Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റേഡിയോ ജോക്കി രാജേഷ് കൊലക്കേസ്: ഫോറൻസിക് പരിശോധന റിപ്പോർട്ട് ഹാജരാക്കിയില്ല; അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകാൻ സെഷൻസ് കോടതി ഉത്തരവ്; ഡയറക്ടറുടെ അലംഭാവം കോടതി അലക്ഷ്യക്കുറ്റമാണെന്നും നിരീക്ഷിച്ച് കോടതി

റേഡിയോ ജോക്കി രാജേഷ് കൊലക്കേസ്: ഫോറൻസിക് പരിശോധന റിപ്പോർട്ട് ഹാജരാക്കിയില്ല; അന്വേഷണ ഉദ്യോഗസ്ഥൻ  നേരിട്ട് ഹാജരാകാൻ സെഷൻസ് കോടതി ഉത്തരവ്; ഡയറക്ടറുടെ അലംഭാവം കോടതി  അലക്ഷ്യക്കുറ്റമാണെന്നും നിരീക്ഷിച്ച് കോടതി

അഡ്വ.പി.നാഗ രാജ്

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കൊലക്കേസിലെ നിർണ്ണായകമായ 73 തൊണ്ടിമുതലുകളുടെ ഫോറൻസിക് പരിശോധന റിപ്പോർട്ട് ഹാജരാക്കാത്തതിന് അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകാൻ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കെ.ബാബു ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങൽ ഡി വൈ എസ് പി : പി . അനിൽകുമാർ ജൂലൈ 23 ന് കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം ബോധിപ്പിക്കാനാണുത്തരവ്. കേസ് പരിഗണിച്ചപ്പോൾ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു പൊലീസുകാരനും കോടതിയിൽ ഹാജരായില്ല. തുടർന്നാണ് കോടതി അന്വേഷണ ഉദ്യാഗസ്ഥനെ വിളിച്ചു വരുത്താൻ തീരുമാനിച്ചത്.

ഫോറൻസിക് പരിശോധന ഫലങ്ങളടങ്ങിയ റിപ്പോർട്ട് ഹാജരാക്കാൻ 2018 ഓഗസ്റ്റ് 21 മുതൽ 8 തവണ കോടതി ആവശ്യപ്പെട്ടിട്ടും ഹാജരാക്കാത്തതിനാൽ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തുള്ള ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടറോട് കോടതി വിശദീകരണം തേടിയിരുന്നു 2018 ഓഗസ്റ്റ് 21 , സെപ്റ്റംബർ 5 , സെപ്റ്റംബർ 26 , ഒക്ടോബർ 25 , ഡിസംബർ 5 , 2019 ജനുവരി 4 , ഫെബ്രുവരി 6 , ഫെബ്രുവരി 27 എന്നീ തീയതികളിയായി 8 തവണ ഉത്തരവിട്ടിട്ടും കോടതി ഉത്തരവി നോട് അലംഭാവം കാട്ടിയതിന് ലാബധികൃതരെ കോടതി രൂക്ഷമായി വിമർശിച്ചു. 8 തവണയും റിപ്പോർട്ട് ഹാജരാക്കാൻ സമയം തേടി അപേക്ഷ പോലും സമർപ്പിക്കാത്തതിനെയും കോടതി രൂക്ഷമായി വിമർശിച്ചു. ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽ കഴിയുന്ന കസ്റ്റഡി പ്രതികളുടെ വിചാരണ വേഗത്തിൽ തീർപ്പാക്കണമെന്ന് സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും സർക്കുലർ നിലവിലുള്ളതായും കോടതി നിരീക്ഷിച്ചു.

ഡയറക്ടറുടെ നിഷ്‌ക്രിയത്വവും നിരുത്തരവാദിത്ത്വവും ജുഡീഷ്യൽ നടപടിയെയും നീതിന്യായ നിർവ്വഹണത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ഡയറക്ടറുടെ അലംഭാവം കോടതി അലക്ഷ്യക്കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു. ഫോറൻസിക് ഉദ്യോഗസ്ഥർ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുകയാണ്. വിചാരണക്കായി കെട്ടിക്കിടക്കുന്ന മറ്റു കേസുകളെ പോലും ഇത് ബാധിക്കുന്നു. ജൂലൈ 23 ന് 3 പ്രതികളെയും ഹാജരാക്കാനും റിമാന്റ് വാറണ്ടുത്തരവിലൂടെ കോടതി ജയിൽ സൂപ്രണ്ടിന് നിർദ്ദേശം നൽകി. 3 പ്രതികൾ കോടതിയിൽ ഹാജരാകുകയും മറ്റ് 6 പ്രതികൾക്ക് വേണ്ടി അവധി അപേക്ഷയും കോടതി മുമ്പാകെ സമർപ്പിച്ചു. ഇതിനിടെ റിമാന്റ് പ്രതികളെ കോടതി കൂടിയ 11 മണിക്ക് ഹാജരാക്കാത്തതിന് സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് റിപ്പോർട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.

കൊല്ലപ്പെട്ട രാജേഷിന്റെ വസ്ത്രങ്ങൾ, പ്രതികൾ കൃത്യത്തി സപയോഗിച്ച വാൾ, വെട്ടുകത്തി , പ്രതികൾ കൃത്യ സമയം ധരിച്ച വസ്ത്രങ്ങൾ, വാടക കാറിൽ നിന്നും ശേഖരിച്ച തെളിവുകൾ, കൊല നടന്ന സ്റ്റുഡിയോയിൽ നിന്നും ശേഖരിച്ച തെളിവുകൾ , രക്തക്കറ എന്നിവയുടെ ഫോറൻസിക് പരിശോധന റിപ്പോർട്ടാണ് ഹാജരാക്കേണ്ടത്. പ്രതികൾക്കെതിരെ കേസിൽ കുറ്റം ചുമത്തുന്നതിനും വിചാരണ ചെയ്യുന്നതിനും ഇവ അത്യന്താപേക്ഷിതമാണ്. ശാസ്ത്രീയ തെളിവുകൾ കോടതിയിൽ തെളിയിക്കപ്പെടുന്നത് ഫോറൻസിക് ലാബിൽ നിന്നുള്ള സാക്ഷ്യപത്ര റിപ്പോർട്ടിലൂടെയാണ്.

കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത് 2018 ജൂലൈ 2നാണ്. ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി - 2 ലാണ് കുറ്റപത്രം സമർപ്പിച്ചത്. 146 പേരടങ്ങുന്ന സാക്ഷിപ്പട്ടിക യോടൊപ്പം 73 തൊണ്ടി മുതലുകളും തൊണ്ടി ലിസ്റ്റിൽ ഉൾപ്പെടുത്തി കോടതിയിൽ ഹാജരാക്കിയിരുന്നു. സാധാരണയായി കെമിക്കൽ ലബോറട്ടറി റിപ്പോർട്ട് , ഫോറൻസിക് പരിശോധനാ റിപ്പോർട്ട് എന്നിവ ലാബിൽ നിന്നും മജിസ്‌ട്രേട്ട് കോടതിക്ക് ലഭ്യമായതിന് ശേഷമാണ് കേസ് സെഷൻസ് കോടതിക്ക് വിചാരണക്കായി കമ്മിറ്റ് ചെയ്യാറുള്ളത്. എന്നാൽ ഫോറൻസിക് പരിശോധനാ ഫലം മജിസ്‌ട്രേട്ട് കോടതിയിൽ ലഭ്യമാകും മുമ്പേ ജൂലൈ 31 ന് മജിസ്ട്രേട്ട് കേസ് വിചാരണയ്ക്കായി സെഷൻസ് കോടതിക്ക് കമ്മിറ്റ് ചെയ്ത് അയച്ചു. പ്രതികൾക്ക് മേൽ കുറ്റം ചുമത്തുന്നതിന് മുന്നോടിയായുള്ള പ്രാരംഭവാദം നിരത്താൻ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ട വേളയിലാണ് ഫോറൻസിക് റിപ്പോർട്ടിന്റെ അഭാവം ജില്ലാ കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്.

2018 മാർച്ച് 27 ന് വെളുപ്പിന് 1. 40 മണിക്കാണ് മടവൂർ മെട്രാസ് റിക്കോർഡിങ് സ്റ്റുഡിയോയിൽ വാടകക്കൊലയാളികളായ പ്രതികൾ അതിക്രമിച്ച് കയറി രജേഷിനെ മാരകായുധങ്ങൾ കൊണ്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. രാജേഷിനൊപ്പം സ്റ്റുഡിയോയിലുണ്ടായിരുന്ന വെള്ളല്ലൂർ സ്വദേശി കുട്ടനെയും അക്രമികൾ വെട്ടിയിരുന്നു. പതിനഞ്ചിലധികം മാരകമായ വെട്ടുകളേറ്റ രാജേഷ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു. ഓച്ചിറ സ്വദേശിയും ഖത്തറിൽ ജിംനേഷ്യവും ബിസിനസ്സ് സാമ്രാജ്യങ്ങളുമുള്ള അബ്ദുൾ സത്താർ എന്നയാളിന്റെ ഭാര്യയും നർത്തകിയുമായ മെറ്റിൽഡാ സോളമനും ഖത്തറിൽ റേഡിയോ ജോക്കിയായി ജോലി നോക്കി വന്ന രാജേഷും തമ്മിൽ പ്രണയത്തിലാവുകയും സത്താറിന്റെ എതിർപ്പുകളെയും താക്കീതുകളെയും അവഗണിച്ച് ബന്ധം തുടർന്നതുമാണ് ക്വട്ടേഷൻ കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് കേസ്. ഖത്തറിൽ വച്ച് കൊലപാതകം ആസൂത്രണം ചെയ്ത ശേഷം കൃത്യം നടപ്പിലാക്കാൻ ജിംഘാനയിലെ ട്രെയിനറായ ഓച്ചിറ സ്വദേശി അലിഭായിയെ ഇന്ത്യയിലേക്ക് അയക്കുകയായിരുന്നു.വ്യവസായത്തിലെ പങ്കാളിത്തമുൾപ്പെടെ വൻ വാഗ്ദാനങ്ങളാണ് സത്താർ ഇതിനായി അലിഭായിക്ക് നൽകിയത്.

കൊലപാതകത്തിന് തെളിവില്ലാതാക്കാനായി അലിഭായിയുടെ ഇന്ത്യയിലേക്കുള്ള യാത്രകൾ ഏറെ ആസൂത്രണത്തോടെയായിരുന്നു. ഖത്തറിൽ നിന്നും നേരിട്ട് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങാതെ അലിഭായി നേപ്പാളിൽ വിമാനമിറങ്ങി. അവിടെ നിന്നും ബസിലും തീവണ്ടിയിലും കാറിലുമായി കേരളത്തിലെത്തിയ അലിഭായി ' ചങ്ക്‌സ് ഗ്രൂപ്പ് 'എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പിന്റെ സഹായത്തോടെ കൊല നടത്തുകയായിരുന്നു. ചങ്ക്‌സ് ഗ്രൂപ്പിലെ അംഗങ്ങളാണ് ആയുധങ്ങളും വാഹനവും തരപ്പെടുത്തി നൽകിയത്. മറ്റൊരാളുടെ പേരിൽ വാടകക്കെടുത്ത കാറിൽ മാരകായുധങ്ങളുമായി ചെന്ന് കൃത്യം നിർവ്വഹിച്ച ശേഷം കാർ മറ്റൊരിടത്ത് ഉപേക്ഷിച്ച് അതി വിദഗ്ധമായി അലിഭായിയും സംഘവും രക്ഷപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട രാജേഷും മെറ്റിൽഡയും തമ്മിലുള്ള മൊബൈൽ ഫോൺ വിളികളും വാട്ട്‌സ് ആപ്പ് സന്ദേശങ്ങളുമാണ് കേസിന് തുമ്പുണ്ടാക്കാൻ പൊലീസിനെ സഹായിച്ചത്. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പും ഇരുവരും സന്ദേശങ്ങൾ കൈമാറിയതായി സൈബർ പൊലീസ് ഹൈടെക് സെൽ കണ്ടെത്തി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP