Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബ്രിട്ടീഷ് മലയാളി ന്യൂസ് പേഴ്‌സൺ പുരസ്‌കാരം ബിബിസി ഷെഫ് ജോമോൻ കുര്യാക്കോസിന്; യുവപ്രതിഭാ പുരസ്‌കാരം സിബിബിസിയിൽ പാടിയ ഡെന്നാ ജോമോന്; സാധാരണക്കാരിയായി യുകെയിൽ എത്തി ബ്രിട്ടീഷ് സർക്കാർ ആശുപത്രിയിലെ ഉന്നത പദവിയിൽ എത്തിയ സീമാ സൈമണിന് നഴ്‌സിങ് പുരസ്‌കാരം: ബ്രിട്ടനിലെ മലയാളികളെ മറുനാടൻ കുടുംബം നിറഞ്ഞ സദസ്സിൽ ആദരിച്ചപ്പോൾ

ബ്രിട്ടീഷ് മലയാളി ന്യൂസ് പേഴ്‌സൺ പുരസ്‌കാരം ബിബിസി ഷെഫ് ജോമോൻ കുര്യാക്കോസിന്; യുവപ്രതിഭാ പുരസ്‌കാരം സിബിബിസിയിൽ പാടിയ ഡെന്നാ ജോമോന്; സാധാരണക്കാരിയായി യുകെയിൽ എത്തി ബ്രിട്ടീഷ് സർക്കാർ ആശുപത്രിയിലെ ഉന്നത പദവിയിൽ എത്തിയ സീമാ സൈമണിന് നഴ്‌സിങ് പുരസ്‌കാരം: ബ്രിട്ടനിലെ മലയാളികളെ മറുനാടൻ കുടുംബം നിറഞ്ഞ സദസ്സിൽ ആദരിച്ചപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കവൻട്രി: മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി ഓൺലൈൻ ദിനപത്രം വർഷം തോറും സംഘടിപ്പിക്കുന്ന ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിന് ഗംഭീര സമാപനം. കവൻട്രിയിലെ വില്ലെൻഹാൾ സോഷ്യൽ ക്ലബ്ബിൽ ആണ് അവാർഡ് നൈറ്റ് അരങ്ങേറിയത്. ബ്രിട്ടീഷ് മലയാളികളെ കഴിഞ്ഞ വർഷം സ്വാധീനിച്ച മൂന്നു പേരെ ആദരിച്ചുകൊണ്ടാണ് അവാർഡ് നൈറ്റ് അരങ്ങേറിയത്. 1500ൽ അധികം കാണികളാണ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയും പരിപാടിയിൽ പങ്കെടുത്തു.

ആഘോഷ നിറവിനിടയിൽ മൂന്നു പരിപാടികളായാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ, ബെസ്റ്റ് നഴ്‌സ്, യങ് ടാലന്റ് എന്നീ മൂന്നു വിഭാഗങ്ങളിലും അഞ്ചു വീതം ഫൈനലിസ്റ്റുകളെ നേരത്തെ നിശ്ചയിക്കുകയും വായനക്കാർ വോട്ടു ചെയ്യുകയും ചെയ്തിരുന്നു. ജോമോൻ കുര്യാക്കോസ് ആണ് ന്യൂസ് പേഴ്‌സണായി വിജയിച്ചത്. ബിബിസിയിലെ മാസ്റ്റർ ഷെഫ് എന്ന ലോക പ്രശസ്ത പരിപാടിയിൽ പങ്കെടുത്ത വ്യക്തിയാണ് ജോമോൻ. ആകെ പോൾ ചെയ്ത വോട്ടിന്റെ ഏതാണ്ട് 90 ശതമാനം നേടിയാണ് എന്ന ഷെഫ് വിജയിച്ചത്. ജിഎൻപിസി ഗ്രൂപ്പിൽ അടക്കം നടത്തിയ ക്യാമ്പയിന്റെ ഭാഗമായി ഏതാണ്ട് 40,000 വോട്ടുകളാണ് ജോമോൻ കുര്യാക്കോസിന് ലഭിച്ചത്. ചങ്കിടിപ്പിനൊടുവിൽ ജോമോനെ പ്രഖ്യാപിക്കുമ്പോൾ എങ്ങും കയ്യടി ആയിരുന്നു.

ബെസ്റ്റ് നഴ്സിനുള്ള പുരസ്‌കാരം തേടി എത്തിയത് മാഞ്ചസ്റ്ററിലെ സീമ സൈമണായിരുന്നു. സാധാരണ നഴ്സായി ജോലിയിൽ കയറി ബാൻഡ് 8 ആയി ഉയർന്ന സീമ സൈമണ് കിട്ടിയ പുരസ്‌കാരം യുകെയിലെ മുഴുവൻ മലയാളി നഴ്സുമാർക്കുമുള്ള അംഗീകാരമായി മാറി. കനത്ത മത്സരം നടന്ന യുവപ്രതിഭ പുരസ്‌കാരം നേടിയത് ബെഡ്ഫോർഡിലെ ഡെന്ന ജോമോനായിരുന്നു.

ബിബിസിയിൽ തിളങ്ങിയ ജോമോന് വോട്ടു ചെയ്ത് ഫേസ്‌ബുക്ക് കൂട്ടായ്മയും
യുകെ മലയാളികളുടെയും സായിപ്പിന്റെയും അടക്കം മുന്നിലെത്തുന്നവരുടെ എല്ലാം നാവിൽ തുമ്പിലേക്ക് രുചിയുടെ കൈപ്പുണ്യം വിളമ്പിയാണ് ജോമോൻ കുര്യാക്കോസ് യുകെ മലയാളികളുടെ ഹൃദയത്തിലിടം നേടിയത്. ബിബിസിയിലെ മാസ്റ്റർ ഷെഫിലൂടെ ലോകമെമ്പാടും പ്രശസ്തി നേടിയ ജോമോൻ കുര്യാക്കോസിനെ കൃത്യമായി വിജയിയായി കണ്ടെത്തിയതിന്റെ തെളിവായിരുന്നു ഇന്നലെ ജനശതങ്ങളെ സാക്ഷിയാക്കി നടന്ന ബ്രിട്ടീഷ് മലയാളി ന്യൂസ് മേക്കർ അവാർഡ് പ്രഖ്യാപനം. ഏറ്റവും അവസാനമാണ് ന്യൂസ് മേക്കർ പുരസ്‌കാരം പ്രഖ്യാപിച്ചത്. കാണികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന വിജയിക്ക് പ്രശസ്ത ഗായകൻ ജി വേണു ഗോപാൽ ആണ് പുരസ്‌കാരം സമ്മാനിച്ചത്. ന്യൂസ് മേക്കർ പുരസ്‌കാരത്തിനായി മത്സരിച്ച മറ്റുള്ളവരും വേദിയിൽ എത്തിയിരുന്നു.

അഞ്ചു പേരാണ് ബെസ്റ്റ് ന്യൂസ് പേഴ്സൺ അവാർഡിലേക്ക് മത്സരിച്ചത്. ഒന്നിനൊന്നു മികച്ച മത്സരാർത്ഥികളായിരുന്നു ഇത്തവണത്തേത്. ടാക്‌സി ഡ്രൈവിങ്ങിനിടയിൽ ഹരം കയറി സിഎ പരീക്ഷ പാസായി ചാർട്ടേർഡ് അക്കൗണ്ടന്റായി മാറിയ ഹള്ളിലെ രൂപേഷ് മാത്യു, ബ്രിട്ടനിലെ ഏറ്റവും അറിയപ്പെടുന്ന മലയാളി എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന പിയാനോ സംഗീത പ്രതിഭയും ഐടിവിയുടെ ദി വോയ്‌സിലൂടെ ബ്രിട്ടീഷ് ഗായക ലോകത്തെത്തി ഏറ്റവും കൂടുതൽ ആൽബങ്ങൾ വിൽക്കപ്പെടുന്ന ശബ്ദത്തിന്റെ ഉടമയായ മലയാളി പെൺകുട്ടി ഗായത്രി നായർ, ബിബിസി പ്രൈം ടൈം സീരിയൽ നായിക വരദ സേതു, നാടൻ പച്ചക്കറികൾ ബ്രിട്ടീഷ് മണ്ണിൽ വിളവെടുത്തു നൂറുകണക്കിനാളുകളെ അടുക്കള കൃഷിയിലേക്കു തിരിയാൻ പ്രേരിപ്പിച്ച ജിനേഷ് പോൾ എന്നിവരാണ് ജോമോൻ കുര്യാക്കോസിനൊപ്പം വാർത്താ താരമാകാൻ മത്സരിച്ചത്. ഇതിൽ നിന്നും ഏറ്റവും കൂടുതൽ വോട്ടു നേടിയാണ് വാർത്താ താരമായി ജോമോൻ തെരഞ്ഞെടുക്കപ്പെട്ടത്.

മത്സരിച്ച അഞ്ചുപേരും ഒരു പോലെ കഴിവുറ്റവർ ആയിരുന്നെങ്കിലും ജോമോന്റെ കൈപ്പുണ്യത്തിന്റെ രുചി അറിഞ്ഞ സായിപ്പന്മാരും ഫേസ്‌ബുക്ക് കൂട്ടായ്മ വഴി വോട്ട് അഭ്യർത്ഥിച്ചതും അതു ഫലം കണ്ടതുമാണ് അന്തിമവിധി ജോമോന് അനുകൂലമായത്. പരിചയക്കാരും സുഹൃത്തുക്കളുമായി നിരവധി പേരാണ് പിന്തുണയേകിയതെന്ന് ജോമോൻ തന്നെ പറയുന്നു. മൂന്നു പുരസ്‌കാരങ്ങളിലും കൂടി ജോമോൻ തന്നെയാണ് ഏറ്റവും അധികം വോട്ട് നേടിയത്. 26342 പേരാണ് ഇത്തവണ ന്യൂസ് പേഴ്സൺ ഓഫ് ദ ഇയർ വിഭാഗത്തിലേക്ക് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ നിന്നും അറുപതു ശതമാനത്തോളം വോട്ടാണ് ജോമോൻ നേടിയത്.

സുരേഷ് പിള്ളയ്ക്കു ശേഷം രണ്ടാം വട്ടവും ബിബിസി മാസ്റ്റർ ഷെഫിന്റെ അടുക്കള പരിസരത്തു മലയാളി സാന്നിധ്യം ഉണ്ടാക്കിയ വ്യക്തിയാണ് ഈസ്റ്റ് ആംഗ്ലിയയിലെ ബസിൽഡൺ എന്ന സ്ഥലത്തെ മലയാളി പാചക വിദഗ്ധൻ ആയ ജോമോൻ കുര്യാക്കോസ്. മത്സരത്തിൽ പങ്കെടുക്കാൻ എത്തിയ സെലിബ്രിറ്റികളെ ഇന്ത്യൻ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തിയാണ് ഇന്ത്യൻ മണം ബിബിസി മാസ്റ്റർ ഷെഫിൽ ഒരുക്കിയത്. പാചകത്തെ പ്രൊഫഷണൽ സമീപനത്തിൽ സ്വീകരിച്ചു, കച്ചവട ഫോർമുലകളെ രണ്ടാം സ്ഥാനത്തു നിർത്തി, സ്‌നേഹപൂർവ്വം ഉണ്ടാക്കി വിളമ്പിയാണ് ജോമോൻ നേട്ടങ്ങൾ സ്വന്തമാക്കിയത്.

എൻഎച്ച്എസിന്റെ കണ്ണിലുണ്ണിയാക്കിയ ഗവേഷണം; തൊട്ടതെല്ലാം പൊന്നാക്കി ബ്രിട്ടീഷ് മലയാളി നഴ്‌സിങ് താരവും
ബെസ്റ്റ് നഴ്‌സ് പുരസ്‌കാരത്തെ കാണികൾ ആകാംഷയോടെയാണ് കാത്തിരുന്നത്. ഒടുവിൽ ആകാംഷകൾക്കും അഭ്യൂഹങ്ങൾക്കും അറുതി വരുത്തി മാഞ്ചസ്റ്ററിലെ സീമാ സൈമൺ വാർത്താ താരമാകുകയായിരുന്നു. അവാർഡ് പ്രഖ്യാപനങ്ങൾ ആദ്യത്തേത് ആയിരുന്നു നഴ്സിങ് പുരസ്‌കാരം. ഒരു മാസത്തോളം നീണ്ടു നിന്ന ഓൺലൈൻ വോട്ടെടുപ്പിന്റെ അന്തിമ ഫലം എന്തെന്നറിയുവാനുള്ള ആകാംക്ഷ കാണികളിലും ഇരച്ചു കയറിയിരുന്നു. ഈ ആകാംക്ഷയെ കൊടുമുടിയിൽ എത്തിച്ചുകൊണ്ടാണ് നഴ്സിങ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് പെരിഓപ്പറേറ്റീവ് നഴ്‌സസ് വേൾഡ് പ്രസിഡന്റ് മോനാ ഗെകൈൻ ഫിഷർ ആണ് സീമയ്ക്ക് അവാർഡ് കൈമാറിയത്. മുൻ ബ്രിട്ടീഷ് മലയാളി അവാർഡ് ജേതാവ് മിനിജാ ജോസഫും നഴ്സിങ് പുരസ്‌കാരത്തിനായി മത്സരിച്ചവരും വേദിയിൽ എത്തിയിരുന്നു.

നഴ്സിങ് വിഭാഗത്തിലും ഒന്നിനൊന്നു മികച്ചവർ തന്നെയാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. യുകെയിലെ നഴ്സിങ് സമൂഹത്തിന്റെ ശമ്പള വർദ്ധനയടക്കമുള്ള അവകാശ പോരാട്ടത്തിന് ആർ സി എൻ ന്റെ മുൻനിരയിൽ നിന്നും പ്രവർത്തിക്കുന്ന എബ്രഹാം പൊന്നും പുരയിടത്തിൽ, അമേരിക്കൻ നഴ്സിങ് പുരസ്‌കാരമായ ഡെയ്സി അവാർഡ് നേടിയ നോട്ടിൻഹാമിലെ നിഷ തോമസ്, യുകെയിലെ നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കാൻ രൂപം നൽകിയ നഴ്സിങ് അസോസിയേറ്റഡ് പ്രോഗ്രാമിലെ ആദ്യ വിജയികളായ സ്റ്റോക് ഓൺ ട്രെന്റിലെ ജ്യോതിയും റെജുവും, ഒരൊറ്റ പ്രസവത്തിലെ നാല് കുട്ടികളിൽ മൂന്നു പേരും നഴ്‌സിങ് തിരഞ്ഞെടുത്ത സാഫോക് യൂണിവേഴ്‌സിറ്റി നഴ്സിങ് വിദ്യാർത്ഥികളായ അൻജെൽ, അലീറ്റ, അലീന എന്നിവരാണ് ഈ വർഷത്തെ നഴ്സിങ് പുരസ്‌കാരത്തിന് മത്സരിച്ചത്.

9948 പേരാണ് നഴ്സിങ് വിഭാഗത്തിലേക്ക് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ നിന്നും 40 ശതമാനത്തോളം വോട്ടാണ് സീമയ്ക്ക് ലഭിച്ചത്. അസുഖ അവധി എടുക്കാതെ ജോലിക്കെത്തിയാൽ പോലും പ്രത്യേക പരിഗണന ലഭിക്കുന്ന നാളുകളിൽ വൃദ്ധ ജനത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും നേരത്തെ വാർധക്യ ജന്യ രോഗം പിടികൂടുന്നത് തടയാനും ഉള്ള ഗവേഷണത്തിലാണ് മാഞ്ചസ്റ്ററിലെ മലയാളി നഴ്‌സ് സീമ ജിജു സൈമൺ.

നിലവിൽ ജെറിയാട്രിക് ആൻഡ് അക്യൂട്ട് മെഡിസിനിൽ ബാൻഡ് 8 എ അഡ്വാൻസ്ഡ് നഴ്‌സ് പ്രാക്ടീഷണർ ആയി ജോലി ചെയ്യുന്ന സീമ സൈമൺ തൊഴിൽ രംഗത്ത് ഇനിയും കയ്യെത്തി പിടിക്കാൻ അധികം പടവുകൾ ബാക്കിയില്ലെന്ന നിലയിലാണ്. മാഞ്ചസ്റ്റർ മെട്രോ പൊളിറ്റൻ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് ഫെല്ലോ ട്യൂട്ടറുമാണ് സീമ. ഇതിനൊപ്പം രോഗികളിൽ കിടക്കയിൽ നിന്നും ഉള്ള വീഴ്ച തടയുന്നതിനുള്ള പ്രത്യേക പദ്ധതിക്കുള്ള നിർദ്ദേശങ്ങൾ നൽകിയതോടെ മാഞ്ചസ്റ്റർ റോയൽ ഇൻഫെർമറി ട്രസ്റ്റ് പ്രത്യേക പുരസ്‌കാരം നൽകി ആദരിച്ചപ്പോൾ യുകെയിലെ മലയാളി നഴ്സുമാരുടെ സേവന മികവിനുള്ള മറ്റൊരു കയ്യൊപ്പായി അതു മാറുക ആയിരുന്നു.

സാധാരണ തൊഴിലുമായി ബന്ധപ്പെട്ട് ഉയരങ്ങൾ തേടുന്നവർക്കിടയിലും സീമക്ക് വേറിട്ട മുഖമാണ്. ജോലിയുടെ പ്രാരാബ്ധങ്ങളിൽ കുടുംബത്തെ പോലും വേണ്ട വിധം പരിചരിക്കാൻ സാധിക്കില്ലെന്ന പരാതികൾക്കിടയിലാണ് സീമ തന്റെയും ഭർത്താവിന്റെയും ജീവകാരുണ്യ പ്രവർത്തികളിലും സാമൂഹിക പ്രവർത്തനങ്ങളിലും മുഴുവൻ സമയവും സജീവമാകുന്നത്. ബ്രിട്ടീഷ് മലയാളിയുടേത് ഉൾപ്പെടെയുള്ള സാമൂഹിക സാംസ്‌കാരിക പരിപാടികളുടെ നിറ സാന്നിധ്യമായ സീമ മാഞ്ചസ്റ്റർ കേന്ദ്രമാക്കി മലയാളികളുടെ നേതൃത്വത്തിൽ പിറവി എടുത്ത ഉപഹാർ എന്ന ജീവകാരുണ്യ സംഘടനയുടെയും നിഴലായി പ്രവർത്തിക്കുകയാണ്.

വഴിത്തിരിവായത് സിബിബിസി തന്നെ; പിന്നാലെ ഡെന്നയെ തേടിയെത്തിയത് പാശ്ചാത്യ സംഗീത വേദികൾ
ആകാംക്ഷയുടെ മുന ഒടിച്ചുകൊണ്ടാണ് യുവ പ്രതിഭ പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. നോമിനേഷൻ റൗണ്ടിലെ വാശിയെല്ലാം പ്രകടമാക്കുന്നതായിരുന്നു അവാർഡ് പ്രഖ്യാപന വേദി. നോമിനേഷൻ റൗണ്ടിലെ വാശിയെല്ലാം പ്രകടമാക്കുന്നതായിരുന്നു അവാർഡ് പ്രഖ്യാപന വേദി. ഒന്നിനൊന്നു മികച്ച പോരാട്ടം കാഴ്ച വച്ച കുട്ടികളിൽ നിന്നും ഏറ്റവും കൂടുതൽ വോട്ടു നേടി വിജയിച്ചത് ഡെന്നാ ആൻ ജോമോൻ ആണ്. ജി വേണു ഗോപാൽ ആണ് ഡെന്നയ്ക്ക് അവാർഡ് കൈമാറിയത്. യംഗ് ടാലന്റ് പുരസ്‌കാരത്തിനായി മത്സരിച്ച മറ്റു കുട്ടികളും വേദിയിൽ എത്തിയിരുന്നു.

മുതിർന്നവരുടെ മത്സരത്തിനൊപ്പം തന്നെ കിടപിടിക്കുന്നതായിരുന്നു യംഗ് ടാലന്റ് അവാർഡിനുള്ള പോരാട്ടം. യുക്മ കലാതിലകം ശ്രുതി അനിലും ചെറുപ്രായത്തിൽ തന്നെ മികച്ച പാട്ടുകാരിയായി ടെസ്സ ജോൺ എന്നിവരും ജിസിഎസ്ഇ പരീക്ഷ ജേതാവ് നിമിഷാ നോബിയും അധികമാരും കയ്യെത്തിപിടിക്കാത്ത മികവിന് ഉദാഹരണമായി യുവ പൈലറ്റിന്റെ വേഷമിടാൻ തയ്യാറെടുക്കുന്ന അലൻ ജോബിയും ആണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.

ഇവരെയെല്ലാം പിന്തള്ളിക്കൊണ്ടാണ് ബെഡ്‌ഫോർഡിലെ ഒൻപാതം ക്ലാസുകാരിയായ ഡെന്നാ ജോമോൻ ബ്രിട്ടീഷ് അവാർഡ് നൈറ്റിന്റെ യംഗ് ടാലന്റ് പുരസ്‌കാരം നേടിയത്. 14661 പേരാണ് യംഗ് ടാലന്റ് വിഭാഗത്തിലേക്ക് വോട്ട് ചെയ്തത്. വാർത്താ താരം മത്സരം കഴിഞ്ഞാൽ ഏറ്റവും വാശിയേറിയ പോരാട്ടം നടന്നത് യംഗ് ടാലന്റ് പുരസ്‌കാരത്തിനാണ്. അൻപത് ശതമാനത്തോളം വോട്ടാണ് ഡെന്ന നേടിയത്.

ചെറുപ്പത്തിലേ പാട്ടു പഠിക്കാൻ ആരംഭിച്ച ഡെന്ന ഏറെ ശ്രമപ്പെട്ടാണ് മലയാളത്തെ തന്റെ കൈകളിൽ ഒതുക്കിയത്. കൂടെ പിന്തുണയുമായി അച്ഛൻ ജോമോൻ മാമ്മൂട്ടിലും 'അമ്മ ജിൻസിയും കൂടെ നിന്നു. പിതാവ് നയിക്കുന്ന സെവൻ ബീറ്റ്സ് മ്യൂസിക് ടീമിന് ഒപ്പമാണ് ആദ്യ അരങ്ങേറ്റം നടത്തിയത്. എന്നാൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ബ്രിട്ടനിലെ ടീൻ സ്റ്റാർ എന്ന പരിപാടിയിലൂടെയാണ്. ഇതു വഴിയാണ് ചാനൽ സിബിബിസിയിൽ എത്തിയത്. സിബിബിസിക്ക് വേണ്ടി ''ഗോട്ട് വാട്ട് ഇറ്റ് ടെക്‌സ്'' എന്ന മ്യൂസിക്കൽ ഷോയുടെ ഓഡിഷനിൽ മൂന്നു പ്രാവശ്യം തിളങ്ങിയ പ്രശസ്തിയും ഡെന്നക്ക് ഒപ്പമുണ്ട്.

കർണാടിക് സംഗീതത്തിൽ ലെവൽ ഒന്നും രണ്ടും മൂന്നും ഡിസ്റ്റിങ്ഷനും നേടിയിട്ടുണ്ട്. പാട്ടിനൊപ്പം നല്ല സുന്ദരമായി ശാസ്ത്രീയ നൃത്തം വേദിയിൽ അവതരിപ്പിക്കാനും ഡെന്ന മിടുക്കിയാണ്. ബെഡ്ഫോർഡ്ഷയറിലെ മ്യൂസിക് ഫെസ്റ്റിൽ ഏഷ്യൻ വിഭാഗത്തിൽ വിജയി ആയതും ബർമിങ്ഹാം അരീനയിൽ നടന്ന ടീൻ സ്റ്റാർ പരിപാടിയിൽ ഫൈനലിൽ എത്തിയതും ഡെന്ന എന്ന പാട്ടുകാരിയുടെ കരിയർ ഗ്രാഫ് ഉയരങ്ങൾ തേടുകയാണ് എന്നാണ് തെളിയിക്കുന്നത്.

ബെഡ്‌ഫോർഡ് കൗൺസിൽ നടത്തിയ തിരഞ്ഞെടുപ്പിൽ 2017ലെ മികച്ച പാട്ടുകാരിയായും ഡെന്ന അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈ വർഷം നടക്കുന്ന ലീഗലി ബ്ലോണ്ട് മ്യൂസിക്കൽ എന്ന പരിപാടിയിലും ഓഡിഷൻ പൂർത്തിയാക്കി ഡെന്ന ക്ഷണിക്കപ്പെട്ടിരിക്കുകയാണ്. രണ്ടു വർഷം മുൻപ് പുറത്തിറങ്ങിയ ആത്മഭോജ്യം, കഴിഞ്ഞ വർഷം റിലീസ് ചെയ്ത ദി ഗ്ലോറി റ്റു ഗോഡ് എന്നീ സംഗീത ആൽബങ്ങളിൽ ഡെന്ന പാടിയ പാട്ടുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഗായകൻ വിജയ് യേശുദാസിനൊപ്പം പാടിയ ഡെന്ന സിങ് വിത് സ്റ്റീഫൻ ദേവസി പരിപാടിയിൽ റണ്ണർ അപ് ആയിരുന്നു. ഫ്ളവേഴ്സ് ടിവിയിലെ ഓണരഥം എന്ന പരിപാടിയിലും ഏതാനും വർഷം മുൻപ് ഡെന്ന പങ്കെടുത്തിട്ടുണ്ട്. യുകെയിലെ ബൈബിൾ കലോത്സവ വേദികളിൽ നിന്നും നിരവധി പുരസ്‌കാരങ്ങൾ വീട്ടിൽ എത്തിക്കാനും ഡെന്നയ്ക്കു പാട്ടിലൂടെ കഴിഞ്ഞിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP