Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവന്‍ എത്രയോ അപകടങ്ങളില്‍ പെട്ടതാണെന്നും അവന് ഒന്നും സംഭവിക്കില്ലെന്നും അര്‍ജ്ജുന്റെ അമ്മ പറയുന്നത് കേട്ടപ്പോള്‍ മനസ്സില്‍ സംശയം തോന്നി; കാര്‍ ഓടിച്ചിരുന്നത് എടിഎം കവര്‍ച്ചാ കേസിലെ പ്രതിയെന്ന് അറിഞ്ഞപ്പോള്‍ ആധി കൂടി; പോലീസ് ശ്രമിച്ചത് കാര്‍ ഓടിച്ചത് ബാലുവെന്ന് വരുത്താനും; ഇതൊരു സാധാരണ മരണമായി എഴുതി തള്ളാന്‍ ഞങ്ങളില്ല; ബാലഭാസ്‌കറിന്റേത് കൊലപാതകമെന്ന് ഉറച്ച് വിശ്വസിച്ച് അമ്മാവനും; വയലിനിസ്റ്റ് ബി ശശികുമാര്‍ മറുനാടനോട് വേദന പങ്കുവയ്ക്കുമ്പോള്‍

അവന്‍ എത്രയോ അപകടങ്ങളില്‍ പെട്ടതാണെന്നും അവന് ഒന്നും സംഭവിക്കില്ലെന്നും അര്‍ജ്ജുന്റെ അമ്മ പറയുന്നത് കേട്ടപ്പോള്‍ മനസ്സില്‍ സംശയം തോന്നി; കാര്‍ ഓടിച്ചിരുന്നത് എടിഎം കവര്‍ച്ചാ കേസിലെ പ്രതിയെന്ന് അറിഞ്ഞപ്പോള്‍ ആധി കൂടി; പോലീസ് ശ്രമിച്ചത് കാര്‍ ഓടിച്ചത് ബാലുവെന്ന് വരുത്താനും; ഇതൊരു സാധാരണ മരണമായി എഴുതി തള്ളാന്‍ ഞങ്ങളില്ല; ബാലഭാസ്‌കറിന്റേത് കൊലപാതകമെന്ന് ഉറച്ച് വിശ്വസിച്ച് അമ്മാവനും;  വയലിനിസ്റ്റ് ബി ശശികുമാര്‍ മറുനാടനോട് വേദന പങ്കുവയ്ക്കുമ്പോള്‍

എം മനോജ് കുമാർ

തിരുവനന്തപുരം: ബാലഭാസ്‌ക്കർ ഒരു കൊടുംപാപിയല്ല. കൊടുംപാപികൾക്കാണ് ദുർമരണം വിധിക്കപ്പെടുന്നത്. ബാലഭാസ്‌ക്കറിന്റേത് ദുർമരണമായിരുന്നു. ദുർമരണം സംഭവിക്കാൻ തക്കവണ്ണമുള്ള കൊടുംപാപം ബാലഭാസ്‌കർ ചെയ്തിട്ടില്ല.ഇരുപത്തിനാലു മണിക്കൂറും സംഗീതത്തെ ഉപാസിച്ച് ജീവിച്ചയാളാണ് ബാലഭാസ്‌കർ. ഇത്തരമൊരാൾക്ക് ദുർമരണം വിധിക്കപ്പെടില്ല. അപ്പോൾ ആ ദുർമരണത്തിന് പിന്നിൽ മറ്റേതെങ്കിലും കാണും. ആ കാരണം അന്വേഷിച്ച് കണ്ടുപിടിക്കേണ്ടത് ക്രൈംബ്രാഞ്ച് ആണ്. അന്വേഷണ സംഘങ്ങൾ ആണ്-ദുരൂഹമായി തുടരുന്ന വാഹനാപകടം ചൂണ്ടിക്കാട്ടി ബാലഭാസ്‌കറിന്റെ ഗുരുവും അമ്മാവനുമായ പ്രശസ്ത വയലിനിസ്റ്റ് ബി ശശികുമാർ മറുനാടനോട് പറഞ്ഞു.

ബാലഭാസ്‌ക്കർ ഇപ്പോഴേ മരണപ്പെടാൻ വിധിക്കപ്പെട്ട ആളായിരുന്നില്ല. ഈ മരണം എന്തൊക്കെയോ ആസൂത്രണത്തിൽ വന്നതാണ്. വന്നത് ദുർമരണവുമാണ്. ഈ മരണം അങ്ങിനെ എഴുതിത്ത്ത്ത്ത്തള്ളാൻ ഞങ്ങൾ തയ്യാറല്ല. ഡ്രൈവർ ആരായിരുന്നു എന്ന് നോക്കൂ. കാർ ഓടിച്ചത് ക്രിമിനൽ പശ്ചാത്തലമുള്ളയാൾ. എടിഎം കവർച്ചാ കേസുകളിലെ വരെ പ്രതി. ഇയാൾ മനഃപൂർവം സൃഷ്ടിച്ച അപകടമല്ലേ അവിടെ സംഭവിച്ചത്? ഇതാണ് ബാലഭാസ്‌കറിന്റെ ഉറ്റ ബന്ധുക്കൾ എന്ന നിലയിൽ ഞങ്ങളുടെ നിഗമനം. കാർ ഓടിച്ചത് അപ്പു അതായത് അർജുൻ തന്നെയാണെന്ന് ബാലു തന്നെ പറഞ്ഞിട്ടുണ്ട്. ബാലുവിന്റെ ഭാര്യ ലക്ഷ്മിയും പറഞ്ഞു. എന്നിട്ടും പൊലീസിന് കാർ ഓടിച്ചത് ബാലഭാസ്‌ക്കർ എന്ന് വരുത്താനാണ് തിടുക്കം. അന്വേഷണം കാർ ഓടിച്ചത് ആരാണ് എന്നതിൽ തൊട്ടു തുടങ്ങണം-ശശികുമാർ പറയുന്നു.

ബാലഭാസ്‌കറിന്റെ മകൾ അപകടത്തിൽ ആദ്യമേ മരിച്ചു. ബാലുവും ലക്ഷ്മിയും ഈ അർജുനും ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. ആ സമയത്ത് ബാലുവും ലക്ഷ്മിയും ജീവനുവേണ്ടി പോരാടുകയായിരുന്നു. ഞങ്ങൾ ബന്ധുക്കൾ ആശുപത്രിയിലുണ്ട്. ഈ ഘട്ടത്തിൽ ഡ്രൈവർ അർജുനന്റെ 'അമ്മ പറയുകയാണ്. എന്റെ മകന് കാലുകൾക്ക് ഗുരുതര പരുക്ക് ആണുള്ളത്. അവൻ പെട്ടെന്ന് ഒന്ന് പുറത്തിറങ്ങിക്കിട്ടിയാൽ മതിയായിരുന്നു. അപ്പോൾ ബന്ധുക്കളിൽ ഒരാൾ പറഞ്ഞു. മൂന്നുപേരും ജീവന് വേണ്ടി പോരാടുന്നു. അവർ മൂന്നുപേരും രക്ഷപ്പെട്ടു വരട്ടെ. അപ്പോൾ നിങ്ങളുടെ മകൻ മാത്രം രക്ഷപെടുന്ന കാര്യം പറയരുത്. അപ്പോൾ അർജുന്റെ അമ്മയുടെ മറുപടി ഇങ്ങിനെയായിരുന്നു. അവൻ എത്രയോ അപകടങ്ങളിൽപ്പെട്ടതാണ്. അവനു ഒന്നും സംഭവിക്കില്ല.

ഇതിലും വലിയ അപകടത്തിൽപ്പെട്ടിട്ടും ഒരു കുഴപ്പവും സംഭവിക്കാതെ എഴുന്നേറ്റു വന്നവനാണ് അവൻ. ഈ അപകടത്തിലും അവനു ഒന്നും സംഭവിക്കില്ല. അവർ ഇതു പറഞ്ഞുകഴിഞ്ഞപ്പോൾ രംഗം മാറി. അവരുടെ അടുത്തു നിന്ന ബന്ധു ഈ സമയത്ത് അവരുടെ കാലുകളിൽ ചവിട്ടി. ഇതോടെ അവർ നിശബ്ദരായി. ഈ സമയത്ത് മുതൽ ഞങ്ങൾ അപകടത്തിൽ ദുരൂഹത കാണാൻ തുടങ്ങി-ശശികുമാർ പറയുന്നു. അപകടസമയത്ത് രക്ഷാപ്രവർത്തനം നടത്തിയവർ ഞങ്ങളുമായി അടുപ്പമുള്ളവർ തന്നെയാണ്. ആ സമയത്ത് അപകടം കണ്ടു വാഹനം നിർത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരാണിവർ. ബാലുവിന്റെ കുട്ടിയുമായി ആശുപത്രിയിൽ പോയവർ ഇവരാണ്. കമ്പിപ്പാര കൊണ്ടാണ് അവർ കാറിന്റെ ചില്ലുകൾ അടിച്ചു തകർത്ത് കുട്ടിയെ രക്ഷപ്പെടുത്തിയത്. ബാലു കാറിന്റെ പിൻസീറ്റിൽ കമിഴ്ന്നു കിടക്കുകയായിരുന്നു. ലക്ഷ്മിയെ അവർ പുറത്തിറക്കി. ഡ്രൈവറെയും ബാലുവിനെയും പുറത്തെടുക്കാൻ ഇവർക്ക് കഴിഞ്ഞില്ല.

അവർ ആ സമയത്ത് ഞങ്ങളോട് പറഞ്ഞത് ഡ്രൈവിങ് സീറ്റിൽ തടിച്ച ഒരാളാണ്. അയാളുടെ കാലുകൾ കുടുങ്ങിക്കിടക്കുകയാണ്. ഫയർഫോഴ്‌സ് വന്നാലേ ഡ്രൈവറെ രക്ഷപെടുത്താൻ കഴിയൂ. ആദ്യം രക്ഷാപ്രവർത്തനം നടത്തിയവരും കാറിന്റെ മുൻ സീറ്റിൽ ഇരുന്ന ലക്ഷ്മിയും പറഞ്ഞു കഴിഞ്ഞു. കാർ ഓടിച്ചത് ബാലുവല്ല ഡ്രൈവർ അർജുൻ ആയിരുന്നു എന്ന്. പിന്നെ എന്തുകൊണ്ടാണ് കാർ ഓടിച്ചത് ബാലു തന്നെ എന്ന് വരുത്താൻ ക്രൈംബ്രാഞ്ച് സംഘവും പൊലീസും ശ്രമിക്കുന്നു-ശശികുമാർ മറുനാടനോട് വിശദീകരിച്ചു. ആർക്കോ വേണ്ടി ആരോ നടത്തിയ കൊലപാതകം എന്ന നിഗമനത്തിലാണ് ബാലുവിന്റെ കാർ അപകടത്തെ ബന്ധുക്കൾ കാണുന്നത്.

തെളിവുകൾ നിരത്തി ബന്ധുക്കൾ ഇത് സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ കാർ അപകടത്തെ ഒരു അപകടമായി മാത്രം കാണാനാണ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിനും പൊലീസും തിടുക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ ഘട്ടത്തിൽ ഇത്തരം ഒരു ചോദ്യം ഉയരുന്നു. ബാലഭാസ്‌ക്കറിന്റെ മരണത്തിൽ കലാശിച്ച വാഹനാപകടം വെറുമൊരു വാഹനാപകടം മാത്രമോ? അല്ലെങ്കിൽ അതൊരു ആസൂത്രിതമായ കൊലപാതകമായിരുന്നോ? ആർക്കാണ് ബാലഭാസ്‌കറിന്റെ മരണത്തിൽ കലാശിച്ച വാഹനാപകടം വെറുമൊരു വാഹനാപകടം മാത്രമെന്ന് വിധിയെഴുതാൻ തിടുക്കം. അപകടസമയത്ത് കാറോടിച്ചിരുന്നത് ബാലഭാസ്‌കറോ അതോ ഡ്രൈവർ അർജുനോ? ബാലഭാസ്‌ക്കർ അല്ല കാറോടിച്ചിരുന്നത് എന്ന് ബാലഭാസ്‌ക്കറിന്റെ ബന്ധുക്കളും ഭാര്യ ലക്ഷ്മിയും ഉറപ്പിക്കുമ്പോൾ കാറോടിച്ചത് ബാലഭാസ്‌കർ എന്ന നിഗമനത്തിൽ എത്താൻ പൊലീസ് തിടുക്കം കൂട്ടുന്നത് എന്തിന് എന്നതാണ് ഉയരുന്ന ചോദ്യം.

ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസും പിന്നീട് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചും എന്തുകൊണ്ടാണ് അന്വേഷണത്തിന്റെ കാര്യത്തിൽ എപ്പോഴും മെല്ലെപ്പോക്ക് പിന്തുടരുന്നു. ബാലഭാസ്‌കറിന്റെ മരണം വിവാദമായി തുടരുന്ന ഈ ഘട്ടത്തിൽ ഒട്ടനവധി ചോദ്യങ്ങൾക്കാണ് ഇപ്പോഴും ഉത്തരം കിട്ടാതെ അവശേഷിക്കുന്നത്. ബാലഭാസ്‌ക്കറിന്റെ ബന്ധുക്കൾ മറുനാടൻ മലയാളിയോട് വിരൽ ചൂണ്ടിയത് ഇങ്ങിനെ: ബാലഭാസ്‌ക്കർ രാത്രിയിൽ കാറോടിക്കില്ല. രാത്രിയിൽ ബാലഭാസ്‌ക്കർ കാറോടിക്കില്ല എന്നത് ബാലുവിനെ അറിയുന്ന ആർക്കും അറിയാം. ബാലഭാസ്‌ക്കറിന്റെ കാറോടിച്ചിരുന്നത് ഡ്രൈവർ അർജുൻ ആണെന്ന് ബന്ധുക്കളോട് അർജുൻ തന്നെ സമ്മതിച്ചതാണ്. ലക്ഷ്മിയുടെ അമ്മയോട് ഡ്രൈവിങ്ങിനിടയിൽ കണ്ണ് ചിമ്മിപ്പോയപ്പോൾ പറ്റിപ്പോയതാണ് ഈ അപകടം എന്ന് അർജുൻ തന്നെ ആദ്യഘട്ടത്തിൽ ഈ രീതിയിൽ കുറ്റസമ്മതം നടത്തിയതാണ്.

പൊലീസ് മൊഴിയെടുക്കാൻ എത്തിയപ്പോൾ ലക്ഷ്മിയും പറഞ്ഞത് ഡ്രൈവർ അർജുൻ ആയിരുന്നു കാറോടിച്ച് എന്നായിരുന്നു. പക്ഷെ നാടകീയമായാണ് അർജുൻ പൊലീസിനു മുന്നിൽ മൊഴി മാറ്റുന്നത്. കാറോടിച്ചത് ബാലഭാസ്‌ക്കർ എന്നാണ് അർജുൻ പറഞ്ഞത്. ഇതോടെയാണ് വെറുമൊരു അപകടമരണം എന്നതിൽ കലാശിക്കുമായിരുന്ന സംഭവത്തിൽ ദുരൂഹതകളുണ്ട് എന്ന് വ്യക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP