Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

70ന് മേൽ പ്രായമുള്ള നാലു യാത്രക്കാർക്ക് അവശതയുണ്ടായിട്ടും കൂടെയുണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചില്ല; കേരളാ എക്സ്‌പ്രസിൽ അസഹ്യമായ ചൂട് മൂലം മരിച്ചവരുടെ മൃതദ്ദേഹം കോയമ്പത്തൂരിലെത്തിക്കുന്നത് വിമാന മാർഗം; യാത്ര ചെയ്ത ദിനം ഝാൻസിയിലെ താപനില 48.1 ഡിഗ്രി; മരിച്ചത് വാരണാസിയും ആഗ്രയും സന്ദർശിച്ച് മടങ്ങിയ 68 അംഗ സംഘത്തിലുള്ളവർ; അസഹ്യമായ ചൂടിൽ തളർന്നു വീണുള്ള മരണം തുടർക്കഥയാകുമ്പോൾ

70ന് മേൽ പ്രായമുള്ള നാലു യാത്രക്കാർക്ക് അവശതയുണ്ടായിട്ടും കൂടെയുണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചില്ല; കേരളാ എക്സ്‌പ്രസിൽ അസഹ്യമായ ചൂട് മൂലം മരിച്ചവരുടെ മൃതദ്ദേഹം കോയമ്പത്തൂരിലെത്തിക്കുന്നത് വിമാന മാർഗം; യാത്ര ചെയ്ത ദിനം ഝാൻസിയിലെ താപനില 48.1 ഡിഗ്രി; മരിച്ചത് വാരണാസിയും ആഗ്രയും സന്ദർശിച്ച് മടങ്ങിയ 68 അംഗ സംഘത്തിലുള്ളവർ; അസഹ്യമായ ചൂടിൽ തളർന്നു വീണുള്ള മരണം തുടർക്കഥയാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: കേരളാ എക്സ്‌പ്രസിൽ യാത്ര ചെയ്യുന്നതിനിടെ അസഹ്യമായ ചൂട് മൂലം മരണപ്പെട്ട നാലു പേരുടെ മൃതദ്ദേഹം വിമാന മാർഗം കോയമ്പത്തൂരിലെത്തിക്കുമെന്ന് വിവരം. മാത്രമല്ല ഇവർ ട്രെയിനിൽ കയറുന്നതിന് മുൻപ് മുതൽ തന്നെ ഇവർക്ക് ശാരീരികമായ അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇവരെ ആശുപത്രിയിലെത്തിക്കാൻ കൂടെയുണ്ടായിരുന്നവർ തയാറായില്ലെന്നും ട്രെയിനിലുണ്ടായിരുന്ന മലയാളിയായ സുരേഷ് ബാബു പറയുന്നു. ബുധനാഴ്‌ച്ച രാവിലെയോടെയാണ് കേരളാ എക്സ്‌പ്രസ് കോയമ്പത്തൂരിലെത്തിയത്.

യുപിയിലെ ത്സാൻസിയിൽ വച്ചാണ് നാലു യാത്രക്കാർ അസഹനീയമായ ചൂടും തളർച്ചയും മൂലം മരിച്ചത്. ഇവരുടെ പോസ്റ്റ് മോർട്ടം പൂർത്തിയായതിന് പിന്നാലെ മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തെന്നാണ് സൂചന. കേരളാ എക്സ്‌പ്രസിൽ ആഗ്രഹയിൽ നിന്നും എസ് 8, എസ് 9 ബോഗികളിൽ യാത്ര ചെയ്ത 68 അംഗ സംഘത്തിലുള്ളവരാണ് മരിച്ചത്. മരണപ്പെട്ടവർ ട്രെയിനിലേക്ക് കയറുന്നതിന് മുൻപ് തന്നെ അവശരായിരുന്ന കാര്യം ഒപ്പം യാത്ര ചെയ്തിരുന്നവർ ശ്രദ്ധിച്ചിരുന്നു. ഈ സംഘം യാത്ര ചെയ്തതിന് അടുത്തായുള്ള ബോഗികളിൽ മലയാളികളുമുണ്ടായിരുന്നു.

ആഗ്രയിൽ നിന്നും യാത്ര തുടങ്ങിയ ഒന്നര മണിക്കൂറിനുള്ളിൽ തന്നെ ഇവർക്ക് അസ്വസ്ഥതകൾ ആരംഭിച്ചിരുന്നുവെന്ന് സംഘാംഗവും കോഴിക്കോട് സ്വദേശിനിയുമായ രുക്മിണി വ്യക്തമാക്കി. ആഗ്രയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സ്ലീപ്പർ കോച്ചിൽ യാത്രചെയ്തവരാണ് മരിച്ചത്. ചൊവ്വാഴ്ച ഝാൻസിയിൽ 48.1 ഡിഗ്രി ചൂടാണു രേഖപ്പെടുത്തിയത്. സംഘത്തിലുണ്ടായിരുന്ന പ്രായമേറിയ ആളുകൾക്ക് ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടായതിനെ തുടർന്ന് റെയിൽവേയെ വിവരം അറിയിച്ചിരുന്നു.

ഝാൻസിയിൽ എത്തിയ ശേഷം അസ്വസ്ഥത അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് വിവരം. ഊട്ടി സ്വദേശികളായ രണ്ട് പേരുടെ മൃതദേഹം വിമാനമാർഗ്ഗം കോയമ്പത്തൂരിലാണ് എത്തിക്കുക. മറ്റു രണ്ട് പേരുടെ മൃതദേഹങ്ങൾ റോഡ് മാർഗ്ഗം തമിഴ്‌നാട്ടിൽ എത്തിക്കുമെന്നാണ് വിവരം. ബുന്ദൂർ പളനിസാമി, ബാൽകൃഷ്ണ രാമസ്വാമി, ധനലക്ഷ്മി, സുബ്ബരായ്യ, എന്നിവരാണ് മരിച്ചത്.എല്ലാവരും 70 വയസ്സിനു മുകളിൽ പ്രായമായുള്ളവരാണ്. നിർജലീകരണം മൂലം ഉണ്ടായ ശാരീരിക പ്രശ്‌നങ്ങളാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

ഝാൻസി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം. തമിഴ്‌നാട്ടിൽ നിന്നും ആഗ്ര, വാരാണസി എന്നിവിടങ്ങളിലേക്ക് യാത്ര പോയ സംഘത്തിൽപെട്ടവരാണ് മരിച്ചത്. കൊടും ചൂടിനെ തുടർന്ന് ഏഴാം തീയതി ഗസ്സിപുർ സ്വദേശി രാജേഷ് ഗുപ്തയെ ഖുശിനഗർ എക്സ്പ്രസിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ജൂൺ 1ന് സീതയെന്ന പെൺകുട്ടിയെ യുപി ജൻസമ്പർക്ക്ക്രാന്തി എക്സ്പ്രസിൽ മരിച്ചനിലയിൽ കണ്ടിരുന്നു.

വെറും 24 മണിക്കൂറിനുള്ളിൽ ലോകത്ത് ഏറ്റവുമധികം ചൂട് അനുഭവപ്പെട്ട 15 സ്ഥലങ്ങളിൽ 8 എണ്ണവും ഇന്ത്യയിലാണെന്ന് ഈ മാസം ആദ്യം റിപ്പോർട്ട് വന്നത് ഏവരേയും ഞെട്ടിച്ചിരുന്നു. കാലാവസ്ഥ നിരീക്ഷണ വെബ്‌സൈറ്റായ എൽ ഡോർഡോ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് ഇത്. ബാക്കി ഏഴ് സ്ഥലങ്ങൾ പാക്കിസ്ഥാനിലാണ്. കാലാവസ്ഥ വകുപ്പിൽനിന്നുള്ള വിവരങ്ങൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പട്ടത് രാജസ്ഥാനിലെ ചുരുവിലാണ്.

ഈ മാസം ആദ്യം 48.9 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയ ചുരുവിൽ, ഉഷ്ണതരംഗ മുന്നറിയിപ്പുമുണ്ടായിരുന്നു. ഇതിനെത്തുടർന്ന് എല്ലാ ആശുപത്രികളിലും എയർ കണ്ടിഷണറുകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്നു ചുരു അഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റ് രാംരതൻ സോൻകരിയ പറഞ്ഞു. റോഡുകളിൽ വെള്ളം തളിച്ചു ചൂടു കുറയ്ക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗംഗാനഗർ, ഫലോഡി, ബിക്കാനർ, കാൻപുർ, ജയ്‌സാൽമർ, നൗഗോങ്, നാർനൗൽ, ഖജുരാവോ എന്നിവിടങ്ങളിലാണ് ഇന്ത്യയിൽ ഏറ്റവുമധികം ചൂടനുഭവപ്പെടുന്ന മറ്റു സ്ഥലങ്ങൾ. രാജസ്ഥാനിലെ പടിഞ്ഞാറൻ പ്രദേശങ്ങളിലും മധ്യപ്രദേശിലും ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ 44.6 ഡിഗ്രി സെൽഷ്യസാണ് ഈ മാസം ആദ്യത്തെ ഞായറാഴ്‌ച്ച രേഖപ്പെടുത്തിയ താപനില.

65 വർഷത്തിനിടയിൽ ഏറ്റവും കൂടൂതൽ ചൂടു രേഖപ്പെടുത്തിയ വേനൽക്കാലമായിരുന്നു ഈ വർഷത്തേത്. സാധാരണഗതിയിൽ ശരാശരി 131. 5 മില്ലിമീറ്റർ വേനൽമഴ ലഭിക്കേണ്ടിയിരുന്നിടത്ത് 99 മില്ലിമീറ്റർ മഴ മാത്രമാണ് ഇത്തവണ ലഭിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP