Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂക്കിന് പകരം ഏഴു വയസുകാരന് നടന്നത് ഹെർണിയ ശസ്ത്രക്രിയ: ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരുടെ ഭാഗത്ത് ഗുരുതര ജാഗ്രതക്കുറവെന്ന് മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ട്; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻപാകെ സമർപ്പിച്ച റിപ്പോർട്ടിൽ മെഡിക്കൽ സംഘത്തിന് രൂക്ഷ വിമർശനം; ദാനിഷിന് ആവശ്യമായ എല്ലാ ചികിത്സയും പ്രത്യേക പരിഗണനയോടെ നൽകാമെന്നും റിപ്പോർട്ടിൽ ഉറപ്പ്

മൂക്കിന് പകരം ഏഴു വയസുകാരന് നടന്നത് ഹെർണിയ ശസ്ത്രക്രിയ: ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരുടെ ഭാഗത്ത് ഗുരുതര ജാഗ്രതക്കുറവെന്ന് മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ട്; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻപാകെ സമർപ്പിച്ച റിപ്പോർട്ടിൽ മെഡിക്കൽ സംഘത്തിന് രൂക്ഷ വിമർശനം; ദാനിഷിന് ആവശ്യമായ എല്ലാ ചികിത്സയും പ്രത്യേക പരിഗണനയോടെ നൽകാമെന്നും റിപ്പോർട്ടിൽ ഉറപ്പ്

ജംഷാദ് മലപ്പുറം

മലപ്പുറം: മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിൽ മൂക്കിന് ശസ്ത്രക്രിയ നടത്താനെത്തിയ ഏഴു വയസ്സുകാരന് ഹെർണിയ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ഭാഗത്ത് ഗുരുതര ജാഗ്രതക്കുറവെന്ന് മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ട്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുമ്പാകെയാണ് മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഇന്ന് തിരൂരിൽ നടന്ന സിറ്റിംഗിൽ കേസ് പരിഗണിച്ച കമ്മീഷൻ ഇതു സംബന്ധിച്ച് നേരത്തെ ആവശ്യപ്പെട്ട റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അടിയന്തിരമായി ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു. ജൂലൈ 8 ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗിൽ കമ്മീഷൻ അംഗം കെ. മോഹൻകുമാർ കേസ് വീണ്ടും പരിഗണിക്കും.

2019 മെയ്‌ 21 നാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തയ്യിൽ സ്വദേശി ദാനിഷി(7) നാണ് ആവശ്യമില്ലാത്ത ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ നടത്തിയ സ്ഥലം മാറിപ്പോയെന്ന് മനസിലാക്കിയയുടനെ രക്ഷിതാക്കളെ അറിയിച്ച ശേഷം മൂക്കിനും ശസ്ത്രക്രിയ നടത്തി. ധനുഷ് എന്നു പേരുള്ള ഒരു കുട്ടിയെയും ദാനിഷിനെയും ഒരേ സമയത്താണ് ശസ്ത്രക്രിയക്ക് എത്തിച്ചതെന്നും പേരുകളിലുണ്ടായ സാമ്യം കാരണമാണ് ധനുഷിന് നടത്തേണ്ട ഹെർണിയ ശസ്ത്രക്രിയ ദാനിഷിന് നടത്തിയതെന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ആഭ്യന്തര അന്വേഷണത്തിൽ മൊഴി നൽകി. ഓപ്പറേഷൻ തീയേറ്ററിലെ വിവിധ തലങ്ങളിലുള്ള ജീവനക്കാരുടെയും ശസ്ത്രക്രിയ നടത്തിയ സർജന്റെയും ശ്രദ്ധകുറവ് കാരണമാണ് ഇത്തരമൊരു സംഭവമുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു.

സ്റ്റാഫ് നേഴ്സുമാർ, ക്ലീനിങ് സ്റ്റാഫ്, അനസ്തീഷ്യ ടെക്നീഷ്യൻ, അനസ്തീഷ്യ സീനിയർ റെസിഡന്റ്, അനസ്തീഷ്യ കൺസൾട്ടന്റ്,, ഹെർണിയോട്ടമി സർജറി കൺസൾട്ടന്റ് എന്നിവർ രോഗിയുടെ ഐഡന്റിറ്റി കാർഡ് നോക്കി രോഗിയെയും സർജറിയും ഉറപ്പാക്കിയില്ല. ഇത് തികഞ്ഞ ജാഗ്രതക്കുറവാണ്. ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിൽ ഓരോ തലത്തിലും വേണ്ടത്ര മുൻകരുതലുകളും ശ്രദ്ധയും കർശനമായി നടപ്പിലാക്കണം. ഓപ്പറേഷൻ തീയേറ്ററിലെ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ ശ്രദ്ധക്കുറവ് കാരണം അനാവശ്യമായി വേദന അനുഭവിക്കേണ്ടി വന്ന ദാനിഷിന് ആവശ്യമായ എല്ലാ ചികിത്സയും പ്രത്യേക പരിഗണനയൊടെ നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു.

അനസ്തീഷ്യ, സർജറി വകുപ്പു മേധാവികളും സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും അടങ്ങുന്ന സംഘമാണ് ആഭ്യന്തര അന്വേഷണം നടത്തി റിപ്പോർട്ട് കമ്മീഷനിൽ സമർപ്പിച്ചത്. ഏഴു വയസ്സുകാരന് മൂക്കിന് ചെയ്യേണ്ട ശസ്ത്രക്രിയ ആളുമായി ഹെർണിയക്ക് ചെയ്ത മഞ്ചേരി മെഡിക്കൽ കോളജിലെ ഡോക്ടറെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ആശുപത്രിയിലെ ർജറി വിഭാഗം കൺസൾട്ടന്റ് ഡോ. എ. സുരേഷ് കുമാറിനെയാണ് അച്ചടക്ക നടപടികളുടെ ഭാഗമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്ത് ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്ത് വിശദമായ അന്വേഷണം നടത്താനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു.

ആരോഗ്യ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് ചെയ്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായും അച്ചടക്ക നടപടികളുടെ തീർപ്പിന് വിധേയമായും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ജീവനക്കാരുടെ അശ്രദ്ധ മൂലം രോഗിക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരരുതെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. രോഗിയുടെ ജീവൻ വച്ച് പന്താടുന്ന ഒരവസ്ഥയും അംഗീകരിക്കാൻ കഴിയില്ല. അതിനാൽ തന്നെ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.

ഇനിയൊരാൾക്കും ഇങ്ങനെയൊരവസ്ഥ ഉണ്ടാകരുത്. ശസ്ത്രക്രിയ മാറി നടത്തിയ ആറരവയസുകാരന് സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പ്രിൻസിപ്പൽ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഏഴു വയസ്സുകാരൻ ധനുഷിന് മൂക്കിനും തൊണ്ടയ്ക്കും ചെയ്യേണ്ട ശസ്ത്രക്രിയയാണ് ആളുമായി ഡോക്ടർ ഹെർണിയക്കുവേണ്ടി നടത്തിയത്. കാലും വയറും കൂടിച്ചേരുന്ന ഭാഗത്താണ് ഡോക്ടർ ഹെർണിയക്കുവേണ്ടി ശസ്ത്രക്രിയ നടത്തിയത്.

എന്നാൽ ഏഴുവയസ്സുകാരനായ മറ്റൊരു രോഗിയായ ഡാനിഷിന് ചെയ്യേണ്ട ശസ്ത്രക്രിയയാണ് ആളുമായി ധനൂഷിന് ചെയ്തത്. പേരും വയസ്സും സാമ്യമായതിനാൽ മാറിപ്പോയതെന്നാണ് സംഭവം വിവാദമായതോടെ ഡോക്ടർ നൽകിയ വിശദീകരണം, മഞ്ചേരി മെഡിക്കൽ കോളജിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഏഴു വയസ്സുള്ള ആൺകുട്ടിയുടെ മൂക്കിന് ചെയ്യേണ്ട ശസ്ത്രക്രിയ ഹെർണിയക്ക് ചെയ്ത് ഡോക്ടർ ശസ്ത്രക്രിയയിൽ പിഴവ് വരുത്തിയതായി കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകി. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ സീനിയർ സർജൻ ഡോ.സുരേഷിനെതിരെ രക്ഷിതാവ് ആരോഗ്യ വകുപ്പിന് പരാതി നൽകിയത്. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് മഞ്ഞളപ്പാറയിലെ തയ്യിൽ മജീദിന്റെ മകൻ ഡാനിഷ്(7)ന്റെ ശസ്ത്രക്രിയയാണ് മാറി ചെയ്തത്. മൂക്കിൽ ദശവന്നതിനെ തുടർന്നാണ് സീനിയർ സർജനായ ഡോ.സുരേഷിനെ കാണിച്ചത്.

ദശ ഒഴിവാക്കാൻ മൂക്കിനായിരുന്നു ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നത്. ശസ്ത്രക്രിയ ചെയ്ത ശേഷമാണ് ഹെർണിയക്കാണ് ശസ്ത്രക്രിയ ചെയ്തതെന്ന കാര്യം രക്ഷിതാവ് അറിയുന്നത്. വയറിന് താഴെ സ്റ്റിച്ച് കണ്ടപ്പോഴാണ് രക്ഷിതാവ് ശസ്ത്രക്രിയ മാറിയിട്ടുണ്ടെന്ന കാര്യം അറിയുന്നത്. മണ്ണാർക്കാട് സ്വദേശിയായ ആറര വയസ്സുകാരൻ ധനൂഷിന് ചെയ്യേണ്ടിയിരുന്ന ശസ്ത്രക്രിയയാണ് ഡോക്ടറുടെയും, തിയേറ്റർ ജീവനക്കാരുടെയും അശ്രദ്ധമൂലം ഡാനിഷിന് മാറി ചെയ്തതെന്നാണ് പരാതി.

ധനുഷിന് ഹെർണിയക്കായിരുന്നു ശസ്ത്രക്രിയ വേണ്ടിയിരുന്നത്. ധനുഷെന്നുകരുതി ഡാനിഷിനെ ഹെർണിയയുടെ ശസ്ത്രക്രിയക്ക് വിധേയമാക്കുയായിരന്നുവെന്ന് ആശുപത്രി അധികൃതർ ആരോഗ്യ വകുപ്പിനെ അറിയിച്ചു. ഈ സമയം ഡാനിഷിനെ ശസ്ത്രക്രിയക്കായി ഇ.എൻ.ടി വിഭാഗം അന്വേഷിച്ചികൊണ്ടിരിക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും ഡാനിഷിന് ഹെർണിയ ശസ്ര്ത്രക്രിയ ചെയ്ത് കഴിഞ്ഞിരുന്നു. അശ്രദ്ധയോടെ കുട്ടികളുടെ റെക്കോർഡ് കൈകാര്യം ചെയ്ത ഡോക്ടറും, ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാണ് കുറ്റക്കാരെന്ന് ബന്ധുക്കൾ പറയുന്നു.

അനസ്തേഷ്യ നൽകി കുട്ടികളെ തിയേറ്ററിൽ പ്രവേശിപ്പിച്ചാൽ കൃത്യമായി പരിചരിക്കേണ്ട ഡോക്ടറും മറ്റു ജീവനക്കാരും വീഴ്ച വരുത്തിയതായി ആക്ഷേപമുണ്ട്. പിഴവ് വന്നതോടെ ഡാനിഷിനെ വീണ്ടും ശരിയായ ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. ഡോക്ടർക്കെതിരെ രക്ഷിതാവ് ആരോഗ്യ വകുപ്പിന് പരാതി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP