Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഹകരണ സംഘം ലിക്വിഡേറ്റർ ആയപ്പോൾ സ്ഥല വിൽപന നടത്തിയത് 22 ലക്ഷം രൂപയ്ക്ക്; റിപ്പോർട്ടിൽ കാണിച്ചത് 18 ലക്ഷം രൂപ മാത്രം; 2015 നവംബറിൽ സ്ഥലവില്പന നടന്നപ്പോൾ റിപ്പോർട്ട് ചെയ്തത് 2017 ജനുവരിയെന്നും; 22 ലക്ഷം രൂപ തിരിമറി നടത്തിയതിനു സസ്പെൻഷൻ നേരിടുന്നത് തൃശൂർ ജില്ലാ വ്യവസായകേന്ദ്രം വികസന ഓഫീസർ; പണമെവിടെ എന്ന വ്യവസായ വകുപ്പ് ഡയറക്ടറുടെ ചോദ്യത്തിന് സ്വന്തം ആവശ്യത്തിന് എടുത്തെന്നു കുറ്റസമ്മതവും; പണമടയ്ക്കാതിരുന്നിട്ടും എസ്.ബിന്ദുവിനെ തിരിച്ചെടുക്കാൻ നീക്കം തകൃതി

സഹകരണ സംഘം ലിക്വിഡേറ്റർ ആയപ്പോൾ സ്ഥല വിൽപന നടത്തിയത് 22 ലക്ഷം രൂപയ്ക്ക്; റിപ്പോർട്ടിൽ കാണിച്ചത് 18 ലക്ഷം രൂപ മാത്രം;  2015 നവംബറിൽ സ്ഥലവില്പന നടന്നപ്പോൾ റിപ്പോർട്ട് ചെയ്തത് 2017 ജനുവരിയെന്നും; 22 ലക്ഷം രൂപ തിരിമറി നടത്തിയതിനു സസ്പെൻഷൻ നേരിടുന്നത് തൃശൂർ ജില്ലാ വ്യവസായകേന്ദ്രം വികസന ഓഫീസർ; പണമെവിടെ എന്ന വ്യവസായ വകുപ്പ് ഡയറക്ടറുടെ ചോദ്യത്തിന് സ്വന്തം ആവശ്യത്തിന് എടുത്തെന്നു കുറ്റസമ്മതവും; പണമടയ്ക്കാതിരുന്നിട്ടും എസ്.ബിന്ദുവിനെ തിരിച്ചെടുക്കാൻ നീക്കം തകൃതി

എം മനോജ് കുമാർ

തൃശൂർ: ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്ന് തൃശൂർ ടൗൺ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്റർ ആയി നിയമിതയായശേഷം ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയതിന്റെ പേരിൽ സസ്‌പെൻഷനിലായ ബിന്ദു.എസ്.നായരെ തിരിച്ചെടുക്കാനുള്ള നീക്കം തകൃതി. ബിന്ദു താത്കാലിക ലിക്വിഡേറ്റർ ആയി നിയമിതയായ ശേഷം ലിക്വിഡേറ്റർ അക്കൗണ്ടിൽ നിന്ന് 22 ലക്ഷത്തോളം രൂപ തിരിമറി നടത്തിയതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ വ്യവസായ വികസന ഓഫീസർ തസ്തികയിൽ ഇരുന്ന ബിന്ദുവിനെ വ്യവസായ വകുപ്പ് ഡയറക്ടർ സസ്പെൻഡ് ചെയ്യുന്നത്. എന്നാൽ ധനാപഹരണത്തിനു നടപടി നേരിടുന്ന ഉദ്യോഗസ്ഥയെക്കൊണ്ട് ഈ പണം തിരികെ അടപ്പിക്കാതെ തന്നെയാണ് തിരിച്ചെടുക്കൽ നീക്കവും തകൃതിയായി നടക്കുന്നത്.

ലിക്വിഡേറ്ററുടെ പേരിൽ തൃശൂർ അയ്യന്തോൾ എസ്‌ബിഐ ശാഖയിൽ 67341279770 അക്കൗണ്ട് നമ്പറിൽ 2280000 രൂപ നിക്ഷേപിച്ചിരുന്നു. ലിക്വിഡേറ്റർ എന്ന നിലയിൽ തൃശൂർ ടൗൺ വനിതാ വ്യവസായ കേന്ദ്രം സ്ഥലം തൃശൂർ കോർപറേഷന് വില്പന നടത്തിയപ്പോൾ ലഭിച്ച തുകയാണ് ലിക്വിഡേറ്റർ എന്ന നിലയിൽ ബിന്ദുവിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. ഈ തുക പല തവണ ബിന്ദു തന്റെയും ഭർത്താവിന്റെയും സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റുകയാണ് ഉണ്ടായത്. ഇങ്ങിനെ മാറ്റി മാറ്റി ഒടുവിൽ ലിക്വിഡേറ്ററുടെ അക്കൗണ്ടിൽ അവശേഷിച്ചത് 297687 രൂപ മാത്രമാണെന്നാണ് വ്യവസായ വാണിജ്യ ഡയറക്ടർ ബിന്ദുവിന് നൽകിയ കുറ്റാരോപണ മെമോയിൽ പറയുന്നത്. ഈ കാശ് തിരിമറി നടത്തിയതിന്റെ പേരിലാണ് ബിന്ദു നിലവിൽ സസ്പെൻഷൻ നേരിടുന്നത്.

തുക അടിച്ചുമാറ്റിയെന്ന് കുറ്റസമ്മതം; തിരിച്ചടയ്ക്കാമെന്ന് വാഗ്ദാനവും

വ്യവസായവകുപ്പ് ഡയറക്ടർ വിളിച്ചു ചേർത്ത ഹിയറിംഗിൽ ഈ തുക താൻ തിരിമറി നടത്തിയെന്നും ഈ തുക പലിശ സഹിതം തിരിച്ചടയ്ക്കാമെന്നും ബിന്ദു തന്നെ സമ്മതിച്ചതാണ്. ഏപ്രിൽ മുപ്പതിന് മുൻപ് ഈ തുക തിരിച്ചടയ്ക്കാം എന്നാണ് ബിന്ദു സമ്മതിച്ചത്. എന്നാൽ, തുക തിരിച്ചടയ്ക്കാൻ സമ്മർദ്ദം നേരിടുന്ന ബിന്ദു കേരള അഡ്‌മിനിസ്‌ട്രേറ്റിവ് ട്രിബ്യുണലിനെ സമീപിച്ച് തിരിച്ചടയ്ക്കൽ കാലാവധി നീട്ടിവാങ്ങുകയാണ് ചെയ്യുന്നത്. ഒന്നരമാസത്തെ എക്സ്റ്റൻഷൻ കാലാവധിയാണ് ബിന്ദുവിന് ലഭിച്ചത്. പക്ഷെ ജൂണിൽ ബിന്ദു വീണ്ടും കെഎടിയെ സമീപിച്ച് വീണ്ടും എക്സ്റ്റൻഷൻ വാങ്ങി എന്നാണ് അറിയുന്നത്. ഇതിനിടയിൽ തന്നെയാണ് ബിന്ദുവിനെ തിരിച്ചെടുക്കാൻ നീക്കവും നടക്കുന്നത്.

ജില്ലാ വ്യവസായ കേന്ദ്രത്തിൽ ലിക്വിഡേറ്റർ തസ്തികയിൽ ആളുണ്ട്. പക്ഷെ ലിക്വിഡേറ്ററിനു ജോലിയും ഒരുപാടുണ്ട്. അതുകൊണ്ട് തന്നെ ലിക്വിഡേഷൻ പ്രോസസ് വൈകും. ഈ ഘട്ടത്തിൽ വ്യവസായവകുപ്പ് സ്വീകരിക്കുന്ന എളുപ്പ പരിപാടികളിലൊന്നാണ് ഓഫീസിലെ ഒരാളെ ലിക്വിഡേറ്റർ ആക്കി വെക്കുക എന്നത്. ഈ രീതിയിൽ ലിക്വിഡേറ്റർ ആയി നിയമിതയായ ഉദ്യോഗസ്ഥയാണ് ബിന്ദു. ജില്ലാ വ്യവസായ വികസന ഓഫീസർ ആയിരിക്കെയാണ് ബിന്ദു തൃശൂർ ടൗൺ വനിതാ വ്യവസായ കേന്ദ്രം ലിക്വിഡേറ്റർ ആയി നിയമിതയാകുന്നത്. ലിക്വിഡേറ്ററിനു സ്വന്തമായി പല അധികാരങ്ങളുമുണ്ട്. ഇത് മനസിലാക്കി ബിന്ദു നീങ്ങിയപ്പോഴാണ് 22 ലക്ഷത്തോളം രൂപയുടെ തിരിമറി നടക്കുന്നത്.

ലിക്വിഡേറ്ററുടെ അക്കൗണ്ടിൽ വന്ന തുക വകമാറ്റിയത് സ്വന്തം അക്കൗണ്ടിലേക്ക്

തൃശൂർ ടൗൺ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്റർ ആയപ്പോൾ സഹകരണ സംഘത്തിന്റെ 3..5 സെന്റ് സ്ഥലം വിൽപ്പന നടത്തി. ലിക്വിഡേറ്ററിനു സ്വന്തം അക്കൗണ്ട് തുടങ്ങാം. അത് ലിക്വിഡേറ്ററുടെ പേരിലുമാകാം. ഇങ്ങിനെ ബിന്ദു തുടങ്ങിയ അക്കൗണ്ടിൽ നിന്നാണ് സ്ഥല വിൽപ്പനയിൽ വന്ന തുക സ്വന്തം അക്കൗണ്ടിലേക്കും ഭർത്താവിന്റെ അക്കൗണ്ടിലേക്കും ബിന്ദു വകമാറ്റിയത്. പ്രശ്‌നം മനസിലാക്കിയപ്പോൾ ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ തന്നെ വ്യവസായവകുപ്പ് ഡയറക്ടർക്ക് ലിക്വിഡേറ്റർ ആയ ബിന്ദു നടത്തിയ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി വിശദമായ റിപ്പോർട്ട് നൽകിയിരുന്നു. തൃശൂർ ടൗൺ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്റർ ആയപ്പോൾ സംഘത്തിന്റെ സ്ഥലം വിൽപ്പന നടത്തിയിരുന്നു. സ്ഥലം വില്പനയ്ക്കായി ലേല നോട്ടീസ് ഇറക്കി എന്ന് ബിന്ദു പറഞ്ഞെങ്കിലും ലേലത്തിന് ആരും വന്നില്ല എന്നാണ് റിപ്പോർട്ട് നൽകിയത്. അംഗനവാടി നടത്താൻ ഈ സ്ഥലം കോർപറേഷന് ആവശ്യമുണ്ടെന്നും അതിനാൽ കോർപ്പറേഷന് സ്ഥലം വില്പന നടത്തി എന്നാണ് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ വ്യവസായ വകുപ്പ് ഡയറക്ടർക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നത്.

സ്ഥലത്തിന് പറഞ്ഞത് 18 ലക്ഷം രൂപ; സ്റ്റേറ്റ്‌മെന്റിൽ തെളിഞ്ഞത് 22 ലക്ഷത്തിനും മുകളിൽ

18 ലക്ഷം രൂപയ്ക്ക് തൃശൂർ കോർപറേഷന് ഈ സ്ഥലം കൈമാറി എന്നാണ് ബിന്ദു ജില്ലാ വ്യവസായ കേന്ദ്രത്തിനെ അറിയിക്കുന്നത്. ഈ തുക ലിക്വിഡേറ്ററുടെ പേരിലുള്ള അക്കൗണ്ടിൽ നിക്ഷേപിച്ചതായും ബിന്ദു അറിയിച്ചിരുന്നു. എന്നാൽ ബാങ്ക് പാസ് ബുക്കോ, ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട രേഖകളോ, തുകയെ സംബന്ധിച്ച വിശദാംശങ്ങളോ ബിന്ദു കൈമാറിയില്ല. വ്യവസായകേന്ദ്രം ഓഫീസിൽ പല തവണ ബിന്ദുവിനോട് ഈ രേഖകൾ ചോദിച്ചെങ്കിലും ബിന്ദു നൽകിയില്ല. ഇതിന്നിടയിൽ ഈ ഫയൽ വ്യവസായകേന്ദ്രം ഓഫീസിൽ നിന്ന് നഷ്ടമാകുകയും ചെയ്തു. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുമ്പോഴാണ് ഈ ഫയൽ നഷ്ടമാകുന്നത്. ഫയൽ കണ്ടെത്താനുള്ള ശ്രമങ്ങൾ വ്യവസായകേന്ദ്രം ഓഫീസ് ഊർജ്ജിതപ്പെടുത്തിയെങ്കിലും ഫയൽ കണ്ടെടുക്കാൻ കഴിഞ്ഞില്ല.

ഫയൽ നഷ്ടമായതിനാൽ പകർപ്പ് നൽകാൻ ബിന്ദുവിനോട് ആവശ്യപ്പെട്ടു. തുടർന്ന് പുതിയ ഫയലിന് രൂപം നൽകി. അതേസമയം ബാങ്ക് അക്കൗണ്ട് പരിശോധിക്കാൻ ഏർപ്പാട് ഉണ്ടാക്കുകയും ചെയ്തു. ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് സാമ്പത്തിക ക്രമക്കേടുകളും അധികാര ദുർവിനിയോഗവും അധികൃതർക്ക് ബോധ്യമായത്. ഇതോടെയാണ് ബിന്ദുവിന്റെ കള്ളങ്ങൾ വെളിച്ചത്ത് വരുന്നത്. സഹകരണ സംഘത്തിന്റെ സ്ഥലം വിൽക്കാൻ സാധാരണ ഗതിയിൽ സർക്കാർ ഉത്തരവ് വേണം. സ്ഥലം വില്പനയ്ക്ക് സർക്കാരിലേക്ക് ഫയൽ നീങ്ങണം. അതിനുള്ള ഉത്തരവും വരണം. ഇത്തരം ഒരപേക്ഷ സർക്കാരിലേക്ക് പോയിട്ടില്ല. സ്ഥലം വിൽക്കാൻ സർക്കാർ ഉത്തരവും വന്നില്ല. എന്നിട്ടും സഹകരണ സംഘം സ്ഥലം വിറ്റ് പണം ബിന്ദു ലിക്വിഡേറ്ററുടെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി.

ഇടപാട് നടന്നത് 2015-ൽ റിപ്പോർട്ടിൽ പറഞ്ഞത് 2017; ഒന്നരസെന്റ് സ്ഥലവും പണവും അപ്രത്യക്ഷവും

18 ലക്ഷം രൂപയ്ക്കാണ് സംഘം സ്ഥലം കോർപറേഷന് കൈമാറിയത് എന്നാണ് ബിന്ദു പറഞ്ഞത്. പക്ഷെ ലിക്വിഡേറ്റർ അക്കൗണ്ട് പരിശോധിച്ചപ്പോൾ ഇടപാട് നടന്നത് 2280000 രൂപയ്ക്കാണ്. ഈ ഇടപാട് നടന്നത് 2015 നവംബർ മാസമാണ്. എന്നാൽ ഇടപാട് നടന്നതായി ബിന്ദു പറയുന്നത് 2017 ജനുവരി മാസമാണ്. അപ്പോൾ തന്നെ രണ്ടുവർഷത്തെ വ്യത്യാസം വന്നിട്ടുണ്ട്. 18 ലക്ഷം രൂപ എന്ന് ബിന്ദു പറഞ്ഞ ഇടപാടിൽ 22 ലക്ഷത്തിനും മുകളിൽ പോവുകയും ചെയ്തിട്ടുണ്ട്. സ്ഥലത്തിന്റെ കാര്യത്തിലും വ്യത്യാസം വന്നിട്ടുണ്ട്. ബിന്ദു തന്നെ ഒരു സമയത്ത് പറഞ്ഞത് സംഘത്തിന്റെ സ്ഥലം 3.5 എന്നാണ്. എന്നാൽ രജിസ്‌ട്രേഷൻ പ്രകാരം കോർപറേഷന് കൈമാറിയത് 2.47 സെന്റ് സ്ഥലമാണ്. 2.47 സ്ഥലത്തിന്റെ വില മാത്രമാണ് 22 ലക്ഷത്തിനും മുകളിൽ വന്ന തുക. അപ്പോൾ തന്നെ 1.03 സെന്റ് സ്ഥലവും അതിന്റെ കാശും എവിടെപ്പോയെന്നു ഇപ്പോഴും വിവരവുമില്ല. ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ് ബുക്കും നൽകാതെ തന്നെ തന്റെ പേരിലുള്ള ലിക്വിഡേറ്റർ അക്കൗണ്ടിൽ നിന്ന് ബിന്ദു വൻ തുകകൾ ഇടയ്ക്കിടക്ക് വകമാറ്റി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. ഇത് ബോധ്യപ്പെട്ടപ്പോഴാണ് ജില്ലാ വ്യവസായകേന്ദ്രം അധികൃതർ വ്യവസായ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വന്നപ്പോഴാണ് ബിന്ദു സസ്പെൻഷനിൽ ആകുന്നത്.

ബിന്ദു നടത്തിയ ലക്ഷങ്ങളുടെ ക്രമക്കേട് ബോധ്യമായപ്പോൾ തൃശൂർ ജില്ലാ പൊലീസ് മേധാവിക്കും വ്യവസായകേന്ദ്രം അധികൃതർ പരാതി നൽകിയിരുന്നു. ഇതേസമയം ബിന്ദുവിനോട് മുഴുവൻ തുകയും പലിശ സഹിതം അടയ്ക്കാൻ വ്യവസായകേന്ദ്രം അധികൃതർ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഏപ്രിൽ മാസം രണ്ടാം തീയതിയാണ് വ്യവസായവകുപ്പ് ഡയറക്ടർ നേരിട്ട് നടത്തിയ ഹിയറിംഗിൽ പണം പലിശ സഹിതം അടയ്ക്കാൻ ബിന്ദുവിനോട് ആവശ്യപ്പെട്ടത്. പണം താൻ തന്റെ ആവശ്യങ്ങൾക്ക് എടുത്ത് എന്ന് സമ്മതിച്ച ബിന്ദു പണം തിരിച്ചടയ്ക്കാൻ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ അഡ്‌മിനിസ്‌ട്രേറ്റിവ് ട്രിബ്യുണലിനെ സമീപിച്ച് പണം തിരിച്ചടയ്ക്കൽ കാലാവധി രണ്ടു തവണയോളം ബിന്ദു നീട്ടി വാങ്ങി. ഇതിന്നിടയിൽ തന്നെയാണ് ബിന്ദുവിനെ തിരിച്ചെടുക്കാൻ ശ്രമം നടക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP