Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക്‌സഭ കാണാൻ കൂട്ടുപിടിച്ചത് ഡിഎംകെയെ; പാർട്ടി ദേശീയ സെക്രട്ടറിയെ രാജ്യസഭയിലെത്തിച്ചത് ബിജെപി സഖ്യകക്ഷിയായ എഐഎഡിഎംകെ; നിയമസഭ കാണുന്ന നേതാക്കൾ ഉള്ള ഏക സംസ്ഥാനം കേരളം; രാജ്യമാകെ തോറ്റു തുന്നം പാടുമ്പോഴും വിജയപ്രതീക്ഷയുണ്ടായിരുന്ന കനയ്യകുമാറും പിന്നിലായതോടെ തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് ഉറപ്പായി; പ്രഥമ ഇന്ത്യൻ പാർലമെന്റിലെ പ്രതിപക്ഷ കക്ഷിയുടെ ദുരവസ്ഥയിൽ ജനറൽ സെക്രട്ടറി പദമൊഴിയാനൊരുങ്ങി സുധാകർ റെഡ്ഡി

ലോക്‌സഭ കാണാൻ കൂട്ടുപിടിച്ചത് ഡിഎംകെയെ; പാർട്ടി ദേശീയ സെക്രട്ടറിയെ രാജ്യസഭയിലെത്തിച്ചത് ബിജെപി സഖ്യകക്ഷിയായ എഐഎഡിഎംകെ; നിയമസഭ കാണുന്ന നേതാക്കൾ ഉള്ള ഏക സംസ്ഥാനം കേരളം; രാജ്യമാകെ തോറ്റു തുന്നം പാടുമ്പോഴും വിജയപ്രതീക്ഷയുണ്ടായിരുന്ന കനയ്യകുമാറും പിന്നിലായതോടെ തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് ഉറപ്പായി; പ്രഥമ ഇന്ത്യൻ പാർലമെന്റിലെ പ്രതിപക്ഷ കക്ഷിയുടെ ദുരവസ്ഥയിൽ ജനറൽ സെക്രട്ടറി പദമൊഴിയാനൊരുങ്ങി സുധാകർ റെഡ്ഡി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: തുടർച്ചയായ തോൽവികളിൽ മനംമടുത്ത സിപിഐ ദേശീയ സെക്രട്ടറി എസ് സുധാകർ റെഡ്ഡി രാജിക്കൊരുങ്ങുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി ചർച്ച ചെയ്യാൻ ചേർന്ന സിപിഐ ദേശീയ നിർവ്വാഹക സമിതി യോഗത്തിലാണ് സുധാകർ റെഡ്ഡി രാജി സന്നദ്ധത അറിയിച്ചത്. സ്ഥാനം ഒഴിയാമെന്ന സുധാകർ റെഡ്ഡിയുടെ നിർദ്ദേശം അടുത്ത മാസം ചേരുന്ന സിപിഐ ദേശീയ കൗൺസിൽ യോഗം ചർച്ച ചെയ്യും.

എന്നാൽ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കൂട്ടായ ഉത്തരവാദിത്വമാണ് പാർട്ടിക്കുള്ളതെന്നും അതിനാൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരണമെന്നും തന്നോട് നിർവ്വാഹകസമിതി ആവശ്യപ്പെട്ടതായി സുധാകർ റെഡ്ഡി പറഞ്ഞു. അടുത്ത മാസം 19ന് സിപിഐ ദേശീയ കൗൺസിൽ ഡൽഹിയിൽ ചേരും. കൗൺസിലിൽ സുധാകർ റെഡ്ഡിയുടെ നിർദ്ദേശം ചർച്ചയ്ക്കു വരുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

ആദ്യ പാർലമെന്റിലെ പ്രതിപക്ഷ പാർട്ടിയും ആദ്യ കേരള മന്ത്രിസഭ രൂപീകരിച്ച പാർട്ടിയും ആയ സിപിഐ ഇന്നു നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തഴിഴ്‌നാട്ടിൽ ഡിഎംകെയുടെ സഹായത്തോടെ രണ്ടു പേരെ വിജയിപ്പിക്കാനായത് മാത്രമാണ് സിപിഐയുടെ നേട്ടം. കഴിഞ്ഞ കുറേ കാലമായി രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ കേരളത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മാത്രമാണ് സിപിഐക്ക് നേട്ടമുണ്ടാക്കാനായത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പാർട്ടിക്കുണ്ടായിരുന്ന സ്വാധീനം പാടെ നഷ്ടമായി. അസമിലും മണിപ്പൂരിലും ഭൂരിഭാഗം പാർട്ടി പ്രവർത്തകരും ബിജെപിയിലേക്കു പോയി.

പഞ്ചാബിലും ബീഹാറിലും സിപിഐയെക്കാൾ ജനസ്വാധീനമുള്ള ഇടതു പാർട്ടിയായി സിപിഐ എംഎൽ മാറി. അസം, മണിപ്പൂർ, ബീഹാർ, തമിഴ്‌നാട്, ഝാർഖണ്ഡ്, തെലങ്കാന, ആന്ധ്ര, പശ്ചിമ ബംഗാൾ, ത്രിപുര, ഉൾപ്പെടെ നേരത്തേ പാർട്ടിക്ക് ചെറിയ സ്വാധീനം ഉണ്ടായിരുന്ന സംസ്ഥാനങ്ങളിൽ എല്ലാം പാർട്ടി അപ്രസക്തമായി. കേരളത്തിൽ മാത്രമാണ് സിപിഐക്ക് നിലവിൽ എംഎൽഎ മാർ ഉള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇവിടെയും വൻ തിരിച്ചടിയാണ് പാർട്ടി നേരിട്ടത്.

കനയ്യ കുമാറിന്റെ വരവേടെ ബീഹാറിൽ നേട്ടമുണ്ടാക്കാനാകും എന്ന കണക്കുകൂട്ടലും തകരുകയായിരുന്നു. ബീഹാറിൽ കോൺഗ്രസ്-ആർജെഡി മുന്നണി പ്രവേശം സാധ്യമാകാതെ പോയത് പാർട്ടിക്ക് തിരിച്ചടിയായി എന്നാണ് വിലയിരുത്തുന്നത്. തമിഴ്‌നാട് മോഡൽ സഖ്യങ്ങൾ രൂപീകരിക്കാൻ പാർ്ട്ടിക്ക് കഴിയാതെ പോയത് പാർട്ടിയെ അപ്രസക്തമാക്കി. നിലവിൽ തമിഴ്‌നാട്ടിൽ നിന്നും ഡിഎംകെ പിന്തുണയോടെ ജയിച്ച രണ്ട് പാർലമെന്റ് അംഗങ്ങളും എഐഎഡിഎംകെ ജയിപ്പിച്ച ഒരു രാജ്യസഭാ അംഗവുമാണ് സിപിഐക്ക് പാർലമെന്റിൽ ഉള്ളത്. കേരളത്തിൽ ആകട്ടെ 19 എംഎൽമാരും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇതിൽ ഭൂരിപക്ഷം എംഎൽഎമാരുടെയും മണ്ഡലത്തിൽ ഇടതുപക്ഷം പിന്നിൽ പോകുകയും ചെയ്തു. അധികാരത്തിന് വേണ്ടി പല ട്രപ്പീസുകളികളും നടത്തിയിട്ടും മൂന്ന് എംപിമാരിലേക്ക് പാർട്ടി ചുരുങ്ങുകയായിരുന്നു.

സ്വന്തം തട്ടകത്തിൽ പോലും യാതൊരു ചലനവും സൃഷ്ടിക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, രാജ്യമാകെ പാർട്ടി തകർന്നടിയുകയും ചെയ്ത സാഹചര്യത്തിലാണ് സുധാകർ റെഡ്ഡി സ്ഥാനത്യാഗത്തിന് ഒരുങ്ങുന്നത്. ഇന്ത്യൻ പാർലമെന്റിലെ മൂന്ന് അംഗങ്ങളിൽ രണ്ടുപേർ ഡിഎംകെയുടെയും ഒരാൾ അവരുടെ ബന്ധവൈരികളായ എഐഎഡിഎംകെയുടെയും പിന്തുണയോടെ പാർലമെന്റിൽ എത്തിയവരുമാണ്. ഇപ്പോൾ ബിജെപി സഖ്യകക്ഷിയായ എഐഎഡിഎംകെയുടെ പിന്തുണയോടെ രാജ്യസഭയിലെത്തുകയും ബിജെപിക്കും എഐഎഡിഎംകെക്കും എതിരെ വലിയ പ്രചരണം നടത്തുകയും ചെയ്യുന്നത് സിപിഐയുടെ ദേശീയ സെക്രട്ടറിമാരിൽ ഒരാളായ ഡി രാജ തന്നെയാണ്. 

സിപിഐയിൽ ഇപ്പോൾ നിർണ്ണായക സ്വാധീനമുള്ള കേരള ഘടകത്തിന്റെ ശക്തമായ പിന്തുണ ഇപ്പോൾ സുധാകർ റെഡ്ഡിക്കുണ്ട്. എന്നാൽ അനാരോഗ്യം കാരണം സുധാകർ റെഡ്ഡിക്ക് സംസ്ഥാനങ്ങളിൽ എത്തി പാർട്ടിയെ ചലിപ്പിക്കാൻ ആകുന്നില്ല. ഈ സാഹചര്യത്തിൽ സുധാകർ റെഡ്ഡിയുടെ നിർദ്ദേശം കൗൺസിൽ ചർച്ചയ്‌ക്കെടുക്കണം എന്ന നിലപാട് കേരള നേതാക്കൾക്കുമുണ്ട്.

ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയെ നിയമിച്ച് അടുത്ത പാർട്ടി കോൺഗ്രസ് വരെ സുധാകർ റെഡ്ഡി തുടരുക എന്ന നിർദ്ദേശവും വന്നേക്കും. സുധാകർ റെഡ്ഡി ഒഴിഞ്ഞാൽ ഡി രാജയാണ് ദേശീയ സെക്രട്ടറിയേറ്റിൽ അടുത്ത മുതിർന്ന അംഗം. ദേശീയരംഗത്തെ ഇടപെടൽ മറ്റ് പ്രതിപക്ഷ നേതാക്കളുമായുള്ള ബന്ധം എന്നിവ ഡി രാജയ്ക്ക് അനുകൂല ഘടകമാണ്. കേരളത്തിലെ നേതാക്കളുടെ നിലപാട് നിർണ്ണായകമാകും.

ബിനോയ് വിശ്വത്തിന്റെ പേര് സംസ്ഥാന നേതാക്കൾ മുന്നോട്ടു വച്ചേക്കാം. അതുൽകുമാർ അഞ്ജാൻ, അമർജീത് കൗർ എന്നിവരുടെ പേരുകളും ചർച്ചകളിൽ ഉയർന്നു വരും.

സിപിഐ

1925 ഡിസംബർ 26 കാൻപൂരിൽ വച്ചാണ് ബ്രിട്ടീഷ് ഇന്ത്യയിലെ വിവിധ കമ്മ്യൂണിസ്റ്റ് സംഘങ്ങളുടെ ആദ്യത്തെ സമ്മേളനം നടക്കുന്നത്. അവിടെ വച്ചാണ് സിപിഐ. എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉദയം പ്രഖ്യാപിക്കപ്പെടുകയും അതിന്റെ ഭരണഘടന അംഗീകരിക്കപ്പെടുകയും ചെയ്തത്.എസ്.വി. ഘാട്ടെ ആയിരുന്നു സിപിഐ യുടെ ആദ്യ ജനറൽ സെക്രട്ടറി. ആന്ധ്രാ പ്രദേശ്, ഝാർഖണ്ഡ്, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ത്രിപുര,തെലങ്കാന,ബീഹാർ,ഒഡീഷ എന്നീ സംസ്ഥാനങ്ങൾ ഒരുകാലത്ത് സിപിഐയടെ ശക്തി കേന്ദ്രങ്ങലായിരുന്നു.

കൃഷി ഭൂമി കർഷകന് , വിദേശ സാമ്രാജ്യത്വ മൂലധനം ദേശസാൽക്കരിക്കുക, പ്രായപൂർത്തി വോട്ടവകാശം, രാഷ്ട്ര സമ്പത്ത് രാഷ്ട്രത്തിന്റെ കൈകളിൽ, എട്ടു മണിക്കൂർ പ്രവൃത്തി ദിവസം, സംഘടിക്കാനും യോഗം ചേരാനും പ്രകടനം നടത്താനും പണിമുടക്കാനുമുള്ള ജനാധിപത്യപരമായ അവകാശം, അയിത്ത ജാതിക്കാർക്ക് സാമൂഹ്യ നീതി എന്നീ ആവശ്യങ്ങൾ ഇന്ത്യൻ മണ്ണിൽ 1928 മുതൽ സിപിഐ ഉയർത്തുകയുണ്ടായി. അക്കാലത്ത് പല നിരോധനങ്ങളും പാർട്ടിക്കുമേൽ ഉണ്ടായിരുന്നതിനാൽ അഖിലേന്ത്യ വർകേഴ്‌സ് ആൻഡ് പെസന്റ്‌സ് പാർട്ടി എന്നാ പേരിലായിരുന്നു പാർട്ടി പ്രവർത്തിച്ചിരുന്നത്. 1935 നു ശേഷം സിപിഐ ഘടകങ്ങൾ രാജ്യത്താകമാനം സംഘടിപ്പിക്കപ്പെട്ടു. വിദ്യാർത്ഥി സംഘടനയായ എ ഐ എസ് എഫ് , കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭ (എ ഐ കെ എസ് ), പുരോഗമന സാഹിത്യ സംഘടന എന്നിവ 1936ലും സംഘടിപ്പിക്കപ്പെട്ടു.

1951ലെ പൊതുതെരഞ്ഞെടുപ്പിൽ ആകെയുള്ള 489 സീറ്റിൽ 364ഉം നേടി കോൺഗ്രസ് ഭരണകക്ഷിയായപ്പോൾ 16 സീറ്റ് നേടിയ കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു രണ്ടാമത്.

എസ് സുധാകർ റെഡ്ഡി

ആന്ധ്രപ്രദേശിലെ മെഹബൂബ് നഗർ ജില്ലയിലെ ആലംപുർ കുഞ്ച്‌പോട് ഗ്രാമത്തിൽ തെലങ്കാന സമരപോരാളിയായ സുരവരം വെങ്കിടരാമറെഡ്ഡിയുടെ മകനാണ് സുരവരം സുധാകർ റെഡ്ഡി എന്ന എസ് സുധാകർ റെഡ്ഡി. സമീപ ജില്ലയായ കർണ്ണൂലിലായിരുന്നു വിദ്യാഭ്യാസം. വെങ്കിടേശ്വര സർവകലാശാലയിൽ പഠിക്കുന്ന കാലത്ത് എഐഎസ്എഫ് പ്രവർത്തനങ്ങളിൽ സജീവമായി. ബിഎ പാസായശേഷം ഉസ്മാനിയ സർവകലാശാലയിൽ നിയമപഠനത്തിന് ചേർന്നു. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. എഐഎസ്എഫ് ജനറൽ സെക്രട്ടറി, എഐവൈഎഫ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, മികച്ച പാർലമെന്റേറിയൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

വിശാഖപട്ടണത്ത് ഉരുക്കുശാല സ്ഥാപിക്കാൻവേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ മുൻനിരയിൽ സുധാകർറെഡ്ഡിയും ഉണ്ടായിരുന്നു. എൽഎൽഎം പഠനശേഷം എഐഎസ്എഫ് ജനറൽ സെക്രട്ടറിയെന്ന നിലയിൽ അദ്ദേഹം പ്രവർത്തനകേന്ദ്രം ഡൽഹിയിലേക്ക് മാറ്റി. കേരളത്തിൽ നിന്നുള്ള സിപിഐ നേതാവ് സി.കെ. ചന്ദ്രപ്പൻ എഐവൈഎഫ് ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് സുധാകർറെഡ്ഡി എഐഎസ്എഫ് ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് സുധാകർറെഡ്ഡി എഐവൈഎഫ് പ്രസിഡന്റും സി കെ ചന്ദ്രപ്പൻ ജനറൽ സെക്രട്ടറിയുമായി ഒരേ കാലം പ്രവർത്തിച്ചിട്ടുണ്ട്. 1968ൽ റെഡ്ഡി സിപിഐ ദേശീയ കൗൺസിൽ അംഗമായി. സിപിഐ ആന്ധ്ര സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. പന്ത്രണ്ടും പതിനാലും ലോക്‌സഭകളിൽ അംഗമായിരുന്നു.

വർക്കിങ് വിമൻസ് കൗൺസിൽ ദേശീയ സെക്രട്ടറിയും സിപിഐ ദേശീയ കൗൺസിൽ അംഗവുമായ ബി വി വിജയലക്ഷ്മിയാണ് ഭാര്യ. നിഖിൽ, കപിൽ എന്നിവർ മക്കളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP