Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശത്രുവിന്റെ കൈയിൽനിന്ന് ഡൽഹിയെ രക്ഷിക്കാൻ അമേരിക്കയിൽനിന്ന് പ്രത്യേക മിസൈൽ ഷീൽഡ് വാങ്ങുമെന്ന് ഉറപ്പായി; റഷ്യയിൽനിന്ന് വാങ്ങുന്ന സമാനമായ സംവിധാനത്തിന് പുറമെ അമേരിക്കയ്ക്കും കൈകൊടുത്ത് മോദി സർക്കാർ; ശത്രുവിനെ നിലംതൊടാൻ അനുവദിക്കാത്ത ഇന്ത്യൻ സുരക്ഷ ഇനി ഇങ്ങനെ

ശത്രുവിന്റെ കൈയിൽനിന്ന് ഡൽഹിയെ രക്ഷിക്കാൻ അമേരിക്കയിൽനിന്ന് പ്രത്യേക മിസൈൽ ഷീൽഡ് വാങ്ങുമെന്ന് ഉറപ്പായി; റഷ്യയിൽനിന്ന് വാങ്ങുന്ന സമാനമായ സംവിധാനത്തിന് പുറമെ അമേരിക്കയ്ക്കും കൈകൊടുത്ത് മോദി സർക്കാർ; ശത്രുവിനെ നിലംതൊടാൻ അനുവദിക്കാത്ത ഇന്ത്യൻ സുരക്ഷ ഇനി ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചൈനയും പാക്കിസ്ഥാനുമുൾപ്പെടെയുള്ള അയൽരാജ്യങ്ങളിൽനിന്നുള്ള ഭീഷണിയെ ചെറുക്കാൻ സർവസന്നാഹങ്ങളുമൊരുക്കുകയാണ് ഇന്ത്യ. റഷ്യയിൽനിന്നുള്ള എസ്-400 മിസൈൽ പ്രതിരോധ സംവിധാനത്തിനും ഇസ്രയേലി മിസൈൽ കവചത്തിനും പുറമെ, അമേരിക്കയിൽനിന്ന് അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനും ഇന്ത്യ തീരുമാനിച്ചു. ഡൽഹിയെയും രാജ്യ തലസ്ഥാന മേഖലയെയും അപ്പാടെ സംരക്ഷിക്കുന്നതാവും ഇതോടെ, ഇന്ത്യയുടെ മിസൈൽ പ്രതിരോധ പദ്ധതികൾ.

അമേരിക്കയിൽ നിന്ന് നാഷണൽ അഡ്വാൻസ്ഡ് സർഫസ് ടു എയർ മിസൈൽ സിസ്റ്റം-2 (നസാംസ്-2) വാങ്ങാനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. പല തലങ്ങളിലുള്ള മിസൈൽ പ്രതിരോധമാകും ഡൽഹിക്ക് ഇതോടെ ലഭിക്കുക. വിദേശത്തുനിന്നുള്ള ആയുധംവാങ്ങൽ പദ്ധതിയിലുൾപ്പെടുത്തി 6000 കോടി രൂപയ്ക്കാണ് ഇന്ത്യ അമേരിക്കൻ കവചം വാങ്ങുന്നത്. ഇന്ത്യയുടെ താത്പര്യപത്രത്തിന് അനുസരിച്ചുള്ള അന്തിമ കരാർ ജൂലൈ-ഓഗസ്‌റ്റോടെ അമേരിക്ക കൈമാറുമെന്നാണ് സൂചന. നിലവിൽ നാല് തലത്തിലുള്ള മിസൈൽ പ്രതിരോധം ഡൽഹിക്കും രാജ്യതലസ്ഥാന മേഖലയ്ക്കും ലഭിക്കുന്നുണ്ട്. തദ്ദേശിയമായി വികസിപ്പിച്ച അഡ്വാൻസ്ഡ് എയർ ഡിഫൻസും പൃത്ഥ്വി എയർ ഡിഫൻസുമാണ് ഏറ്റവും പുറത്തുള്ളത്. 20 കിലോമീറ്റർ മുതൽ 100 കിലോമീറ്റർ അകലെവെച്ചുവരെ ബാലിസ്റ്റിക് മിസൈലുകളെ കണ്ടെത്തി നശിപ്പിക്കാൻ ശേഷിയുള്ള സംവിധാനമാണിത്. റഷ്യൻ ട്രയംഫ് സർഫസ് ടു എയർ മിസൈൽ സിസ്റ്റമാണ് രണ്ടാമത്തേത്. കഴിഞ്ഞ ഒക്ടോബറിൽ ഒപ്പുവെച്ച കരാർ പ്രകാരം 40,000 കോടി രൂപയുടെ ഇടപാടാണിത്. 2020 ഒക്ടോബറിനും 2023 ഏപ്രിലുമിടയ്ക്ക് ഈ കവചം റഷ്യയിൽനിന്ന് ലഭിക്കും.

ഇസ്രയേൽ നിർമ്മിതമായ ബരാക്-8 ലേയറാണ് മൂന്നാമത്തേത്. മീഡിയം, ലോങ് റേഞ്ച് മിസൈലുകളുടെ ഭീഷണി ചെറുക്കാൻ വേണ്ടിയാണ് ഈ സംവിധാനം. 70 മുതൽ 100 കിലോമീറ്റർ വരെ ദൂരത്തുനിന്ന് ശത്രുമിസൈലുകളെ തുരത്താൻ ഇതിനാകും. മൂന്ന് സേനാവിഭാഗങ്ങൾക്കും ഈ സംവിധാനമുണ്ട്. നാവിക സേന 2606 കോടി രൂപയ്്ക്കും വ്യോമസേന 10,076 കോടി രൂപയ്ക്കും കരസേന 16,830 കോടി രൂപയ്ക്കുമാണ് ഈ സംവിധാനം സ്വന്തമാക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈൽ പ്രതിരോധമാണ് അടുത്തത്. 25 കിലോമീറ്റർ ചുറ്റളവിൽ ശത്രുമിസൈലുകളെ വീഴ്‌ത്താൻ ഇതിനാകും. ആകാശ് -1, ആകാശ്-2 സിസ്റ്റങ്ങളുടെ 15 സ്‌ക്വാഡ്രണുകൾ വ്യോമസേനയുടെ ഭാഗമായത് 10,9000 കോടി രൂപയ്ക്കാണ്. 14,180 കോടി രൂപയ്ക്ക് കരസേനയും രണ്ട് റെജിമെന്റുകൾ സ്വന്തമാക്കുന്നുണ്ട്. ഇതും ഉടൻതന്നെ സേനയുടെ ഭാഗമായി മാറും. ഇതിന് പുറമെയാണ് ഇപ്പോൾ അമേരിക്കയിൽനിന്നുള്ള നസാംസ്-2 മിസൈൽ പ്രതിരോധം കൂടി ഡൽഹിക്കുമുകളിൽ കുട തീർക്കുക.

റഷ്യയിൽനിന്ന് മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നതിൽ അമേരിക്ക ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, റഷ്യ ഇന്ത്യയുടെ മുന്നേതന്നെയുള്ള സൈനിക പങ്കാളിയായതിനാൽ ചില വിട്ടുവീഴ്ചകൾക്ക് അമേരിക്ക തയ്യാറാവുകയായിരുന്നു. ആ എതിർപ്പ് അലിയിക്കുന്നതിനുവേണ്ടിക്കൂടിയാണ് നസാംസ്-2 ഇന്ത്യൻ സുരക്ഷാസേന സ്വന്തമാക്കുന്നതെന്ന വിലയിരുത്തലുമുണ്ട്. സായുധ ഡ്രോണുകളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും ഉൾപ്പെടെ തന്ത്രപ്രധാന ആയുധങ്ങൾ ഇന്ത്യയ്ക്കു വിൽക്കാനൊരുങ്ങി അമേരിക്ക എത്തുന്നത് ഇന്ത്യയുടെ സൈനിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം ഇൻഡോപസിഫിക് മേഖലയിൽ പിടിമുറുക്കുകയെന്ന ലക്ഷ്യത്തോടു കൂടിയാണ്. മേഖലയിൽ ചൈനീസ് സാന്നിധ്യം ശക്തമാകുന്നതിനാൽ ഇന്ത്യയുടെ ആയുധബലം കൂട്ടേണ്ടത് യുഎസിനും നിർണായകമാണ്. ഈ സാഹചര്യത്തിലാണ് നീക്കം. ഇതിനെ പ്രതീക്ഷയോടെയാണ് ഇന്ത്യയും കാണുന്നത്.

ഫെബ്രുവരി 14ലെ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുമായുള്ള ആയുധ വ്യാപാരത്തിന് അമേരിക്കൻ സർക്കാർ അനുമതി നൽകിയത്. എന്നാൽ ഇൻഡോപസിഫിക് മേഖലയിൽ ചൈന തുടരുന്ന സൈനിക പ്രവർത്തനങ്ങളും പ്രകോപനപരമായ അഭ്യാസപ്രകടനങ്ങളുമാണ് ഇതിന് പിന്നിലെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. യുഎസിന്റെ ഏറ്റവും മികച്ച പ്രതിരോധ സാങ്കേതിക സംവിധാനങ്ങൾ ഇന്ത്യയ്ക്കു വിൽക്കാൻ തയാറാണെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. ഇതിന്റെ ആദ്യപടിയായാണ് പുതിയ ഇടപാട്. 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും നടത്തിയ ചർച്ചയെത്തുടർന്നു നിരീക്ഷണത്തിനുപയോഗിക്കുന്ന ഗാർഡിയൻ ഡ്രോണുകൾ കൈമാറാൻ തീരുമാനമായിരുന്നു.

ടെർമിനൽ ഹൈ ആൾട്ടിറ്റിയൂഡ് ഏരിയ ഡിഫൻസ് സിസ്റ്റം (താഡ്), പാട്രിയറ്റ് മിസൈൽ ഡിഫൻസ് സിസ്റ്റം എന്നിവയുടെ ഏറ്റവും പുതിയ വേർഷനാണ് ഇന്ത്യയ്ക്ക് നൽകാമെന്ന് അമേരിക്ക പറയുന്നത്. ദീർഘ ദൂര ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്നതിൽ കഴിവു തെളിയിച്ചതാണ് താഡ്. എസ്400 മിസൈൽ ഡിഫൻസ് സംവിധാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ റഷ്യയുമായി കരാർ ഒപ്പിട്ടു കഴിഞ്ഞു. കഴിഞ്ഞ വർഷം ജൂലൈയിൽ തന്ത്രപ്രധാനമായ മറ്റൊരു നീക്കവും യുഎസിന്റെ ഭാഗത്തു നിന്നുണ്ടായി. ഇന്ത്യയ്ക്ക് സ്ട്രാറ്റജിക് ട്രേഡ് ഓഥറൈസേഷൻ 1 സ്റ്റാറ്റസ് നൽകിയതായിരുന്നു അത്. യുദ്ധരംഗത്തും അല്ലാതെയും ഉപയോഗിക്കാവുന്ന സാങ്കേതിക ഉപകരണങ്ങളും മറ്റും യുഎസിൽ നിന്ന് എളുപ്പത്തിലേക്ക് കയറ്റുമതി ചെയ്യാനുള്ള അംഗീകാരമായിരുന്നു ആ പദവി. യുഎസിന്റെ ഏറ്റവും വലിയ സായുധ സൈനിക വിഭാഗമായ പസിഫിക് കമാൻഡിന്റെ പേര് 2018 ജൂണിൽ യുഎസ് ഇൻഡോപസിഫിക് കമാൻഡ് എന്നാക്കി മാറ്റിയിരുന്നു. ഇന്ത്യൻ മഹാസമുദ്രമേഖലയിലെ ഇന്ത്യയുടെ നേതൃത്വത്തെ അംഗീകരിക്കുന്ന നടപടിയാണു പേരുമാറ്റമെന്നായിരുന്നു വിലയിരുത്തൽ. യുഎസിന്റെ പ്രധാന പ്രതിരോധ പങ്കാളിയായി ബറാക് ഒബാമ ഭരണകൂടം നേരത്തേ ഇന്ത്യയെ പ്രഖ്യാപിച്ചിരുന്നു.

അടുത്തിടെ യുഎസ് നടത്തിയ ഏറ്റവും വലിയ പ്രതിരോധ ഇടപാടുകളും ഇന്ത്യയോടായിരുന്നു എംഎച്ച് 60 ആർ സീഹോക്ക് ഹെലികോപ്ടർ(260 കോടി ഡോളർ), അപാഷെ ഹെലികോപ്ടർ (230 കോടി), പി81 മാരിടൈം പട്രോൾ എയർക്രാഫ്റ്റ് (300 കോടി) തുടങ്ങിയവ വാങ്ങാനുള്ള തീരുമാനം അവയിൽ ചിലതു മാത്രം. ലോക്ക്ഹീഡ് മാർട്ടിൻ എഫ്21, ബോയിങ് എഫ്18/എ യുദ്ധവിമാനങ്ങൾ ഇന്ത്യയെക്കൊണ്ടു വാങ്ങിപ്പിക്കാനുള്ള ശ്രമങ്ങളും യുഎസ് തുടരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP