Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എറണാകുളത്തെ യുവാവിന് നിപ്പ ബാധയെന്ന് ഉറപ്പിക്കാൻ എന്തുകൊണ്ടാണ് പൂണെയിലെ ഫലം കാത്തിരിക്കേണ്ടി വരുന്നത്? തോന്നയ്ക്കലിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് എന്തുപറ്റി? രാജ്യത്തെ രണ്ടാമത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്ന് കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം നടത്തിയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വെറും കോൺക്രീറ്റ് കെട്ടിടം മാത്രം; രക്തപരിശോധന നടത്താനുള്ള ഉപകരണം പോലും ഇവിടെയില്ല; സുസജ്ജമാകാൻ ഇനിയും വർഷങ്ങളെടുക്കും; കേരളത്തിന്റെ സ്വന്തം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കഥ

എറണാകുളത്തെ യുവാവിന് നിപ്പ ബാധയെന്ന് ഉറപ്പിക്കാൻ എന്തുകൊണ്ടാണ് പൂണെയിലെ ഫലം കാത്തിരിക്കേണ്ടി വരുന്നത്? തോന്നയ്ക്കലിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് എന്തുപറ്റി? രാജ്യത്തെ രണ്ടാമത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്ന് കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം നടത്തിയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്  വെറും കോൺക്രീറ്റ് കെട്ടിടം മാത്രം; രക്തപരിശോധന നടത്താനുള്ള ഉപകരണം പോലും ഇവിടെയില്ല; സുസജ്ജമാകാൻ ഇനിയും വർഷങ്ങളെടുക്കും; കേരളത്തിന്റെ സ്വന്തം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കഥ

എം മനോജ് കുമാർ

തിരുവനന്തപുരം: രോഗനിർണയവും ഗവേഷണവും ലക്ഷ്യമിടുന്ന രാജ്യത്തെ രണ്ടാമത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം തോന്നക്കലിൽ ഒരുങ്ങിയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇങ്ങിനെയാണ് ആദ്യഘട്ട ഉദ്ഘാടന വേളയിൽ വിശേഷിപ്പിക്കപ്പെട്ടത്. രോഗങ്ങൾ സ്ഥിരീകരിക്കാൻ നമുക്കിനി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതില്ല അതിനാണ് സംസ്ഥാനത്തിന് അഭിമാനമായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തോന്നക്കലിൽ പൂർത്തീകരിച്ചത്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ടം കഴിഞ്ഞ ഫെബ്രുവരി ഒമ്പതിന് ഉദ്ഘാടനം ചെയ്യുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും ഇത് തന്നെയാണ് പ്രഖ്യാപിച്ചത്. പക്ഷെ വെറുമൊരു കെട്ടിട്ടം മാത്രം കെട്ടി വളരെ വേഗത്തിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം സർക്കാർ പൂർത്തീകരിക്കുകയായിരുന്നു എന്ന് ഇപ്പോൾ വെളിവാകുന്നു. ഈ വർഷം അവസാനത്തോട് കൂടി മാത്രമേ ആദ്യഘട്ടം തന്നെ പൂർത്തീകരിക്കാൻ കഴിയുകയുള്ളൂ. ഇപ്പോൾ രണ്ടാമതും നിപ്പയെത്തിയപ്പോൾ പൂണെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കോ മണിപ്പാലിലേക്കോ അയച്ച സാംപിൾ ഫലം തന്നെ കേരളം ഇപ്പോഴും കാത്തിരിക്കുകയാണ്.

ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും ഉള്ള വൻ പദ്ധതികൾ പ്രകാരമാണ് തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിക്കപ്പെട്ടത്. അതിന്റെ ആദ്യഘട്ടം പൂർത്തീകരിച്ചു എന്നാണ് സർക്കാർ അവകാശപ്പെട്ടത്. പക്ഷെ ആദ്യ ഘട്ടത്തിന്റെ കെട്ടിടം പണി മാത്രമാണ് പൂർത്തിയായത്. ഈ കെട്ടിടം പണിയുടെ ഉദ്ഘാടനമാണ് ആദ്യ ഘട്ട ഉദ്ഘാടനം എന്ന പേരിൽ സർക്കാർ നടത്തിയത്. അന്താരാഷ്ട്ര നിലവാരമുള്ള ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ആവശ്യമുള്ള സയന്റിസ്റ്റുകളോ, കോടികൾ വിലമതിക്കുന്ന വൈറസ് തിരിച്ചറിയാൻ സഹായിക്കുന്ന അത്യാധുനിക ഉപകരണങ്ങളോ ഒന്നും ഇവിടെ വന്നിട്ടില്ല. ഉപകരണങ്ങൾക്ക് വേണ്ടിയുള്ള ഇ ടെൻഡർ പോലും ആയിട്ടില്ല.ടെക്‌നിക്കൽ ബിഡും ഫിനാൻഷ്യൽ ബിഡും നോക്കേണ്ടി വരും എല്ലാ ബിഡും ടെക്‌നിക്കൽ കമ്മറ്റി പരിശോധിക്കേണ്ടിയും വരും. പക്ഷെ എല്ലാത്തിനും സമയം പിടിക്കും.

ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളാണ് വേണ്ടത്. അതിനാൽ ഓപ്പൺ ടെൻഡർ വഴി വേണം ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ. പക്ഷെ അതിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുന്നതേയുള്ളൂ. സയന്റിസ്റ്റുകളും വന്നിട്ടുമില്ല. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറെ പോലും നിയോഗിച്ചിട്ടില്ല. കൊട്ടിഘോഷിച്ച് കൊണ്ടുവന്ന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിലവിലെ അവസ്ഥ ഇതാണ്. ഇതുകൊണ്ട് തന്നെയാണ് കേരളത്തെ ഞെട്ടിച്ച് നിപ്പ വീണ്ടും എത്തിയപ്പോൾ ആദ്യം ആലപ്പുഴയുള്ള ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിളുകൾ ആദ്യഘട്ടവും പിന്നെ പൂണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും സാമ്പിളുകൾ അയക്കേണ്ടി വന്നത്.

കേരളത്തിൽ ആശങ്ക പരത്തി ഇക്കുറി വീണ്ടും നിപ്പ എത്തിയപ്പോഴാണ് കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം നടത്തിയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിലവിലെ അവസ്ഥ എന്തെന്ന് മറുനാടൻ അന്വേഷണം നടത്തിയത്. നിപ്പ വീണ്ടും കേരളത്തിൽ എത്തിയപ്പോൾ അത് ആദ്യം സ്ഥിരീകരിക്കാൻ ആരോഗ്യമന്ത്രി ഉൾപ്പെടെ മടികാണിച്ചു. സാമ്പിളുകൾ ആദ്യം ആലപ്പുഴയിലെ വൈറോളജി സെന്ററിലും പിന്നീട് പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും സാമ്പിളുകൾ എത്തിച്ചതായും ആരോഗ്യമന്ത്രി കെ.കെ.ശൈലജ വെളിപ്പെടുത്തി. അപ്പോഴും മന്ത്രി കേരളത്തിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാര്യം പരാമർശിച്ചുമില്ല. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനു ഡയറ്കടർ വേണം. അത് അന്താരാഷ്ട്ര തലത്തിൽ യോഗ്യതകൾ ഉള്ള ഒരാൾ തന്നെ വേണം. അന്താരാഷ്ട്ര തലത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ആയതിനാൽ ആ രീതിയിലുള്ള ശാസ്ത്രജ്ഞരും വേണം. ഇവരെ റിക്രൂട്ട് ചെയ്യാനുള്ള നടപടികൾ തന്നെ നടന്നുവരുന്നതേയുള്ളൂ.

ആദ്യഘട്ടത്തിൽ തീരുമാനിച്ച 25,000 ചതുരശ്രഅടിയിൽ ഒരുങ്ങുന്ന കെട്ടിടമാണ് പൂർത്തീകരിച്ചിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നടത്തിയത്. ആറു ലാബും മൂന്ന് ഒരു ഡയഗണോസിസ് സെന്ററുമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. നാല് കോടിയോളം രൂപ വരുന്ന ഉപകരണങ്ങൾ ഇവിടെ വേണ്ടിവരും. 88000 ചതുരശ്ര അടിയിലുള്ള മൂന്നു നില കെട്ടിടമാണ് രണ്ടാം ഘട്ടത്തിൽ ഒരുങ്ങുന്നത്. ഒന്നാംഘട്ടം കഴിഞ്ഞുമാത്രമേ രണ്ടാംഘട്ടം ഒരുങ്ങുകയുള്ളൂ. ഡിഎൻഎ ബേസിസ് മോളിക്കുലാർ ഡയഗണോസിസ് മെത്തേഡ് ആണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പിന്തുടരുക. ഏറ്റവും ആധുനികമായ രീതികളാണിവ. പക്ഷെ കെട്ടിട ഉദ്ഘാടനം വളരെ വേഗം നടത്തി ആദ്യഘട്ടം പൂർത്തീകരിച്ചു എന്ന് സർക്കാർ തന്നെ അവകാശപ്പെട്ടതാണ് ഇപ്പോൾ വിവാദമാകുന്നത്.

തിരുവനന്തപുരം തോന്നയ്ക്കലിലെ ലൈഫ് സയൻസ് പാർക്കിൽ 25 ഏക്കറിലായാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി സ്ഥാപിച്ചിരിക്കുന്നത്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ മേൽനോട്ടത്തിലാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം നടക്കുന്നത്. നിപായെ പ്രതിരോധിച്ച കേരള മോഡൽ ആഗോളതലത്തിൽ തന്നെ പ്രശംസ പിടിച്ചുപറ്റിയപ്പോഴാണ് കേരളത്തിന് സ്വന്തമായി ഒരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വേണമെന്ന ആവശ്യം ശക്തമായത്. .എച്ച് വൺ എൻ വൺ, വിവിധതരം പനികൾ തുടങ്ങി പകർച്ചവ്യാധികൾ അതിവേഗം കണ്ടെത്തി ചികിത്സ തുടങ്ങാം എന്നതാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വരുന്നതുകൊണ്ടുള്ള പ്രധാന നേട്ടം. പക്ഷെ അതിനായുള്ള കേരളത്തിന്റെ കാത്തിരിപ്പ് അനന്തമായി നീളുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP