Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരാൾ പാർട്ടി വിട്ടാൽ വെട്ടിക്കൊല്ലാൻ ഞങ്ങൾ സിപിഎം അല്ല; മാംസകച്ചവടക്കാരെ പോലെ കാത്തിരിക്കാൻ ബിജെപിയുമല്ല; നരേന്ദ്ര മോദിയെ ഗാന്ധിജിയുമായി ഉപമിച്ച അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്തുകൊണ്ട് പോകണമെന്ന് കെ സുധാകരൻ; ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന കുട്ടിയെ കുറിച്ച് നല്ല അഭിപ്രായം ഒരിക്കലുമില്ലെന്നും കണ്ണൂർ എംപി

ഒരാൾ പാർട്ടി വിട്ടാൽ വെട്ടിക്കൊല്ലാൻ ഞങ്ങൾ സിപിഎം അല്ല; മാംസകച്ചവടക്കാരെ പോലെ കാത്തിരിക്കാൻ ബിജെപിയുമല്ല; നരേന്ദ്ര മോദിയെ ഗാന്ധിജിയുമായി ഉപമിച്ച അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്തുകൊണ്ട് പോകണമെന്ന് കെ സുധാകരൻ; ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന കുട്ടിയെ കുറിച്ച് നല്ല അഭിപ്രായം ഒരിക്കലുമില്ലെന്നും കണ്ണൂർ എംപി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവും കണ്ണൂർ എംപിയുമായ കെ സുധാകരൻ. രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയുമായി നരേന്ദ്ര മോദിയെ ഉപമിച്ച അബ്ദുള്ളക്കുട്ടിക്ക് തലയ്ക്ക് സുഖമില്ലെന്നും അയാളെ കുതിരവട്ടത്തുകൊണ്ട് പോകണം എന്നുമാണ് സുധാകരൻ പറയുന്നത്.'അബ്ദുള്ളക്കുട്ടിയെക്കുറിച്ച് വലിയ ഗുണകരമായ അഭിപ്രായം അന്നും ഇന്നും ഇല്ല. പാർട്ടിക്കകത്ത് വന്ന് യാതൊന്നും പ്രവർത്തിക്കാതിരിക്കുന്ന സമയത്താണ് സ്ഥാനം കൊടുത്തത്. ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് അബ്ദുള്ളക്കുട്ടി.

മോദിയെ ഗാന്ധിയോട് ഉപമിക്കുന്ന വ്യക്തിയെ കോൺഗ്രസിലേക്കല്ല കുതിരവട്ടത്തേക്കാണ് കൊണ്ട്പോകേണ്ടത്. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വരുന്നവരെ സ്വീകരിക്കാൻ വഴിയോരത്തെ മാസംകച്ചവടക്കാരെപ്പോലെ കാത്തിരിക്കുകയാണ് ബിജെപി. അബ്ദുള്ള കുട്ടി ബിജെപി.യിൽ പോയി നന്നായി വരട്ടെ എന്നും കെ.സുധാകരൻ പറഞ്ഞു. 'ഒരാൾ കോൺഗ്രസിലേക്ക് വരുമ്പോൾ ഞങ്ങൾ സ്വീകരിക്കും. തിരികെ പോകുമ്പോൾ ഞങ്ങൾ ചോദിക്കും എപ്പോഴാ തിരികെ വരുകയെന്ന്. സിപിഎം നെപ്പോലെ പാർട്ടിവിട്ട് പോകുന്നവരുടെ കൈയും കാലുമൊന്നും വെട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദി സ്തുതി നടത്തിയതിന് പാർട്ടി വിശദീകരണം ചോദിച്ചിട്ടും പരിഹാസ രൂപേണ മറുപടി നൽകിയതാണ് അബ്ദുള്ളകുട്ടിയെ പുറത്താക്കുന്നതിലേക്ക് എത്തിച്ചത്.സിപിഎം. വിട്ട് എ.പി. അബ്ദുള്ളക്കുട്ടിക്ക് 2009 ൽ കെ. സുധാകരൻ പാർലിമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കണ്ണൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നൽകിയത്.2009 ലും 2011 ലും അബ്ദുള്ളക്കുട്ടി ഇവിടെ ജയിക്കുകയും ചെയ്തു. തലശ്ശേരിയിൽ താൻ പരാജയപ്പെടുമെന്ന് ഉറപ്പിച്ച അബ്ദുള്ളക്കുട്ടി കണ്ണൂർ സീറ്റിൽ താനില്ലെങ്കിൽ കോൺഗ്രസ്സ് പരാജയപ്പെടുമെന്ന് ഉറപ്പിക്കാനായിരുന്നു രഹസ്യ പ്രചാരണം നടത്തിയത്.

അതുവരെ യു.ഡി.എഫിന്റെ കുത്തക മണ്ഡലമായ കണ്ണൂരിൽ സതീശൻ പാച്ചേനി 1100 ലേറെ വോട്ടുകൾക്ക് രാമചന്ദ്രൻ കടന്നപ്പള്ളിയോട് പരാജയപ്പെടുകയായിരുന്നു. അബ്ദുള്ളക്കുട്ടി ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിക്കെതിരെ രഹസ്യ പ്രവർത്തനം നടത്തിയത് കോൺഗ്രസ്സിലേയും യു.ഡി.എഫിലേയും നേതാക്കൾക്ക് അറിയാമായിരുന്നു. എന്നാൽ ന്യൂനപക്ഷ വിഭാഗത്തിലെ ഒരു നേതാവെന്ന നിലയിൽ പാർട്ടി നേതൃത്വം ഇത് മൂടി വെക്കുകയായിരുന്നു.സിറ്റിങ് എംഎൽഎ യായ അബ്ദുള്ളക്കുട്ടിക്ക് കണ്ണൂർ സീറ്റ് നൽകാത്തതിൽ കെ.സുധാകരനോടും അന്നത്തെ ഡി.സി.സി. പ്രസിഡണ്ട് കെ. സുരേന്ദ്രനോടും സണ്ണിജോസഫ് എംഎൽഎ യോടും അടങ്ങാത്ത പകയുണ്ടായിരുന്നു.

എന്നാൽ അതൊന്നും പുറത്ത് കാട്ടാതെ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പു വരെ അബ്ദുള്ളക്കുട്ടി കാത്തിരുന്നു. കെ.സുധാകരൻ കണ്ണൂരിൽ നിന്നും മത്സരിക്കുമ്പോൾ തനിക്ക് കാസർഗോഡ് സീറ്റ് നൽകുമെന്നായിരുന്നു അബ്ദുള്ളക്കുട്ടി കരുതിയിരുന്നത്. എന്നാൽ കോൺഗ്രസ്സ് നേതൃത്വം അബ്ദുള്ളക്കുട്ടിയെ പരിഗണിച്ചിരുന്നില്ല. പകരം തെക്കു നിന്ന് രാജ്‌മോഹൻ ഉണ്ണിത്താനെ ഇറക്കുകയായിരുന്നു. ഇക്കാരണങ്ങളെല്ലാം കൊണ്ടു തന്നെ ഇനി കോൺഗ്രസ്സിൽ തുടർന്നാൽ തന്റെ രാഷ്ട്രീയ ഭാവി അവതാളത്തിലാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് അബ്ദുള്ളക്കുട്ടി നരേന്ദ്ര മോദിയുടെ വികസന നയത്തെക്കുറിച്ചുള്ള പുകഴ്‌ത്തൽ നടത്തിയത്.

മുൻ എംഎൽഎന്ന നിലയിൽ അബ്ദുള്ളക്കുട്ടി കെപിസിസി.യിലെ പ്രത്യേക ക്ഷണിതാവാണ്. ഇക്കാരണങ്ങളാലാണ് കെ.പി.സി. സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ മോദി സ്തുതി പരാമർശത്തിനെതിരെ അബ്ദുള്ളക്കുട്ടിക്ക് നോട്ടീസയച്ചത്. എന്നാൽ അതിനെക്കുറിച്ചും അബ്ദുള്ളക്കുട്ടി പരിഹാസ രൂപേണയുള്ള അഭിപ്രായ പ്രകടനമാണ് നടത്തുന്നത്. പാർട്ടിയിലെ മൂന്നണ അംഗം മാത്രമായ തന്നോട് വിശദീകരണം ചോദിക്കേണ്ടത് ബൂത്ത് പ്രസിഡണ്ടാണെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്.

പാർട്ടിയിൽ നിന്നും പുറത്താക്കപ്പെടണമെന്നാണ് അബ്ദുള്ളക്കുട്ടി ആഗ്രഹിച്ചിരുന്നത്. അതിനുള്ള വഴി അദ്ദേഹം തന്നെ ഒരുക്കുന്നുണ്ടെങ്കിലും ഇതെല്ലാം കോൺഗ്രസ്സ് നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്.ന്യൂനപക്ഷ വിഭാഗത്തിൽപെട്ട ഒരാളെ പാർട്ടി പുറത്താക്കി എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് അബ്ദുള്ളക്കുട്ടി നടത്തുന്നത്. കർണ്ണാടകത്തിലെ ബിജെപി.യുടെ പ്രമുഖ നേതാവും ദക്ഷിണ കന്നഡത്തിലെ പ്രധാനിയമായ നളിൻ കുമാർ കട്ടീലുമായി അടുത്ത കാലത്ത് അബ്ദുള്ളക്കുട്ടി ബന്ധപ്പെട്ടിട്ടുണ്ടെന്ന പ്രചാരണവും കേൾക്കുന്നുണ്ട്. മംഗലൂരുവിൽ താമസിച്ചു പോന്ന അബ്ദുള്ളക്കുട്ടി അവിടെ രാഷ്ട്രീയ തട്ടകമാക്കാനുള്ള നീക്കം നടത്തുന്നതായും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP