൂർ വച്ച് പരിചയപ്പെട്ട ഒരു ഇറാനിയൻ സ്വദേശി വഴിയാണ് കുളു - മണാലി എന്നിവിടങ്ങളിൽ നിന്ന് ഹാഷിഷ് ഓയിൽ വാങ്ങാൻ തുടങ്ങിയത്. ഇറാനിയൻ സ്വദേശിയുടെ ഏജന്റുമാർ വഴി ടെലിഗ്രാം മെസഞ്ചർ വഴിയാണ് ഇയാൾ വിവരങ്ങൾ കൈമാറിയിരുന്നത്. ടെലിഗ്രാം മെസഞ്ചർ വഴി ലഭിക്കുന്ന നിർദ്ദേശമനുസരിച്ച് ഇയാൾ തൃശുർ - പാലക്കാട് എന്നിവിടങ്ങളിൽ വച്ചാണ് ഹാഷിഷ് ഓയിൽ വാങ്ങിയിരുന്നത്. മയക്ക് മരുന്ന് വില്പനയുടെ രഹസ്യ സ്വഭാവം നിലനിർത്തുന്നതിനായി തീവ്രവാദ ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ളവർ ഉപയോഗിച്ച് വരുന്ന ടെലിഗ്രാം മെസ്സെഞ്ചർ അപ്പ് ആണ് ഉപയോഗിച്ച് വരുന്നതെന്നതും ശ്രദ്ധേയമാണ്. ഇത്തരം രഹസ്യ ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള ഡീലുകൾ സംബന്ധിച്ചുള്ള അന്വേഷണം ഏറെ ദുഷ്‌കരമാണെന്നും അധികൃതർ അറിയിച്ചു.

മയക്ക് മരുന്നുകൾ ഉപയോഗിക്കുന്നവിധവും ഇയാൾ വിവരിച്ച് നൽകിയിരുന്നു. അത് ഇങ്ങനെയാണ്. അൽപ്രാസോളം മയക്ക് മരുന്ന് ഗുളിക കഴിച്ചതിന് ശേഷം ഹാഷിഷ് ഓയിൽ ഉപയോഗിക്കുകയാണെങ്കിൽ 24 മണിക്കൂർ സമയത്തേയ്ക്ക് ഇതിന്റെ ഉന്മാദം നിലനിൽക്കുമെന്നും, ഈ രീതിയിൽ മയക്ക് മരുന്ന് ഉപയോഗിക്കുന്നവർ ഇതിനെ 'കിളി പോയി' എന്നാണ് പറയുന്നതെന്നും ഇയാൾ വിശദീകരിക്കുന്നു. ഹാഷിഷ് ഓയിൽ 100 ഗ്രാം വരെ കൈവശം വയ്ക്കുന്നത് 10 വർഷം വരെ കഠിന തടവ് ലഭിക്കാവുന്നതും, ഒരു കിലോയ്ക്ക് മേലെ കൈവശം വയ്ക്കുന്നത് 20 വർഷം വരെ കഠിന തടവ് ലഭിക്കാവുന്നതുമായ കുറ്റവുമാണെന്നരിക്കെ ഇയാളിൽ നിന്ന് പിടിച്ചെടുത്തത് രണ്ട് കിലോ ഗ്രാം ഹാഷിഷ് ഓയിലാണ്. അൽപ്രാസോളം മയക്ക് മരുന്ന് ഗുളികകൾ 50 എണ്ണം വരെ കൈവശം വച്ചാൽ 10 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാം.

ഇയാളുടെ സഹായികളായ ആളുകളെ ഇതിന് മുൻപ് ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീം കസ്റ്റഡിയിലെടുത്തിരുന്നു എങ്കിലും ഇയാൾ എക്‌സൈസ് സംഘത്തിന്റെ കൈകളിൽ നിന്ന് അതിവിദഗ്ധമായി രക്ഷപെട്ട് വരുകയായിരുന്നു. തൃശൂരിൽ നിന്ന് ഇയാൾ മയക്ക് മരുന്നുകളുമായി ആലുവ ഭാഗത്തേയ്ക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഷാഡോ ടീം ഇയാളെ നിരീക്ഷിച്ച് വരുകയായിരുന്നു. ആലുവ കുട്ടമശ്ശേരിക്കടുത്ത് വച്ച് ഇയാളുടെ കാർ എക്‌സൈസ് ഷാഡോ സംഘം തടയുകയായിരുന്നു. പിടിയിലാകുമെന്ന് ഉറപ്പായതോടെ കാർ ഉപേക്ഷിച്ച് ഇറങ്ങി ഓടിയ ഇയാളെ ഷാഡോ ടീം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളെ മയക്കുമരുന്നുകളുമായി കാർ അടക്കം കസ്റ്റഡിയിൽ എടുത്തു. ഏറ്റവും മാരകമായ ഉന്മാദ ലഹരി ഉത്പന്നങ്ങളാണ് ഇയാളിൽ നിന്ന് പിടിച്ചെടുന്നതെന്ന് അധികൃതർ അറിയിച്ചു.

അഡംബര ജീവിതത്തിനുള്ള പണം കണ്ടെത്തുന്നതിനും, ഉന്മാദ അവസ്ഥയിൽ ആയിരിക്കുന്നതിനും വേണ്ടിയാണ് ഇയാൾ മയക്ക് മരുന്ന് വിപണനം നടത്തിയിരുന്നതെന്ന് ഇൻസ് പക്ടർ ടി കെ ഗോപി അറിയിച്ചു. ഇയാൾക്ക് മയക്ക് മരുന്ന് എത്തിച്ച് കൊടുക്കുന്ന മാഫിയ സംഘത്തെക്കുറിച്ച് എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിന്റെ സാദ്ധ്യമായ എല്ലാ അധികാരങ്ങൾ ഉപയോഗിച്ചും മറ്റ് വകുപ്പകളുടെ സഹകരണത്തോടെയും ഇത് സംബന്ധിച്ച സമഗ്ര അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു. ഇത് ആദ്യമായാണ് കേരളത്തിൽ ഇത്രയുമധികം അൽപ്രോസോളം മയക്ക് മരുന്ന് ഗുളികകൾ കണ്ടെടുക്കുന്നത്. മരുന്ന് കമ്പനികളുടെ മറവിൽ ഇത്തരം ഗുളികകൾ വിൽപ്പന നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രം ലഭിക്കുന്ന ഇത്തരം മയക്കുമരുന്നുകൾ മെഡിക്കൽ സ്റ്റോറുകാർ ദുരുപയോഗം ചെയ്യുന്നതായും പ്രതിയിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. അത്തരം മെഡിക്കൽ ഷോപ്പുകൾ നിരീക്ഷിച്ച് നടപടി സ്വീകരിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.

എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ മേൽ നോട്ടത്തിൽ 'ഓപ്പറേഷൻ മൺസൂൺ ' എന്ന് പേരിട്ടിരിക്കുന്ന ഒരു പ്രത്യേക ഷാഡോ വിഭാഗം ആലുവ എക്‌സൈസ് റേഞ്ചിൽ രൂപീകരിച്ച് ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് വരികയാണ്. ഈ ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പ്രവർത്തനത്തിലാണ് ഷക്കീർ പിടിയിലാകുന്നത്.

ഇൻസ്‌പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ വാസുദേവൻ, അബ്ദുൾ കരീം, ഷാഡോ ടീം അംഗങ്ങളായ എൻ.ഡി ടോമി, എൻ ജി അജിത് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അഭിലാഷ്, സിയാദ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ വിജു, നീതു എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP