Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനാധിപത്യത്തിനായി പോരാടി മരിച്ച ആയിരങ്ങളെ ലോകമാകെ സ്മരിച്ചപ്പോഴും ഭയന്ന് മിണ്ടാതെ ചൈനീസ് പത്രങ്ങൾ; പ്രതിവിപ്ലവത്തെ മുളയിലെ നുള്ളിയത് വികസനത്തിന് ആക്കം കൂട്ടിയെന്ന് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ പോലും മേനി പറയുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം; ടിയാനന്മെൻ സ്‌ക്വയറിൽ ആയിരങ്ങൾ വെടിയേറ്റു വീണിട്ട് മൂന്നു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും മരിച്ചവരുടെ വിവരങ്ങൾ ഇപ്പോഴും മൂടിവെച്ച് ചൈന

ജനാധിപത്യത്തിനായി പോരാടി മരിച്ച ആയിരങ്ങളെ ലോകമാകെ സ്മരിച്ചപ്പോഴും ഭയന്ന് മിണ്ടാതെ ചൈനീസ് പത്രങ്ങൾ; പ്രതിവിപ്ലവത്തെ മുളയിലെ നുള്ളിയത് വികസനത്തിന് ആക്കം കൂട്ടിയെന്ന് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ പോലും മേനി പറയുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം; ടിയാനന്മെൻ സ്‌ക്വയറിൽ ആയിരങ്ങൾ വെടിയേറ്റു വീണിട്ട് മൂന്നു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും മരിച്ചവരുടെ വിവരങ്ങൾ ഇപ്പോഴും മൂടിവെച്ച് ചൈന

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ്: ജനാധിപത്യ സ്വപ്‌നത്തിനു മേൽ ചൈനീസ് ഭരണകൂടം ഉരുക്കുമുഷ്ടി ഉപയോഗിച്ചിട്ടും ഇന്നും അതേ സ്വപ്‌നങ്ങളും രക്തസാക്ഷികളുടെ സ്മരണകളുമായി ലോകം. എന്നാൽ 'പ്രതിവിപ്ലവത്തിന്റെ ശ്രമങ്ങളെ' മുളയിലെ നുള്ളിയെന്ന് സ്വയം അവകാശപ്പെടുന്ന ചൈന ഇപ്പോഴും കൂട്ടക്കൊലയെ തള്ളിപ്പറയാനോ തെറ്റു തിരുത്താനോ തയ്യാറായിട്ടില്ല. എന്തിന് ചൈനീസ് പത്രങ്ങൾ പോലും കൂട്ടക്കൊലയുടെ മുപ്പതാം വാർഷികത്തെ കുറിച്ച് പറയാൻ മറന്നു പോയി. അല്ലെങ്കിൽ ഭരണകൂടത്തെ ഭയന്ന് മിണ്ടാതിരുന്നു.

മൂന്നു പതിറ്റാണ്ടു മുന്നേയാണ് ചൈനയിൽ ആയിരക്കണക്കിന് രക്തപുഷ്പങ്ങൾ വിടർന്നത്. ടിയാനന്മെൻ സ്‌ക്വയറിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം തോക്കിൻ കുഴലിലൂടെ രക്തപുഷ്പങ്ങൾ കൊണ്ട് വസന്തം തീർത്തത്. ആയിരങ്ങൾ ആദ്യമായി ജനാധിപത്യം അല്ലെങ്കിൽ മരണമെന്ന മുദ്രാവാക്യം മുഴക്കിയത്; അവസാനമായും. ലോകം ടിയാനന്മെൻ സ്‌ക്വയറിൽ ജനാധിപത്യത്തിനായി രക്തസാക്ഷികളായ വിദ്യാർത്ഥികളെ സ്മരിക്കുമ്പോഴും കൂട്ടക്കൊലയെ ന്യായീകരിക്കുകയാണ് ചൈനീസ് ഭരണകൂടം ഇന്നും. 1989 ജൂൺ നാലിനാണ് ജനാധിപത്യത്തിനായി മുദ്രാവാക്യം മുഴക്കി ഒത്തുകൂടിയ പതിനായിരത്തോളം വരുന്ന വിദ്യാർത്ഥികളെ വെടിവെച്ചു കൊന്ന ശേഷം കത്തിച്ചു ചാരമാക്കി കഴുകി കളഞ്ഞത്.

നാട്ടിൽ നടമാടിക്കൊണ്ടിരുന്ന ജനാധിപത്യ ധ്വംസനങ്ങളോടും അഴിമതിയോടുമുള്ള പ്രതിഷേധ സൂചകമായി ചൈനയിലെ വിദ്യാർത്ഥി സംഘടനകൾ ബെയ്ജിങ്ങിലെ ടിയാനന്മെൻ സ്‌ക്വയർ എന്ന സ്ഥലത്ത് സംഘടിപ്പിച്ച പ്രകടനം സർക്കാർ തങ്ങളോടുള്ള വെല്ലുവിളിയായി ഏറ്റെടുത്തു. കൊടും തണുപ്പിനെ അവഗണിച്ചുകൊണ്ട് പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ തടിച്ചുകൂടിയ ടിയാനന്മെൻ സ്‌ക്വയറിലെ ആ രാത്രിയിലേക്ക് ടാങ്കുകളും യന്ത്രത്തോക്കുകളും ഒക്കെയായി മാർച്ചുചെയ്ത ചൈനീസ് പട്ടാളം മെഗാഫോണുകളിലൂടെ അവരോട് ആ നിമിഷം അവിടെ നിന്നും പിരിഞ്ഞുപോവാൻ ഭീഷണി മുഴക്കിക്കൊണ്ടിരുന്നു. 'ജനാധിപത്യം, അല്ലെങ്കിൽ മരണം' എന്ന് പ്ലക്കാർഡെഴുതി കയ്യിൽ പിടിച്ചുകൊണ്ട് വീടുകളിൽ നിന്നും ഇറങ്ങി വന്ന ആ കുട്ടികൾ പട്ടാളത്തിന്റെ ഭീഷണി വകവെക്കാതെ അവിടെത്തന്നെ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ആദ്യത്തെ ചെറിയ സംഘർഷം പിന്നീട് പട്ടാളക്കാരുടെ നരനായാട്ടായി പരിണമിക്കുകയായിരുന്നു. പതിനായിരത്തോളം വിദ്യാർത്ഥികളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സർക്കാർ പറയുന്നത് 300 പേർ മാത്രമാണ് കൊല്ലപ്പെട്ടത് എന്നാണ്.

പ്രക്ഷോഭകാരികളുടെ ആവശ്യം ഭരണപരിഷ്‌കാരം

1986 -ൽ അമേരിക്കയിലെ പ്രിൻസ്ടൺ സർവകലാശാലയിലെ പ്രൊഫസർ ഉദ്യോഗം വെടിഞ്ഞ് ജനാധിപത്യ പുനഃസ്ഥാപനത്തിന്റെ സന്ദേശവുമായി ചൈനയിലെ യൂണിവേഴ്സിറ്റികൾ തോറും നടന്നു പ്രസംഗിച്ച ഡോ. ഫാങ് ലിഴി ആയിരുന്നു ടിയാനന്മെൻ സ്‌ക്വയർ പ്രക്ഷോഭങ്ങളുടെ തീപ്പൊരി ചൈനയുടെ വിദ്യാർത്ഥി മനസ്സിലേക്ക് കുടഞ്ഞിട്ടുകൊടുത്തത്. ഈ വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ സജീവമായി പങ്കെടുത്ത ഹു യോബാങ്ങിനെ പൊതുപ്രവർത്തനം നിർത്താൻ സർക്കാർ നിർബന്ധിതനാക്കിയതും അതിനു പിന്നാലെ ഒരു ഹൃദയാഘാതം അദ്ദേഹത്തിന്റെ ജീവനെടുത്തതും വിദ്യാർത്ഥികളുടെ പ്രതിഷേധം കടുപ്പിച്ചു.

എഴ് ആവശ്യങ്ങൾ അടങ്ങിയ ഒരു ചാർട്ടർ മുന്നോട്ടുവെച്ചുകൊണ്ടായിരുന്നു വിദ്യാർത്ഥികളുടെ പ്രക്ഷോഭം. ഹു യോബാങ്ങിന്റെ നയങ്ങൾ ശരിയായിരുന്നു എന്ന് സമ്മതിക്കണം, പൊതുസ്വാതന്ത്ര്യത്തിനെതിരെയുള്ള സർക്കാർ നടപടികൾ നിർത്തണം, ഭരിക്കുന്ന പാർട്ടി അംഗങ്ങളുടെ വരുമാനവിവരങ്ങൾ പരസ്യപ്പെടുത്തണം, പത്രങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണം, പാർട്ടി സെൻസർഷിപ്പ് അവസാനിപ്പിക്കണം, വിദ്യാഭ്യാസത്തിനുള്ള ഫണ്ട് വർധിപ്പിക്കണം, പഠിപ്പിക്കുന്നവരുടെ ശമ്പളം മെച്ചപ്പെടുത്തണം, ബെയ്ജിങ്ങിൽ പ്രകടനങ്ങൾക്കുള്ള വിലക്ക് നീക്കണം, മീഡിയയിൽ വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾക്കും കവറേജ് ലഭ്യമാക്കണം എന്നിങ്ങനെ തീർത്തും ന്യായമെന്ന് തന്നെ പറയാവുന്ന ഏഴ് ആവശ്യങ്ങൾ.

ടിയാനന്മെൻ സ്‌ക്വയർ

ചൈനയുടെ തലസ്ഥാനമായ ബെയ്ജിങിൽ സ്ഥിതിചെയ്യുന്ന ഒരു വലിയ നഗര ചത്വരമാണ് ടിയാനന്മെൻ സ്‌ക്വയർ. ഈ നഗരചത്വരത്തിലേക്കുള്ള പ്രവേശനകവാടമായ ടിയാനന്മെൻ കവാടത്തിൽ നിന്നാണ് ആ പേര് ലഭിച്ചത്. ടിയാനന്മെൻ എന്നാൽ സ്വർഗത്തിലേക്കുള്ള കവാടം എന്നാണർത്ഥം.

ചൈനയിലെ പല ചരിത്രമുഹൂർത്തങ്ങളുടെയും വേദിയായിരുന്നു ഈ ചത്വരം. 1989ലെ ടിയാനെന്മെൻ സ്‌ക്വയർ പ്രക്ഷോഭമാണ് അവയിൽ ഏറ്റവും പ്രശസ്തം. ലോകത്തിലേത്തന്നെ ഏറ്റവും വലിയ മൂന്നാമത്തെ നഗരചത്വരമാണ് ടിയാനന്മെൻ. 880മീ നീളവും 550മീ വീതിയുമുള്ള ഈ ചത്വരത്തിന്റെ വിസ്തീർണ്ണം 440,000 ച.മീ (109ഏക്കർ) ആണ്.

ടാങ്ക് മാൻ

ടിയാനന്മെൻ സ്‌ക്വയറിനെ കുറിച്ചുള്ള ഓർമകൾ ദീപ്തമാക്കുന്നത് 1989 ജൂൺ അഞ്ചിനു പകർത്തപ്പെട്ട ഒരു ചിത്രമാണ്. ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി എന്ന സൈന്യം നൂറുകണക്കിനു വിദ്യാർത്ഥികളെ കൊന്നുതള്ളിയതിനു തൊട്ടടുത്ത ദിവസം പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ടാങ്ക് പരേഡിനെ ഒറ്റയ്ക്കു നേരിടുന്ന 19 കാരനായ യുവാവിന്റെ ചിത്രം. ലോകം അയാളെ 'ടാങ്ക് മാൻ' എന്ന് വിളിച്ചു.

ചരിത്ര സംഭവത്തിന്റെ പ്രതീകമായി ഇന്നും നിലകൊള്ളുന്ന ശക്തമായ ചിത്രമായി അത് മാറി. ആ വിദ്യാർത്ഥി ആരാണ്? അയാൾ ജീവനോടെ ഉണ്ടോ? ഉണ്ടെങ്കിൽ എവിടെ? ചൈനീസ് സൈന്യം അയാളെ കൊലപ്പെടുത്തിയോ? തുടങ്ങിയ ചോദ്യങ്ങൾ ലോകം ചോദിക്കാൻ തുടങ്ങിയിട്ട് 30 വർഷം തികയുന്നു. സൈന്യം പ്രതിഷേധക്കാരെ നേരിടുന്നത് പകർത്താൻ സമീപത്തെ ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്ന വിദേശ മാധ്യമപ്രവർത്തകരാണ് ആ ചിത്രം പകർത്തിയത്.

സ്റ്റുവർട്ട് ഫ്രാങ്ക്‌ലിൻ എന്ന പത്ര ഫോട്ടോഗ്രാഫർ എടുത്ത ചിത്രം പിന്നീട് ടൈം മാഗസിന്റെ കവർ ചിത്രമായി. ചാർലി കോൾ എന്ന ഫൊട്ടോഗ്രഫർ ഈ ചിത്രത്തിന്റെ പേരിൽ 1990 ലെ വേൾഡ് പ്രസ് ഫോട്ടോ അവാർഡിന് അർഹനായി. ലോകം ചർച്ച ചെയ്യാൻ പോകുന്ന ചിത്രമാണ് ഇതെന്ന് കരുതിയില്ലെന്ന് സ്റ്റുവർട്ട് ഫ്രാങ്ക്‌ലിൻ പിന്നീട് ഓർത്തെടുത്തു. അയാൾ ടാങ്കിനെ പോവാൻ അനുവദിക്കാതെ ഒറ്റയ്ക്ക് തടഞ്ഞു നിർത്തി. അയാളെ മെതിച്ചുകൊണ്ട് കടന്നു പോവുന്നതിനുപകരം ആ പട്ടാള ടാങ്ക് അതിന്റെ എഞ്ചിൻ ഓഫ് ചെയ്ത അവിടെ നിർത്തി. .' ടാങ്കിന്റെ മുകളിൽ കയറി പട്ടാളക്കാരോട് അയാൾ സംസാരിച്ചതായും വീണ്ടും യാത്രതുടങ്ങാൻ തുടങ്ങിയ ടാങ്കുകളുടെ വ്യൂഹത്തിനു നേരേ വീണ്ടും ചാടി വീണതായും ഫ്രാങ്ക്‌ലിൻ ഓർമിക്കുന്നു.

ഒടുവിൽ രണ്ടു പേർ ചേർന്ന് അയാളെ വലിച്ചിഴച്ചു കൊണ്ടു പോയതായും ഫ്രാങ്ക്‌ലിൻ സാക്ഷ്യപ്പെടുത്തുന്നു. ആ രണ്ടു പേർ ആരാണെന്നോ വലിച്ചിഴച്ചു കൊണ്ടു പോയ യുവാവ് ആരാണെന്നോ, എവിടെയാണന്നോ ആർക്കും അറിയില്ല. ടിയാനെന്മെൻ സ്‌ക്വയർ സംഭവത്തിന്റെ ഓർമകളെ പോലും വല്ലാതെ ഭയപ്പെട്ട ചൈന അയാളെക്കുറിച്ച് പിന്നീട് ലോകത്തോട് ഒന്നും പറഞ്ഞുമില്ല.

ഇപ്പോഴും ന്യായീകരിച്ച് ചൈന

ചൈനീസ് വിദേശകാര്യമന്ത്രി കഴിഞ്ഞയാഴ്ച സിംഗപ്പൂരിൽ നടന്ന ഒരു ഉച്ചകോടിക്കിടെ പറഞ്ഞുവെച്ചത് ടിയാനന്മെൻ സ്‌ക്വയറിൽ അന്ന് നടന്ന വിദ്രോഹ പ്രവർത്തനങ്ങളെ അടിച്ചമർത്തിയ സർക്കാർ നടപടി രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് അനുസൃതമായിരുന്നു എന്നാണ്. അന്നങ്ങനെ ചെയ്തതാണ് ഇന്ന് ചൈന ഒറ്റക്കെട്ടായി പുരോഗതിയിലേക്ക് കുതിക്കുന്നതിനു കാരണം എന്നും മന്ത്രി പറയുന്നു. സ്വന്തം പൗരന്മാരായ കോളേജ് വിദ്യാർത്ഥികളെ നിഷ്‌കരുണം വെടിവെച്ചിട്ട നടപടിയെയാണ് മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും ഒരു സങ്കോചവുമില്ലാതെ അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ ചൈന ന്യായീകരിക്കുന്നത്.

ബ്രിട്ടൻ പുറത്തുവിട്ട രേഖ

കലാപം നടക്കുമ്പോൾ ബെയ്ജിംഗിലുണ്ടായിരുന്ന ബ്രിട്ടീഷ് അംബാസിഡർ അലൻ ഡൊണാൾഡിന് അദ്ദേഹത്തിന്റെ ഒരു സുഹൃത്താണ് ടിയാന്മെൻ സ്‌ക്വയറിലെ സൈനിക നടപടി സംബന്ധിച്ച വിവരങ്ങൾ കൈമാറിയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റേറ്റ് കൗൺസിലിൽ അംഗമായിരുന്ന ഒരു ഉന്നതനേതാവിൽ നിന്നാണ് ഈ വിവരങ്ങൾ ഡൊണാൾഡിന്റെ സുഹൃത്തിന് ലഭിച്ചത് എന്ന് ബ്രിട്ടൺ പുറത്തു വിട്ട രേഖകളിൽ വിശദീകരിക്കുന്നു.

ടിയാന്മെൻ പ്രക്ഷോഭത്തെക്കുറിച്ച് ഡൊണാൾഡ് ലണ്ടനിലേക്ക് അയച്ച കത്തിൽ പറയുന്നത് ഇപ്രകാരമാണ്.... 1989 ജൂൺ മൂന്നിനോ നാലിനോ രാത്രിയോടെയാണ് സൈന്യം ബെയ്ജിങ് നഗരത്തിലേക്ക് പ്രവേശിച്ചത്. രാജ്യത്ത് ജനാധിപത്യഭരണസംവിധാനം കൊണ്ടു വരണം എന്നാവശ്യപ്പെട്ട് ഏഴ് ആഴ്ചകളായി യുവാക്കളുടെ നേതൃത്വത്തിൽ ടിയാന്മെൻ സ്‌ക്വയറിൽ പ്രക്ഷോഭങ്ങൾ നടക്കുകയായിരുന്നു.

ടിയാന്മെൻ സ്‌ക്വയറിലേക്ക് സൈന്യം പ്രവേശിച്ചതോടെ ഇനി എന്ത് നടക്കുമെന്ന് പ്രക്ഷോഭകാരികൾക്ക് മനസ്സിലായിരുന്നു. ഒരു മണിക്കൂർ കൊണ്ട് അവിടം വിട്ടു പോകാനായിരുന്നു കിട്ടിയ നിർദ്ദേശമെങ്കിലും പട്ടാളടാങ്കറുകൾ അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ വിദ്യാർത്ഥികളുടെ ദേഹത്തേക്ക് പാഞ്ഞു കയറി.

നിലവിളിച്ചോടിയ വിദ്യാർത്ഥികൾക്ക് നേരെ സൈന്യം തുടരെ വെടിയുതിർത്തു. മരണപ്പെട്ടവരുടെ ദേഹത്തിലൂടെ പലവട്ടം ടാങ്കറുകൾ കയറി ഇറങ്ങി, മൃതദേഹങ്ങൾ ചിന്നഭിന്നമായി. ഒടുവിൽ അവയെല്ലാം കൂട്ടിയിട്ട് കത്തിച്ചു പിന്നിലെ ഹോസിലെ വെള്ളം കൊണ്ട് ആ ചാരമെല്ലാം ഓവുചാലിൽ ഒഴുകി.

ഇന്ത്യൻ പാർട്ടിയിലും ചലനം

ടിയാനന്മെൻ സ്‌ക്വയർ സംഭവം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും വൻ ചലനമുണ്ടാക്കി. പ്രക്ഷോഭത്തെ അനുകൂലിച്ച പി.ഗോവിന്ദപിള്ളയ്ക്കെതിരെ പാർട്ടി നടപടിയുണ്ടായി. ചെന്നൈയിൽ 1992 ജനുവരിയിൽ നടന്ന സിപിഎമ്മിന്റെ 14-ാം പാർട്ടി കോൺഗ്രസിൽ വിഷയം ചർച്ചയ്ക്കു വന്നു. ടിയാനന്മെൻ സ്‌ക്വയർ പ്രക്ഷോഭം അടിച്ചമർത്തിയ നടപടിയെ പാർട്ടി ശരിവയ്ക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP