Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിപാ ബാധ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; എറണാകുളത്ത് ചികിൽസയിലുള്ള യുവാവിന് നിപ വൈറസ് ബാധയെന്നതിന് പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥിരീകരണം; രോഗിയുമായി അടുത്തിടപ്പെട്ട 86 പേർ നിരീക്ഷണത്തിൽ; ആശങ്ക പടർത്തി രണ്ട് നേഴ്‌സുമാർക്കും രോഗലക്ഷണങ്ങൾ; തൃശൂരിലും കൊച്ചിയിലും തൊടുപുഴയിലും കൊല്ലത്തും അതീവ ജാഗ്രത; പനി നിർണ്ണയത്തിനും പ്രതിരോധ പ്രവർത്തനത്തിനും സർക്കാർ സുസജ്ജമെന്ന് ആരോഗ്യമന്ത്രി; കേരളത്തെ ഭീതിയിലാക്കി വീണ്ടും നിപാ വൈറസ് എത്തുമ്പോൾ

നിപാ ബാധ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; എറണാകുളത്ത് ചികിൽസയിലുള്ള യുവാവിന് നിപ വൈറസ് ബാധയെന്നതിന് പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥിരീകരണം; രോഗിയുമായി അടുത്തിടപ്പെട്ട 86 പേർ നിരീക്ഷണത്തിൽ; ആശങ്ക പടർത്തി രണ്ട് നേഴ്‌സുമാർക്കും രോഗലക്ഷണങ്ങൾ; തൃശൂരിലും കൊച്ചിയിലും തൊടുപുഴയിലും കൊല്ലത്തും അതീവ ജാഗ്രത; പനി നിർണ്ണയത്തിനും പ്രതിരോധ പ്രവർത്തനത്തിനും സർക്കാർ സുസജ്ജമെന്ന് ആരോഗ്യമന്ത്രി; കേരളത്തെ ഭീതിയിലാക്കി വീണ്ടും നിപാ വൈറസ് എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊച്ചിയിൽ നിപാ ബാധ സ്ഥിരീകരിച്ചു. ആസ്റ്റർ മെഡിസിറ്റിയിൽ ചികിൽസയിലുള്ള യുവാവിന് നിപയാണെന്ന് സ്ഥിരീകരിക്കുന്ന പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ റിപ്പോർട്ട് സർക്കാരിന് കിട്ടി. ആരോഗ്യമന്ത്രി കെകെ ശൈലജ ഇക്കാര്യം സ്ഥിരീകരിച്ചു. ഈ രോഗിയുമായി അടുത്തിടപ്പെട്ട 86 പേർ നിരീക്ഷണത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ മുൻകരുതലും എടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. രോഗിയെ പരിചരിച്ച രണ്ട് നേഴ്‌സുമാർക്കും പനി ബാധയുണ്ട്. അവരും നിരീക്ഷണത്തിലാണ്. മരുന്നും മറ്റു സംവിധാനവുമെല്ലാം സുസജ്ജമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

നിപബാധ സംശയിച്ച് മൂന്ന് പേർ കൊല്ലത്ത് നിരീക്ഷണത്തിലാണ്. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എഞ്ചിനീയറിങ് വിദ്യാർത്ഥിയുടെ സഹപാഠികളായ മൂന്ന് പേരാണ് കൊല്ലത്ത് നിരീക്ഷണത്തിൽ ഉള്ളത്. തൊടുപുഴയിലെ കോളേജിൽ ഇവർ ഒരുമിച്ചാണ് പഠിച്ചിരുന്നത്. പിന്നീട് തൃശ്ശൂരിൽ വച്ചു നടന്ന പരിശീലന പരിപാടിയിലും ഇവർ യുവാവിനൊപ്പം ഉണ്ടായിരുന്നു. ഇവരിൽ രണ്ട് പേർ കൊട്ടാരക്കര സ്വദേശികളും ഒരാൾ തഴവ സ്വദേശിയുമാണ്. അതേസമയം ഇവർ മൂന്ന് പേർക്കും നിലവിൽ ഒരു തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളോ നിപ രോഗലക്ഷണങ്ങളോ ഇല്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിപബാധ സംശയിക്കുന്ന യുവാവുമായി അടുത്ത് ഇടപഴകിയതിനാൽ മാത്രമാണ് ഇവരെ നിരീക്ഷണത്തിൽ വച്ചതെന്നും ഇൻക്യൂബേഷൻ പിരീഡ് കഴിഞ്ഞാൽ വിട്ടയക്കുമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൊല്ലത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേരുന്നുണ്ട്. മുൻകരുതലെന്ന നിലയിൽ കൊല്ലം ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജിലും ഐസൊലേഷൻ വാർഡ് ക്രമീകരിക്കും.

നിപാ വൈറസ് ബാധ സംശയത്തെ തുടർന്ന യുവാവിന്റെ രക്തസാമ്പിളുകളുടെ പരിശോധനാഫലം ഇന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ചത്. പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലവും നിപ സ്ഥിരീകരിച്ചു. ഇന്നലെ വൈകുന്നേരമാണ് രക്തസാമ്പിളുകൾ പൂണെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചത്. ആരോഗ്യമന്ത്രി കൊച്ചിയിൽ ക്യാമ്പ് ചെയ്യുകയാണ്. പ്രതിരോധ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനാണ് ആരോഗ്യ പ്രവർത്തകരുടെ തീരുമാനം. ഇന്ന് പരവൂറിൽ വിദഗ്ദ്ധ സംഘം പരിശോധനയ്ക്ക് എത്തും. ചികിൽസയിലുള്ള യുവാവിന്റെ വീട് പറവൂരാണ്. പനി നിർണ്ണയം നടത്താനും പ്രതിരോധപ്രവർത്തനങ്ങൾക്കായി ജനങ്ങൾക്കിടയിൽ മെച്ചപ്പെട്ട ബോധവൽക്കരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യാനാണ് നീക്കം.

വിദ്യാർത്ഥിയുമായി അടുത്തിടപഴകിയ വീട്ടുകാർ അടക്കം 86 പേർ നിലവിൽ ആരോഗ്യ നിരീക്ഷണത്തിലാണ്. ഇതിന് പുറമെയുള്ളവരെകൂടി കണ്ടെത്താനുള്ള ജില്ലാ തല പ്രവർത്തനവും ഇന്ന് നടക്കും. ഇതിനായി ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിശീലനമടക്കം നൽകിയിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകൾക്ക് പുറമെ കോട്ടയത്തും ഐസലേഷൻ വാർഡുകൾ തുറന്നിട്ടുണ്ട്. അതിനിടയിൽ കോട്ടയത്ത് മഞ്ഞപ്പിത്തവും ഡങ്കിപ്പനിയും പടരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ രണ്ടു വാർഡുകളിൽ മഞ്ഞപ്പിത്തവും ഡങ്കിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇവിടുത്തെ കുടിവെള്ളത്തിൽ ക്ളോറിനേഷൻ ഉൾപ്പെടെയുള്ള മുൻ കരുതലുകൾ എടുക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

അതിനിടെ നിപാ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാരിന് പൂർണ പിന്തുണയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. എറണാകുളം ഗസ്റ്റ് ഹൗസിൽ പ്രതിപക്ഷനേതാവുമായി ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും സർക്കാർ വേണ്ടത്ര മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല പറഞ്ഞു. ഭയപ്പെടേണ്ടതില്ലെന്നും മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, യുവാവിന്റെ തൊടുപുഴയിലുള്ള സുഹൃത്തിനെയും പനി ബാധിച്ച് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നേരത്തെ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ നിപയോട് സാദൃശ്യമുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടർന്നാണ് മണിപ്പാലിലേക്കും അവിടെനിന്ന് പുണെയിലേക്കും അയച്ചത്. രോഗിയുമായി അടുത്തിടപഴകിയവരുൾപ്പെടെ 86 പേർ നിരീക്ഷണത്തിലുണ്ട്. നിപ ബാധിച്ച യുവാവിന് എല്ലാ സൗകര്യങ്ങളും ആശുപത്രി അധികൃതർ അവിടെ ഒരുക്കിയിട്ടുണ്ട്. സർക്കാർ ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ല. മറ്റുള്ള രോഗികൾ ഭയപ്പെടേണ്ടതില്ല. കളമശ്ശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് എറണാകുളം ജില്ലയിലെ ഐസൊലേഷൻ വാർഡ്.

മുൻകരുതലെന്ന നിലയ്ക്ക് എല്ലാ മെഡിക്കൽ കോളേജുകളിലും ഐസൊലേഷൻ വാർഡുകൾ തുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എറണാകുളത്തിനോട് ചേർന്നുള്ള ജില്ലകളിലും ഐസൊലേഷൻ വാർഡ് സൗകര്യമുണ്ടാകും. കോഴിക്കോട് നിപ ബാധയുണ്ടായ സമയത്തെ അനുഭവങ്ങൾ മുൻനിർത്തിയാണ് കരുതൽ നടപടികൾ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്ടു നിന്നുള്ള വിദഗ്ധസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. ചികിത്സയ്ക്ക് മരുന്നുൾപ്പെടെയുള്ളവ ലഭ്യമാണ്. നിപ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനുപയോഗിച്ച റിബാവിറിൻ എന്ന ഗുളികകൾ ആരോഗ്യവകുപ്പിന്റെ കൈവശമുണ്ട്. ഇത് ചികിത്സയിലുള്ള യുവാവിന് നൽകുന്നുണ്ട്.

മുമ്പ് നിപ ബാധയുണ്ടായ സമയത്ത് ഓസ്‌ട്രേലിയയിൽ നിന്ന് മരുന്നെത്തിച്ചിരുന്നു. അന്നുകൊണ്ടുവന്ന ഹ്യൂമൻ മോണോ ക്ലോണൽ ആന്റിബോഡി ഇപ്പോൾ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. അത്യാവശ്യം വന്നാൽ അതു കേരളത്തിന് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP