Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിനിമയോ അതോ മെഡിക്കൽ ഡോക്യു ഫിക്ഷനോ? കൊട്ടിഘോഷിച്ചുവന്ന ആഷിക്ക് അബുവിന്റെ 'വൈറസ്' ശരാശരി മാത്രം; ഒരു ചലച്ചിത്രത്തിന്റെ വികാരവും, ഹൃദയത്തിൽ തൊടുന്ന രംഗങ്ങളും സൃഷ്ടിക്കാനാവാതെ ഡോക്യുമെന്ററി സ്വഭാവം ചിത്രത്തെ വില്ലനാക്കുന്നു; യുവ നടീനടന്മാരുടെ നീണ്ട നിരയുണ്ടെങ്കിലും തിളങ്ങിയത് സൗബിൻ ഷാഹിർ മാത്രം; ആശ്വാസം കേരളം വീണ്ടും ഒരു നിപ്പാ ബാധയെ നേരിടുമ്പോൾ ശാസ്ത്രബോധവും അതിജീവനത്തിന്റെ ആത്മവിശ്വാസവും ഈ ചിത്രം പ്രചരിപ്പിക്കുന്നുണ്ട് എന്നതിൽ മാത്രം

സിനിമയോ അതോ മെഡിക്കൽ ഡോക്യു ഫിക്ഷനോ? കൊട്ടിഘോഷിച്ചുവന്ന ആഷിക്ക് അബുവിന്റെ 'വൈറസ്' ശരാശരി മാത്രം; ഒരു ചലച്ചിത്രത്തിന്റെ വികാരവും, ഹൃദയത്തിൽ തൊടുന്ന രംഗങ്ങളും സൃഷ്ടിക്കാനാവാതെ ഡോക്യുമെന്ററി സ്വഭാവം ചിത്രത്തെ വില്ലനാക്കുന്നു; യുവ നടീനടന്മാരുടെ നീണ്ട നിരയുണ്ടെങ്കിലും തിളങ്ങിയത് സൗബിൻ ഷാഹിർ മാത്രം; ആശ്വാസം കേരളം വീണ്ടും ഒരു നിപ്പാ ബാധയെ നേരിടുമ്പോൾ ശാസ്ത്രബോധവും അതിജീവനത്തിന്റെ ആത്മവിശ്വാസവും ഈ ചിത്രം പ്രചരിപ്പിക്കുന്നുണ്ട് എന്നതിൽ മാത്രം

എം മാധവദാസ്

സ്തിഷ്‌ക്കം കൊണ്ടല്ല ഹൃദയം കൊണ്ടാണ് സിനിമയെടുക്കേണ്ടതെന്ന്, ലോകപ്രശസ്ത സംവിധായകൻ അകീര കുറസോവ, തന്റെ അവസാന ചിത്രങ്ങളിൽ ഒന്നായ ഡ്രീംസിനു കിട്ടിയ മോശം പ്രതികരണത്തോട് പ്രതികരിച്ചിരുന്നു. ചിലപ്പോൾ ഞാൻ തലച്ചോറുകൊണ്ട് മാത്രം ചിത്രമെടുത്തുപോവുമെന്ന ആ വാക്യം ഒരിക്കൽ കൂടി ഓർത്തുപോയി. മായാനദിപോലുള്ള ഉള്ളുലയ്ക്കുന്ന ചലച്ചിത്രാനുഭവങ്ങൾ നമുക്ക് നൽകിയ അനുഗ്രഹീത സംവിധായകൻ ആഷിക്ക് അബുവിന്റെ പുതിയ ചിത്രമായ 'വൈറസ്' കണ്ടപ്പോൾ.

ഇതൊരു സിനിമയോ അതോ മെഡിക്കൽ ഡോക്യുഫിക്ഷനോ? കേരളം അക്ഷരാർത്ഥത്തിൽ ഞെട്ടിവിറച്ച, കൃത്യമായ മരുന്നു പോലുമില്ലാത്ത നിപ്പയെന്ന മഹാമാരിയെ ആസ്പദമാക്കിയെടുത്ത ഈ ചലച്ചിത്രത്തിന്റെ പ്രധാന പോരായ്മ അതിൽ ഒരു ചലച്ചിത്രത്തിന്റെ വികാരവും സംത്രാസവും പൂർണതോതിൽ കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞില്ല എന്നതു തന്നെയാണ്. ബിബിസിയിലും ഡിസ്‌ക്കവറി ചാനലിനുമൊക്കെ വരുന്ന രീതിയിലുള്ള, സുനാമിയുടെയും അഗ്നിപർവ്വത സ്ഫോടനത്തിന്റെയുമൊക്കെ ഡോക്യുഫിക്ഷനുകൾ ഓർമ്മയില്ലേ. ആ രീതിയിലാണ് ഈ ചലച്ചിത്രത്തിന്റെ ഭൂരിഭാഗം ഭാഗവും നീങ്ങുന്നത്. അതുകൊണ്ടുതന്നെ ഹൃദയത്തെ പിടിച്ചുകുലുക്കുന്ന ഒരു ചലച്ചിത്രാനുഭവമായി ഈ പടം മാറുന്നില്ല. ന്യൂജൻ സിനിമക്കാർ ടിപ്പിക്കൽ ഫോർമാറ്റു പോലാക്കിയ നോൺ ലീനിയർ ശൈലിയുടെ ഭാഗമായി, ഒരുപാട് കഥാനുഭവങ്ങൾ മാറിമാറി കടന്നുപോവുമ്പോൾ മികച്ച കാഴ്ചാനുഭവം പ്രേക്ഷകന് വല്ലപ്പോഴുമാണ് കിട്ടുന്നത്.

പത്തുപേർ മരിച്ചു, പതിനഞ്ചുപേർ മരിച്ചുവെന്നൊക്കെ നിർവികാരമായി ചില ചാനലുകാർ വാർത്ത വായിച്ചു പോകുന്ന പോലെയാണ് ചിത്രത്തിന്റെ പലരംഗങ്ങളും നീങ്ങുന്നത്. സ്റ്റാറ്റിസ്റ്റിക്കൽ - മെഡിക്കൽ എവിഡൻസുകൾക്കും ഫൈനിഡിങ്ങുകൾക്കു അപ്പുറത്തെ സോഷ്യോ- പൊളിറ്റിക്കൽ പ്രശ്നം കൂടിയായിരുന്നു നിപ്പ. ആ സിനിമ എടുക്കേണ്ടത് തലച്ചോറുകൊണ്ടല്ല ഹൃദയം കൊണ്ടുതന്നെയായിരുന്നു. പക്ഷേ ഇവിടെ നോക്കുക, നിപ്പ അതിജീവനത്തിന്റെ ഐക്കൺ ആയ ലിനിയുടെ വേഷംചെയത റിമ കല്ലിങ്കലിന്റെ കഥാപാത്രം മരിക്കുന്ന രംഗത്തു പോലും പ്രേക്ഷകന് ഒരു ഫീലും കിട്ടുന്നില്ല. മലയാള സിനിമയിലെ ഒട്ടുമിക്ക യുവനടീനടന്മാർ ഈ ചിത്രത്തിൽ ചെറുതും വലുതുമായ വേഷത്തിൽ വന്നുപോകുന്നുണ്ടെങ്കിലും സൗബിൻ ഷാഹിറിന്റെ കഥാപാത്രത്തിനല്ലാതെ ആർക്കും പ്രേക്ഷകനെ ആകർഷിക്കാൻ കഴിയുന്നില്ല.

മഹാഭാരതം പോലൊരു കഥയെ രണ്ടര മണിക്കൂറിൽ ഒതുക്കിയാൻ എന്തുപറ്റും. അതുതന്നെയാണ് വൈറസിനും പറ്റിയത്. നിപ്പ രോഗബാധ ആദ്യമുണ്ടായ രോഗിയിൽനിന്ന് അത് എങ്ങനെ മറ്റുള്ളവരിലേക്ക് പടർന്നുവെന്ന് അറിയണമെങ്കിൽ, മൊത്തം രോഗികളുടെയും കോണ്ടാക്റ്റ് ഡീറ്റേയിൽസ് എടുക്കണം. സ്വകാര്യതപോലും ഗൗനിക്കാതെ അവർ എവിടെയാക്കെപോയി എന്ന് കണ്ടത്തണം. അങ്ങനെ നോക്കുമ്പോൾ പത്തിരുപത് ഉപകഥകളുടെ സംയോജനമാണ് ഈ ചിത്രം. അത് സംവിധാനിക്കുകയെന്നാൽ വലിയ അധ്വാനവും പ്രതിഭയും ആവശ്യപ്പെടുന്ന തൊഴിലാണ്. ഇവിടെയും ആഷിക്ക് അബുവിനും ടീമിനും ധൃതി അൽപ്പം കൂടിയെന്ന് തോനുന്നു. പഠനത്തിനും ഗവേഷണത്തിനുമായി കൂടുതൽ സമയം ആവശ്യപ്പെടുന്നതായിരുന്നു ഈ പ്രമേയം. ഭോപ്പാൽ വിഷവാതക ദുരന്തത്തിന്റെ ഇരകളെയൊക്കെ നേരിട്ട്പോയി കണ്ടശേഷം ഡൊമിനിക്ക് ലാപ്പിയർ എഴുതിയ പുസ്തകംപോലെ ഒന്നാകുമായിരുന്നു ഈ പടവും. ചെർണോബിൽ ദുരന്തത്തിന്റെയും, ഹിറ്റ്ലറുടെ കൂട്ടക്കൊലയുടെയും അടക്കമുള്ള വിഖ്യാത സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ലോകത്തിൽ എത്രയോ ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. ആൻഫ്രാങ്കിന്റെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രമൊക്കെ കണ്ടാൽ നമ്മുടെ കണ്ണ് നിറഞ്ഞുപോകും. പക്ഷേ ഈ മഹാമരിയുടെ കഥയിൽ നാലഞ്ചിടത്ത് മാത്രമാണ് അത്തരം വികാരങ്ങൾ നമുക്ക് തോനുന്നത്. സംവിധായകന്റെ പരാജയം ഇവിടെ പ്രകടമാണ്.

പക്ഷേ പ്രേക്ഷകരുടെ പ്രതീക്ഷകളുടെ നിലവാരത്തിലേക്ക് ഉയരുന്നില്ലെങ്കിലും പുർണ്ണമായും അവഗണിക്കാവുന്നതോ തള്ളിക്കളയാവുന്നതോ ആയ ചിത്രവുമല്ല ഇത്. ആവറേജ് എന്നും, കണ്ടിരിക്കാമെന്നും മലയാളികൾ സ്ഥിരമായി പറയുന്ന ഒരു സാധനമില്ലേ. അതുതന്നെയാണ് ഇത്. ബോറടിയില്ലാതെ കണ്ടിരിക്കാം. നിപ്പയെക്കുറിച്ച് അറിവുനേടാം. പക്ഷേ ഒരു കാര്യത്തിൽ ആഹ്ലാദമുണ്ട്. കേരളം വീണ്ടുമൊരു നിപ്പബാധയെ നേരിടുമ്പോൾ അതിജീവനത്തിന്റെ ആത്മവിശ്വാസവും, അത്യവശ്യമായ ശാസ്ത്രബോധവും പ്രചരിപ്പിക്കുന്നുണ്ട് ഈ ചിത്രം.

തിളങ്ങിയത് സൗബിൻ ഷാഹിർ മാത്രം

സത്യത്തിൽ പത്തിരുപത് കഥകൾ കൂട്ടിച്ചേർത്ത് എടുത്ത ഒരു സമാഹാരമാണ് 'വൈറസ്'. നിപ്പ വൈറസിന്റെ ഒറിജിൻ ഹിസ്റ്ററി പഠിക്കുകയെന്നാൽ മേൽപ്പറഞ്ഞപോലെ, അത്രയും പേരുടെ ജീവിതകഥ കോർത്തിണക്കുകയെന്നതുതന്നെ. അതോടൊപ്പം ഉദ്യോഗസ്ഥരും ഡോക്ടർമാരുാമയി വൻ സംഘം വേറെയും. ഇവിടയാണ് കുഞ്ചാക്കോ ബോബനും, ടൊവീനോയും, ആസിഫലിയും, ഇന്ദ്രജിത്തും, റിമാകല്ലിങ്കലും, പാർവതിയും, ഇന്ദ്രൻസും, സൗബിൻഷാഹിറും, ജിത്തുജോസഫും, രേവതിയും, ജോജുജോർജും, രമ്യാനമ്പീശനും, റഹ്മാനും, ശ്രീനാഥ്ഭാസിയും അടക്കമുള്ള നീണ്ട താരനിര വേണ്ടിവരുന്നത്. ഒന്നിൽനിന്ന് ഒന്നിലേക്ക് ജമ്പ്കട്ട് ചെയ്തുപോകുന്ന ഈ സ്റ്റോറികൾ ഒരിക്കലും പ്രേക്ഷകനെ പിടിച്ചിരുത്താൻ പര്യാപ്തമാവുന്നില്ല. അതുകൊണ്ടുതന്നെ സൗബിൻഷാഹിർ ഒഴികെയുള്ളരുടെ കഥാപാത്രത്തിന് തീയേറ്ററൽ ചലനങ്ങളും ഉണ്ടാക്കാൻ കഴിയുന്നില്ല. ഉണ്ണിക്കൃഷ്ണൻ എന്ന പ്രശ്നക്കാരനായ നിപ്പബാധിതനായി സൗബിൻ അങ്ങോട്ട് തകർക്കുന്നുണ്ട്. അസുഖബാധിതനായി കിടക്കുമ്പോഴുള്ള വിഭ്രാന്തികളും, പന്നിവേട്ടക്ക്പോകുന്ന ക്രൗര്യവുമൊക്കെ കാണണ്ടേതുതന്നെ.

വെജിറ്റബിൾ പരുവത്തിലുള്ള നടന്മാരാണ് ബാക്കി മൊത്തമുള്ളത് എന്നതാണ് ഈ പടത്തിന്റെ യഥാർഥ പ്രശ്നം. ഒന്നു രണ്ടു സീനുകളിൽ പ്രസരിപ്പുണ്ടാക്കി ഇന്ദ്രജിത്തും ടൊവീനോയും തീയേറ്ററുകളെ ഒന്ന് അനക്കുന്നുണ്ട്. മൊത്തം മാരക രോഗത്തിന്റെ നിഴലിൽ ആയതിനാൽ ആരും ചിരിച്ചുപോകരുതെന്ന തെറ്റിദ്ധാരണ സംവിധായകന് ഉണ്ടെന്ന് തോനുന്നുണ്ട്. കുഞ്ചാക്കോ ബോബന്റെ നായക കഥാപാത്രത്തിലൊക്കെ ഈ മസിലുപിടുത്തം പ്രകടമാണ്. തൊട്ടതെല്ലാം പൊന്നാക്കുന്ന പാർവതിയും ഈ ചിത്രത്തിൽ ലോ പ്രാഫൈൽ റോളിലാണ്. പക്ഷേ അത്് പാർവതിയുടെ കുഴപ്പമല്ല. കഥാപാത്രം അങ്ങനെ ആയതുകൊണ്ടാണ്. പ്രതീക്ഷക്കപ്പെടുന്ന പ്രവചനീയതതന്നെയാണ് ചിത്രത്തിന്റെ മറ്റൊരു പ്രശ്നം. നിപ്പ അതിജീവനം ഒരു സംഭവ കഥയായതിനാൽ, ക്ലൈമാക്സ് എന്തായിരിക്കും എന്ന് പ്രേക്ഷകന് ബോധ്യമുണ്ടാവും. എന്നാൽ അതിൽ ഒരു വ്യതിരിക്തത കൊണ്ടുവരാൻ സംവിധായകന് ആയിട്ടില്ല.

സംഭവ കഥയായതുകൊണ്ട് പ്രമേയപരമായി സംവിധായകനുള്ള പരിമിതികൾ മനസ്സിലാക്കാതെയല്ല ഇത് എഴുതുന്നത്. ഗ്രാമങ്ങളിലെ കടകൾപോലും അടഞ്ഞുകിടന്നതും, രോഗബാധിതരെ ഒറ്റപ്പെടുത്തിയതുമെല്ലാം പറഞ്ഞുപോകുന്നതല്ലാതെ വികസിപ്പിക്കാൻ ചിത്രം ശ്രമിച്ചിട്ടില്ല. കേരളം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനമാണ് നിപ്പയുടെ കാര്യത്തിൽ നാം കണ്ടത്. 2018 മേയിലാണ് കോഴിക്കോട്ടു നിപ്പ സ്ഥിരീകരിച്ചത്. ആ സമയത്ത് ചികിത്സാസംഘത്തിലുണ്ടായിരുന്ന ഡോക്ടർമാർക്കു നിപ്പയെക്കുറിച്ചു പുസ്തകങ്ങളിൽ വായിച്ച അറിവല്ലാതെ, ഈ രോഗം ചികിത്സിച്ചു പരിചയമുണ്ടായിരുന്നില്ല. ഇത്തരം രോഗികളെത്തിയാൽ പരിചരിക്കാനുള്ള സൗകര്യം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉണ്ടായിരുന്നുമില്ല. എന്നാൽ, ഇത്തരം പരിമിതികളൊക്കെ ഉണ്ടായിരുന്നിട്ടും നിപ്പയെ കേരളം നിയന്ത്രണവിധേയമാക്കി.

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ ചികിത്സിക്കാനുള്ള ഐസൊലേഷൻ വാർഡുകളൊരുക്കി.കൃത്യമായ പ്രതിരോധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ഏകോപിപ്പിച്ചു നടപ്പിലാക്കാനും സാധിച്ചു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ ഈ രോഗിയുമായി സമ്പർക്കം പുലർത്തിയ രണ്ടായിരത്തിലധികം ആളുകളുടെ പട്ടിക തയാറാക്കുകയും അവരെ നിരീക്ഷണവിധേയരാക്കുകയും ചെയ്തു.അവർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ പെട്ടെന്നു വൈദ്യസഹായം നൽകാനുള്ള സംവിധാനങ്ങളും ഒരുക്കി. അതുകൊണ്ടുതന്നെ മരണസംഖ്യ 17ലും രോഗികളുടെ എണ്ണം 19ലും ഒതുക്കിനിർത്താൻ സാധിച്ചത്. ഈ 'മഹാ രക്ഷാപ്രവർത്തനത്തിന്റെ ' ടെമ്പോ പക്ഷേ പ്രതീക്ഷിച്ച രീതിയിൽ ചിത്രത്തിൽ കിട്ടുന്നില്ല.

'ടീച്ചറമ്മ' തള്ളുകൾ പ്രതീക്ഷിച്ചത്രയില്ല

താൻ ഒരു ഇടതുപക്ഷ അനുഭാവിയാണെന്ന് പരസ്യമായി പറഞ്ഞ സംവിധായകനാണ് ആഷിക്ക് അബു. അതുകൊണ്ടുതന്നെ എൽഡിഎഫ് സർക്കാറിന്റെയും പ്രത്യേകിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജടീച്ചറുടെയും ഇമേജ് ബിൽഡിങ്ങിനായി എടുത്ത സിനിമയാണ് ഇതെന്നും ആക്ഷേപം ഉണ്ടായിരുന്നു. എന്നാൽ ശൈലജ ടീച്ചറോട് അസാധാരണ മുഖ സാദൃശ്യമുള്ള രേവതി ആ കഥാപാത്രത്തെ ചെയ്യുന്നുവെന്നല്ലാതെ സർക്കാറിന്റെ ഇമേജ് ബിൽഡിങ്ങിനുള്ള ബോധപൂർവമായ തള്ളലുകൾ സിനിമയിലില്ല. ( സോഷ്യൽമീഡിയ 'ടീച്ചറമ്മയാക്കി' ആഘോഷിക്കുന്ന ശൈലജടീച്ചർ നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ ശരിക്കും അഭിനന്ദനം അർഹിക്കുന്നുവെന്നത് വേറെ കാര്യം.) ഇ്നി കലാപരമായി എടുത്താൽ ഈ റോളിൽ രേവതി തീർത്തും പരാജയമാണെന്നും പറയേണ്ടിവരും. ബൊമ്മപോലെ നോക്കിയിരിക്കുയല്ലാതെ പല സീനിലും അവർക്ക് ഒന്നും ചെയ്യാനില്ല. ഇനി ക്ലൈമാക്സിനടുപ്പിച്ച ഒരു പ്രസംഗമാണെങ്കിൽ മഹാ ബോറും. ഡബ്ബിങ്ങ് ഭാഗ്യലക്ഷ്മിയുടേതാണോയെന്ന് അറിയില്ല, അച്ചടി ഭാഷയിലുള്ള പ്രസംഗം ശുദ്ധബോറാണ്.

അതുപോലെ ഒരു വലിയ രാഷ്ട്രീയ വിയോജിപ്പും ചിത്രത്തോടുണ്ട്. നിപ്പയുടെ ആദ്യ ഇര ഒരു മുസ്ലിം യുവാവായതിനാൽ തീവ്ര സംഘപരിവാർ ഗ്രൂപ്പുകൾ പ്രചരിപ്പിച്ച ഇസ്ലാമിക ജിഹാദികളുടെ ജൈവാക്രമണമെന്ന് ഗൂഢാലോചനാ സിദ്ധാന്തവും ചിത്രത്തിൽ കടന്നുവരുന്നുണ്ട്. ശരിയാണ്, അങ്ങനെ ഒരു പ്രചാരണം ഉണ്ടായിരുന്നു. പക്ഷേ ഈ സിനിമ പറയുന്നത് അങ്ങനെ ഒരു റിപ്പോർട്ട് ഉണ്ടാക്കാനായി കേന്ദ്രസംഘം സമ്മർദം ചെലുത്തിയെന്നാണ്. അത് വസ്തുതാപരമായി ശരിയാണോ എന്ന് അറിയില്ല. ഒരുവേള കേന്ദ്ര- സംസ്ഥാന പ്രശ്നമായി നിപ്പ മാറുമെന്ന സൂചനയും ചിത്രം നൽകുന്നുണ്ട്. പക്ഷേ ഈ ലേഖകനൊക്കെ മനസ്സിലാക്കിയത് വെച്ച് അന്ന് കേന്ദ്രവും പൂർണ്ണ പിന്തുണയാണ് കേരളത്തിന് നൽകിയത്. ആ നിലക്ക് ഈ ഗൂഢാലോചന തിയറിയിലേക്ക് കേന്ദ്ര ഉദ്യോഗസ്ഥരെ വലിച്ചിഴക്കേണ്ട കാര്യമുണ്ടായിരുന്നില്ല.

വാൽക്കഷ്ണം: എന്താലും ഒരു കാര്യത്തിൽ ആഷിക്ക് അബു വലിയ അഭിനന്ദനം അർഹിക്കുന്നുണ്ട്. ഈ പടത്തിൽ നിപ്പയെന്ന മഹാമാരിയെക്കുറിച്ചൊക്കെയുള്ള വിവരണങ്ങൾ പൂർണ്ണമായും ശാസ്ത്രീയമാണ്. സാധാരണ കപട വൈദ്യന്മാർക്കും ആത്മീയവാദികൾക്കൊക്കെ ഒരു പഴുതിട്ടുകൊണ്ടുള്ള മിസ്റ്റിക്കൽ രീതിയിലാണ് സയൻസ് ഫിക്ഷൻ എന്ന് പറയുന്ന സിനിമകൾപോലും നീങ്ങാറുള്ളത്. എന്നാൽ മതവും ദൈവവും ഒന്നുമല്ല ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഭാഗത്തുതന്നെയാണ് ഈ സിനിമ നിൽക്കുന്നത്. ജേക്കബ് വടക്കൻചേരിയും മോഹനൻ വൈദ്യരുമൊക്കെ ആരോപിക്കുന്നപോലെ, നിപ്പയുടെ രോഗാണു പോലുമില്ല എന്ന ഗൂഢാലോചനാ സിദ്ധാന്തം ഈ പടം ചവറ്റുകൂട്ടയിലിടുന്നു. നിപ്പ ഭീതിക്കാലത്ത് പേരാമ്പ്രയിൽനിന്ന് പെറിക്കിയയെന്ന് അവകാശപ്പെടുന്ന മാങ്ങ ലൈവായി തിന്ന മോഹനൻവൈദ്യർക്ക് സമാനമായ അഭിപ്രായം പറയുന്ന ഒരു വൈദ്യനെയും ചിത്രം കാണിച്ചുതരുന്നുണ്ട്. അപ്പോൾ തീയേറ്ററിൽ ഉയരുന്ന കൈയടിയും കേരളം മാറുന്നതിന്റെ സൂചനകളാണ്. ശാസ്ത്ര വിരുദ്ധത ഒരു ഫാഷനായി എടുത്ത മലയാള സിനിമാക്കാർക്കിടയിൽ ആഷിക്ക് അൽപ്പം വ്യത്യസ്തനാണെന്ന് ചുരുക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP