Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭവന വായ്പ കെണിയാകാതിരിക്കണോ ? തിരിച്ചടവിൽ തട്ടുകേട് ഉണ്ടാകാതിരിക്കാൻ ആദ്യം മുതലേ ശ്രദ്ധിക്കാം; റിസർവ് ബാങ്ക് റീപ്പോ നിരക്ക് കുറച്ചാൽ ഭവന വായ്പ എടുത്തവർക്ക് എന്ത് പ്രയോജനം എന്നതിൽ വ്യക്തതയുണ്ടോ? തിരിച്ചടവിൽ മുടക്കം വന്നാൽ പരിഹാരത്തിനായി ശ്രമിക്കാവുന്ന മാർഗങ്ങൾ എന്തൊക്കെ ? ഭവന വായ്പ ലഭിക്കുന്നതിന് ജോലി ചെയ്യുന്നവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കുമുള്ള പ്രായ പരിധി എത്ര? ഉത്തരങ്ങളുമായി ഭവന വായ്പാ സ്പെഷ്യൽ മിനി മണിച്ചെപ്പ്

ഭവന വായ്പ കെണിയാകാതിരിക്കണോ ? തിരിച്ചടവിൽ തട്ടുകേട് ഉണ്ടാകാതിരിക്കാൻ ആദ്യം മുതലേ ശ്രദ്ധിക്കാം; റിസർവ് ബാങ്ക് റീപ്പോ നിരക്ക് കുറച്ചാൽ ഭവന വായ്പ എടുത്തവർക്ക് എന്ത് പ്രയോജനം എന്നതിൽ വ്യക്തതയുണ്ടോ? തിരിച്ചടവിൽ മുടക്കം വന്നാൽ പരിഹാരത്തിനായി ശ്രമിക്കാവുന്ന മാർഗങ്ങൾ എന്തൊക്കെ ? ഭവന വായ്പ ലഭിക്കുന്നതിന് ജോലി ചെയ്യുന്നവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കുമുള്ള പ്രായ പരിധി എത്ര? ഉത്തരങ്ങളുമായി ഭവന വായ്പാ സ്പെഷ്യൽ മിനി മണിച്ചെപ്പ്

തോമസ് ചെറിയാൻ കെ

ഭവന വായ്പ എന്നതിൽ കൈവെക്കാത്ത ആളുകൾ ഇന്ത്യയിൽ വളരെ ചുരുക്കമേ കാണപ്പെടുകയുള്ളൂ. പ്രത്യേകിച്ച് നമ്മുടെ കൊച്ചു കേരളത്തിൽ. ഏതാനും ദിവസം മുൻപ് റിസർവ് ബാങ്കിന്റെ ഭാഗത്ത് നിന്നും പുറത്ത് വന്ന വാർത്ത ഭവന വായ്പ അടക്കമുള്ളവ എടുത്തവർക്ക് അൽപം ആശ്വാസം പകരുന്നതായിരുന്നു. രാജ്യത്തെ വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റീപ്പോ നിരക്കിൽ 25 ബേസിസ് പോയിന്റിന്റെ കുറവ് വരുത്തിയിരിക്കുന്നു എന്നായിരുന്നു അത്. റീപ്പോ നിരക്ക് എന്നാൽ എന്താണെന്ന് വ്യക്തമാകാത്ത ഒട്ടേറെ ആളുകൾ നമുക്കിടയിലുണ്ട്. വായ്പകൾക്ക് രാജ്യത്ത് ഡിമാന്റ് കൂടുന്ന വേളയിൽ വായ്പ ചോദിച്ചെത്തുന്ന എല്ലാവർക്കും കൊടുക്കാൻ ബാങ്കുകളുടെ കൈയിൽ പണം കാണണമെന്നില്ല.

ഇത്തരം വേളകളിൽ ആർബിഐ നേരിട്ട് പണം കടം കൊടുക്കും. ഈ വായ്പയ്ക്ക് ആർബിഐ ഏർപ്പെടുത്തുന്ന പലിശ നിരക്കാണ് റീപ്പോ. റീപ്പോ നിരക്ക് കൂടുക എന്നാൽ ഇത്തരത്തിൽ സമ്പദ് വ്യവസ്ഥയിലേക്ക് പണം ഒഴുകാൻ ആർബിഐ താൽപര്യപ്പെടുന്നില്ല എന്നാണ്. അതു പോലെ തന്നെ അറിഞ്ഞിരിക്കേണ്ട ഒന്നാണ് റിവേഴ്സ് റീപ്പോ നിരക്കും. വായ്പ എടുക്കാൻ അധികം ആളുകൾ എത്താതെ ബാങ്കുകളുടെ കൈയിൽ പണം നിറഞ്ഞാൽ റിസർവ് ബാങ്ക് തന്നെ അത് നിക്ഷേപമായി സ്വീകരിക്കുകയും അതിന് പലിശ നൽകുകയും ചെയ്യും. ഈ പലിശ നിരക്കിനെയാണ് റിവേഴ്സ് റീപ്പോ നിരക്കെന്ന് വിളിക്കുന്നത്.

ഇക്കാര്യങ്ങൾ രണ്ടും മനസിലാക്കിയാൽ തന്നെ ആർബിഐയുടെ ഈ തീരുമാനം എന്തിനെന്ന ചെറിയൊരു ധാരണ ലഭിക്കും. ഭവന വായ്പ-വാഹന വായ്പ എന്നിവ എടുത്തിരിക്കുന്നതും എടുക്കാൻ പോകുന്ന ആളുകൾക്കുമാവും ഇത് ഗുണം ചെയ്യുക. എന്നാൽ ഭവന വായ്പ എന്നത് ഒരേ സമയം അനുഗ്രഹവും ശാപവുമാകുന്നത് അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ്. ഭവന വായ്പയെ പറ്റി അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളാണ് ഇത്തവണത്തെ മണിച്ചെപ്പിലൂടെ ഓർമ്മിപ്പിക്കുന്നത്.

റീപ്പോ നിരക്ക് കുറച്ചാൽ നിങ്ങൾക്കെന്ത് ഗുണം ? ഇതാ കേട്ടോളൂ

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ് അധ്യക്ഷനായ പണനയ അവലോകന സമിതി ധനനയം പ്രഖ്യാപിച്ചപ്പോൾ നാം കുറച്ച് സന്തോഷിച്ചിരിക്കണം. 6.0 ആയിരുന്ന റീപ്പോ നിരക്ക് .25 ശതമാനം കുറച്ച് 5.75 ശതമാനമാക്കുകയും ന്യൂട്രലായിരുന്ന ധനനയ നിലപാട് അക്കോമഡേറ്റീവ് എന്ന നിലയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. രാജ്യത്തെ സാമ്പത്തികമായ ഇടിവിൽ നിന്നും കരകയറ്റാൻ നമ്മെ സഹായിക്കുന്ന ഒന്നാണ് ഇതെന്ന് സംശയമില്ലാതെ തന്നെ പറയാം. ഇത് വിപണിയിൽ നിൽക്കുന്ന സമ്മർദ്ദത്തെ അടക്കം കുറയ്ക്കുമ്പോൾ വ്യവസായ മേഖലകളിലേക്ക് അധികം പണം ഒഴുകിയെത്തുന്നതിനും സഹായിക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ഈ വർഷം തന്നെ ഇത് മൂന്നാം തവണയാണ് ആർബിഐ റീപ്പോ നിരക്ക് കുറയ്ക്കുന്നത്. ഈ നിർദ്ദേശം അനുസരിച്ച് പലിശ നിരക്കിൽ ബാങ്കുകൾ ആനുപാതികമായി പലിശ കുറയ്ക്കണമെന്നാണ് നിയമം. എന്നാൽ ബാങ്കുകളുടെ വിനിമയ തുകയുടെ 98 ശതമാനം നിക്ഷേപത്തിൽ നിന്നാണെന്നതു കൊണ്ട് തന്നെ പലിശ കുറയ്ക്കാൻ ബാങ്കുകൾ തയാറാകത്തുമില്ല. എന്നാൽ ഇക്കുറിയുള്ള റീപ്പോ നിരക്ക് കുറയ്ക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഇതിന്റെ നേട്ടം ലഭിക്കണമെന്ന ആർബിഐ നിർദ്ദേശം ശ്രദ്ധിക്കേണ്ട ഒന്നാണ്.

നിങ്ങൾ വായ്പ എടുത്ത ഒരാളാണോ എങ്കിൽ തീർച്ചയായും ആർബിഐ നയത്തിന്റെ ഗുണം നിങ്ങൾക്കും ലഭിക്കും. 8.75 ശതമാനം എന്ന നിരക്കിൽ നിങ്ങൾ ഭവന വായ്പ എടുത്തിട്ടുണ്ടെങ്കിൽ അത് ഇപ്പോൾ 0.20 ശതമാനം ഇളവ് വന്ന് 8.55 ശതമാനമായി എന്നർത്ഥം. ഫ്ളോറ്റിങ്് റേറ്റ് വായ്പയിലാണ് പലിശ അതിനനുസരിച്ച് കുറയുന്നത്. ഫിക്സഡ് റേറ്റ് ആണെങ്കിൽ നിരക്കിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന കാര്യം മറക്കരുത്. ഓർക്കേണ്ട ഒരു പ്രധാന സംഗതി എന്താണെന്നാൽ ഭവന വായ്പയെടുത്ത് ഒരു വർഷം പിന്നിടുന്നത് വരെ പലിശ ഫിക്സഡ് ആയിരിക്കുമെന്നും ഇത് കഴിഞ്ഞ് ഫ്ളോറ്റിങ് റേറ്റ് ആണെങ്കിൽ വിപണിയിലെ നിരക്ക് വ്യത്യാസം അനുസരിച്ച് പലിശയ്ക്കും വ്യത്യാസം വരും എന്നതാണ്.

നിങ്ങളുടെ വായ്പാ പലിശയിൽ നിരക്ക് കുറയ്ക്കൽ ബാധകമാണോ എന്നറിയാൻ ബാങ്കുകളിൽ നേരിട്ട് ചെന്ന് വിവരമന്വേഷിച്ച് ഉറപ്പ് വരുത്തണം. ഈ അവസരത്തിലാണ് വായ്പ പലിശ റീപ്പോ നിരക്കുമായി ബന്ധപ്പെടുത്താൻ എസ്‌ബിഐ തീരുമാനമായത്. ഇത് ജൂലായ് ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നും എസ്‌ബിഐ അറിയിച്ചിരുന്നു. ഇപ്പോഴുള്ള മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ് നിരക്ക് പ്രകാരം ഭവന വായ്പ നൽകുമെങ്കിലും റീപ്പോ നിരക്കുമായി ബന്ധിപ്പിച്ചുള്ള പലിശ തിരഞ്ഞെടുക്കാനുള്ള അവസരം ഉപഭോക്താക്കൾക്ക് നൽകുന്നു എന്നത് സന്തോഷകരമായ വാർത്തയാണ്. 2010ന് ശേഷം ഇതാദ്യമാണ് 5.75 ശതമാനത്തിലേക്ക് റീപ്പോ നിരക്ക് വരുന്നത് എന്ന കാര്യം ഓർക്കുക.

ഭവന വായ്പ: ഇക്കാര്യങ്ങൾ ചിന്തിച്ച ശേഷം മാത്രം മുന്നോട്ട്.....

ഭവന വായ്പ എന്നതിലേക്ക് ചുവടു വെക്കുമ്പോൾ കഴിവതും ദമ്പതികളാണ് ലോൺ എന്ന ആവശ്യവുമായി ബാങ്കുകളിലേക്ക് ചെല്ലുന്നത്. എന്നാൽ ഒറ്റയ്ക്ക് ചെല്ലുന്നവരും ഇല്ല എന്നല്ല. എത്ര കണക്ക് കൂട്ടി മുന്നോട്ട് പോയാലും മനസിൽ വിചാരിക്കുന്ന തുക തന്നെ ലോൺ ലഭിക്കണമെന്നില്ല. അതിനാൽ തന്നെ സ്ഥിര വരുമാനമുള്ളയാളാണ് നിങ്ങളുടെ പങ്കാളിയെങ്കിൽ വായ്പാ അപേക്ഷ ജോയിന്റ് ആപ്ലിക്കന്റ് ആക്കുന്നതാണ് ഏറെ ഉത്തമം. ഇത് ഉയർന്നൊരു തുക തന്നെ വായ്പയായി ലഭിക്കുന്നതിന് സഹായിക്കും. ഇത്തരത്തിൽ എടുക്കുന്ന വായ്പയിൽ ആകെ മാസ വരുമാനത്തിന്റെ 40 ശതമാനമാണ് പ്രതിമാസ അടവായി നൽകേണ്ടതെന്നും ഓർക്കുക. സ്ഥിര വരുമാനമുള്ളവർക്കാണ് ബാങ്കുകൾ മിക്കവാറും വായ്പ കൊടുക്കുന്നത്.

സാമ്പത്തികത്തിന്റെ കാര്യത്തിൽ മികച്ച ട്രാക്ക് റെക്കോർഡും ആറ് മാസം ആക്ടീവായി ബാങ്കിങ് ഇടപാടുകളും നടത്തിയവർക്കാണ് വായ്പ എളുപ്പത്തിൽ ലഭിക്കുന്നത് എന്ന കാര്യവും ഓർക്കുക. അതു പോലെ തന്നെ ഒന്നാണ് ക്രെഡിറ്റ് സ്‌കോർ. ഇത് 750ന് മുകളിൽ ഉള്ളവർക്കായിരിക്കും ഭവന വായ്പ എളുപ്പം ലഭിക്കുക. ജോലിയുള്ള ആളുകളിൽ 21 വയസ് മുതൽ 60 വയസ് വരെയും സ്വയം തൊഴിലാണെങ്കിൽ 21 വയസ് മുതൽ 65 വയസ് വരെയുമുള്ളവർക്കാണ് വായ്പ ലഭിക്കുക.

ആകെ വേണ്ടി വരുന്ന തുകയുടെ 85 ശതമാനമാണ് ബാങ്ക് വായ്പയായി നൽകുന്നത്. ബാക്കി 15 ശതമാനം ഉപഭോക്താവ് തന്നെ കണ്ടെത്തേണ്ട ഒന്നാണ്. വായ്പ എടുക്കുന്നതിന് മുൻപ് അതാത് ബാങ്കുകളെ സമീപിച്ച് ഇതിന്റെ പലിശ നിരക്ക് എത്രയെന്ന് അറിയുന്നത് ഏറെ ഉത്തമമാണ്. മാത്രമല്ല തിരിച്ചടവ് കാലാവധി പൂർണമാകുന്നത് വരെ കാത്തിരിക്കണം എന്നില്ല. അതിന് മുൻപ് തന്നെ പണം അടച്ച് തീർക്കാൻ കഴിയുമെങ്കിൽ അതും ഏറെ ഉത്തമമാണ്.

തിരിച്ചയ്ക്കാവാനാതെ വന്നാൽ...അതും അറിഞ്ഞിരിക്കേണ്ടതല്ലേ ?

ഭവന വായ്പയുടെ മാസ അടവ് തിരിച്ചടയ്ക്കാൻ പറ്റാത്ത അവസ്ഥ വന്നാൽ എന്ത് ചെയ്യും എന്ന കാര്യവും ഓർത്തിരിക്കേണ്ട ഒന്നു തന്നെയാണ്. എന്നാൽ ഇത് കേട്ട് പെട്ടന്ന് ഞെട്ടേണ്ട ആവശ്യമില്ല. ദൈനം ദിന ചെലവുകളിൽ കുറവ് വരുത്തിയും വായ്പ പുനക്രമീകരിച്ചും ഇതിന് ഒരു പരിധി വരെ പരിഹാരം സൃഷ്ടിക്കാനാവും. ഇത്തരം പരിഹാരങ്ങളിൽ തനിക്ക് ഏതാണ് നടപ്പാക്കാനാവുക എന്ന് കൃത്യമായി ആലോചിച്ച് കണ്ടു പിടിക്കുന്നതിലാണ് മിടുക്ക്. ഇത് കഴിവിന്റെ പരമാവധി പോലെ ചെയ്യുക. വായ്പ മുടങ്ങുന്നു എന്ന് കണ്ടാൽ ഇപ്പോഴുള്ള വരവും ചെലവുമടക്കമുള്ള കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുക. എവിടെയാണ് അമിതമായി ചെലവാകുന്നത് എന്ന് കണ്ടുപിടിച്ച് അത്തരത്തിലുള്ള സാമ്പത്തിക ചോർച്ച അവസാനിപ്പിക്കുക.

വേറെ ഏതെങ്കിലും വായ്പയുണ്ടെങ്കിൽ അത് അടച്ച് തീർക്കുക. മിക്കവാറും അധിക തുക ഭവന വായ്പയ്ക്കാണെന്ന് വരികെ അതിന് സാവകാശം കിട്ടുന്ന രീതിയിൽ മറ്റ് ലോണുകൾ അടച്ച് തീർക്കാൻ പണം കണ്ടെത്തുക. കാലാവധി ഉയർത്തിയും മറ്റും വായ്പകൾ ക്രമീകരിച്ച് പ്രതിമാസ തിരിച്ചടവു തുക കുറയ്ക്കുവാൻ സാധിക്കും എന്ന കാര്യം ഓർക്കുക. ബാങ്ക് അധികൃതരുമായി ഇക്കാര്യത്തെ പറ്റി തുറന്ന് സംസാരിക്കുക. വായ്പ അടയ്ക്കാൻ വസ്തു വിൽക്കേണ്ട അവസ്ഥ വന്നാൽ ബാങ്ക് വസ്തു ജപ്തി ചെയ്യുന്നത് വരെ കാത്ത് നിൽക്കരുത്. ബാങ്ക് നടപടികളുമായി മുന്നോട്ട് പോകുന്നതിന് മുൻപേ തന്നെ സ്വന്തം നിലയിൽ വസ്തു വിൽക്കാൻ സാധിച്ചാൽ അൽപം കൂടുതൽ തുക ലഭിക്കുമെന്ന കാര്യം ഓർക്കുക.

അല്ല ബാങ്ക് ജപ്തി തന്നെയാണ് നടക്കുന്നതെങ്കിൽ മിക്കവാറും അത് ഇ-ലേലമാകാനാണ് സാധ്യത. അതിനാൽ തന്നെ ഇക്കാര്യത്തിൽ കൃത്യമായി നിരീക്ഷണം നടത്താനും ലേലത്തിൽ കിട്ടുന്ന തുക ന്യായമാണെന്നും ബാങ്കിന് ചെല്ലേണ്ട തുക കഴിഞ്ഞ് ലഭിക്കുന്നത് കൃത്യമാണെന്ന് ഉറപ്പ് വരുത്താനും സാധിക്കണം. ഇത്തരത്തിൽ വായ്പയുടേയപം അതിന്റെ തിരിച്ചടവിന്റെയും കാര്യത്തിൽ എല്ലാ വശങ്ങളും കൃത്യമായി പഠിച്ച് കാര്യങ്ങൾ മുന്നോട്ട് നീക്കിയാൽ ഭവന വായ്പ എന്നത് ഒരു തലവേദനയായി തീരില്ലെന്നുറപ്പ്.

ഇന്ത്യയിലെ ബാങ്കുകൾ നിലവിൽ ഏർപ്പെടുത്ത ഭവന വായ്പാ പലിശ നിരക്ക് (റീപ്പോ നിരക്ക് കുറച്ചതോടെ ഇതിൽ കാണിച്ചിരിക്കുന്നതിൽ നിന്നും കുറവ് വരുമെന്ന കാര്യവും ഓർക്കുക)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP