Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പട്ടിണിക്കാർക്ക് ഭക്ഷണം കൊടുത്ത് തുടങ്ങി; അനാഥരായ വീട്ടമ്മയെയും മകളെയും ഏറ്റെടുത്ത് വിപ്ലവം കുറിച്ചു; ഫെയ്സ് ബുക്ക് ലൈവ് നടത്തി ഇതുവരെ ശേഖരിച്ചത് കോടികൾ; രോഗികളുടേയും പട്ടിണിക്കാരുടേയും കണ്ണീരൊപ്പാൻ തുടങ്ങിയതോടെ അസൂയക്കാർ പണിയുമായി ഇറങ്ങി; മൂന്ന് ദിവസം കൊണ്ട് ഒരു കുഞ്ഞിന്റെ ചികിൽസയ്ക്ക് 1.17 കോടി ലഭിച്ചതോടെ സംശയമുന ചൂണ്ടി ബാങ്ക് ഓഫ് ഇന്ത്യ; രണ്ടാഴ്ച നടക്കാത്ത കാര്യം ഒറ്റ ലൈവ് ചെയ്തതോടെ ബാങ്കിന്റെ മുഖംകാക്കാനും ആളെത്തി; ആലത്തൂരിലെ മൊബൈൽ ഷോപ്പുകാരൻ ഫിറോസ് കുന്നംപറമ്പിലായത് ഇങ്ങനെ

പട്ടിണിക്കാർക്ക് ഭക്ഷണം കൊടുത്ത് തുടങ്ങി; അനാഥരായ വീട്ടമ്മയെയും മകളെയും ഏറ്റെടുത്ത് വിപ്ലവം കുറിച്ചു; ഫെയ്സ് ബുക്ക് ലൈവ് നടത്തി ഇതുവരെ ശേഖരിച്ചത് കോടികൾ; രോഗികളുടേയും പട്ടിണിക്കാരുടേയും കണ്ണീരൊപ്പാൻ തുടങ്ങിയതോടെ അസൂയക്കാർ പണിയുമായി ഇറങ്ങി; മൂന്ന് ദിവസം കൊണ്ട് ഒരു കുഞ്ഞിന്റെ ചികിൽസയ്ക്ക് 1.17 കോടി ലഭിച്ചതോടെ സംശയമുന ചൂണ്ടി ബാങ്ക് ഓഫ് ഇന്ത്യ; രണ്ടാഴ്ച നടക്കാത്ത കാര്യം ഒറ്റ ലൈവ് ചെയ്തതോടെ ബാങ്കിന്റെ മുഖംകാക്കാനും ആളെത്തി; ആലത്തൂരിലെ മൊബൈൽ ഷോപ്പുകാരൻ ഫിറോസ് കുന്നംപറമ്പിലായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വെള്ള വസ്ത്രം ധരിക്കുന്നവരെല്ലാം രാഷ്ട്രീയക്കാരൻ ആണെന്നാണ് പൊതു ധാരണ. എന്നാൽ ഫിറോസ് കുന്നംപറമ്പിലിന്റെ വെള്ള വസ്ത്രം അശരണരുടെ പ്രതീക്ഷയാണ്. ചെറുപ്പം മുതൽ ശീലിച്ച തൂവെള്ള വസ്ത്രവുമായി സഹായത്തിന്റെ കാരുണ്യം പാവങ്ങളിലേക്ക് പകർന്ന് ന്ൽകുകയാണ് ഈ ആലത്തൂരുകാരൻ. ഒരു മൊബൈൽ ഷോപ് ആണ് ഫിറോസിന്റെ ജീവിത മാർഗ്ഗം. ജീവിക്കാൻ മാർഗമില്ലാതെ ഓട്ടിസം ബാധിച്ച മകളെ വീടിനുള്ളിൽ കെട്ടിയിട്ടു ജോലിക്കു പോകേണ്ടി വന്ന അമ്മയുടെയും തലയോട്ടി വളരുന്ന അപൂർവരോഗം ബാധിച്ച ആലുവ സ്വദേശിയായ ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെയും കണ്ണീരു തുടച്ച പാലക്കാട്ടുകാരൻ. സാമൂഹ്യ സേവനത്തിന്റെ ഉദാത്തമാതൃകയാണ് ഈ വ്യക്തി. സോഷ്യൽ മീഡിയയുടെ സാധ്യതകൾ ഉപയോഗിച്ചു ചാരിറ്റി പ്രവർത്തനങ്ങൾ. അപൂർവ രോഗം ബാധിച്ചവർ, വീടില്ലാത്തവർ, സാമ്പത്തിക പ്രയാസമുള്ളവർ എന്നിങ്ങനെ കഷ്ടപ്പാട് അനുഭവിക്കുന്നവർക്ക് ദൈവതുല്യനാണ് ഫിറോസ്.

അപകടത്തിൽ പെട്ടവരുടെ ചികിത്സക്കായി സ്വരൂപിച്ച പണം ബാങ്ക് തഞ്ഞുവെച്ച പ്രശ്‌നം പരിഹരിച്ചതുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഫിറോസ് കുന്നുംപറമ്പിലിനെ ഫെയ്സ് ബുക്കിലെ താരമാക്കിയത്. സമൂഹമാധ്യമത്തിലൂടെ ഉയർന്ന വൻ പ്രതിഷേധത്തെ തുടർന്നാണ് ബാങ്ക് ഓഫ് ഇന്ത്യ പ്രശ്‌നം പരിഹരിക്കാൻ തയാറായതെന്ന് ഫിറോസ് ഫെയ്‌സ് ബുക്ക് ലൈവിൽ പറഞ്ഞു. രാഷ്ട്രീയമായി എതിർത്തവർക്കും ഫിറോസ് വീഡിയോയിൽ മറുപടി നൽകിയിട്ടുണ്ട്. ആലത്തൂരിൽ നിന്ന് ഒറ്റപ്പാലത്തേക്ക് വരുന്ന വഴി ബൈക്കപകടത്തിൽ പെട്ട കുട്ടികൾക്കുവേണ്ടിയാണ് 34 മണിക്കൂർ കൊണ്ട് ഒരു കോടി 17 ലക്ഷം രൂപ ശേഖരിച്ചിരുന്നത്. ഈ തുക ചെലവാക്കാൻ കഴിയാതെ വന്നതോടെയാണ് ഫിറോസ് സോഷ്യൽ മീഡിയയിലൂടെ ബാങ്കിനെതിരെ പ്രതിരോധം തീർത്തത്. സാധാരണക്കാരന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇതോടെ ബാങ്കിന് പോലും പ്രശ്നം തീർത്ത് തലയൂരേണ്ടി വന്നു.

ആലത്തൂരിൽ സ്വന്തമായി ഒരു മൊബൈൽ ഷോപ്പ് നടത്തിയിരുന്ന സാധാരണക്കാരനാണ് ഫിറോസ്. ഉമ്മയും ഉപ്പയും ഭാര്യയും മക്കളുമായി കഴിയുന്നതിനിടെയാണ് ജീവിതത്തിൽ ട്വിസ്റ്റ് വരുന്നത്. വീട്ടിലേക്ക് ആലത്തൂർ ടൗണിലൂടെ വന്നിരുന്ന എനിക്കു നേരെ അന്നം ചോദിച്ച് ഒരു കൈ നീണ്ടു. ആ ദയനീയമായ മുഖം ഫിറോസിനെ പിടിച്ചുലച്ചു. വീട്ടിലേക്കായി കരുതിയിരുന്ന ഭക്ഷണം അയാൾക്കു നൽകി. കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരാൾ കൂടി ഭക്ഷണം ആവശ്യപ്പെട്ട് എത്തി. അന്നു രാത്രി ഫിറോസ് ഉറങ്ങിയില്ല. തൊട്ടടുത്ത ദിവസം ആലത്തൂരിൽ ഭക്ഷണം ഇല്ലാതെ അലഞ്ഞുതിരിയുന്ന ആളുകളുടെ ഒരു ലിസ്റ്റ് തയാറാക്കി. എൺപതോളം പേർ അതിൽ ഉൾപ്പെടുമായിരുന്നു. അത്രയധികം ആളുകൾക്ക് ഭക്ഷണം എത്തി.

ഒറ്റയ്ക്ക് ഇവരുടെ വിശപ്പകറ്റാൻ ഫിറോസിന് കഴിയുമായിരുന്നില്ല. അതുകൊണ്ട് പുതിയൊരു പദ്ധതി ഒരുക്കി. സഹായമായി ആലത്തൂരിലെ ഹോട്ടലുടമകളും എത്തി. ഹോട്ടലുടമകളോടു കാര്യം പറഞ്ഞപ്പോൾ അവർ സഹായിക്കാം എന്നു സമ്മതിച്ചു. ഇതുപ്രകാരം ദിവസം നാലും അഞ്ചും പൊതി ഭക്ഷണം ഓരോ ഹോട്ടലുകാരും നൽകി. രാത്രി കാലങ്ങളിൽ അതു ശേഖരിച്ച് ആവശ്യക്കാർക്കു വിതരണം ചെയ്തു. അവിടെ തുടങ്ങി ഫിറോസിന്റെ ജൈത്രയാത്ര. പിന്നീട് പാലക്കാട്ടും ഭക്ഷണ പൊതിയുമായി എത്തി. ഹോട്ടലുടമകളുടെ സഹായം പാലക്കാടും കിട്ടി. പിന്നീട് തൃശൂർ ജില്ലയിൽ 50 പേർക്ക് സ്ഥിരമായി ഭക്ഷണം എത്തിക്കുന്നതിനുള്ള ഏർപ്പാട് ചെയ്തു. അങ്ങനെ ഫിറോസ് താരമായി. ഇതോടെ ശത്രുക്കളും കൂടി. ബാങ്ക് ഓഫ് ഇന്ത്യ വിവാദം ആളിക്കത്തിയതും ഇത്തരക്കാരുടെ ഇടപെടലൂടെയാണ്. എന്നാൽ തന്റെ സുതാര്യത വീണ്ടും തെളിയിക്കാൻ ഫിറോസിന് കഴിഞ്ഞിരിക്കുന്നു.

താമസിക്കാൻ വീടോ ജീവിക്കാൻ വരുമാനമോ ഇല്ലാതെ കഷ്ടപ്പെട്ട ഒരു സ്ത്രീയുടെയും കുടുംബത്തിന്റെയും നൊമ്പരം കാതുകളിലെത്തി. ഇത് ഞാൻ പലരുമായി പങ്കുെവച്ചു. എന്നാൽ ആരും സഹായിച്ചില്ല. ആ കുടുംബത്തെ ഫിറോസ് ഏറ്റെടുത്തു. കുട്ടികളെ അടുത്തുള്ള സ്‌കൂളിൽ പഠിക്കാൻ ചേർത്തി. അതിനുശേഷം അവരുടെ അവസ്ഥകൾ വിവരിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ ഒരു ലൈവ് ചെയ്തു. സ്വന്തമായി കിടക്കാൻ ഒരു കിടപ്പാടം എന്നതായിരുന്നു അവരുടെ ആവശ്യം. ലൈവ് വിഡിയോ സൂപ്പർ ഹിറ്റായി. വീട് നിർമ്മിക്കാനുള്ള പണം അക്കൗണ്ടിലേക്ക് എത്തി. ഇതോടെ ഫെയ്സ് ബുക്കിൽ വിശ്വാസം കൂടി. സമൂഹ മാധ്യമങ്ങളെ വിശ്വാസത്തിലെടുത്ത് ഫിറോസ് മുന്നോട്ട് പോയി. ലൈവുകളുമായി ആളുകളുടെ നൊമ്പരം ചർച്ചയാക്കി. എല്ലാവർക്കും അങ്ങനെ ആശ്വാസവുമെത്തി.

ഫെയ്സ് ബുക്കിലെ ചാരിറ്റി വിപ്ലവം

കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ 200ൽ പരം ലൈവുകൾ ഫിറോസ് ചെയ്തു. എല്ലാം കാണുന്നത് ലക്ഷക്കണക്കിന് പേരാണ്. ഒഴുകുന്നത് കോടികൾക്ക് അടുത്ത് തുകയും. അതിൽ നിന്ന് ആവശ്യമുള്ള സഹായം അർഹതപ്പെടുന്നവർക്ക് കൈമാറും. ബാക്കി തുക കരുതലോടെ സൂക്ഷിക്കും. കണക്കുകൾ കിറു കൃത്യമായി സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തും. അങ്ങനെ കള്ളനാണയങ്ങൾക്കിടയിൽ ചാരിറ്റിയുടെ നന്മമരമായി ഫിറോസ് കുന്നംപറമ്പിൽ.

ഫിറോസിന്റെ ഫെയ്സ് ബുക്ക് ലൈവ് നൂറുകണക്കിന് ആളുകൾക്ക് വൈദ്യ സഹായവും സാമ്പത്തിക സഹായവും ലഭ്യമാക്കി. തൃശൂർ, പാലക്കാട് ജില്ലകളെ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ധാരാളം സമ്പന്നരായ ആളുകൾ പാവങ്ങളെ സഹായിക്കാൻ സന്നദ്ധരാണ്. കൃത്യമായി എത്തേണ്ടവരിലേക്ക് എത്തിക്കുക എന്നതാണ് പ്രധാനം. അതാണ് ഫിറോസ് ചെയ്തു കൊണ്ടിരിക്കുന്നത്. കൃത്യമായി പഠിച്ചശേഷം മാത്രമാണ് അവർക്കു സഹായത്തിനു അർഹതയുണ്ടോ എന്നു തീരുമാനിക്കുന്നത്. പലസ്ഥലങ്ങളിലും നേരിട്ടു പോയി കാര്യങ്ങൾ അന്വേഷിച്ച ശേഷമായിരിക്കും ലൈവിലൂടെ വിവരം പങ്കുവെയ്ക്കുക. അത് പരമാവധി സുതാര്യമായി അവതരിപ്പിക്കും. പ്രശ്നം പ്രേക്ഷരിലേക്ക് എത്തിക്കുന്ന ഈ ഇടപെടലാണ് സാമൂഹിക പ്രവർത്തന രംഗത്ത് ഫിറോസിനെ വ്യത്യസ്തനാക്കുന്നത്.

ഇപ്പോൾ പ്രതിദിനം 600ലേറെ ആളുകൾ സഹായാം അഭ്യർത്ഥിക്കുന്നുണ്ട്. കൃത്യമായി പഠിച്ചശേഷം മാത്രമാണ് അവർക്കു സഹായത്തിനു അർഹതയുണ്ടോ എന്നു തീരുമാനിക്കുന്നത്. ഒരാൾ സഹായം ആവശ്യപ്പെട്ടാൽ ഉടനടി അതു ചെയ്യുകയാണ് രീതി. ആദ്യം സത്യാവസ്ഥ മനസിലാക്കും. പിന്നീട് അവർക്കുവേണ്ടി സഹായാഭ്യർത്ഥന. ചികിത്സയ്ക്കും വീട് വയ്ക്കാനുമൊക്കെ ആവശ്യമായ പണം അവരുടെ ബാങ്ക് അകൗണ്ടിൽ വന്നു എന്ന് ഉറപ്പായാൽ അകൗണ്ട് ക്ളോസ് ചെയ്യും. ചികിത്സ പുരോഗതിയും മറ്റു കാര്യങ്ങളും തുടർന്നും അന്വേഷിക്കും. ഇതെല്ലാം കൃത്യമായി പരിശോധിക്കാനും സാധ്യമാകുന്ന തരത്തിൽ ഇടപെടൽ നടത്തും. ഓട്ടിസം ബാധിച്ചതിനെ തുടർന്ന് അമ്മ കെട്ടിയിട്ടിരുന്ന ശ്രീലക്ഷ്മിയുടെ ചികിത്സ ഉൾപ്പെടെ ഫിറോസിന്റെ കാരുണ്യത്തിന്റെ വിജയമാണ്. ഇവരുടെ ചികിൽസ ചെന്നൈയിലാണ് നടക്കുന്നത്. അവരുടെ വീടെന്ന സ്വപ്നവും യാഥാർത്ഥ്യത്തിലെത്തുന്നുത

കളത്തിൽ അബ്ദുള്ളയുടെ ശിഷ്യൻ

ഫിറോസിന്റെ ലൈവ് സോഷ്യൽ മീഡിയയിൽ എത്തിയാൽ മണിക്കൂറുകൾ കൊണ്ട് ലക്ഷങ്ങളുടെ സഹായം അത്തരം കുടുംബങ്ങൾക്ക് ലഭിക്കാറുമുണ്ട്. മുൻ മണ്ണാർക്കാട് എംഎൽഎയായ കളത്തിൽ അബ്ദുള്ളയുടെ ഡ്രൈവറായിരുന്നു ഫിറോസ്. അദ്ദേഹം വികലാംഗ കോർപ്പറേഷന്റെ സംസ്ഥാന ചെയർമാനായിരുന്ന കാലത്ത് അദ്ദേഹത്തിനൊപ്പം നടത്തിയ യാത്രകളും അന്നു കണ്ട ജീവിതങ്ങളുമാണ് ഇന്ന് ഈ കാണുന്ന ഫിറോസിനെ സൃഷ്ടിച്ചതെന്ന് തുറന്നെഴുതിയ വ്യക്തികൂടിയാണ് ഫിറോസ്

അഞ്ചു വർഷം ഞാൻ ഇദ്ദേഹത്തിന്റെ ഡ്രൈവർ ആയിരുന്നു. അന്ന് അദ്ദേഹം വികലാംഗ കോർപ്പറേഷന്റെ സംസ്ഥാന ചെയർമാൻ. അഞ്ച് വർഷം കൊണ്ട് ഒരായുസ്സിന്റെ പാഠങ്ങളാണ് ഞാൻ പഠിച്ചെടുത്തത് സഹജീവികളോടുള്ള സ്നേഹവും കരുണയുമെല്ലാം ഓരോ നിമിഷവും ഞാൻ നോക്കിക്കാണുകയായിരുന്നു. ആ കാഴ്ചകളാണ് എന്നെ ഈ ലോകത്തേക്ക് അടുപ്പിച്ചത് ഫിറോസ് കുന്നംപറമ്പിൽ ജീവിതത്തിൽ എന്തെങ്കിലും ഒക്കെ ആയിട്ടുണ്ടെങ്കിൽ അതിവിടെ നിന്നാണ്. കളത്തിൽ അബ്ദുള്ളയിൽ നിന്ന്. ഫെയ്സ് ബുക്കിൽ ഫിറോസ് എഴുതിയ ഈ കുറിപ്പ് ഏറെ ചർച്ചയായിരുന്നു.

മുസ്ലിം ലീഗ് നേതാവായിരുന്നു കളത്തിൽ അബ്ദുള്ള. അബ്ദുള്ളയുടെ ഡ്രൈവർ മൊബൈൽ കട നടത്തിപ്പുകാരനായപ്പോൾ അന്ന് കണ്ടെതല്ലാം മനസ്സിൽ മായതെ കിടുന്നു. ഇതാണ് ആലത്തൂരിന്റെ കണ്ണീരൊപ്പിയ ഭക്ഷണപൊതിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

നന്മ ചെയ്യുന്ന മുത്തിന് ഇന്നോവ കിട്ടയത് സമ്മാനമായി

ഫിറോസിന്റെ ഓട്ടത്തിന് പുതു വേഗം നൽകാൻ ഇന്നോവ സമ്മാനിച്ചിരിക്കുകയാണ് സുഹൃത്ത്. വ്യവസായിയും സുഹൃത്തുമായ നെഹ്ദി അഷ്‌റഫ് ആണ് ഫിറോസിന് കാർ സമ്മാനിച്ചത്. അങ്ങനെ ഇന്നോവയുടെ ക്രിസ്റ്റയിലായി ഫിറോസിന്റെ യാത്ര. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് സുഹൃത്ത് സമ്മാനം നൽകിയതും ഫിറോസ് അറിയിച്ചത്. ലൈവിനിടെ വാഹനത്തിന്റെ താക്കോലും രേഖകളും ഫിറോസിന് കൈമാറി.

'നേരത്തെയുണ്ടായിരുന്നത് സെക്കൻഡ് ഹാൻഡ് വാഹനമാണ്. അതിടക്കിടെ തകരാറിലാകും. തിരുവനന്തപുരം മുതൽ കാസർകോട് വരെ എപ്പോഴും യാത്ര ചെയ്യുന്ന ആളാണ് ഫിറോസ്. അതുകൊണ്ട് നന്മ ചെയ്യുന്ന ഞങ്ങളുടെ മുത്തിന് ഞങ്ങളീ വാഹനം നൽകുകയാണ്''- താക്കോൽ കൈമാറി കൊണ്ട് സുഹൃത്തുക്കൾ പറഞ്ഞു. ''സ്വപ്നത്തിൽ പോലും വിചാരിക്കാത്ത സമയത്താണ് വാഹനം കിട്ടിയത്. ജീവിതത്തിൽ ഒരുപാട് സന്തോഷമുണ്ട് ദിവസമാണ്. കേരളത്തിലെ പാവപ്പെട്ടവർക്ക് വേണ്ടിയാകും ഈ വാഹനം ഓടുക. അപകടത്തിൽപ്പെടാതെ യാത്ര സുരക്ഷിതമായിരിക്കാൻ പ്രാർത്ഥിക്കണം''-ഫിറോസ് പറയുന്നു.

ഫിറോസ് രാഷ്ട്രീയം പറച്ചിൽ നിറുത്തിയത്

2018 സെപ്റ്റംബറിൽ കെഎംസിസിയുടെ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ വിശദീകരണവുമായി ഫിറോസ് കുന്നുംപറമ്പിൽ എത്തിയിരുന്നു. പരിപാടിയിൽ മുസ്ലിം ലീഗിനെക്കുറിച്ച് നടത്തിയ പരാമർശം വിവാദമായിരുന്നു. കെഎംസിസിയുടെ വേദിയിൽ മുഖ്യാതിഥിയായാണ് ഫിറോസ് എത്തിയത്. താൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന് കാരണം മുസ്ലിം ലീഗ് എന്ന തന്റെ പാർട്ടിയാണ് എന്നായിരുന്നു ഫിറോസ് വേദിയിൽ പറഞ്ഞത്.

ഇതിന് പിന്നാലെ ഫിറോസിനെതിരെ ചിലർ രംഗത്തെത്തി. പാവപ്പെട്ടവന്റെ പേരില് മുസ്ലിം ലീഗിലേക്ക് ആളെക്കൂട്ടാനാണ് ഫിറോസിന്റെ ശ്രമമെന്ന തരത്തിലും പ്രചാരണങ്ങളുയർന്നു. ഇതേത്തുടർന്നാണ് ഫിറോസിന്റെ വിശദീകരണ വിഡിയോ. ''ജീവകാരുണ്യപ്രവർത്തനങ്ങളിൽ രാഷ്ട്രീയം കണ്ടിട്ടില്ല. പാവപ്പെട്ടവന്റെ വീട്ടിൽ പോകുമ്പോൾ രാഷ്ട്രീയം ചോദിച്ചിട്ടുമില്ല, പറഞ്ഞിട്ടുമില്ല. പഴയകാലത്തെ രാഷ്ട്രീയപ്രവർത്തനത്തെക്കുറിച്ചാണ് കെഎംസിസി വേദിയിൽ പറഞ്ഞത്'', ഫിറോസ് പറയുന്നു. രാഷ്ട്രീയക്കാരനാകാതെ തന്നെ, രാഷ്ട്രീയമില്ലാതെ ജനങ്ങളെ സേവിക്കാമെന്ന് പഠിച്ചയാളാണ് താൻ. പക്ഷേ പലരും അവരുടെ രാഷ്ട്രീയലാഭത്തിനുവേണ്ടി എന്നെ ഉപയോഗിക്കുന്നു. വല്ലാത്ത വിഷമം തോന്നി.

രാഷ്ട്രീയപാർട്ടികളുടെ പരിപാടികൾ ഇനി തന്നെ ക്ഷണിക്കരുത്. ആ സമയത്ത് പാവപ്പെട്ട ആരെയെങ്കിലും സഹായിക്കാം. ദയവുചെയ്ത് ഇത്തരം സോഷ്യൽ മീഡിയ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ഫിറോസ് വിഡിയോയിലൂടെ അഭ്യർത്ഥിച്ചു. അതോടെ രാഷ്ട്രീയം വിട്ട് മുഴുവൻ സമയ പൊതു പ്രവർത്തനം.

ബിന്ദുവിനും കുട്ടികൾക്കും താങ്ങായതും ഫെയ്സ് ബുക്ക് ലൈവ്

ഓട്ടിസം ബാധിച്ച മകളെ കെട്ടിയിട്ടു ജോലിക്കു പോകേണ്ടി വരുന്ന ബിന്ദുവിന് 45 ലക്ഷം രൂപയാണ് ഏഴു ദിവസം കൊണ്ട് അക്കൗണ്ടിലേക്കെത്തിയത്. ഇതിൽ 90 ശതമാനം സഹായങ്ങളും പ്രവാസികളുടെ ഭാഗത്ത് നിന്നാണെന്ന് ബിന്ദു പറയുന്നു. ആവശ്യത്തിന് പണം ലഭിച്ചതിനാൽ ഈ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുകയായും ചെയ്തു.

കൊടുങ്ങല്ലൂർ മേത്തല സ്വദേശിനി ബിന്ദുവിന്റേയും പത്തുവയസുകാരിയായ മകൾ ശ്രീലക്ഷ്മിയുടെ ദയനീയകഥ ഫിറോസിലുടെ അറിഞ്ഞവർ സഹായങ്ങളുമായി രംഗത്തെത്തിയതോടെ ഈ അമ്മയുടെ കണ്ണീർ തോരുകയാണ്. സാമൂഹിക പ്രവർത്തകനായ ഫിറോസ് കുന്നുംപറമ്പിലിന്റെ വീഡിയോയിലൂടെയാണ് ബിന്ദുവിന്റെ കരളലിയിക്കുന്ന ജീവിതം പുറംലോകം അറിഞ്ഞത്. വീട്ടിൽ ഓട്ടിസം ബാധിച്ച മകളെ കെട്ടിയിട്ട് ജോലിക്ക് പോകുന്ന അമ്മയുടെ ജീവിതം സമൂഹമാധ്യമങ്ങളിലും മുഖ്യധാരമാധ്യമങ്ങളിലും വാർത്തയായിരുന്നു. ഉറങ്ങുമ്പോൾ പോലും മകളെ ദേഹത്തു കെട്ടിയിട്ടുറങ്ങുന്ന അവസ്ഥയിലായിരുന്നു ഈ അമ്മ. രണ്ടു പെൺമക്കളാണ് ഇവർക്ക്. ഇളയ മകൾക്കാണ് ഓട്ടിസം ബാധിച്ച് ചികിൽസ. മൂത്ത മകൾ മാത്രമാണ് വീട്ടമ്മയ്ക്കുള്ള ഏക ആശ്വാസം.

ചികിത്സാസഹായം തേടുന്ന കൊടുങ്ങല്ലൂരിലെ നിർധന രോഗികൾക്ക് വീണ്ടും ആശ്വാസമേകിയതും ഫിറോസ് കുന്നുംപറമ്പിൽ ആയിരുന്നു. താലൂക്ക് ആശുപത്രിയിലെ കീമോതെറാപ്പി യൂണിറ്റിന് മൂന്നരലക്ഷം രൂപയും ചികിത്സാസഹായം തേടുന്ന നിർധനരായ രണ്ടുപേർക്കായി അഞ്ചുലക്ഷം രൂപയും സമാഹരിച്ചുനൽകി. കൊടകരയിലെ പ്രതീഷിന്റെ മകൾ അഭിരൂപയുടെ കരൾ മാറ്റിവെയ്ക്കൽ ചികിത്സയ്ക്കായി സാമൂഹികമാധ്യമങ്ങളിലൂടെ അഭ്യർത്ഥന നടത്തി മൂന്നുദിവസംകൊണ്ട് സമാഹരിച്ച തുകയിൽനിന്ന് ചികിത്സയ്ക്കാവശ്യമായത് കഴിച്ച് ബാക്കിയുള്ളതാണ് കൊടുങ്ങല്ലൂരിൽ സഹായമായി നൽകിയത്. കരൾ മാറ്റിവെയ്ക്കൽ ചികിത്സയ്ക്കായി 30 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും 50 ലക്ഷം രൂപയാണ് ബാങ്കിലെത്തിയത്.

ഇതിൽനിന്നാണ് കൊടുങ്ങല്ലൂരിലെ ജീവകാരുണ്യപ്രവർത്തകരുമായി ബന്ധപ്പെട്ട് പണം വിതരണം ചെയ്തത്. മുമ്പ് കോതപറമ്പിലെ ഒരു രോഗിക്കായി സമാഹരിച്ച പണത്തിൽനിന്ന് 21 ലക്ഷവും എറിയാട് മറ്റൊരു രോഗിക്കായി സമാഹരിച്ചതിൽനിന്ന് 11 ലക്ഷവും ഇദ്ദേഹം മറ്റു രോഗികൾക്കായി വീതിച്ചുനൽകിയിരുന്നു.

ബാങ്ക് ഓഫ് ഇന്ത്യയെ മുട്ടു മടക്കിച്ച് താരമാകുമ്പോൾ

ഗുരുതരാവസ്ഥയിലായ 3 കുട്ടികളുടെ ചികിൽസക്ക് വേണ്ടി സ്വരൂപിച്ച ഒരു കോടി 17 ലക്ഷം രുപ യാതൊരു കാരണവും കൂടാതെ തടഞ്ഞ് വെച്ച ഒറ്റപ്പാലം ബാങ്ക് ഓഫ് ഇന്ത്യ യുടെ നിലപാടിനെതിരെ സോഷ്യൽ മീഡിയ ഒന്നടങ്കം പ്രതിഷേധത്തിലായതോടെ മുട്ടുമടക്കി 'പണം നൽകാൻ ബാങ്ക് ഓഫ് ഇന്ത്യ തയ്യാറായി. പണത്തിന് വേണ്ടി ബാങ്കിൽ ബന്ധപ്പെട്ടപ്പോൾ തീവ്രവാദികളോടെന്ന പോലെ പെരുമാറിയെന്ന് ഫിറോസ് കുന്നുംപറമ്പിൽ ലൈവ് വീഡിയോയിലൂടെ പ്രതികരിച്ചപ്പോൾ ബാങ്ക് ഓഫ് ഇന്ത്യയുടെ എക്കൗണ്ടുകൾ പിൻവലിക്കുന്നതടക്കമുള്ള കാമ്പയിനുമായി സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വൈറൽ സന്ദേശം എറ്റെടുക്കുകയായിരുന്നു.

പ്രതിഷേധം കനത്തതോടെ കൊച്ചിയിൽ നിന്നും ബാങ്ക് ഓഫ് ഇന്ത്യയുടെ സോണൽ മാനേജർ ഇടപെട്ട് ചെക്ക് നൽകാൻ തയ്യാറായി. ഇതേ തുടർന്ന് 15 ന് ബാങ്കിന് മുൻപിൽ നടത്താനിരുന്ന ജനകീയ ഉപരോധസമരവും ഫിറോസ് കുന്നുപറമ്പിൽ ഉപേക്ഷിച്ചു. തന്റെ ശബ്ദം കേരളത്തിലെ സാധാരണക്കാരനും നീതി നിഷേധിക്കപ്പെട്ടവർക്കും വേണ്ടിയുള്ളതാണ്. ബാങ്കിന്റെ ക്രൂരതയ്‌ക്കെതിരെ വാർത്തകൾ നൽകിയ ഓൺലൈൻ മാധ്യമങ്ങൾക്ക് നന്ദി അറിയിക്കുന്നതായും ഫിറോസ് കുന്നുംപറമ്പിൽ പറഞ്ഞു.

ലക്ഷ്യം മനോനില തെറ്റിയവർക്ക് അഭയ കേന്ദ്രം

ഗുരുതര രോഗം ബാധിച്ച നൂറു കണക്കിനാളുകൾക്കു ഫിറോസിന്റെ ലൈവ് പരിപാടിയിലൂടെ ചികിത്സാ സഹായം ലഭിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സാക്ഷ്യങ്ങൾ ഇനിയുമേറെയുണ്ട്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നിന്നും ഫിറോസിന്റെ സഹായം തേടി ഫോൺ വിളികൾ പ്രവഹിക്കുന്നു. ജാതി മത ഭേദമന്യേയാണ് ഫിറോസിന്റെ ഇടപെടൽ.

ആലത്തൂർ ബസ്സ്റ്റാന്റിന് സമീപം മൊബൈൽ ഫോൺ കട നടത്തുന്ന ഫിറോസ് ഹോട്ടൽ അസോസിയേഷന്റെ സഹകരണത്തോടെ, തെരുവിൽ കഴിയുന്നവർക്ക് രാത്രിയിൽ ഭക്ഷണമെത്തിച്ചു നൽകി വരുന്നുണ്ട്. വർഷങ്ങളായി തുടരുന്ന ഈ പ്രവൃത്തിയുടെ തുടർച്ചയാണ് ഓൺലൈൻ സഹായം. ഗുരുതര രോഗം ബാധിച്ചവർക്ക് ചികിത്സ ലഭ്യമാക്കുവാനായി നൂറുകണക്കിനാളുകൾ ചേർന്ന് മാസങ്ങളോളം കഠിന പരിശ്രമം നടത്തി പണം സമാഹരിക്കുമ്പോഴാണ് ഈ പാലക്കാട്ടുകാരൻ രണ്ട് മിനിറ്റ് നേരത്തെ ലൈവ് പരിപാടിയിലൂടെ ദിവസങ്ങൾക്കകം ലക്ഷങ്ങൾ കണ്ടെത്തുന്നത്.

ആർക്കാണോ സഹായം ആവശ്യമുള്ളത് അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തിക്കുകയാണ് ചെയ്യുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ ഫിറോസിന്റെ ലൈവിന് വിശ്വാസ്യതയേറെയാണ്. അതുകൊണ്ടുതന്നെ വിദേശത്ത് നിന്നുൾപ്പടെ ലക്ഷങ്ങൾ ഒഴുകിയെത്തുമെന്നതുറപ്പ്.ഫ തെരുവിലലയുന്നവർക്കും, ഓട്ടിസം ബാധിച്ചവർക്കും മനോനില തെറ്റിയവർക്കുമെല്ലാം അഭയമാകുന്ന ഒരു കേന്ദ്രം അതാണ് ഫിറോസിന്റെ ലക്ഷ്യം. അതിനുള്ള പരിശ്രമത്തിലാണ് ഈ ചെറുപ്പക്കാരൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP