Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്യാപ്ടൻ ഗാംഗുലി ബനിയൻ ഊരി ചുഴറ്റിയത് യുവപ്രതിഭയുടെ ക്വാളിറ്റിയിൽ ആവേശം കൊണ്ട്; ആറിൽ ആറും സിക്സർ പറത്തിയ ചങ്കൂറ്റം; ക്യാൻസറിനെ ബൗണ്ടറി കടത്തിയതും കളിക്കളത്തിലെ കൂൾ കൂൾ മനോഭാവത്തിൽ; ത്രസിപ്പിക്കുന്ന വിജയങ്ങളുടെ ശിൽപി പാഡഴിക്കുമ്പോൾ ഓർമ്മകളിൽ എത്തുന്നത് അസാധ്യമെന്നത് നേടിയ ലോർഡ്സിലെ കൈഫ്-യുവരാജ് കൂട്ടുകെട്ടും; 2002ൽ വെടിക്കെട്ടിലൂടെ തിരുത്തി എഴുതിയത് ആത്മവിശ്വാസമില്ലായ്മയുടെ പഴയ ചരിത്രത്തെ; യുവാരാജ് ഇന്ത്യൻ ക്രിക്കറ്റിലെ തിളങ്ങും താരമായത് ശീലങ്ങൾ പൊളിച്ചെഴുതി

ക്യാപ്ടൻ ഗാംഗുലി ബനിയൻ ഊരി ചുഴറ്റിയത് യുവപ്രതിഭയുടെ ക്വാളിറ്റിയിൽ ആവേശം കൊണ്ട്; ആറിൽ ആറും സിക്സർ പറത്തിയ ചങ്കൂറ്റം; ക്യാൻസറിനെ ബൗണ്ടറി കടത്തിയതും കളിക്കളത്തിലെ കൂൾ കൂൾ മനോഭാവത്തിൽ; ത്രസിപ്പിക്കുന്ന വിജയങ്ങളുടെ ശിൽപി പാഡഴിക്കുമ്പോൾ ഓർമ്മകളിൽ എത്തുന്നത് അസാധ്യമെന്നത് നേടിയ ലോർഡ്സിലെ കൈഫ്-യുവരാജ് കൂട്ടുകെട്ടും; 2002ൽ വെടിക്കെട്ടിലൂടെ തിരുത്തി എഴുതിയത് ആത്മവിശ്വാസമില്ലായ്മയുടെ പഴയ ചരിത്രത്തെ; യുവാരാജ് ഇന്ത്യൻ ക്രിക്കറ്റിലെ തിളങ്ങും താരമായത് ശീലങ്ങൾ പൊളിച്ചെഴുതി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഓർമ്മകളിൽ മായാതെ തങ്ങി നിൽക്കുന്ന ചില ദൃശ്യങ്ങളുണ്ട്. അത്തരമൊരു ചിത്രമാണ് ക്രിക്കറ്റിന്റെ മെക്കയായ ലോഡ്‌സിൽ ഗ്രൗണ്ടിൽ ജഴ്‌സി ഊരിക്കറക്കി കണ്ട് ഇരുകൈകളും ഉയർത്തി ആവേശ പ്രകടിപ്പിക്കുന്ന ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ ചിത്രം. 17 വർഷങ്ങൾക്ക് മുമ്പ് ഇംഗ്ലണ്ടിനെതിരായ നാറ്റ് വെസ്റ്റ് സീരിസിലെ ഫൈനലിൽ വിജയത്തോടെ ആയിരുന്നു ഇന്ത്യൻ നായകന്റെ ഈ വീരസ്യ പ്രകടനം. ഇന്നും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ യുട്യൂബിലും മറ്റ് സോഷ്യൽ മീഡിയയിലുമായി വീണ്ടും കാണാറുണ്ട് ഈ അഭിമാന മുഹൂർത്തം.

അന്ന് സൗരവ് ഗാംഗുലി എന്ന പോരാളിക്ക് ആത്മവിശ്വാസം നൽകിയ ആ ചിത്രത്തിന് പിന്നിലുണ്ടായിരുന്നത് യുവരാജ് സിംഗ എന്ന പുലിക്കുട്ടി ആയിരുന്നു. യുവതാരങ്ങളെ വാർത്തെടുക്കുന്നതിൽ മിടുക്കനായ ഗാംഗുലിയുടെ കണ്ടുപിടുത്തമായിരുന്നു യുവരാജ് സിംഗു മുഹമ്മദ് കൈഫും അടങ്ങുന്നവർ. ഈ യുവിയുടെ മികവിലൂടെയാണ് ഇന്ത്യ രണ്ടാമതും ലോകകപ്പ് ഉയർത്തിയത് എന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ട് തന്നെയാണ് തന്നെ ക്രിക്കറ്റിലേക്ക് കൈപിടിച്ചുയർത്തിയ ഗാംഗുലിക്ക് യുവരാജ് സിങ് വിടവാങ്ങൽ വേളയിലും നന്ദി പറയുന്നത്.

300 നു മുകളിലുള്ള സ്‌കോറുകൾ ഏതു രാജ്യവും ചേസ് ചെയ്ത് ജയിക്കുകയെന്ന കാര്യം അപൂർവ്വമായിരുന്നിടത്തായിരുന്നു യുവി- കൈഫ് കൂട്ടുകെട്ട് ഇന്ത്യയ്ക്ക് വിജയകിരീടം ഉയർത്തി നല്കിയത്. ഇന്ത്യയിൽ നടന്ന സീരിസിൽ ഇംഗ്ലണ്ട് പരമ്പര 3-3 സമനില ആകുകയും ഫ്ലിന്റോഫ് തന്റെ ജേഴ്‌സിയൂരി ഇന്ത്യൻ ആരാധകർക്ക് നേരെ തന്റെ രോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്തുകൊണ്ടും ഇതിന് പകരം വിട്ടണമെന്നു നിശ്ചയ ദാർഢ്യത്തോടെയാണ് ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി തന്റെ ഇന്നിങ്സ് തുടങ്ങിയത്. 43 പന്തുകളിൽ നിന്ന് 60 റൺസാണ് അന്ന് അദ്ദേഹം അടിച്ച് കൂട്ടിയത്. എന്നാൽ അദ്ദേഹം ഔട്ടായതിനു പിന്നാലെ ഇന്ത്യയുടെ വിക്കറ്റുകൾ തുടരെ വീണു കൊണ്ടിരിന്നു. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറുടെ വിക്കറ്റ് വീഴുമ്പോൾ ഇന്ത്യയുടെ വിജയലക്ഷ്യം 180 റൺസ് അകലെയായിരുന്നു.

പരാജയം ഏതാണ്ട് മുന്നിൽ കണ്ട ഇന്ത്യൻ ടീമിനെ അന്ന് യുവതാരങ്ങളായ യുവരാജ് സിങ്ങും കൂടെ മുഹമ്മദ് കൈഫും ചേർന്ന് കൈ പിടിച്ചുയർത്തി. അവർ തമ്മിലുള്ള പാർട്ട്ണർഷിപ്പ് 101 തികഞ്ഞപ്പോൾ യുവരാജ് ഔട്ടായി. ഇന്ത്യക്കു ജയിക്കാൻ ഇനിയും വേണം 59 റൺസ്. മുഹമ്മദ് കൈഫും ഹർഭജനും കുംബ്ലെയും കൂടി ടീമിനെ വിജയത്തിന്റെ അടുത്ത് എത്തിച്ചു. 13 ബോളിൽ 12 റൺസ് ജയിക്കാൻ വേണ്ടി വന്നപ്പോൾ കൈഫിന് കൂട്ട് സഹീർ ഖാൻ. അവസാന ഓവറിൽ ജയിക്കാൻ രണ്ടു റൺസ്. ക്രീസിൽ സഹീർ ഖാൻ. ബൗൾ ചെയ്യുന്നത് ഇന്ത്യയെ വിറപ്പിച്ച ആൻഡ്രു ഫ്ലിന്റോഫ്. ആദ്യ രണ്ടു പന്തുകൾ റൺ നേടാൻ കഴിയാതെ സഹീർ ഖാൻ. മൂന്നാം പന്തിൽ ഓവർ ത്രോവിൽ രണ്ടു റൺ നേടി ഇന്ത്യ കളി ഇംഗ്ലണ്ടിൽ നിന്നും ജയം പിടിച്ചു വാങ്ങുകയായിരുന്നു. ഇചതോടെ ഗാംഗുലി ലോർഡ്‌സ് ഗാലറിയിൽ നിന്നും ഷർട്ടും ഊരി വിജയാഘോഷം നടത്തി.

യുവരാജ് സിംഗിന് ക്രിക്കറ്റിൽ ഗോഡ്ഫാദറായി നിന്നത് സൗരവ് ഗാംഗുലി ആയിരുന്നു. മോശം ഫോമിൽ ആയപ്പോഴും യുവിയെ പിന്തുണച്ച് ദാദ എത്തി. നാറ്റ് വെസ്റ്റ് സീരീസോടെയാണ് യുവരാജ് സിങ് ഇന്ത്യൻ ക്രിക്കറ്റിന്റെ അവിഭാജ്യ ഘടകമായി മാറുന്നത്. പിന്നീട് യുവി ഒറ്റയ്ക്ക് വിജയത്തിലേക്ക് നയിച്ച നിരവധി ക്രിക്കറ്റ് മാച്ചുകൾ ഉണ്ടായി. ഓൾറൗണ്ടർ എന്ന നിലയിൽ യുവിയെ സമർത്ഥമായി ഉപയോഗിച്ചതും ഗാംഗുലി ആയിരുന്നു. പിന്നീട് ധോണി ക്യാപ്ടനായ ഘട്ടത്തിൽ വേണ്ടത്ര പരിഗണന കിട്ടിയില്ലെന്ന പരാതി ഉയർന്നെങ്കിലും ധോണിയുടെ നേതൃത്വത്തിൽ ലോകക്കപ്പ് ഇന്ത്യ ഉയർത്തുമ്പോൾ അതിൽ നിർണായകമായത് യുവിയുടെ പ്രകടന മികവായിരുന്നു.

2011ൽ ലോകകപ്പിൽ മികച്ച പ്രകടനമാണ് യുവി കാഴ്ച വെച്ചത്. ഡർബനിൽ നടന്ന മത്സരത്തിൽ സ്റ്റുവർട്ട് ബ്രോഡിന്റെ പന്തിൽ ഒരോവറിലെ ആറ് പന്തുകളിലും സിക്‌സർ പറത്തിയ യുവിയുടെ പ്രകടനം ക്രിക്കറ്റ് ആസ്വാദകർക്ക് മറക്കാനാവാത്ത അനുഭവമായിരുന്നു. ഇന്ന് യുവിയെ പ്രകോപിപ്പിച്ച് പണി വാങ്ങുകയായിരുന്നു ഇംഗ്ലണ്ട് താരങ്ങൾ. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഇന്നും ആവേശം പകരുന്നതാണ് ഈ വെടിക്കൊട്ട് രംഗങ്ങൾ. 362 റൺസും 15 വിക്കറ്റുകളും നാല് മാൻ ഓഫ് ദി മാച്ചുകളുമായി തിളക്കമാർന്ന പ്രകടനമാണ് ആ ടൂർണമന്റെിൽ യുവരാജ് സിങ് കാഴ്ച വെച്ചത്.

കാൻസറിനെ  ഇച്ഛാശക്തി കൊണ്ടു തോൽപ്പിച്ചു തിരിച്ചുവരവ്

ലോക കായികതാരങ്ങൾക്കിടയിൽ ആവേശം പകരുന്ന ചിലരുണ്ട്. അക്കൂട്ടത്തിൽ തന്നെയായിരുന്നു യുവരാജ് സിംഗിന്റെ സ്ഥാനം. അർബുദ രോഗ ബാധിതനായതിനെ തുടർന്ന് ഏറെ കാലം ക്രിക്കറ്റിൽ നിന്ന് വിട്ടു നിന്നെങ്കിലും പിന്നീട് മൈതാനത്തേക്ക് തിരിച്ചു വരവ് നടത്തിയിരുന്നു അദ്ദേഹം. ആസ്‌ത്രേലിയക്കെതിരെയുള്ള ട്വന്റി20 മത്സരത്തിൽ 35 പന്തിൽ 77 റൺസ് അടിച്ചെടുത്തുകൊണ്ട് ഒരു തിരിച്ചുവരവുണ്ടാവില്ലെന്ന് കരുതിയവർക്ക് മുമ്പിൽ യുവി നിവർന്നു നിന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിൽ തിരികെയെത്തി ടീമിനെ മുന്നിൽ നിന്ന് നയിച്ചാണ് യുവ്രാജ് 2011 ലെ ലോകകപ്പിൽ മുത്തമിട്ടത്. എന്നാൽ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ദിവസങ്ങൾക്കുള്ളിൽ തന്നെ യുവിക്ക് ക്യാൻസർ ആണെന്ന് സ്ഥിരീകരിച്ചു. എത്ര ധീരനായാലും ജീവിതത്തിൽ തളർന്ന് പോകുന്ന നിമിഷങ്ങൾ. എല്ലാം അവസാനിച്ചെന്നുറപ്പിച്ചിടത്തു നിന്നും യുവി തുടങ്ങുകയായിരുന്നു ചികിത്സയ്ക്കൊപ്പം തളരാത്ത മനസ്സും തോൽവി സമ്മതിക്കാത്ത ആത്മാവുമായി യുവി രോഗത്തോട് പടവെട്ടി. കഠിനാധ്വാനം ചെയ്തു. ഒടുവിൽ രണ്ട് വർഷത്തിന് ശേഷം വീണ്ടും ഇന്ത്യയുടെ നീലക്കുപ്പായത്തിൽ യുവി തിരികെയെത്തി യുവരാജ് സിങ്.

കരിയറിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുമ്പോൾ ഇതുപോലൊരു രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞാൽ അത് അംഗീകരിക്കാൻ തന്നെ നാളുകൾ വേണ്ടി വരുമെന്നായിരുന്നു അന്ന് യുവരാജ് സിങ് പ്രതികരിച്ചത്. എല്ലാം അവസാനിച്ചെന്ന് കരുതിയ നിമിഷങ്ങളിൽ കുടുംബവും സുഹൃത്തുക്കളും നൽകിയ പിന്തുണയും സ്നേഹവുമാണ് തനിക്ക് പൊരുതാനുള്ള കരുത്ത് നൽകിയതെന്നും താരം പറഞ്ഞിട്ടുണ്ട്. ലോക ക്യാൻസർ ദിനമായ ഇന്ന് ക്യാൻസർ രോഗികളെ എല്ലാം അവസാനിച്ചവരായി കാണാതെ ആത്മവിശ്വാസം പകരാനാണ് യുവി മറ്റുള്ളവരോട് ആഹ്വാനം ചെയ്യുന്നത്. മികച്ച ചികിത്സയും മനക്കരുത്തും പ്രിയപ്പെട്ടവരുടെ സ്നേഹവും പിന്തുണയും ഉണ്ടെങ്കിൽ ക്യാൻസർ രോഗികൾക്കും , തന്നെപ്പോലെ, ജീവിതത്തിലേക്ക് തിരികെ വരാനും പുതിയ തുടക്കം കുറിക്കാനും കഴിയുമെന്നും താരം പറയുന്നു.

ഇനി കളം ഐപിഎല്ലിലും കാനഡയിലെ ജി ടി20, യൂറോ ടി20 ടൂർണമെന്റുകളിലും

അടുത്തകാലത്തായി ഫോം നഷ്ടമായ യുവരാജ് സിംഗിന് ടീമിൽ ശക്തമായ സാന്നിധ്യമാകാൻ സാധിച്ചിരുന്നില്ല. ഇതോടൊയാണ് യുവരാജ് സിങ് വിരമിക്കൽ തീരുമാനത്തിലേക്ക് നീങ്ങിയത്. ഇത് സംബ്നധിച്ച തീരുമാനം അറിയിക്കാൻ താരം ബിസിസിഐയെ അമീപിച്ചതായി റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം എത്തിയത്. 2003 മുതൽ 304 ഏകദിനങ്ങളും 40 ടെസ്റ്റുകളും 58 ട്വന്റി 20 മത്സരങ്ങളും കളിച്ച യുവരാജ് സിങ് 11000 റൺസുകളാണ് സ്വന്തം പേരിൽ കുറിച്ചിട്ടുള്ളത്. 2017 ജൂൺ 30 ന് വെസ്റ്റ് ഇൻഡീസിനെതിരായാണ് അവസാനമായി കളിച്ചത്.

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് പാഡഴിക്കുന്ന യുവിയെ കാനഡയിലെ ജി ടി20, യൂറോ ടി20 ടൂർണമെന്റുകളിൽ ആരാധകർക്ക് തുടർന്നും കാണാനാകും. ഐപിഎല്ലിൽ ഈ സീസണിൽ മുംബൈ ഇന്ത്യൻസിനായി പാഡണിഞ്ഞ താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഏകദിനങ്ങളിലെ മികവ് ടെസ്റ്റിലേക്ക് പകർത്താൻ യുവിക്ക് പക്ഷെ കഴിഞ്ഞില്ല. ഇനിയും ഐപിഎല്ലിൽ തുടരുമെന്നാണ് യുവിയുടെ പ്ക്ഷം. 40 ടെസ്റ്റുകളിൽ പാഡണിഞ്ഞ യുവിക്ക് മൂന്ന് സെഞ്ചുറിയും 11 അർധസെഞ്ചുറിയും സഹിതം 1900 റൺസെ നേടാനായുള്ളു. ഒമ്പത് വിക്കറ്റും നേടി. ഏകദിന ക്രിക്കറ്റ് കഴിഞ്ഞാൽ ടി20 ക്രിക്കറ്റിലായിരുന്നു യുവരാജിന്റെ രാജവാഴ്ച പിന്നീട് കണ്ടത്.

ഇന്ത്യക്കായി 58 ടി20 മത്സരങ്ങളിൽ കളിച്ച യുവി 136.38 പ്രഹരശേഷിയിൽ 1177 റൺസടിച്ചു. എട്ട് അർധസെഞ്ചുറിയും ഇതിൽ ഉൾപ്പെടുന്നു. 28 വിക്കറ്റുകളും സ്വന്തമാക്കി. 2017ൽ വെസ്റ്റ് ഇൻഡീസിനെതിരെ ആണ് യുവി ഏകദിനങ്ങളിൽ അവസാനമായി ഇന്ത്യൻ ജേഴ്‌സി അണിഞ്ഞത്. 2017ൽ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു അവസാന ടി20 മത്സരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP