Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മദ്രസാധ്യാപകർക്ക് ഹിന്ദി, ഇംഗ്ലീഷ്, കണക്ക്, ശാസ്ത്രം, കംപ്യൂട്ടർ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകും; മദ്രസകളെ ഔദ്യോഗിക വിദ്യാഭ്യാസസമ്പ്രദായവുമായി ബന്ധിപ്പിക്കുന്നത് ഒരു കൈയിൽ ഖുറാനും മറ്റൊരു കയ്യിൽ കംപ്യൂട്ടറും എന്ന മോദിയുടെ മുദ്രാവാക്യം ലക്ഷ്യത്തിലെത്തിക്കാൻ; സ്വാഗതം ചെയ്ത് മുസ്ലിം പുരോഹിതർ; ഗോഡ്സെയേയും പ്രഗ്യാ സിങ് ഠാക്കൂറിനേയും മദ്രസകളിൽ പോറ്റി വളർത്താറില്ലെന്ന് അസംഖാൻ: മദ്രസകളെ 'ഉയർത്താനുള്ള' കേന്ദ്രസർക്കാർ തീരുമാനത്തിൽ ചർച്ച ഇങ്ങനെ

മദ്രസാധ്യാപകർക്ക് ഹിന്ദി, ഇംഗ്ലീഷ്, കണക്ക്, ശാസ്ത്രം, കംപ്യൂട്ടർ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകും; മദ്രസകളെ ഔദ്യോഗിക വിദ്യാഭ്യാസസമ്പ്രദായവുമായി ബന്ധിപ്പിക്കുന്നത് ഒരു കൈയിൽ ഖുറാനും മറ്റൊരു കയ്യിൽ കംപ്യൂട്ടറും എന്ന മോദിയുടെ മുദ്രാവാക്യം ലക്ഷ്യത്തിലെത്തിക്കാൻ; സ്വാഗതം ചെയ്ത് മുസ്ലിം പുരോഹിതർ; ഗോഡ്സെയേയും പ്രഗ്യാ സിങ് ഠാക്കൂറിനേയും മദ്രസകളിൽ പോറ്റി വളർത്താറില്ലെന്ന് അസംഖാൻ: മദ്രസകളെ 'ഉയർത്താനുള്ള' കേന്ദ്രസർക്കാർ തീരുമാനത്തിൽ ചർച്ച ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ മദ്രസകളെ പൊതുവിദ്യാഭ്യാസ സംവിധാനത്തോടു ബന്ധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് മുസ്ലിം പുരോഹിതർ സ്വാഗതം ചെയ്യുമ്പോഴും എതിർപ്പുകളും സജീവം. രാജ്യത്തുടനീളമുള്ള മദ്രസാധ്യാപകർക്ക് ഹിന്ദി, ഇംഗ്ലീഷ്, കണക്ക്, ശാസ്ത്രം, കംപ്യൂട്ടർ തുടങ്ങിയ വിഷയങ്ങളിൽ വിവിധ സ്ഥാപനങ്ങളിൽ പരിശീലനം നൽകാനാണ് നീക്കം. ഇതിലൂടെ നിലവാര വർദ്ധനയാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രം പറയുന്നു. അടുത്ത മാസത്തോടെ തീരുമാനം പ്രാബല്യത്തിൽ വരും.

ഈ തീരുമാനമെടുത്തതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വിക്കും നന്ദിയറിയിക്കുന്നതായി മുസ്ലിം പുരോഹിതനായ ഉമർ ഇല്യാസി പറഞ്ഞു. അലിഗഢിലെ രഹൻ അക്തർ ഖാസിമി എന്ന മറ്റൊരു പുരോഹിതനും സർക്കാർ തീരുമാനം സ്വാഗതം ചെയ്തു. ചൊവ്വാഴ്ചയാണ് മദ്രസകളെ ഔദ്യോഗിക വിദ്യാഭ്യാസസമ്പ്രദായവുമായി ബന്ധിപ്പിക്കുമെന്ന് നഖ്വി പ്രഖ്യാപിച്ചത്. മദ്റസകളെ ഔപചാരിക വിദ്യാഭ്യാസ രീതികളുമായി ബന്ധിപ്പിച്ച് കംപ്യൂട്ടർ, ശാസ്ത്രം തുടങ്ങിയവ ഇവിടെ പഠന വിഷയമാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.

രാജ്യത്ത് നിരവധി മദ്രസകളുണ്ട്. അവ ഔപചാരിക വിദ്യാഭ്യാസവുമായി കൂട്ടിയോജിപ്പിക്കും. അത്തരത്തിൽ അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സമൂഹത്തിന്റെ വളർച്ചയ്ക്കായി സംഭാവനകൾ നൽകാമെന്ന് നഖ്വിയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ടു ചെയ്യുന്നു. മദ്രസ അദ്ധ്യാപകർക്ക് ഹിന്ദി, ഇംഗ്ലീഷ്, കണക്ക്, ശാസ്ത്രം, കംപ്യൂട്ടർ എന്നീ വിഷയങ്ങളിൽ പ്രത്യേക പരിശീലനം നൽകുന്നതിലൂടെ മദ്റസാ വിദ്യാർത്ഥികൾക്കിടയിൽ മുഖ്യധാര വിദ്യാഭ്യാസം നൽകാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തിൽ തിരിച്ചെത്തിയാൽ മദ്റസകളെ ആധുനിക വൽക്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഒരു കൈയിൽ ഖുറാനും മറ്റൊരു കയ്യിൽ കംപ്യൂട്ടറും എന്ന മുദ്രാവാക്യവും തിരഞ്ഞെടുപ്പ് സമയത്ത് മോദി ആവിഷ്‌കരിച്ചിരുന്നു.

ആധുനിക വിദ്യാഭ്യാസം നൽകി മുസ്‌ലിം മത പാഠശാലകളെ ശക്തിപ്പെടുത്താനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിനായാണ് മദ്രസ അദ്ധ്യാപകർക്കുള്ള പുതിയ പരിശീലന പരിപാടി. ആധുനിക മതപാഠം ഒഴികെയുള്ള വിഷയങ്ങളിൽ മദ്രസാധ്യാപകർക്ക് പരിശീലനം നൽകുന്നതാണ് പദ്ധതി. മദ്രസകളിൽ ആധുനിക വിഷയങ്ങൾ പഠിപ്പിക്കാൻ നേരത്തെ തന്നെ പദ്ധതികൾ നിലവിലുണ്ട്. ഇതിന് പുറമെ വിദ്യാലയങ്ങളില്ലാത്ത പ്രദേശങ്ങളിൽ മാനവവിഭവ ശേഷി മന്ത്രാലയവുമായി ചേർന്ന് ന്യൂനപക്ഷ മന്ത്രാലയം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി വ്യക്തമാക്കി. ന്യൂനപക്ഷങ്ങളുടെ വിശ്വാസം ലക്ഷ്യമിട്ടാണ് രണ്ടാം മോദി സർക്കാർ ഇത്തരം പദ്ധതികൾ കൊണ്ടുവരുന്നതെന്നാണ് വിലയിരുത്തൽ.

നേരത്തെ മദ്രസകൾ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ശിയാ കേന്ദ്ര വഖഫ് ബോർഡ് പ്രധാനമന്ത്രിക്ക് കത്തയച്ചത് വിവാദമായിരുന്നു. മദ്റസകൾ അടച്ചുപൂട്ടി ഇത് സിബിഎസ്ഇ, ഐസിഎസ്ഇയുടെ കീഴിൽ പ്രവർത്തിക്കുന്ന മതേതര സ്‌കൂളുകളാക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ഇതിനിടെ പ്രതിഷേധവുമായി പ്രതിപക്ഷവും രംഗത്ത് വന്നിട്ടുണ്ട്. ഗാന്ധി ഘാതകനായ നാഥൂറാം ഗോഡ്സെയേയും, മാലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രഗ്യാ സിങ് ഠാക്കൂറിനേയും പോലെ ഉള്ളവരെ മദ്രസകളിൽ പോറ്റി വളർത്താറില്ലെന്ന് സമാജ്വാദി പാർട്ടി നേതാവ് അസംഖാൻ പ്രതികരിച്ചു.

നാഥൂറാം ഗോഡ്സെയുടെ സ്വഭാവം ഉള്ളവരെയോ, പ്രഗ്യാ സിങ് ഠാക്കൂറിന്റെ വ്യക്തിത്വം ഉള്ളവരെയോ മദ്രസകളിൽ വളർത്താറില്ല. ഗോഡ്സെയുടെ ചിന്തകൾ പ്രചരിപ്പിക്കുന്നവർ ജനാധിപത്യത്തിന്റെ ശത്രുക്കളാണെന്നാണ് ആദ്യം പ്രഖ്യാപിക്കേണ്ടത്. ഭീകരവാദ കുറ്റം ചുമത്തിയവരെ ആദരിക്കുന്നത് വ്യക്തമാക്കണമെന്നും അസംഖാൻ പറഞ്ഞു. മതപരമായ വിദ്യാഭ്യാസം മദ്രസകളിൽ നൽകുന്നുണ്ട്. ഇതേ മദ്രസയിലാണ് ഹിന്ദിയും ഇംഗ്ലീഷും കണക്കും പഠിപ്പിക്കുന്നത്. ഇതായിരുന്നു എപ്പോഴും ചെയ്തിരുന്നത്.

മദ്രസകളെ സഹായിക്കണമെന്നാണ് കേന്ദ്രത്തിന്റെ ഉദ്ദേശമെങ്കിൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കുകയാണ് വേണ്ടതെന്നും അസംഖാൻ കൂട്ടിച്ചേർത്തു. നിങ്ങൾക്ക് അവയുടെ നിലവാരം ഉയർത്തണമെങ്കിൽ നല്ല കെട്ടിടങ്ങൾ നിർമ്മിക്കുകയും ഫർണിച്ചറുകൾ നൽകുകയും ഉച്ചഭക്ഷണം ഏർപ്പാടാക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP