Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നമ്മുടെ കുഞ്ഞുങ്ങൾ ഭാവിയിൽ 'പഞ്ഞമില്ലാത്തവരായി' ജീവിക്കണോ? ചെറുപ്രായത്തിലെ സമ്പാദ്യശീലം പഠിപ്പിക്കുന്നത് ഏറെ ഗുണകരം; കുടുക്കയിൽ നിന്നും ആരംഭിച്ച് ബാങ്കിങ് ലോകത്തേക്ക് വരെ അവരെ നേരത്തെ കൈപിടിച്ച് നടത്താം; കുട്ടികൾക്കായുള്ള പ്രത്യേക ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ചാൽ വിദ്യാഭ്യാസ വായ്പയ്ക്ക് വരെ സാധ്യതയുണ്ടെന്നത് മറക്കല്ലേ; സാമ്പത്തിക അച്ചടക്കം വളർത്താനുള്ള ചെപ്പടി വിദ്യകൾ അറിയുമോ? കുട്ടികളുടെ സമ്പാദ്യശീലത്തെ പറ്റി മാതാപിതാക്കൾ ഓർക്കാൻ ഏറെയുണ്ടേ

നമ്മുടെ കുഞ്ഞുങ്ങൾ ഭാവിയിൽ 'പഞ്ഞമില്ലാത്തവരായി' ജീവിക്കണോ? ചെറുപ്രായത്തിലെ സമ്പാദ്യശീലം പഠിപ്പിക്കുന്നത് ഏറെ ഗുണകരം; കുടുക്കയിൽ നിന്നും ആരംഭിച്ച് ബാങ്കിങ് ലോകത്തേക്ക് വരെ അവരെ നേരത്തെ കൈപിടിച്ച് നടത്താം; കുട്ടികൾക്കായുള്ള പ്രത്യേക ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ചാൽ വിദ്യാഭ്യാസ വായ്പയ്ക്ക് വരെ സാധ്യതയുണ്ടെന്നത് മറക്കല്ലേ; സാമ്പത്തിക അച്ചടക്കം വളർത്താനുള്ള ചെപ്പടി വിദ്യകൾ അറിയുമോ? കുട്ടികളുടെ സമ്പാദ്യശീലത്തെ പറ്റി മാതാപിതാക്കൾ ഓർക്കാൻ ഏറെയുണ്ടേ

തോമസ് ചെറിയാൻ കെ

കുഞ്ഞിന് വേണ്ടി തയ്യാറെടുക്കുമ്പോൾ മുതൽ ദമ്പതികൾ പലതും സ്വപ്നം കണ്ടു തുടങ്ങും. കുഞ്ഞിന്റെ ആരോഗ്യം, സംരക്ഷണം തുടങ്ങി വിദ്യാഭ്യാസവും ഭാവിയിൽ അവനെ അല്ലെങ്കിൽ അവളെ ആരാക്കണമെന്ന് വരെ സ്വപ്നങ്ങൾ മെനയുന്നത് സ്വാഭാവികമാണ്. എന്നാലും ശരാശരി ജീവിതം മുന്നോട്ട് നയിക്കുന്നവർക്ക് ഒരു ആശങ്കയുണ്ടാകും. ദൈവമേ പണം...രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ ഇത് മതിയോ. ജോലിയിൽ നിന്നും കിട്ടുന്നതിന് പുറമെ എങ്ങനെ വരുമാനമുണ്ടാക്കാം എന്നതടക്കമുള്ള കാര്യങ്ങൾ പിന്നീട് ചിന്തിച്ച് തുടങ്ങും. എന്നാൽ ഇതിനൊക്കെ ഇടയിൽ മുങ്ങിപ്പോകുന്ന ഒന്നുണ്ട്.

നിങ്ങളുടെ മക്കൾ സ്വന്തം കാലിൽ നിൽക്കുന്ന കാലത്ത് മാത്രം പണത്തെ പറ്റിയും ചെലവിനെ പറ്റിയും വീട് നോക്കുന്നതും നീക്കിയിരുപ്പും മുതലായ കാര്യങ്ങളെ പറ്റിയും ചിന്തിച്ചാൽ മതി എന്ന ധാരണ തെറ്റാണ്. ചെറുപ്പം മുതൽ തന്നെ സാമ്പത്തിക അച്ചടക്കം എന്തെന്നും പണത്തിന്റെ മൂല്യവും അത് സമ്പാദിക്കേണ്ട ആവശ്യകത എന്തെന്നും മനസിലാക്കി കൊടുക്കുക. ഇതിനൊപ്പം തന്നെ പണത്തിന് പ്രാധാന്യം നൽകി എന്തും ചെയ്യുന്ന നിലയിലേക്ക് മാറരുതെന്നും നമ്മുടെ നേരായതും ഉത്സാഹത്തോടു കൂടിയതുമായ കഠിനാധ്വാനമാണ് നമ്മുടെ സമ്പാദ്യമായി തീരുന്നതെന്നും അവരെ ഓർമ്മിപ്പിക്കുക.

കുഞ്ഞുങ്ങളിൽ ചെറു പ്രായത്തിൽ തന്നെ സമ്പാദ്യ ശീലം വളർത്തിയാൽ അവർക്ക് അത് ഭാവിയിൽ ഏറെ ഗുണം ചെയ്യുമെന്നുറപ്പ്. അത്തരത്തിൽ കുഞ്ഞുങ്ങളിൽ എങ്ങനെ ചെറുപ്പം മുതലേ സമ്പാദ്യശീലം വളർത്താം, അതിനുള്ള വഴികൾ എന്തൊക്കെ എന്നത് മുതൽ നമ്മുടെ നാട്ടിലെ ബാങ്കുകളിൽ കുഞ്ഞുങ്ങൾക്കായി ആരംഭിക്കാവുന്ന ബാങ്ക് അക്കൗണ്ടുകളെ പറ്റി വരെയാണ് പുത്തൻ മണിച്ചെപ്പിലൂടെ പങ്കുവെക്കുന്നത്.

കുട്ടികളിലെ സമ്പാദ്യ ശീലം എപ്പോൾ മുതൽ ആരംഭിക്കാം ?

അക്ഷരങ്ങളുടേയും അക്കങ്ങളുടേയും ലോകത്തേക്ക് കുഞ്ഞുങ്ങൾ കാലെടുത്ത് വെക്കുമ്പോൾ മുതൽ അവരെ സമ്പാദ്യ ശീലവും പഠിപ്പിക്കാം. നാണയങ്ങളും നോട്ടുകളും ഒക്കെ എണ്ണി തുടങ്ങാനും പണം എന്നാൽ എന്താണെന്നും എന്തിനാണെന്നും മനസിലാക്കി കൊടുത്ത ശേഷം കുടുക്കയിൽ പണം സൂക്ഷിക്കുന്നത് അവരെ ശീലിപ്പിക്കുക. അതായിരിക്കണം അവരുടെ ആദ്യത്തെ സേവിങ്സ് ബാങ്ക്. സ്‌കൂളിലെ ചെറിയ ചെറിയ ആവശ്യങ്ങൾക്ക് ഇത്തരത്തിൽ സേവിങ്സായി കിട്ടുന്ന പണം അവർക്ക് ഉപയോഗപ്പെടുത്താൻ സാധിച്ചാൽ പണം എപ്രകാരമാണ് ചെലവഴിക്കുന്നതെന്നും അവർക്ക് മനസിലാകും.

കുഞ്ഞുങ്ങൾക്ക് അത്തരത്തിൽ പണം ചെലവഴിക്കുമ്പോൾ എന്ത് മനസിലായി എന്ന് ചോദിച്ച് മനസിലാക്കാനും അവർ അമിതമായി ചെലവഴിക്കുന്നുണ്ടോ എന്നറിയാനും മാതാപിതാക്കൾ ശ്രദ്ധിക്കണം. ഇതിനു പിന്നാലെ വീട്ടിലെ സാധനം വാങ്ങുന്ന കാര്യങ്ങൾ മുതൽ എന്തിനൊക്കെയാണ് പണം ചെലവഴിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയും വീട്ടിലെ വരുമാനമടക്കമുള്ള കാര്യങ്ങൾ അതാത് കാലങ്ങളിൽ അവരെ അപ്ഡേറ്റ് ചെയ്യുന്നതും നല്ലതാണ്.

ഇത്തരത്തിൽ കുടുംബത്തിന്റെ സാമ്പത്തികമായ ഒരു ചിത്രം അവർക്ക് തുറന്ന് കൊടുത്താൽ കുടുംബത്തിന്റെ ഉത്തരവാദിത്വം അവരിലേക്ക് വരുന്ന നാളുകളിൽ ജാഗ്രതയോടെ ഇരിക്കാനും പതറാതെ കാര്യങ്ങളെ കൈകാര്യം ചെയ്യാനും അവർ പ്രാപ്തരാകുമെന്ന് ഉറപ്പ്. മാത്രമല്ല വീട്ടിലെ സാമ്പത്തിക സാഹചര്യം സംബന്ധിച്ച വിവരങ്ങൾ ഉള്ളിൽ രഹസ്യമാക്കി വെക്കുവാനും ആരോടും അത്തരം കാര്യങ്ങൾ പങ്കുവെക്കേണ്ടതില്ലെന്നും അവരെ ഓർമ്മിപ്പിക്കുക.

ഈ ചെപ്പടി വിദ്യകൾകൊണ്ട് കുഞ്ഞു 'മണിച്ചെപ്പുകൾ' നിറയ്ക്കാം

കുഞ്ഞുങ്ങളിൽ ചിലർ പണവുമായി ബന്ധപ്പെട്ട കാര്യങ്ങിൽ താൽപര്യമില്ലാതെ പ്രവർത്തിക്കുകയോ ഉഴപ്പ് കാണിക്കുകയോ ചെയ്യാം. ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളും പോലെ തന്നെ സാമ്പത്തികവും ഒരു പ്രധാന ഘടകമാണെന്ന കാര്യം അവരെ പഠിപ്പിച്ചെടുക്കാൻ രക്ഷിതാക്കൾ ചില ചെപ്പടി വിദ്യകൾ പ്രയോഗിക്കേണ്ടതായി വരും. അവയേതെന്ന് നമുക്കൊന്ന് നോക്കാം.

> ഒരു കുടുക്ക അവർക്ക് വാങ്ങിക്കൊടുത്ത ശേഷം കിട്ടുന്ന പണം അതിൽ നിക്ഷേപിക്കാൻ ശീലിപ്പിക്കുക. ആവശ്യ നേരത്ത് തുറക്കാൻ പറ്റുന്ന തരത്തിലുള്ള കുടുക്കയാണെങ്കിൽ നല്ലത്. നീക്കിയിരുപ്പ് എന്താണെന്നും ആവശ്യ ഘട്ടങ്ങളിൽ പണം എങ്ങനെ വിനിയോഗിക്കാമെന്നും കുട്ടികൾ ഇതിലൂടെ പഠിക്കും.

> വീട്ടിലെ ചെറു ജോലികൾ ചെയ്യുമ്പോൾ അവർക്ക് പ്രോത്സാഹനമായി ഒരു തുക കൈയിൽ വെച്ചു കൊടുക്കുന്നത് നല്ലതാണ്. പണത്തിന്റെ വരവിന് പിന്നിൽ അധ്വാനമെന്ന കാര്യം ഉണ്ടെന്നും അവർക്ക് ബോധ്യമാകുന്നതിന് ഇത് ഏറെ പ്രയോജനം ചെയ്യും.

> വീട്ടിലെ കാര്യങ്ങൾക്ക് പണം ചെലവഴിക്കുന്ന വേളകളിൽ അവരെ ഒപ്പം കൂട്ടുന്നത് നല്ലതാണ്. ഷോപ്പിങ്, വൈദ്യുതി/ വാട്ടർ/ കേബിൾ ബില്ലുകൾ അടയ്ക്കുമ്പോൾ, തുടങ്ങി ബാങ്കിൽ പണം നിക്ഷേപിക്കുമ്പോഴും എടുക്കാൻ പോകുമ്പോഴും വരെ അവരെ ഒപ്പം കൂട്ടി കാര്യങ്ങൾ കാണിച്ചു കൊടുക്കുക. അവരെ അത്തരം കാര്യങ്ങൾക്ക് ഒറ്റക്ക് വിടാൻ പ്രാപ്തരായി എന്ന് തോന്നുന്ന വേളയിൽ അങ്ങനേയുമാകാം.

> കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്ന കാലത്ത് ആദ്യം ഓർക്കേണ്ട ഒന്ന് മാതാപിതാക്കളും കുട്ടികളുടെ ചുറ്റുമുള്ളവരും കഴിവതും അമിതമായും അനാവശ്യമായും പണം ചെലവഴിക്കുന്നവരാകരുത്. കുഞ്ഞുങ്ങളിൽ ഉണ്ടാകേണ്ട സാമ്പത്തിക അച്ചടക്കത്തെ ഇത് ബാധിക്കും. നമ്മൾ ചിട്ടയുള്ളവരാണെങ്കിലെ കുഞ്ഞുങ്ങളും അങ്ങനെയാകൂ.

നിക്ഷേപ പദ്ധതികൾ ഏറെയുണ്ടെങ്കിലും ആരംഭം സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിന്നാകട്ടെ

കുട്ടികൾക്കായി കരുതി വെക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഒട്ടേറെ നിക്ഷേപ പദ്ധതികളുണ്ടെങ്കിലും ബാങ്ക് സേവിങ്സ് അക്കൗണ്ടിൽ നിന്നും ആരംഭിക്കുന്നത് തന്നെയാണ് ഏറെ ഉത്തമം. എന്നിരുന്നാലും മ്യൂച്ചൽ ഫണ്ടുകൾ, സുകന്യ സമൃദ്ധി യോജന, പബ്ലിക്ക് പ്രോവിഡന്റ് ഫണ്ട് എന്നിവയൊക്കെ നല്ല നിക്ഷേപങ്ങൾ തന്നെയാണ്.

എന്നാൽ ഏറ്റവും ലളിതവും സുരക്ഷിതവുമായ സേവിങ്സ് അക്കൗണ്ട് വഴി അവരുടെ കൈകളിലേക്ക് തന്നെ സമ്പാദ്യ ശീലത്തിന്റെ ആദ്യപടി തുറന്ന് കൊടുക്കുന്നതാണ് ഏറെ ഉത്തമം. അവരറിയാതെ അവർക്കായി കരുതി വെക്കുന്നത് ഏറെ ഫലപ്രദമാകണമെങ്കിൽ ഇത്തരം സേവിങ്സ് അക്കൗണ്ടിൽ പണം നിക്ഷേപിക്കാൻ പഠിപ്പിക്കുന്നതാണ് ഉത്തമം.

മ്യൂച്വൽ ഫണ്ടുകൾ

ഹ്രസ്വകാല ലക്ഷ്യങ്ങൾക്കായി ഡെറ്റ് ഫണ്ടിലും ദീർഘകാല ലക്ഷ്യങ്ങൾക്കായി ഇക്വിറ്റി ഫണ്ടിലും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ നിങ്ങൾക്ക് നിക്ഷേപിക്കാം. കുട്ടിയുടെ പേരിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം തുടങ്ങിയതുകൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നമില്ല. കുട്ടി പ്രായപൂർത്തിയായതിനു ശേഷമാണ് നിക്ഷേപം പിൻവലിക്കുന്നതെങ്കിൽ കുട്ടിയുടെ വരുമാനമായി കരുതി ആദായ നികുതി നൽകണം. ഒരു ലക്ഷം രൂപയ്ക്കു മുകളിൽ ലഭിക്കുന്ന മൂലധന നേട്ടത്തിനു മാത്രമേ ആദായ നികുതി ബാധകമാകൂ.

സുകന്യ സമൃദ്ധി യോജന

സുകന്യ സമൃദ്ധി യോജന എന്നത് ഏവരും അറിഞ്ഞിരിക്കേണ്ട നിക്ഷേപ രീതിയാണ് പ്രത്യേകിച്ച് പെൺമക്കൾ ഉള്ളവർ. ഒരു സാമ്പത്തിക വർഷത്തിൽ ഒന്നര ലക്ഷം രൂപ വരെ നിക്ഷേപം നടത്താവുന്ന ഈ പദ്ധതിക്ക് 80 സി പ്രകാരം ആദായ നികുതിയിൽ ഇളവ് ലഭിക്കുമെന്ന കാര്യം മറക്കരുത്. കുട്ടികൾക്ക് പത്തു വയസിൽ താഴെ പ്രായമുള്ളപ്പോൾ മുതലാണ് ഇത് തുടങ്ങാൻ പറ്റിയ സമയമെന്ന് വിദഗ്ദ്ധർ പറയുന്നു.

21 വർഷമാണ് ഇതിന്റെ കാലാവധി. എന്നിരുന്നാലും മകൾക്ക് 18 വയസ് പൂർത്തിയാകുകയും വിവാഹം കഴിയുകയും ചെയ്താൽ ഈ അക്കൗണ്ട് ക്ലോസ് ചെയ്ത് പണം തിരികെ എടുക്കാൻ സാധിക്കും. നിലവിൽ ഈ പദ്ധതിക്ക് 8.1 ശതമാനമാണ് വാർഷിക പലിശ നിരക്ക് എന്ന കാര്യം മറക്കണ്ട.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ നിക്ഷേപം തുടങ്ങാവുന്ന മറ്റൊരു പദ്ധതിയാണ് പിപിഎഫ്. നിങ്ങളുടെ പേരിൽ നിലവിൽ പിപിഎഫ് അക്കൗണ്ട് ഉണ്ടെങ്കിലും മക്കളുടെ പേരിൽ വേറെ അക്കൗണ്ട് തുടങ്ങാം. പക്ഷേ, എല്ലാ അക്കൗണ്ടിലും കൂടി സാമ്പത്തിക വർഷം അടയക്കാവുന്ന പരമാവധി തുക 1.50 ലക്ഷം രൂപയാണ്.

മൈനർ അക്കൗണ്ടുകൾ തുറക്കുമ്പോൾ ഓർക്കാൻ

കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തിയെടുക്കുന്ന കാലത്ത് ബാങ്കിങ് ഇടപാടുകൾ എന്താണെന്ന് മനസിലാക്കി കൊടുക്കാൻ ഏറ്റവും നല്ല മാർഗമാണ് മൈനർ അക്കൗണ്ടുകൾ തുടങ്ങി കൊടുക്കുന്നത്. 18 വയസിൽ താഴെയുള്ളവർക്ക് വേണ്ടിയുള്ളതാണ് മൈനർ അക്കൗണ്ടുകൾ. കുട്ടികൾക്ക് വേണ്ടി രക്ഷകർത്താവിന് അക്കൗണ്ട് തുറക്കാൻ സാധിക്കും. കുഞ്ഞിന്റെ പേരിലും രക്ഷകർത്താവിന്റെ പേരിലും സംയുക്തമായി അക്കൗണ്ട് തുറക്കാനുള്ള അവസരവും ബാങ്കുകൾ തരുന്നുണ്ട്.

മൈനർക്ക് 10 വയസിന് മുകളിൽ പ്രായമുണ്ടെങ്കിൽ സ്വന്തമായി അക്കൗണ്ട് തുറക്കാൻ സാധിക്കും. ഇത്തരം ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാൻ ലളിതമായ ഫോമാണ് പൂരിപ്പിക്കേണ്ടത്. ഇതിൽ കുഞ്ഞിന്റെ പേര്, വിലാസം മാതാപിതാക്കളുടെ വിശദാംശങ്ങൾ എന്നിവ നൽകണം. കുട്ടിയെ ഒപ്പിടാൻ നേരത്തെ തന്നെ ശീലിപ്പിക്കുന്നതും നല്ലതാണ്. ഇത്തരം ഫോമുകളിൽ കുട്ടികൾ ഒപ്പിടണ്ടേതായിട്ടുണ്ട് എന്നും ഓർക്കുക.

മാത്രമല്ല കുട്ടിയുടെ കെവൈസിയൊടൊപ്പം ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, രക്ഷകർത്താവിന്റെ തിരിച്ചറിയൽ രേഖകൾ എന്നിവയും നൽകേണ്ടതായിട്ടുണ്ട് എന്ന കാര്യം ഓർക്കുക. കുട്ടിക്ക് പതിനെട്ട് വയസ് തികയുന്ന വേളയിൽ ഇത് സാധാരണ രീതിയിലുള്ള അക്കൗണ്ടായി മാറുമെന്നും ഇതിന് ശേഷം രക്ഷിതാക്കൾക്ക് ഈ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ സാധിക്കില്ലെന്നും ഓർക്കുക.

കുഞ്ഞുങ്ങൾക്കായുള്ള ചില ബാങ്ക് അക്കൗണ്ടുകളെ പരിചയപ്പെടാം

മിക്ക ബാങ്കുകളും കുട്ടികൾക്കായി പ്രത്യേകം ബാങ്ക് അക്കൗണ്ടുകൾ തുറക്കാനുള്ള അവസരം ഒരുക്കുന്നുണ്ട്. ഇത്തരം അക്കൗണ്ടുകൾക്ക് ഇളവുകളും പണമിടപാട് സംബന്ധിച്ച് ചില നിയന്ത്രണങ്ങളുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പെഹലാ കദം, പെഹലി ഉഡാൻ എന്നീ സേവിങ്‌സ് അക്കൗണ്ടുകൾ മുതൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എസ്‌ഐബി ജൂനിയർ, കാനറ ബാങ്കിന്റെ ചാമ്പ്, ഫെഡറൽ ബാങ്കിന്റെ യങ് ചാമ്പ്, ഐസിഐസിഐ ബാങ്കിന്റെ യങ് സ്റ്റാഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്കിന്റെ കിഡ്‌സ് അഡ്വാന്റേജ് എന്നിവയൊക്കെ കുട്ടികൾക്കായി ബാങ്കുകൾ ഏർപ്പെടുത്തിയിരിക്കുന്ന സേവിങ്‌സ് അക്കൗണ്ടുകളാണ്. കുഞ്ഞുങ്ങൾക്ക് ഇപ്പോൾ മത്സരങ്ങളിൽ സമ്മാനമായി ലഭിക്കുന്ന തുകകൾ മുതൽ സ്‌കോളർഷിപ്പുകൾ വരെ നൽകുന്നത് അക്കൗണ്ട് മണിയായിട്ടാണ്. അതിനാൽ തന്നെ സ്വന്തമായി അവർക്ക് ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ചു നൽകുന്നത് എന്തുകൊണ്ടും നല്ലത് തന്നെയാണ്.

എസ്‌ബിഐ പഹലാ കദം

പത്തു വയസു വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് തുടങ്ങാവുന്ന അക്കൗണ്ടാണിത്. രക്ഷകർത്താവിനൊപ്പം ജോയിന്റായി തുറക്കാനും കഴിയുന്ന ഈ അക്കൗണ്ട് ആരംഭിക്കാൻ രക്ഷകർത്താവിന്റെ കെവൈസി രേഖയും കുഞ്ഞിന്റെ ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുമാണ് വേണ്ടത്. ഇത്തരം അക്കൗണ്ടുകൾക്കായി ലഭിക്കുന്ന എടിഎം കാർഡിൽ രക്ഷകർത്താവിന്റെ പേര് രേഖപ്പെടുത്തും. അക്കൗണ്ട് ഉടമയുടെ ചിത്രം പതിച്ച എടിഎം കാർഡായിരിക്കും ലഭിക്കുക.

അഞ്ചു ലക്ഷം രൂപയാണ് ഇതിൽ പരമാവധി നിക്ഷേപിക്കാൻ സാധിക്കുന്നത്. ഇതിന് മുകളിലേക്ക് (പത്തു ലക്ഷം വരെ) തുക ഇടണമെങ്കിൽ ചില നിബന്ധനകളുണ്ട്. ഈ അക്കൗണ്ടിന് ചെക്ക് ബുക്ക് ലഭിക്കും. എടിഎമ്മിൽ നിന്നും ഒറ്റത്തവണയിൽ 5000 രൂപ പിൻവലിക്കാനും മൊബൈൽ ബാങ്കിങ് വഴിയാണെങ്കിൽ 2000 രൂപയുടെ ഇടപാട് നടത്താനും സാധിക്കും. അക്കൗണ്ട് ഉടമയ്ക്ക് അപകട ഇൻഷുറൻസ് പരിരക്ഷ ലഭിക്കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. നാലു ശതമാനമാണ് നിക്ഷേപത്തിന് പലിശ ലഭിക്കുന്നതെന്നും ഓർക്കുക.

എസ്‌ബിഐ പഹലി ഉഡാൻ

പത്തു വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് വേണ്ടിയുള്ള അക്കൗണ്ടാണിത്. രക്ഷകർത്താവിന്റെ കെവൈസി രേഖകളും കുട്ടിയുടെ ജനന തീയതി തെളിയിക്കുന്ന രേഖകളുമാണ് സമർപ്പിക്കേണ്ടതെങ്കിലും അക്കൗണ്ട് കുട്ടിയുടെ പേരിൽ തന്നെ തുടങ്ങാൻ സാധിക്കും. ബാങ്ക് അനുവദിച്ചിരിക്കുന്ന ബിൽ പേയ്‌മെന്റ്, ടോപ്പ് അപ്പ് തുടങ്ങിയ ഇടപാടുകളെ നടത്താൻ സാധിക്കൂ എന്നതൊഴിച്ചാൽ ബാക്കി കാര്യങ്ങളെല്ലാം പഹലാ കദവുമായി ഏകദേശം സമാനമാണ്.

സൗത്ത് ഇന്ത്യൻ ബാങ്ക് - എസ്‌ഐബി ജൂനിയർ

പത്തിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ആരംഭിക്കാൻ സാധിക്കുന്ന അക്കൗണ്ടാണിത്. 150 രൂപ മിനിമം ബാലൻസിൽ ആരംഭിക്കാം. ഈ തുക മൂന്നു മാസത്തിനകം അൽപം കൂടുതൽ നിക്ഷേപിക്കണം. ഈ അക്കൗണ്ടിന് റുപേ കാർഡാണ് ലഭിക്കുന്നത്. ഇത് ഫ്രീയായി ലഭിക്കും. ഫണ്ടുകൾ ഈസിയായി ട്രാൻസ്ഫർ ചെയ്യാൻ മാതാപിതാക്കൾക്ക് എബിബി അക്കൗണ്ട് തുടങ്ങാനും സൗകര്യമുണ്ട്.

മാതാപിതാക്കളുടെ അക്കൗണ്ടിൽ നിന്നും കുട്ടികളുടെ അക്കൗണ്ടിലേക്ക് സൗജന്യമായി പണം ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും. അക്കൗണ്ട് ആരംഭിച്ചിരിക്കുന്നവരിൽ യോഗ്യരായ കുട്ടികൾക്ക് വിദ്യാഭ്യാസ ലോൺ ലഭിക്കുമെന്ന കാര്യവും ഓർക്കുക.

കാനറാ ബാങ്ക് -ചാമ്പ്

12 വയസ് വരെയുള്ള കുഞ്ഞുങ്ങൾക്ക് ആരംഭിക്കാവുന്ന ബാങ്ക് അക്കൗണ്ടാണിത്. 100 രൂപ മിനിമം ബാലൻസിൽ ആരംഭിക്കാവുന്ന അക്കൗണ്ട് എന്ന പ്രഖ്യാപനവുമായി കാനറാ ബാങ്ക് ആരംഭിച്ച പദ്ധതിയാണിത്. നാലു ശതമാനം പലിശ ലഭിക്കുന്ന ഈ അക്കൗണ്ട് സ്‌കീമിന് ചെക്ക് ബുക്കുകളില്ല. മാത്രമല്ല ഇത് ജോയിന്റ് അക്കൗണ്ടായി തുറക്കാൻ സാധിക്കില്ലെന്നും ഓർക്കുക. യോഗ്യരായ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസ ലോണും ലഭിക്കും.

ഫെഡറൽ ബാങ്ക്- യങ് ചാമ്പ്

വളരെ കുറഞ്ഞ 'ആദ്യ നിക്ഷേപം' ഉപയോഗിച്ച് ആരംഭിക്കാവുന്ന അക്കൗണ്ടാണ് ഫെഡറൽ ബാങ്കിന്റെ യങ് ചാമ്പ്. വിദ്യാഭ്യാസ ആവശ്യത്തിനായുള്ള 50000 രൂപ വരെയുള്ള ഡിഡി ഇടപാടുകൾക്ക് ചാർജുകളൊന്നുമില്ല എന്നതാണ് ഈ അക്കൗണ്ടിന്റെ ഒരു പ്രത്യേകത. ഫെഡറൽ ബാങ്കിന്റെ ഫെഡ് ബുക്ക്, ഇ-മെയിൽ അലർട്ട്, മൊബൈൽ അലർട്ട്, ഇന്റർനെറ്റ് ബാങ്കിങ് എന്നിവയെല്ലാം ഫ്രീയായി ലഭിക്കുകയും ചെയ്യും.

കുട്ടികൾ  സാമ്പത്തിക സുരക്ഷിതത്വത്തിൽ വളരട്ടെ

മിക്ക ബാങ്ക് അക്കൗണ്ടുകളും സുരക്ഷിതമായ സേവനങ്ങൾ തരുന്നുണ്ടെങ്കിലും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളും ഏറെ സുരക്ഷിതമാണെന്ന് ഓർക്കുക. സർക്കാർ ഒരുക്കുന്ന നിക്ഷേപ പദ്ധതികളോളം സുരക്ഷിതത്വം മറ്റൊരു സ്ഥാപനത്തിനും തരാൻ സാധിക്കില്ലെന്ന കാര്യവും ഓർക്കണം. കുട്ടികൾക്കായി നിക്ഷേപങ്ങൾ ആരംഭിച്ച് നൽകുമ്പോഴും മാസത്തിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും അവരുടെ പണമിടപാടുകൾ നിരീക്ഷിക്കുകയും അവർ എത്രത്തോളം കൃത്യമായാണ് പണത്തെ കൈകാര്യം ചെയ്യുന്നതെന്ന് അറിഞ്ഞിരിക്കുകയും വേണം.

അമിതമായി ചെലവഴിക്കുകയോ ധൂർത്തിന്റെ ലക്ഷണങ്ങൾ കാണുകയോ ചെയ്താൽ അതിന്റെ ദൂഷ്യ വശങ്ങൾ അവരെ ഓർമ്മിപ്പിക്കുകയും ചെയ്യാം. ജീവിച്ചു പോകാൻ ഏതൊരാൾക്കും ശരാശരി തുക മതി. അത് അതാത് കാലങ്ങളിൽ മാറുമെന്നല്ലാതെ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. അധികമായി ലഭിക്കുന്ന പണത്തെ മികച്ച നിക്ഷേപമാക്കി മാറ്റാനും അത് ചെലവഴിക്കുന്നത് ആഡംബരത്തിന് വേണ്ടിയാകരുതെന്നും ആവശ്യത്തിന് വേണ്ടി മാത്രമായിരിക്കണമെന്നും അവരെ പഠിപ്പിക്കണം. പണമെന്താൽ എന്താണെന്നും സമ്പാദ്യവും അതിന്റെ മൂല്യവും അറിഞ്ഞ് വളരുന്ന തലമുറയെ നമുക്ക് വാർത്തെടുക്കാൻ സാധിക്കട്ടെ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP