Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്നാം ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് തമിഴ്‌നാട് പാകമാകുമ്പോൾ നേട്ടവും കോട്ടവും ആർക്കാവും? കോൺഗ്രസിനെ തൂത്തെറിഞ്ഞ തമിഴന്റെ ഹിന്ദി വിരുദ്ധതയിൽ ബിജെപിക്കും അടിപതറും; ഹിന്ദി പഠനത്തെ ദ്രാവിഡ സംസ്‌കാരത്തിനുമേലുള്ള ഭാഷാഅധിനിവേശ നീക്കമായി കാണുന്ന തമിഴ്‌നാട്ടിൽ രാഷ്ട്രീയ കരുക്കൾ നീക്കി ദ്രാവിഡ പാർട്ടികൾ

മൂന്നാം ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് തമിഴ്‌നാട് പാകമാകുമ്പോൾ നേട്ടവും കോട്ടവും ആർക്കാവും? കോൺഗ്രസിനെ തൂത്തെറിഞ്ഞ തമിഴന്റെ ഹിന്ദി വിരുദ്ധതയിൽ ബിജെപിക്കും  അടിപതറും; ഹിന്ദി പഠനത്തെ ദ്രാവിഡ സംസ്‌കാരത്തിനുമേലുള്ള ഭാഷാഅധിനിവേശ നീക്കമായി കാണുന്ന തമിഴ്‌നാട്ടിൽ രാഷ്ട്രീയ കരുക്കൾ നീക്കി ദ്രാവിഡ പാർട്ടികൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി ഭാഷാപഠനം നിർബന്ധമാക്കാൻ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം സ്‌കൂളുകളിൽ തീരുമാനിച്ചതോടെ തമിഴ്‌നാട്ടിൽ പ്രതിഷേധം ശക്തമാകുന്നു. കക്ഷിരാഷ്ട്രീയഭേദമന്യേയാണ് ഭാഷാപഠനത്തിലെ പുതിയ ശുപാർശക്കെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം അലയടിക്കുന്നത്. ഇതോടൊപ്പം സോഷ്യൽമീഡിയയിൽ പ്രതിഷേധ ട്വീറ്റുകളും ക്യാമ്പയിനിങ്ങുകളും പ്രചരിക്കുന്നുണ്ട്. മൂന്നാം ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നതോടെ തങ്ങൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കാനാണ് ഡിഎംകെയും എഐഎഡിഎംകെയും ശ്രമിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ ഘടകകക്ഷിയും സംസ്ഥാനത്തെ ഭരണകക്ഷിയുമായ എഐഎഡിഎംകെ കേന്ദ്രസർക്കാർ നിലാപടിനെതിരെ പരസ്യമായി തന്നെ രംഗത്തുവന്ന് കഴിഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തങ്ങൾക്കനുകൂലമായി ആഞ്ഞടിച്ച തരംഗത്തിന്റെ തുടർ തരംഗമായാണ് ഡിഎംകെ പുതിയ സംഭവവികാസങ്ങളെ കാണുന്നത്. നിലവിൽ തമിഴ്‌നാടിന്റെ ഹിന്ദി വിരുദ്ധത നേട്ടമാകുക പാർട്ടിക്ക് തന്നെയാകും എന്നാണ് ഡിഎംകെ നേതൃത്വം കരുതുന്നത്.

കേന്ദ്രസർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലാണ് എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദിയും ഇംഗ്ലീഷും ഉൾപ്പെടെ മൂന്നുഭാഷകൾ പഠിപ്പിക്കണമെന്ന് ശുപാർശ ചെയ്യുന്നത്. സംസ്ഥാനത്ത് പ്രാദേശിക ഭാഷ, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ മൂന്ന് ഭാഷകളടങ്ങിയ സമവാക്യമാണ് കസ്തൂരിരംഗൻ കമീഷന്റെ 500 പേജടങ്ങിയ റിപ്പോർട്ടിലുള്ളത്. ഹിന്ദി സംസാരിക്കാത്ത മുഴുവൻ സംസ്ഥാനങ്ങളിലും നഴ്‌സറി വിഭാഗം മുതൽ 12ാം തരം വരെയുള്ള ക്ലാസുകളിൽ ഹിന്ദി പഠന വിഷയമാക്കണമെന്നും ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിന്ദിയോടൊപ്പം ഇംഗ്ലീഷും മറ്റേതെങ്കിലും ആധുനിക ഇന്ത്യൻ ഭാഷയും ഉൾപ്പെടുത്തണമെന്നുമാണ് റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നത്. എന്നാൽ, മൂന്നാം ഭാഷയായി ഹിന്ദി പഠിപ്പിക്കണമെന്നത് അംഗീകരിക്കാനാകില്ലെന്നാണ് തമിഴ്‌നാട്ടിൽനിന്ന് ഉയരുന്ന നിലപാട്.

കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരേ തമിഴ്‌നാട്ടിലെ എല്ലാ രാഷ്ട്രീയകക്ഷികളും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധം വ്യാപകമായതോടെ സംസ്ഥാനത്ത് തമിഴും ഇംഗ്ലീഷും മാത്രമേ പഠിപ്പിക്കുകയുള്ളൂവെന്നും ഇതുവരെ തുടർന്ന രീതിയിൽ ഭാഷാപഠനം മുന്നോട്ടുപോകുമെന്നും എ.ഐ.ഡി.എം.കെ. നേതാവും തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രിയുമായ കെ.എ. സെങ്കോട്ടയ്യൻ വ്യക്തമാക്കി. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി ഭാഷാപഠനം നിർബന്ധമാക്കുന്നത് രാജ്യത്തിന്റെ വൈവിധ്യമായ സവിശേഷതകളെ തകർക്കുമെന്ന് ടി.ടി.വി. ദിനകരനും അഭിപ്രായപ്പെട്ടു. തമിഴരുടെ രക്തത്തിൽ ഹിന്ദിക്ക് സ്ഥാനമില്ലെന്നും തമിഴ്‌നാട്ടിൽ ഹിന്ദി അടിച്ചേൽപിക്കുന്നത് തേനീച്ചക്കൂടിന് കല്ലെറിയുന്നതിന് തുല്യമാണെന്നും ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ പറഞ്ഞു. ഈ വിഷയം ഡി.എം.കെ എംപിമാർ പാർലമന്റെിൽ ഉന്നയിക്കുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

ദക്ഷിണേന്ത്യയിൽ ഹിന്ദി നിർബന്ധ വിഷയമാക്കിയാൽ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാറിനെതിരെ ഡി.എം.കെയുടെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സ്റ്റാലിൻ പറഞ്ഞു. മൂന്ന് ഭാഷകളടങ്ങിയ രീതി ഞെട്ടിപ്പിക്കുന്നതാണ്. ഈ നിർദ്ദേശം രാജ്യത്തെ വിഭജിക്കും. ഇത് തമിഴ്‌നാട്ടിലെ ഡി.എം.കെ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ എതിർത്തിരുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു.

മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രൂപം തയ്യാറാക്കിയത്. സ്‌കൂളുകളിൽ മൂന്നുഭാഷ പഠിപ്പിക്കണമെന്നും കുട്ടികൾ നേരത്തെ തന്നെ മൂന്നുഭാഷകളിൽ പ്രാവീണ്യം നേടുന്നത് ഗുണകരമാകുമെന്നുമായിരുന്നു പുതിയ വിദ്യാഭ്യാസനയത്തിൽ പറഞ്ഞിരുന്നത്. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദിയും ഇംഗ്ലീഷും പ്രാദേശിക ഭാഷയും പഠിപ്പിക്കണമെന്നായിരുന്നു ശുപാർശ. ഹിന്ദി സംസാരിക്കുന്നിടത്ത് പകരമായി വേറെ ഏതെങ്കിലും ഭാഷ പഠിപ്പിക്കണമെന്നും കരട് നയത്തിൽ ശുപാർശ ചെയ്യുന്നു.

എന്നാൽ കേന്ദ്രസർക്കാരിന്റെ പുതിയ ശുപാർശക്കെതിരെ ട്വിറ്ററിൽ പ്രതിഷേധം വ്യാപകമാവുകയായിരുന്നു. StopHindiImposition, TNAgainstHindiImposition തുടങ്ങിയ ഹാഷ്ടാഗുകൾ ഉപയോഗിച്ചാണ് പ്രതിഷേധ ട്വീറ്റുകൾ നിറയുന്നത്. ഞങ്ങൾ ഇന്ത്യക്കാരാണെന്നും ഹിന്ദിക്കാരല്ലെന്നുമാണ് ട്വീറ്റുകളിൽ പറയുന്നത്. ഹിന്ദി നിർബന്ധഭാഷയാക്കുന്നതിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും ഇവർ ആവശ്യപ്പെടുന്നു.

അതേസമയം, ഒരു ഭാഷയും ആരിലും അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും എല്ലാ ഇന്ത്യൻ ഭാഷകളേയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കർ പറഞ്ഞു. കമ്മിറ്റി തയാറാക്കിയ കരട് മാത്രമാണിത്. പൊതുജനങ്ങളുടെ അഭിപ്രായമറിഞ്ഞ ശേഷമേ റിപ്പോർട്ട് നടപ്പാക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് രാഷ്ട്രീയം നിയന്ത്രിച്ച ഹിന്ദിവിരുദ്ധത

ദ്രാവിഡ സംസ്‌കാരത്തിനുമേൽ ബ്രാഹ്മണിസം അടിച്ചേൽപ്പിക്കാനുള്ള നീക്കമായിട്ടാണ് തമിഴൻ ഹിന്ദി വിദ്യാഭ്യാസം തങ്ങളുടെ നാട്ടിൽ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളെ കാണുന്നത്.രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും മുമ്പേ തുടങ്ങിയതാണ് തമിഴ്‌നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭം. 1937 ലെ തെരഞ്ഞെടുപ്പിനെ തുടർന്ന് മദ്രാസ് പ്രസിഡൻസിയിൽ സി രാജഗോപാലാചാരി മുഖ്യമന്ത്രിയായതിനെ തുടർന്നാണ് ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചത്. ഇതിനെതിരെ ശക്തമായ സമരമാണ് തമിഴ്‌നാട്ടിൽ അരങ്ങേറിയത്. ഇ വി രാമസ്വാമി നായ്ക്കരുടെ അന്നത്തെ ജസ്റ്റീസ് പാർട്ടിയും സമരം ഏറ്റെടുത്തതോടെ വലിയ പ്രക്ഷോഭമായി ഇത് മാറി. രണ്ടാം ലോകയുദ്ധത്തിൽ ഇന്ത്യ പങ്കാളിയായതിൽ പ്രതിഷേധിച്ച് രാജാജി സർക്കാർ രാജിവെച്ചപ്പോഴാണ് ഹിന്ദി നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ബ്രിട്ടൻ പിൻവലിച്ചത്.

കോൺഗ്രസിനെ തൂത്തെറിഞ്ഞതും ഹിന്ദി വിരുദ്ധത

1964ന്റെ അവസാന മാസങ്ങളിൽ ആരംഭിച്ച് 1965 ജനുവരി 25ന് അവസാനിച്ച രണ്ടാം ഹിന്ദി വിരുദ്ധ പ്രക്ഷോഭം കോൺഗ്രസിനെ സംസ്ഥാനത്തു നിന്നു തന്നെ പുറംതള്ളി. സ്വാതന്ത്ര്യാനന്തരം ദേശീയ ഭാഷയെ സംബന്ധിച്ച പല ചർച്ചകളേയും തുടർന്ന് 15 വർഷത്തേക്ക് ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി തുടരുമെന്നും അതിന് ശേഷം ഹിന്ദി ഉപയോഗപ്പെടുത്താമെന്നുമായിരുന്നു തീരുമാനം. 1965ൽ ഹിന്ദി പ്രാബല്യത്തിൽ വരുന്നതോടെ തങ്ങളുടെ തമിഴ് ഭാഷക്കാരെ രണ്ടാം തരക്കാരായി കാണുമെന്ന തോന്നലാണ് പ്രക്ഷോഭത്തിന് ഹേതുവായത്. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് ഭക്തവാചലം ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകൾ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിപ്പിക്കാൻ നിയമം പാസാക്കി. അതേസമയം, ഐ എ എസ് ഉൾപ്പെടെയുള്ള പരീക്ഷകൾക്ക് ഹിന്ദി അവിഭാജ്യമാണെന്നും ഭരണതലത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇംഗ്ലീഷിന് പകരം ഹിന്ദിയാക്കുമെന്നും പ്രധാനമന്ത്രി ലാൽബഹദൂർ ശാസ്ത്രിയും കേന്ദ്രമന്ത്രിമാരും പ്രഖ്യാപിച്ചതോടെ പ്രക്ഷോഭം ശക്തമായി.

സർവ മേഖലയും ഹിന്ദിയായിരിക്കണമെന്ന കേന്ദ്ര നിർദ്ദേശത്തെ എതിർത്തുകൊണ്ട് മധുര രാജാജി പൂങ്കാവിൽ നിന്നാരംഭിച്ച റാലിയിൽ പങ്കെടുത്ത മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റതാണ് സമരാഗ്‌നി സംസ്ഥാനമൊട്ടുക്കും വ്യാപിക്കാൻ കാരണമായത്. ആക്രമണ വിവരം അറിഞ്ഞതോടെ സംസ്ഥാനം കത്തിയെരിയാൻ തുടങ്ങി. ചെന്നൈ, ചിദംബരം, കോയമ്പത്തൂർ, തിരുനെൽവേലി, സേലം, കന്യാകുമാരി ജില്ലകളിൽ വലിയ സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു. പലയിടത്തും പട്ടാളവും സമരാനുകൂലികളും ഏറ്റുമുട്ടി. അണ്ണാമലൈ സർവകലാശാലയിലെ രാജേന്ദ്രൻ എന്ന വിദ്യാർത്ഥി പട്ടാളക്കാരന്റെ തോക്കിനിരയായത് പ്രശ്നം വഷളാക്കി. ഹിന്ദിയെക്കാൾ തങ്ങൾക്ക് തമിഴ് ഭാഷ വലുതാണെന്ന് പറഞ്ഞുകൊണ്ടാണ് തമിഴർ പ്രക്ഷോഭത്തിനിറങ്ങിയത്.

1965 ജനുവരിയിൽ പ്രക്ഷോഭം കൂടുതൽ ശക്തമായി. അണ്ണാ ദുരെയുടെ നിർദ്ദേശമനുസരിച്ച് സാധാരണക്കാരും വിദ്യാർത്ഥികളും രംഗത്തിറങ്ങിയത് ഭരണകൂടത്തെ ഞെട്ടിച്ചു. ചർച്ചകൾക്ക് സന്നദ്ധമാകാതെ സമരത്തെ അടിച്ചമർത്താനാണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ തീരുമാനിച്ചത്. സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരത്തിലുണ്ടായിരുന്നത് കോൺഗ്രസ് ആയിരുന്നു. ഈ നിലപാടെടുത്തതിന്റെ തിക്തഫലമായാണ് കോൺഗ്രസ് സംസ്ഥാനത്തു നിന്ന് പുറന്തള്ളപ്പെട്ടത്.

രണ്ട് മാസത്തോളംനീണ്ടുനിന്ന സമരത്തിൽ അഞ്ഞൂറോളം പേർ മരിച്ചു. ഔദ്യോഗിക കണക്ക് നൂറ്റമ്പത് പേർ മരിച്ചു എന്നാണ്. അഞ്ച് യുവാക്കൾ സ്വയം തീ കൊളുത്തി മരിച്ചു. ഒരു കോടിയിലേറെ നാശനഷ്ടമാണ് അന്ന് കണക്കാക്കിയത്. പതിനായിരക്കണക്കിന് വിദ്യാർത്ഥികളെ അറസ്റ്റു ചെയ്തു. കോളജുകളുൾപ്പടെ വിദ്യാലയങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടി. കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസിലെ തമിഴ്‌നാട്ടിൽ നിന്നുള്ള മന്ത്രിമാർ രാജി വെച്ച് ഹിന്ദി വിരുദ്ധ സമരത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP