Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ജനിച്ച ഉടനെ എടുക്കുന്ന ബിസിജി മാത്രമേ ആ കുഞ്ഞിന് എടുത്തിരുന്നുള്ളൂ; കൃത്യമായി എല്ലാ കുത്തിവെപ്പും എടുത്തിരുന്നെങ്കിൽ എടപ്പാളിലെ സ്‌കൂളിൽ അവനും കൂട്ടുകാർക്കൊപ്പം മിഠായി നുണഞ്ഞിരുന്നേനെ'; മഴക്കാലം പനിക്കാലമാണെന്നും ചുമയും ശ്വാസ തടസവും അടക്കമുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ഡോ. ഷിംന അസീസിന്റെ കുറിപ്പ്; കപടചികിത്സകർക്കും കേശവൻ മാമന്മാർക്കും ആയുസ്സും ആരോഗ്യവും അടിയറവ് വെക്കരുതെന്നും ഓർമ്മപ്പെടുത്തൽ

'ജനിച്ച ഉടനെ എടുക്കുന്ന ബിസിജി മാത്രമേ ആ കുഞ്ഞിന് എടുത്തിരുന്നുള്ളൂ; കൃത്യമായി എല്ലാ കുത്തിവെപ്പും എടുത്തിരുന്നെങ്കിൽ എടപ്പാളിലെ സ്‌കൂളിൽ അവനും കൂട്ടുകാർക്കൊപ്പം മിഠായി നുണഞ്ഞിരുന്നേനെ'; മഴക്കാലം പനിക്കാലമാണെന്നും ചുമയും ശ്വാസ തടസവും അടക്കമുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ഡോ. ഷിംന അസീസിന്റെ കുറിപ്പ്; കപടചികിത്സകർക്കും കേശവൻ മാമന്മാർക്കും ആയുസ്സും ആരോഗ്യവും അടിയറവ് വെക്കരുതെന്നും ഓർമ്മപ്പെടുത്തൽ

മറുനാടൻ ഡെസ്‌ക്‌

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും തലപൊക്കിയ നിപ ഭീതി ഒന്ന് മാറി വരവേയാണ് മലപ്പുറം സ്വദേശിയായ ആറ് വയസുകാരൻ ഡിഫ്ത്തീരിയ ബാധിച്ച് മരണപ്പെട്ട വാർത്ത മലയാളക്കരയെ ഞെട്ടിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് എടപ്പാൾ സ്വദേശിയായ ബാലന്റെ മരണം. കുട്ടിക്ക് കൃത്യ സമയത്ത് രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിൽ മാതാപിതാക്കൾ വീഴ്‌ച്ച വരുത്തിയതാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്ന്  ആരോപണം ഉയർന്നിരുന്നു. ഈ വേളയിലാണ് മാതാപിതാക്കൾക്ക് ഓർമ്മപ്പെടുത്തലുമായി ഡോ. ഷംന അസീസ് രംഗത്തെത്തിയത്.

വാക്‌സിനേഷൻ നൽകുന്നത് നമ്മുടെ കുരുന്നുകളുടെ ജീവനോളം വിലയുള്ള ഒന്നാണെന്നും എല്ലാ കുത്തിവെപ്പും കൃത്യമായി എടുത്തിരുന്നെങ്കിൽ എടപ്പാളിലെ സ്‌കൂളിൽ അവനും മിഠായി നുണഞ്ഞിരിക്കുമായിരുന്നെന്നും ഷംന ഓർമ്മിപ്പിക്കുന്നു. മഴക്കാലം പനിക്കാലമാണെന്നും ചർദ്ദിയും വയറിളക്കവും ചുമയുമടക്കമുള്ള ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ ചികിത്സ തേടണമെന്നും ഷിംനയുടെ ഓർമ്മപ്പെടുത്തൽ.

കടുത്ത പനിയും തൊണ്ടവീക്കവും ബാധിച്ച എടപ്പാൾ പെരുമ്പറമ്പ് സ്വദേശിയായ കുട്ടിയെ 4 ദിവസം മുൻപാണ് പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടിക്ക് ഡിഫ്ത്തീരിയ ലക്ഷണങ്ങൾ പ്രകടമായതോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞ ദിവസം രാത്രിയാണു മരിച്ചത്. കുട്ടി പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കാസർകോട് ഈസ്റ്റ് എളേരി സ്വദേശിയുടെ മരണവും ഡിഫ്ത്തീരിയ ബാധിച്ചാണെന്നു സംശയമുണ്ട്.

ഡോ. ഷിംന അസീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

സ്‌കൂളിൽ പോകാൻ പുത്തൻ ബാഗും കുടയും മേടിച്ച് വെച്ചൊരു അഞ്ചു വയസ്സുകാരൻ ഇന്നലെ തൃശൂർ മെഡിക്കൽ കോളേജിൽ ഡിഫ്തീരിയക്ക് കീഴടങ്ങി. ജനിച്ച ഉടനേ എടുക്കുന്ന ബിസിജി മാത്രമേ അവൻ എടുത്തിരുന്നുള്ളൂ. നേരത്തിന് എല്ലാ കുത്തിവെപ്പും എടുത്തിരുന്നെങ്കിൽ എടപ്പാളിലെ സ്‌കൂളിൽ അവനും പുത്തൻ അധ്യയനവർഷത്തിന്റെ സന്തോഷവുമായി മിഠായി നുണഞ്ഞ് ഇരുന്നേനെ. ആ കുഞ്ഞ് മരിച്ചു. വാക്സിനേഷൻ നൽകുന്നത് നമ്മുടെ മക്കളുടെ ജീവനോളം വിലയുള്ള ഒന്നാണ്.

ഈ വർഷത്തെ നിപ്പ ഭീഷണി ഏതാണ്ട് ഒതുങ്ങുകയാണെന്ന് തോന്നുന്നു. ഇനിയും കേസുകൾ വരാതിരിക്കട്ടെ. പ്രകൃതിയെ ഉപദ്രവിച്ച് മരം വെട്ടിയും വവ്വാലിന്റെ ആവാസവ്യവസ്ഥ നശിപ്പിച്ചും എന്തോ മായാജാലഫലമുണ്ടെന്ന് പറഞ്ഞ് അതുങ്ങളെ തല്ലിക്കൊന്ന് ഇറച്ചി തിന്നും ഉപദ്രവിക്കരുത്. അവരെ അവരുടെ വഴിക്ക് വിട്ടേക്കുക. അവയെ നശിപ്പിക്കുന്നതല്ല, പ്രകൃതിയെ സംരക്ഷിക്കുന്നതാണ് നിപ്പയുൾപ്പെടെയുള്ള മാരകരോഗങ്ങളിൽ നിന്ന് രക്ഷ തരിക.

മഴ തുടങ്ങിയിരിക്കുന്നു. വയറിളക്കവും ഛർദ്ദിയും മഞ്ഞപ്പിത്തവുമൊക്കെ വഴിയേ വരുന്നുണ്ട്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. സാധിക്കുമെങ്കിൽ ഭക്ഷണം പാകം ചെയ്ത ഉടനേ കഴിക്കുക. തുറന്ന് വെക്കാതെ മൂടി വെച്ച്, കഴിക്കുന്നതിന് തൊട്ട് മുൻപ് മാത്രം വിളമ്പുക. പഴങ്ങൾ നന്നായി കഴുകിയ ശേഷം മാത്രം ഭക്ഷിക്കുക. വൃത്തിഹീനമായ ചുറ്റുപാടുകളിലെ ഭക്ഷണമോ വെള്ളമോ ഉപയോഗിക്കരുത്.

കൊതുക് കടിക്കുന്നത് പല വിധ രോഗങ്ങൾക്ക് കാരണമാകാം. കൊതുക് വളരാൻ കാരണമാകുന്ന എല്ലാ സാഹചര്യങ്ങൾ പാടേ ഒഴിവാക്കുക. കൊതുകിനെ നശിപ്പിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുക. കൊതുകുകളുടെ ജനപ്പെരുപ്പം സഹിക്കവയ്യാത്ത ഇടങ്ങളിൽ കൊതുകുവല ഉപയോഗിക്കുക.

പനിക്കാലം കൂടിയാണ് മഴക്കാലം. പനിക്ക് ഒന്നോ രണ്ടോ നേരം പാരസെറ്റമോൾ കഴിച്ച് നോക്കിയിട്ടും പനി തുടരുകയാണെങ്കിൽ നിർബന്ധമായും വൈദ്യസഹായം തേടുക. പക്ഷേ, സഹിക്കവയ്യാത്ത വേദനകളും ദേഹത്ത് ചുവന്ന് തടിക്കുന്നതും കണ്ണിലെ വെള്ളയിൽ ഉണ്ടാകുന്ന ചോരച്ചുവപ്പും വിട്ടു മാറാത്ത ഛർദ്ദിയും വയറിളക്കവും ചുമയും ശ്വാസതടസം പോലുള്ളവയും സ്ഥലകാലബോധം നഷ്ടപ്പെടുന്നതും അസഹനീയ തലവേദനയും കണ്ണിന് പിറകിലെ വേദനയുമെല്ലാം പനിയോടൊപ്പമുണ്ടെങ്കിൽ ഒട്ടും വൈകാതെ ചികിത്സ തേടുക.

ആരോഗ്യത്തോടെയിരിക്കേണ്ടത് നമ്മുടെ അവകാശമാണ്. രോഗങ്ങളേതും തുടക്കത്തിൽ തിരിച്ചറിയുന്നതിന് ജീവനോളം വിലയുമുണ്ട്.
ആരോഗ്യമാണ് സമ്പത്ത്. കപടചികിത്സകർക്കും കേശവൻ മാമന്മാർക്കും ആയുസ്സും ആരോഗ്യവും ദയവ് ചെയ്ത് അടിയറവ് വെക്കാതിരിക്കുക. മഴയും മരവും പെയ്യുന്നത് ആസ്വദിക്കാനാവുന്നത് ശരീരവും മനസ്സും നിറഞ്ഞ് പെയ്യുമ്പോൾ മാത്രമാണല്ലോ...

Dr.Shimna Azeez

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP