Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്തുവർഷത്തെ അഭിനയ ജീവിതത്തിൽ വിനയ് ഫോർട്ടിന് വീണുകിട്ടിയ സൗഭാഗ്യം; പ്രേമത്തിലെ പഞ്ചാര പ്രൊഫസറിൽ നിന്ന് മാറി പുതിയ മാനറിസത്തിൽ തകർത്ത് അഭിനയിച്ച് നടൻ; ബോഡി ഷെയിമിങ്ങും സമൂഹത്തിന്റെ പരിഹാസങ്ങളും വിഷയമായ 'തമാശ'യിൽ തന്മയത്വത്തോടെ വേഷം ഭദ്രമാക്കിയ നടനെ അഭിനന്ദിച്ച് പ്രേക്ഷകർ; റിയലിസ്റ്റിക്ക് അഭിനയത്തിൽ തകർത്ത് വാരി പുതുമുഖ നടി ചിന്നുവും ; ഈ കഥ കരുതിവച്ച അഷറഫ് ഹംസയ്ക്കും നൽകണം മനസ്സറിഞ്ഞ കൈയടി

പത്തുവർഷത്തെ അഭിനയ ജീവിതത്തിൽ വിനയ് ഫോർട്ടിന് വീണുകിട്ടിയ സൗഭാഗ്യം; പ്രേമത്തിലെ പഞ്ചാര പ്രൊഫസറിൽ നിന്ന് മാറി പുതിയ മാനറിസത്തിൽ തകർത്ത് അഭിനയിച്ച് നടൻ; ബോഡി ഷെയിമിങ്ങും സമൂഹത്തിന്റെ പരിഹാസങ്ങളും വിഷയമായ 'തമാശ'യിൽ തന്മയത്വത്തോടെ വേഷം ഭദ്രമാക്കിയ നടനെ അഭിനന്ദിച്ച് പ്രേക്ഷകർ; റിയലിസ്റ്റിക്ക് അഭിനയത്തിൽ തകർത്ത് വാരി പുതുമുഖ നടി ചിന്നുവും ; ഈ കഥ കരുതിവച്ച  അഷറഫ് ഹംസയ്ക്കും നൽകണം മനസ്സറിഞ്ഞ കൈയടി

എം.എസ് ശംഭു

നുഷ്യന്റെ ന്യൂനതകളെ അംഗീകരിക്കാത്ത ഒരുകാലത്തിലാണ് നാം ജീവിക്കുന്നത്. അത്തരത്തിൽ നോക്കിയാൽ പുതിയ തലമുറ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് 'തമാശ'. ഈ ചിത്രം പറയുന്നത് വെറും തമാശയല്ല. അൽപം തമാശയും ചിന്തയും ചിരിയും കലർന്ന വിനയ് ഫോർട്ടിന്റെ പ്രകടനമേന്മ തന്നെയാണ് തമാശ.

വിനയ് ഫോർട്ട് എന്ന നടന്റെ കരിയർ ബ്രേക്കിങ് ചിത്രമെന്നല്ലാതെ തമാശ കണ്ടിറങ്ങിയ പ്രേക്ഷകൻ എന്ന രീതിയിൽ എനിക്കൊന്നും പറയാനില്ല. ബോഡി ഷെയിമിങ് അഥവാ സ്വന്തം ശരീരത്തിന്റെ കുറവുകളിൽ അപകർഷതാ ബോധമുള്ള ഓരോ വ്യക്തിത്വത്തേയും പ്രതിനിധാനം ചെയ്യുന്ന സിനിമയാണിത്. നവാഗതനായ അഷറഫ് ഹംസയുടെ സംവിധാനത്തിലും, തിരക്കഥയിലും പുറത്തിറങ്ങിയ തമാശ, ഒരു ഫീൽ ഗുഡ് മുവിയാണ്. സംസ്‌കൃത സർവകലാശാലയുടെ കീഴിലുള്ള കോളജിലെ മലയാളം പ്രൊഫസറായ ശ്രീനിവാസൻ എന്ന കഥാപാത്രമായി വിനയ് ഫോർട്ട് ചിത്രത്തിലെത്തുന്നത്. മലബാറിലെ ഒരു മിഡിൽ ക്ലാസ് കുടുംബം ശ്രീനിവാസന്റെ കുടുംബത്തെ കാണിച്ചുതരുന്നു. സ്വന്തം ന്യൂനത എന്നത് 30 വയസ് മാത്രമുള്ള ശ്രീനിവാസന്റെ കഷണ്ടി തന്നെയാണ്. ഇതിന്റെ പേരിൽ അദ്ദേഹം ഏൽക്കേണ്ടിവരുന്ന പരിഹാസങ്ങൾ, ഇഷ്ടങ്ങൾ ആഗ്രഹങ്ങൾ ഇവയെല്ലാമാണ് വിനയ് ഫോർട്ട് കാട്ടിത്തരുന്നത്.

തനിക്കുള്ള ന്യൂനതകൾ കാരണം ശ്രിനിവാസന്റെ വിവാഹ ആലോചനകൾ മുടങ്ങുന്നു. നിരാശനായ ശ്രീനിവാസൻ പലരേയും ഇഷ്ടപ്പെടുന്നെങ്കിലും ഇവർക്കൊന്നും തന്നോട് പറയാനുണ്ടായിരുന്നത് പ്രണയമോ ഇഷ്ടമോ അല്ലെന്ന് തിരിച്ചറിയുന്ന ഘട്ടത്തിൽ ശ്രീനിവാസൻ എത്തിച്ചേരുന്ന വഴിത്തിരിവുകളാണ് രണ്ടരമണിക്കൂറുള്ള സിനിമയുടെ ഒന്നാം പകുതി പറഞ്ഞു നിർത്തുന്നത്.

സെൻസർ ബോർഡിന്റെ യൂ സർട്ടിഫിക്കറ്റിലാണ് സിനിമ തീയറ്ററിൽ എത്തുന്നത്. കുടുംബപ്രേക്ഷകർക്കും കൗമാരക്കാർക്കും നിറഞ്ഞാസ്വദിക്കാവുന്ന സിനിമയാണ് തമാശ എന്നതിൽ യാതൊരു തർക്കവുമില്ല. മലയാള സിനിമയിൽ സമകാലികമായി കണ്ടുവന്ന ദ്വയാർത്ഥ പ്രയോഗങ്ങളോ വിലകുറഞ്ഞ പ്രയോഗങ്ങളോ ഒന്നും ഈ സിനിമയിൽ ഇല്ല എന്നത് തന്നെയാണ് അഷ്‌റഫ് ഹംസ എന്ന സംവിധായകന് ഒരു തിരക്കഥാകൃത്തെന്ന നിലയിൽ കയ്യടി നൽകുന്നത്.

കുറവുകളുള്ള മനുഷ്യരെ .. മെലിഞ്ഞവർ, തടിച്ചവർ, കഷണ്ടിയുള്ളവർ, ഇവരെയൊക്കെ പല വേദികളിലും അപമാനിക്കാൻ ശ്രമിക്കുന്ന സോഷ്യൽ മീഡിയ ശ്രമങ്ങൾ ഈ കഥയിൽ കാട്ടിത്തരും. 'പ്രേമം' എന്ന ചിത്രത്തിലൂടെ വിനയ് ഫോർട്ടിന്റെ അദ്ധ്യാപകവേഷം ശ്രദ്ധിക്കപ്പെട്ടത് തന്നെ. അതേ അദ്ധ്യാപക വേഷത്തിൽ തന്നെ അഞ്ച് വർഷങ്ങൾക്ക് ശേഷം വിനയ് ഫോർട്ട് എത്തുമ്പോൾ ചിരിപ്പിക്കുക അല്ല മറിച്ച് നിറഞ്ഞ് ചിന്തിപ്പിച്ചിരിക്കും. മാനറിസത്തെ വളരെ മികച്ചരീതിയിലാണ് വിനയ് പ്രതിഫലിപ്പിച്ചിരിക്കുന്നത്. സംഭാഷണങ്ങളിലും നടത്തത്തിലും നോട്ടത്തിലും പോലും തന്നിലെ ന്യൂനതകളിൽ പലപ്പോഴും തലതാഴ്‌ത്തി നടക്കേണ്ടി വരുന്ന യുവാവിനെ ശ്രീനിവാസനിൽ കാണാം.

'പ്രേമം' പുറത്തിറങ്ങി നാലുവർഷം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത അദ്ധ്യാപകൻ

പ്രേമത്തിലെ ഏറ്റവും രസകരമായ റോൾ മലർ മിസ്സിനോട് പ്രണയഅഭ്യർത്ഥന നടത്തുന്ന വിനയ് ഫോർട്ടിന്റെ അദ്ധ്യാപകന്റെ റോളാണ്. തിയേറ്ററിലും പിന്നീട് മിനിസ്‌ക്രീനിലും ചിത്രം എത്തിയപ്പോഴും ഈ വിനയ് ഫോർട്ടിന്റെ പ്രകടനവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. പ്രേമത്തിൽ നിന്ന് വ്യത്യസ്തമല്ലെങ്കിൽ പോലും വിവാഹം ഒന്നും ശരിയാകാത്ത ആ അദ്ധ്യാപകനായി തന്നെ വിനയ് കടന്നുവരുന്നുണ്ട്. ചിലപ്പോൾ തോന്നിയേക്കാം പ്രേമത്തിലെ ആ അദ്ധ്യാപകൻ വർഷങ്ങൾക്കിപ്പുറവും പെണ്ണുകെട്ടാതെ നിൽക്കുകയാണോ എന്ന്. പക്ഷേ തമാശയിലെ ശ്രീനിവാസന്റെ പരിഭവങ്ങൾ ഏറെയാണ്. തന്റെ അകാലമായ മുടികൊഴിച്ചിൽ യൗവ്വനത്തെ തകർത്തിരിക്കുന്നു. കഷണ്ടിതലയിൽ ക്ലാസ് റൂമിൽ നിൽക്കുമ്പോൾ പോലും വിദ്യാർത്ഥികൾ പരിഹസിക്കുന്നു

. മനസ്സിനിണങ്ങിയ പെൺകുട്ടിയെ കണ്ടെങ്കിൽ പോലും അവർക്ക് ഇഷ്ടപ്പെടുന്നില്ല. മൊത്തത്തിൽ പറഞ്ഞാൽ തന്റെ രൂപഭംഗിയിൽ നിരാശനായ ഒരു കോളജ് വാധ്യാർ. തന്റെ കോളജിലെ സഹപ്രവർത്തകയോട് പ്രണയം ചോദിക്കുന്ന സീനൊക്കെ വളരെ റിയലിസ്റ്റിക്കായിരുന്നു. ഒന്നാം പകുതി വിനയ് ഫോർട്ടിലൂടെ മാത്രം കഥ പോയപ്പോൾ രണ്ടാം പകുതിയിൽ ചിന്നു എന്ന കഥാപാത്രം കടന്നുവരുന്നു. ചിന്നു എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിന്നു പ്രഭയുടെ കലക്കൻ പ്രകടനമാണ് നടത്തിയത്. പരിഹസിക്കുന്ന പലരോടും ചിന്നു പറയുന്ന ചില സംഭാഷണങ്ങൾ മനസിനെ സ്പർശിച്ചിരിക്കും. നർമം എന്ന് പറയുമ്പോഴും ഓരോ സീനിലും നർമത്തിനൊപ്പം ആഴത്തിൽ ചിന്തിപ്പിച്ചിക്കുക കൂടി ചെയ്യുന്നതാണ് ഈ ചിത്രം. സമീർ താഹിർ, ഷൈജു ഖാലിദ്, തുടങ്ങി നീണ്ട നിര അണിയറയിലുള്ള ചിത്രത്തെ മികവുറ്റതാക്കുന്നുണ്ട്.

സിംപിൾ ആയ അദ്ധ്യാപക റോളിൽ വിനയ് ഫോർട്ട് തകർത്തുവാരിയിട്ടുണ്ട്. ഒരുപക്ഷേ പത്തുവർഷത്തെ വിനയ് ഫോർട്ടിന്റെ അഭിനയ ജീവിതത്തിൽ ലഭിച്ച അംഗീകാരം തന്നെയാണ് ശ്രീനിവാസൻ എന്ന റോൾ. ഗ്രേസ് ആന്റണിയുടെ ഫാസിയ എന്ന കഥാപാത്രം, ദിവ്യ പ്രഭയുടെ ബബിത ടീച്ചർ എന്നിവർക്ക് കുറച്ചു റോളുകളെ ഉള്ളെങ്കിൽ പോലും അഭിനയിച്ച ഭാഗങ്ങൾ നല്ലരീതിയിൽ അഭിനയിച്ച് തകർത്തിട്ടുണ്ട്. ഇനി കഥയിലെ ന്യൂനതകളായി തോന്നിയത് ചില കഥാപാത്രങ്ങളെ അഡ്രസ് ചെയ്യുന്നതിൽ പറ്റിയ വീഴ്ചകൾ മാത്രമാണ്. ബബിത ടീച്ചറിന്റെ കഥാപാത്രം രണ്ടാം പകുതിയിൽ മുങ്ങിപ്പോയതും ചില ന്യൂനതകളായി തോന്നും. പാട്ടിൽ മാത്രമാണ് ഈ കഥാപാത്രം കടന്നെത്തുന്നത് പിന്നീട് എന്താകുമെന്ന് അറിയാനുള്ള പ്രേക്ഷകന്റെ ചോദ്യത്തിന് വ്യക്തമായ ഒരുമറുപടി നൽകാൻ സാധിക്കുന്നില്ല. നിർമ്മാണമൊരുക്കിയ സമീർ താഹിർ, ഷൈജു ഖാലിദ്, ചെമ്പൻ വിനോദ്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയ താരങ്ങളുടെ കൂട്ടായ അധ്വാനം തന്നെയാണ് ചിത്രം എന്നതും തമാശയെ കൂടുതൽ വേറിട്ടതാക്കുന്നുണ്ട്. ഷഹബാസ് അമൻ പാടിയ ഗാനങ്ങളും മികച്ചതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP