Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുമ്മനം മത്സരിച്ചാൽ പ്രയാർ കോൺഗ്രസ് സ്ഥാനാർത്ഥിയാകും; മോഹൻകുമാറിന് വേണ്ടി ചരട് വലിച്ച് ചെന്നിത്തല; വേണുഗോപാൽ തന്നെ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഏറെ; രാഷ്ട്രീയത്തിന് പുറത്ത് നിന്നുള്ള പ്രൊഫഷണലിനെ തേടി തരൂരും; ഇടത് മുന്നണിയുടെ പരിഗണനയിൽ എം വിജയകുമാറും വികെ പ്രശാന്തും വികെ മധുവും; ബിജെപി അണികൾ ആഗ്രഹിക്കുന്നത് സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വവും; വട്ടിയൂർകാവിനെ കുറിച്ചുള്ള ചർച്ചകൾ ചൂടു പിടിക്കുമ്പോൾ

കുമ്മനം മത്സരിച്ചാൽ പ്രയാർ കോൺഗ്രസ് സ്ഥാനാർത്ഥിയാകും; മോഹൻകുമാറിന് വേണ്ടി ചരട് വലിച്ച് ചെന്നിത്തല; വേണുഗോപാൽ തന്നെ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഏറെ; രാഷ്ട്രീയത്തിന് പുറത്ത് നിന്നുള്ള പ്രൊഫഷണലിനെ തേടി തരൂരും; ഇടത് മുന്നണിയുടെ പരിഗണനയിൽ എം വിജയകുമാറും വികെ പ്രശാന്തും വികെ മധുവും; ബിജെപി അണികൾ ആഗ്രഹിക്കുന്നത് സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വവും; വട്ടിയൂർകാവിനെ കുറിച്ചുള്ള ചർച്ചകൾ ചൂടു പിടിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏത് സമയവും ഉണ്ടാകും. കേരളത്തിൽ ആറിടത്താണ് ഉപതെരഞ്ഞെടുപ്പ് വേണ്ടത്. ഇതിൽ കേരളത്തിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്നത് വട്ടിയൂർകാവിലാകും. കോൺഗ്രസിന്റെ സിറ്റിങ് സീറ്റ്. കെ മുരളീധരൻ വടകരയുടെ എംപിയായതു കൊണ്ട് ഒഴിവ് വന്ന സ്ഥലം. തിരുവനന്തപുരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആവേശത്തോടെ ബിജെപി പൊരുതിയ മണ്ഡലമാണ് വട്ടിയൂർക്കാവ്. ഇവിടെ ശശി തരൂരിന് പിന്നിൽ രണ്ടാമത് എത്തിയത് കുമ്മനം രാജശേഖരനായിരുന്നു. സിപിഎം ഇവിടെ മൂന്നാമത് പോയി. നിയമസഭയിലെ തെരഞ്ഞെടുപ്പിലും വട്ടിയൂർകാവിൽ സിപിഎമ്മിന്റെ ടി എൻ സീമയ്ക്ക് മുന്നാം സ്ഥാനമായിരുന്നു കിട്ടിയത്. അതുകൊണ്ട് തന്നെ പിണറായി സർക്കാർ കേരളം ഭരിക്കുമ്പോൾ തിരുവനന്തപുരത്തെ വട്ടിയൂർകാവിൽ അവരും കരുത്ത് കാട്ടാനെത്തും. അങ്ങനെ അതിശക്തമായ ത്രികോണ മത്സരമാകും ഇവിടെ നടക്കുക

സിറ്റിങ് സീറ്റ് നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് വട്ടിയൂർകാവിൽ കോൺഗ്രസ് മുന്നോട്ട് പോകുന്നത്. സ്ഥാനാർത്ഥി മോഹികൾ നിരവധി പേരുണ്ട്. എന്നാൽ അതിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് പ്രയാർ ഗോപാലകൃഷ്ണന്റേയും കെ മോഹൻകുമാറിന്റേയും പിസി വിഷ്ണുനാഥന്റേയും പേരുകളാണ്. ആർ വി രാജേഷിനെ പോലുള്ള യുവനേതാക്കളും സീറ്റിനായി ചരട് വലിക്കുന്നുണ്ട്. തിരുവനന്തപുരം എംപിയായ ശശി തരൂരിന്റേയും കെ മുരളീധരന്റേയും വാക്കുകൾക്കും വില കിട്ടും. അതുകൊണ്ട് തന്നെ ഈ രണ്ട് പേരും സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ അതിനിർണ്ണായക റോളിലെത്തും. തന്നെ പോലെ ആഗോള തലത്തിൽ ശ്രദ്ധേയനായ പ്രൊഫഷണലിനെ രംഗത്തിറക്കാനാണ് തരൂരിന്റെ ആഗ്രഹം. വട്ടിയൂർകാവിലെ ജാതി സമവാക്യങ്ങൾ കൂടി മനസ്സിൽ വച്ചാണ് തരൂരിന്റെ കരുനീക്കങ്ങൾ.

ബിജെപിയുടെ സ്ഥാനാർത്ഥി ആരെന്നത് അതിനിർണ്ണായകമാണ്. കുമ്മനം രാജശേഖരൻ വീണ്ടും മത്സരിക്കുമെന്ന് കരുതുന്നവരുമുണ്ട്. ശബരിമല ചർച്ചയാക്കാനാണ് കുമ്മനത്തെ ബിജെപി പരീക്ഷിക്കുക. ഈ സാഹചര്യത്തിൽ പ്രയാർ ഗോപാലകൃഷ്ണനാകും കോൺഗ്രസ് സ്ഥാനാർത്ഥിയാവുകയെന്നാണ് വിലയിരുത്തൽ. എൻ എസ് എസ് നേതൃത്വവും പ്രയാറുമായുള്ള അടുപ്പമാണ് ഇതിന് കാരണം. എന്നാൽ ജില്ലയ്ക്ക് പുറത്തു നിന്നുള്ള നേതാവിനെ മത്സരിക്കാൻ അനുവദിക്കില്ലെന്ന പ്രാദേശിക വാദം കോൺഗ്രസിൽ ശക്തമാണ്. അങ്ങനെ വന്നാൽ തമ്പാനൂർ രവി, ശാസ്തമംഗലം മോഹൻ തുടങ്ങിയ നേതാക്കളും സ്ഥാനാർത്ഥിത്വം പ്രതീക്ഷിക്കുന്നു. ഇതിനിടെയാണ് വിഷ്ണുനാഥും മണ്ഡലത്തിൽ സജീവമാകുന്നത്. ഇതിനെ ഗ്രൂപ്പുയർത്തി എതിർക്കാനാണ് ചെന്നിത്തലയുടെ നീക്കം. അങ്ങനെ കോൺഗ്രസിൽ സ്ഥാനാർത്ഥിയാകാൻ പലവിധ നീക്കങ്ങളാണ് നടക്കുന്നത്.

ഇതിനിടെയാണ് കെസി വേണുഗോപാൽ തന്നെ വട്ടിയൂർകാവിൽ മത്സരിക്കുമെന്ന സൂചനകൾ. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാക്കാൻ കെസി ആഗ്രഹിക്കുന്നുണ്ട്. നായർ സമവാക്യങ്ങൾ അനുകൂലമാക്കി വട്ടിയൂർകാവിൽ ജയിക്കാമെന്നാണ് കെസിയുടെ പ്രതീക്ഷ. എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി അടുത്ത ബന്ധം കെസിക്കുണ്ട്. അതുകൊണ്ട് തന്നെ കെസിയുടെ ജയസാധ്യത ഏറെയുമാണ്. കെസി മത്സരിക്കാൻ ആഗ്രഹിച്ചാൽ കോൺഗ്രസിൽ മറ്റ് പേരുകളെല്ലാം അപ്രസക്തമാവുകയും ചെയ്യും. രാഹുൽ ഗാന്ധിക്ക് കോൺഗ്രസ് രാഷ്ട്രീയത്തിൽ സ്വാധീനം നഷ്ടമാകുമെന്നും പ്രിയങ്കാ ഗാന്ധി നേതൃത്വത്തിൽ എത്തുമെന്നും സൂചനകളുണ്ട്. ഇതും കെസിയുടെ തട്ടകം ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് മാറാനുള്ള സാധ്യതയാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ കെസി വേണുഗോപാൽ മത്സരിക്കുമെന്ന് കരുതുന്നവരും ഏറെയാണ്.

സിപിഎം ആകെ ആശയക്കുഴപ്പത്തിലാണ്. വട്ടിയൂർകാവിലെ പഴയ രൂപം തിരുവനന്തപുരം നോർത്തായിരുന്നു. ഇത് സിപിഎമ്മിന്റെ കുത്തക മണ്ഡലവും. എം വിജയകുമാർ അഞ്ച് തവണയാണ് ഇവിടെ നിന്നും ജയിച്ചത്. ഒരിക്കൽ കെ മോഹൻകുമാറിനോട് തോറ്റു. അതും സിപിഎമ്മിനുള്ളിലെ പോരിന്റെ ഭാഗവും. വീണ്ടും വിജയകുമാർ ജയിച്ചു. എന്നാൽ വട്ടിയൂർകാവിലേക്ക് രൂപം മാറിയപ്പോൾ വിജയകുമാർ മത്സരിച്ചില്ല. ചെറിയാൻ ഫിലപ്പിനെ സിപിഎം സ്വതന്ത്രനാക്കി. പിന്നെ ടി എൻ സീമയും. രണ്ടും പേരും സമ്മാനിച്ചത് നിരാശയാണ്. ഇതിനിടെ വട്ടിയൂർകാവിൽ ബിജെപി ശക്തിയായി മാറുകയും ചെയ്തു. ഇത് സിപിഎമ്മിന്റെ സാധ്യതകളെ ബാധിച്ചു. എം വിജയകുമാർ വീണ്ടും മത്സരിക്കണമെന്ന് ഒരു കൂട്ടർ പറയുന്നു. എന്നാൽ അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ വിജയകുമാർ തോറ്റത് മുന്നിലുണ്ട്. അതുകൊണ്ട് തന്നെ വിജയകുമാർ ഇനിയും മനസ്സ് വ്യക്തമാക്കിയിട്ടില്ല.

തിരുവനന്തപുരം മേയർ വികെ പ്രകാശിന്റെ പേരും ചർച്ചയാണ്. പ്രകാശിനും താൽപ്പര്യമില്ല. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രിസഡന്റ് വികെ മധുവും പരിഗണനയിലുണ്ട്. എന്നാൽ ഈ പേരുകാർക്കാരും വലിയ വിജയസാധ്യതയുണ്ടെന്ന് സിപിഎമ്മും കരുതുന്നില്ല. അതുകൊണ്ട് കരുതലോടെ തീരുമാനം എടുക്കാനാണ് നീക്കം. അതിശക്തനായ സംസ്ഥാന നേതാക്കൾ ആരെങ്കിലും മത്സരിക്കാനും സാധ്യതയുണ്ട്. നായർ വികാരം ആളികത്തുന്ന മണ്ഡലത്തിൽ ശബരിമല വിഷയും വീണ്ടും ചർച്ചയാകും. അതുകൊണ്ട് തന്നെ കരുതലോടെയാകും തീരുമാനങ്ങൾ എടുക്കുക. വിശ്വാസികൾക്ക് പ്രിയങ്കരനായ സ്വതന്ത്രനെ കണ്ടെത്താനും നീക്കമുണ്ട്. അതീവ രഹസ്യമായി ഇതിനുള്ള നീക്കവും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നുണ്ട്. ലോക്‌സഭാ തെരരഞ്ഞെടുപ്പിലെ തോൽവിയിലെ ക്ഷീണം അകറ്റാൻ വട്ടിയൂർകാവിലെ വിജയ തിളക്കത്തിന് കഴിയുമെന്ന തിരിച്ചറിവിലാണ് ഇത്.

ബിജെപിക്കായി നിരവധി പേരുകളാണ് മുന്നോട്ട് വരുന്നത്. എന്നാൽ തൃശൂരിൽ മികച്ച പ്രകടനം നടത്തിയ സുരേഷ് ഗോപിയെ വട്ടിയൂർകാവിൽ കൊണ്ടു വരണമെന്ന വികാരം പ്രവർത്തകർക്കുണ്ട്. കുമ്മനം അല്ലെങ്കിൽ സുരേഷ് ഗോപി എത്തുമെന്നാണ് അവരുടെ പ്രതീക്ഷ. തിരുവനന്തപുരം ലോക്‌സഭയിൽ എസ് എസ് എസിന്റെ പിന്തുണ വേണ്ട രീതിയിൽ കുമ്മനത്തിന് കിട്ടിയില്ല. ഈ സാഹചര്യത്തിൽ എൻ എസ് എസിനെ വിശ്വാസത്തിലെടുത്ത് കുമ്മനത്തെ മത്സരിപ്പിക്കാനാണ് ആർ എസ് എസിന് താൽപ്പര്യം. എന്നാൽ മത്സരിക്കാൻ കുമ്മനത്തിന് താൽപ്പര്യക്കുറവുണ്ട്. ഈ സാഹചര്യത്തിലാണ് ചർച്ചകൾ സുരേഷ് ഗോപിയിലേക്കും എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP