Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുത്തലാഖിൽ രാജ്യത്ത് ആദ്യ അറസ്റ്റ്; മൂന്ന് കുട്ടികളുള്ള പിതാവ് ഭാര്യയെ മൊഴി ചൊല്ലിയത് പഠിപ്പിക്കുന്ന മദ്രസയിലെ പെൺകുട്ടിയെ വിവാഹം കഴിച്ചതോടെ; മൊഴിചൊല്ലിയശേഷം വീട്ടിൽനിന്നും പുറത്താക്കി; അറസ്റ്റ് യോഗി ആദിത്യനാഥിന്റെ നിർദ്ദേശത്തെ തുടർന്ന്; മുഖ്യമന്ത്രിയുടെ നടപടിയിൽ സന്തോഷമുണ്ടെന്ന് ഭാര്യ തരന്നം ബീഗം; ആദ്യ അറസ്റ്റ് രേഖപ്പെടുത്തുന്നത് മുത്തലാഖ് ബിൽ ചർച്ച ചെയ്യാനിരിക്കെ

മുത്തലാഖിൽ രാജ്യത്ത് ആദ്യ അറസ്റ്റ്; മൂന്ന് കുട്ടികളുള്ള പിതാവ് ഭാര്യയെ മൊഴി ചൊല്ലിയത് പഠിപ്പിക്കുന്ന മദ്രസയിലെ പെൺകുട്ടിയെ വിവാഹം കഴിച്ചതോടെ; മൊഴിചൊല്ലിയശേഷം വീട്ടിൽനിന്നും പുറത്താക്കി; അറസ്റ്റ് യോഗി ആദിത്യനാഥിന്റെ നിർദ്ദേശത്തെ തുടർന്ന്; മുഖ്യമന്ത്രിയുടെ നടപടിയിൽ സന്തോഷമുണ്ടെന്ന് ഭാര്യ തരന്നം ബീഗം; ആദ്യ അറസ്റ്റ് രേഖപ്പെടുത്തുന്നത് മുത്തലാഖ് ബിൽ ചർച്ച ചെയ്യാനിരിക്കെ

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: മുത്തലാഖ് വഴി വിവാഹമോചനത്തിന് ശ്രമിച്ച യുവാവിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശത്തെ തുടർന്ന് യുപി പൊലീസ് അറസ്റ്റ് ചെയ്തു. മാൽപുര സ്വദേശിയായ തരന്നം ബീഗം എന്ന സ്ത്രീയുടെ പരാതിയിൽ ഭർത്താവായ സിക്രു റഹ്മാനെ പൊലീസ് അറസ്റ്റ് ചെയ്തതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.

വിവാഹം കഴിഞ്ഞ നാൾ മുതൽ സിക്രു റഹ്മാൻ തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ഇയാൾ പഠിപ്പിക്കുന്ന മദ്രസയിലെ പെൺകുട്ടിയെ വിവാഹം കഴിച്ചതോടെ കഴിഞ്ഞ ആഴ്ച മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തുകയായിരുന്നെന്നും സ്ത്രീയുടെ പരാതിയിൽ പറയുന്നു.മുത്തലാഖ് നിയമവിരുദ്ധമാക്കുന്നതിനുള്ള ബിൽ ചർച്ച ചെയ്യാനിരിക്കെ ഇതാദ്യമായാണ് മുത്തലാഖ് വഴി വിവാഹമോചനം നടത്തിയതിന് അറസ്റ്റ് രേഖപ്പെടുത്തുന്നത്.

വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷമായ ദമ്പതികൾക്ക് മൂന്ന് കുട്ടികളുമുണ്ട്. മുത്തലാഖ് ചൊല്ലിയ ശേഷം ഇയാൾ ഇവരെ വീട്ടിൽ നിന്നും പുറത്താക്കി. ഇതോടെയാണ് പരാതിയുമായി സ്ത്രീ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചത്. പരാതിയുമായി തരന്നം മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി. പ്രാഥമിക അന്വേഷണത്തിൽ സത്യാവസ്ഥ ബോധ്യപ്പെട്ടതോടെ അന്വേഷണം ലോക്കൽ പൊലീസിനെ ഏൽപ്പിച്ചു. സംഭവത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിക്രു റഹ്മാനെ മുസ്ലിം വിവാഹസംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയുടെ നടപടിയിൽ സന്തോഷമുണ്ടെന്ന് ഭാര്യ തരന്നം ബീഗം പ്രതികരിച്ചു.

അതേസമയം മുത്തലാഖ് നിയമവിരുദ്ധവും കുറ്റകരവുമാക്കുന്ന ബിൽ മോദിയുടെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രാജ്യസഭ കടന്നില്ല. 16ാം ലോക്‌സഭ പിരിച്ചുവിട്ടതോടെ ബിൽ അസാധുവായി. ഇതോടെയാണ് മുത്തലാഖ് നിരോധനത്തിന് പുതിയ ബിൽ അവതരിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നത്. മുത്തലാഖ് നിരോധനം ഉൾപ്പെടെ 10 ഓർഡിനൻസുകൾക്ക് പകരം ബില്ലുകൾ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം.

കഴിഞ്ഞവർഷം ഡിസംബറിലാണ് മുസലിം സ്ത്രീകൾക്കുള്ള വിവാഹ സംരക്ഷണബിൽ ആദ്യമായി ലോക്സഭയിൽ അവതരിപ്പിക്കുന്നത്. ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹം വേർപെടുത്തുന്നത് (തലാഖ്-ഇ-ബിദ്ദത്ത്) ക്രിമിനൽക്കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. കഴിഞ്ഞവർഷം ഓഗസ്റ്റ് 22-ന് മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെത്തുടർന്നായിരുന്നു ബിൽ കൊണ്ടുവന്നത്.

ശായറാ ബാനോയും കേന്ദ്രസർക്കാരും തമ്മിലുള്ള കേസിലായിരുന്നു കോടതിവിധി. പ്രത്യക്ഷത്തിൽത്തന്നെ ഏകപക്ഷീയമായ ആചാരമാണ് മുത്തലാഖെന്ന് അഞ്ചംഗ ഭരണഘടനാബെഞ്ചിലെ മൂന്നുപേരും വിധിയെഴുതി. 'മുത്തലാഖ് തൽക്ഷണവും പിൻവലിക്കാനാവാത്തതുമാണെന്നതാണ് യാഥാർഥ്യം. ഇരുകുടുംബങ്ങളിലെയും രണ്ടു മധ്യസ്ഥർ ഭർത്താവിനും ഭാര്യക്കുമിടയിൽ ഒത്തുതീർപ്പിനു ശ്രമിക്കുന്നത് വിവാഹബന്ധം സംരക്ഷിക്കുന്നതിന് അത്യാവശ്യമാണ്. എന്നാൽ അത് മുത്തലാഖിന്റെ കാര്യത്തിൽ സാധ്യമല്ല.'- വിധിന്യായത്തിൽ പറയുന്നു.

ബില്ലിൽ പറയുന്നത്

തലാഖ്-ഇ-ബിദ്ദത്ത് നിയമവിരുദ്ധവും നിരോധിക്കേണ്ടതുമാണ്. ബില്ലിലെ മൂന്നാം നിബന്ധന- 'വാക്കുകൾ (സംസാരം, എഴുത്തുരൂപങ്ങൾ) ഇലക്ട്രോണിക് രീതി മറ്റേതെങ്കിലും മാർഗം എന്നിവയിലൂടെ തലാഖ് ചൊല്ലുന്നത് നിരോധിക്കേണ്ടതും നിയമവിരുദ്ധവുമാണ്.'ഭാര്യയെ തലാഖ് ചൊല്ലുന്നയാൾക്ക് ജയിൽശിക്ഷയും പിഴയുമാണ് ബില്ലിൽ ശുപാർശ ചെയ്യുന്നത്.

തലാഖ്-ഇ-ബിദ്ദത്ത് ജാമ്യമില്ലാക്കുറ്റമായും അതിൽ വ്യവസ്ഥചെയ്യുന്നു.നാലാം നിബന്ധന- 'സെക്ഷൻ മൂന്നിൽ പരാമർശിക്കുന്ന തരത്തിൽ തലാഖ് ചൊല്ലുന്നത് മൂന്നുവർഷംവരെ തടവിനും പിഴയ്ക്കും അർഹമായ കുറ്റമാണ്.'തലാഖ് ചൊല്ലലിന് വിധേയയായ സ്ത്രീ ഭർത്താവിൽനിന്ന് ജീവനാംശത്തിന് അർഹയായിരിക്കും.

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സംരക്ഷണച്ചുമതലയും ആ സ്ത്രീയ്ക്കായിരിക്കും.അഞ്ച്, ആറ് നിബന്ധനകൾ: 'തലാഖ് ചൊല്ലലിനു വിധേയരായ മുസ്ലിം സ്ത്രീകൾക്ക് ഭർത്താവ് ജീവനാംശം നൽകണം. ആശ്രയിച്ചു ജീവിക്കുന്ന കുട്ടികൾക്കും ജീവനാംശം നൽകണം. ജീവനാംശം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റായിരിക്കും നിശ്ചയിക്കുക. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സംരക്ഷണച്ചുമതല തലാഖിന് വിധേയരാകുന്ന സ്ത്രീകൾക്കായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP