Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വ്രതശുദ്ധിയിലൂടെ നേടിയെടുത്ത ആത്മസംസ്‌കരണത്തിന്റെ ബലത്തിൽ വിശ്വാസി സമൂഹം; സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും വറ്റാത്ത ഉറവകളുടെ ഉടമകൾക്ക് ഇത് ഈദുൽ ഫിത്തർ; ഇസ്ലാം മത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത് ഒരുമാസം നീണ്ട നോമ്പുകാലത്തിനൊടുവിൽ

വ്രതശുദ്ധിയിലൂടെ നേടിയെടുത്ത ആത്മസംസ്‌കരണത്തിന്റെ ബലത്തിൽ വിശ്വാസി സമൂഹം; സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും വറ്റാത്ത ഉറവകളുടെ ഉടമകൾക്ക് ഇത് ഈദുൽ ഫിത്തർ; ഇസ്ലാം മത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത് ഒരുമാസം നീണ്ട നോമ്പുകാലത്തിനൊടുവിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പുണ്യമാസക്കാലത്തിന്റെ വ്രതശുദ്ധിയിലൂടെ നേടിയ ആത്മസംസ്‌കരണത്തിന്റെ ബലത്തിൽ ഇസ്ലാംമത വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. സ്‌നേഹവും സാഹോദര്യവും പങ്കുവെക്കുന്ന ചെറിയ പെരുന്നാൾ ദിനം ബന്ധുകൾക്കും സുഹൃത്തുകൾക്കും ഒപ്പം ആഘോഷിക്കുന്ന ആഹ്‌ളാദത്തിലാണ് വിശ്വാസ സമൂഹം.

ദൂരേ ദിക്കിൽ നിന്നുമെത്തുന്ന പ്രിയപ്പെട്ടവർ. ഇടവേളക്ക്‌ശേഷം കണ്ടുമുട്ടുന്ന ബന്ധുക്കൾ. ഹൃദയം കൊണ്ട് ഏവരേയും കൂട്ടിയിണക്കുന്ന സ്‌നേഹദിനം കൂടിയാണ് ചെറിയപെരുന്നാൾ. ഒരു മാസം നീണ്ട വ്രതചാരണത്തിന് ശേഷമാണ് ഇക്കുറി പുണ്യങ്ങളുടെ വസന്തമായ റംസാന് വിശ്വസികൾ വിട ചൊല്ലുന്നത്. നാടെങ്ങും ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ പൊലിമയാണ്. മൈലാഞ്ചിയിടലും, കൈത്താളമിട്ടുള്ള പാട്ടുകളുമായി ആഘോഷങ്ങൾക്കും ആരവങ്ങൾക്കും തുടക്കമായി കഴിഞ്ഞു. പുതു വസ്ത്രമണിയുന്നതും വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കുന്നതും പെരുന്നാൾ ദിനത്തിന് സവിശേഷതയാണ്. എങ്കിലും പുണ്യമാസത്തിൽ നേടിയ ആത്മനിയന്ത്രണങ്ങളിൽ അർപ്പിതമായാണ് വിശ്വാസികളുടെ ആഘോഷം.

പെരുന്നാൾ ദിനത്തിൽ ഒരാൾ പോലും പട്ടിണി കിടക്കരുതെന്നാണ് സ്രഷ്ടാവിന്റെ നിശ്ചയമെന്നാണ് വിശ്വാസം. അതിനാൽ ഈദ് നമസ്‌കാരത്തിന് മുമ്പായി ഓരോ വിശ്വാസിയും ഫിത്‌റ് സകാത് നൽകും. മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാൾ നമസ്‌കാരങ്ങൾ നടക്കും.പകൽ മുഴുവൻ അന്നപാനീയം ഉപേക്ഷിച്ച് രാത്രി ദീർഘമായ തറാവിഹ് നമസ്‌കാരം നടത്തി പൂർണ്ണമായും ദൈവത്തിലേക്ക് മടങ്ങിയ 30 നോമ്പ് ദിവസങ്ങൾക്ക് ശേഷമാണ് വിശ്വാസികൾക്ക് പെരുന്നാൾ വിരുന്നെത്തിയത്. പരസ്പരം പെരുന്നാൾ ആശംസിച്ചും കുടുംബബന്ധങ്ങളും സൗഹൃദങ്ങളും ഊട്ടിയുറപ്പിച്ചുമാണ് ഈദ് ആഘോഷം.

ലോകമാകെയുള്ള മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്ലാദപൂർണമായ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) ആശംസൾ നേർന്നൂ.ഒരു മാസത്തെ റമദാൻ വ്രതാനുഷ്ഠാനത്തിന് ശേഷം വന്നെത്തുന്ന ചെറിയ പെരുന്നാൾ, മനുഷ്യസ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും സഹാനുഭൂതിയുടെയും ഐക്യത്തിന്റെയും മഹത്തായ സന്ദേശമാണ് നൽകുന്നത്. ഇന്നത്തെ സാമൂഹ്യാവസ്ഥയിൽ ഈ സന്ദേശങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. ഈ മാനവിക മൂല്യങ്ങൾ ഉൾക്കൊള്ളാനും ജീവിതത്തിൽ പകർത്താനും റംസാനും ഈദുൽ ഫിത്തറും പ്രചോദനമാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.അതേസമയം ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യ,യു.എ.ഇ, ഖത്തർ,കുവൈത്ത് എന്നിവിടങ്ങളിൽ ചെറിയ പെരുന്നാൾ(ഈദുൽഫിത്വർ) ചൊവ്വാഴ്ച അഘോഷിച്ചു. തിങ്കളാഴ്ച ശവ്വാൽ മാസപ്പിറവി കണ്ടതായി സൗദി സുപ്രീംകോടതി പ്രഖ്യാപിച്ചതിനെ തുടർന്നാണിത്.

വടക്കൻ മലബാറിലും സമാധാനത്തിന്റേയും സ്നേഹത്തിന്റേയും സന്ദേശം പകർന്ന് ചെറിയ പെരുന്നാൾ ആഘോഷം

കണ്ണൂർ: വ്രതശുദ്ധിയുടെ പുണ്യവുമായി വടക്കേ മലബാറിൽ എന്നും സമാധാനത്തിന്റേയും സ്നേഹത്തിന്റേയും സന്ദേശം പകർന്ന ചെറിയ പെരുന്നാൾ ആഘോഷം. പള്ളികളിലും ഈദ് -ഗാഹ് കളിലും വിശ്വാസികൾ ഒരുമിച്ചു. ഒരു മാസത്തെ വ്രതശുദ്ധിയിൽ ആരാധനാ കർമ്മങ്ങളിൽ മുഴുകിയും സക്കാത്ത് നൽകിയും പാപമോചനത്തിനായി പ്രാർത്ഥിച്ചുമാണ് വിശ്വാസികൾ കഴിഞ്ഞത്. ഇന്ന് രാവിലെ 7 മുതൽ 9 വരെ വിവിധ പള്ളികളിൽ പെരുന്നാൾ നമസ്‌ക്കാരവും പൊതു സ്ഥലങ്ങളിൽ ഈദ് -ഗാഹും നടത്തി. വ്രതാനുഷ്ടാനം പൂർത്തിയാക്കിയത്തിന്റെ വിജയാഘോഷം കൂടിയാണ് ചെറിയ പെരുന്നാൾ. ഇന്നലെ വൈകീട്ട് മഗ്രിബ് നമസ്‌ക്കാരത്തിന് ശേഷം ചെറിയ പെരുന്നാളിന്റെ വരവറിയിച്ച് തക്‌ബീർ ധ്വനികൾ മുഴങ്ങിയതോടെയാണ് പെരുന്നാൾ ആഘോഷത്തിന് തുടക്കമിട്ടത്.

ഒരു മാസത്തോളം വ്രതം, പ്രാർത്ഥന, ദാന ധർമ്മങ്ങൾ എന്നിവയിലൂടെ വിശ്വാസികൾക്ക് അനുവദിച്ച പ്രധാന ആഘോഷങ്ങളിലൊന്നാണ് ഈദുൾ ഫിത്തർ. വടക്കേ മലബാറിൽ പെരുന്നാൾ രാവിൽ തന്നെ സ്ത്രീകളും കുട്ടികളും കയ്യിൽ മൈലാഞ്ചി അണിഞ്ഞ് ആഘോഷത്തിന് മാറ്റുകൂട്ടി. രാത്രിയോടെ ഗ്രാമങ്ങളും നഗരങ്ങളും പെരുന്നാൾ തിരക്കിൽ ആറാടിയിരുന്നു. ഇന്ന് രാവിലെ തന്നെ പെരുന്നാൾ നമസ്‌ക്കാരത്തിന് വിവിധ പള്ളികളിൽ കുട്ടികളടക്കമുള്ള വിശ്വാസികൾ എത്തി. നമസ്‌ക്കാരത്തിന് ശേഷം പരസ്പരം ആശ്ലേഷിച്ചും ബന്ധങ്ങൾ ഊട്ടിഉറപ്പിച്ചു. സ്നേഹാഭിവാദ്യങ്ങൾ നേരുന്ന വേളകൂടിയാണ് വടക്കേ മലബാറിൽ പെരുന്നാൾ. ആഘോഷത്തിന്റെ ആനന്ദത്തിൽ ആറാടുമ്പോഴും കഷ്ടപ്പെടുന്ന ആരുമുണ്ടാകരുതെന്ന് ഉറപ്പിക്കേണ്ട ബാധ്യതയും ഓരോ വിശ്വാസികൾക്കും നിർബന്ധമാണ്. അതിനാൽ റമദാൻ അവസാനിച്ചതോടെ അർഹതപ്പെട്ടവർക്ക് ഫിത്വർ സക്കാത്ത് കൂടി നൽകിയാണ് ആഘോഷത്തിലേക്ക് കടന്നതു തന്നെ.

പള്ളികൾക്കു പുറമേ പെരുന്നാൾ നമസ്‌ക്കാരത്തിനായി വിവിധ കേന്ദ്രങ്ങളിലായി പൊതു സ്ഥലത്ത് ഈദ് ഗാഹും നടത്തി. ബന്ധുവീടുകളിലും അയൽ വീടുകളിലും സന്ദർശിച്ച് പെരുന്നാൾ ആശംസകൾ കൈമാറാനും ഈ ദിവസം സമയം കണ്ടെത്തും. കണ്ണൂർ സിറ്റി ജുമാ മസ്ജിദ്, തെക്കീ ബസാർ മസ്ജിദ്, താഴെചൊവ്വ ജുമാമസ്ജിദ്, കാടാച്ചിറ ജിലാനി മസ്ജിദ്, കണ്ണൂർ മൊഹയുദ്ദീൻ ജുമാമസ്ജിദ്, മട്ടന്നൂർ ഹിറാ മസ്ജിദ്, ഉളിയിൽ സുന്നി മജ്ലിസ്, തലശ്ശേരി ഓടത്തിൽ പള്ളി മസ്ജിദ്, തുടങ്ങിയ വിവിധ പള്ളികൾ കേന്ദ്രീകരിച്ചും വിശ്വാസികൾ നമസ്‌ക്കാരത്തിൽ പങ്കെടുത്തു. കാസർഗോഡ് ജില്ലയിലെ വിവിധ മസ്ജിദുകൾ കേന്ദ്രീകരിച്ചും നമസ്‌ക്കാരം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP