Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്നിച്ചു നിന്നു സഖ്യമായി മത്സരിച്ചപ്പോൾ ലഭിച്ചത് 28ൽ രണ്ട് സീറ്റുകൾ മാത്രം; ജെഡിഎസുമായി സഖ്യമില്ലാതെ മത്സരിച്ച തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് കുതിച്ച് കോൺഗ്രസ്; ലോക്‌സഭയിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ വന്ന ഫലത്തിൽ അന്തംവിട്ട് നേതാക്കളും; കോൺഗ്രസ് അടിത്തറ സുസജ്ജമെന്ന് വ്യക്തമാകുമ്പോൾ ലോക്‌സഭാ തോൽവിക്ക് കാരണം സഖ്യത്തിലെ കല്ലുകടിയെന്നും തെളിയുന്നു

ഒന്നിച്ചു നിന്നു സഖ്യമായി മത്സരിച്ചപ്പോൾ ലഭിച്ചത് 28ൽ രണ്ട് സീറ്റുകൾ മാത്രം; ജെഡിഎസുമായി സഖ്യമില്ലാതെ മത്സരിച്ച തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് കുതിച്ച് കോൺഗ്രസ്; ലോക്‌സഭയിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ വന്ന ഫലത്തിൽ അന്തംവിട്ട് നേതാക്കളും; കോൺഗ്രസ് അടിത്തറ സുസജ്ജമെന്ന് വ്യക്തമാകുമ്പോൾ ലോക്‌സഭാ തോൽവിക്ക് കാരണം സഖ്യത്തിലെ കല്ലുകടിയെന്നും തെളിയുന്നു

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകത്തിലുണ്ടായ ഞെട്ടിക്കുന്ന തോൽവി കോൺഗ്രസിനെ കുറച്ചൊന്നുമല്ല വിഷമത്തിലാക്കിയത്. ആകെയുള്ള 28 സീറ്റിൽ രണ്ടിടത്ത് മാത്രമാണ് ജെഡിഎസ്- കോൺഗ്രസ് സഖ്യത്തിന് ലഭിച്ചത്. എന്നാൽ, ഇപ്പോൾ സഖ്യമില്ലാതെ മത്സരിച്ച തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കർണാടകത്തിൽ മിന്നുന്ന പ്രകടനാണ് കോൺഗ്രസ് കാഴ്‌ച്ചവെച്ചത്. ഇത് വ്യക്തമാക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ഇടയാക്കിയത് അണികൾ ഇഷ്ടപ്പെടാതിരുന്ന സഖ്യമായിരുന്നു എന്നു തന്നെയാണ്.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മികച്ച വിജയമാണ് നേടാൻ സാധിച്ചത്. 61 തദ്ദേശ സ്ഥാപനങ്ങളിലായി 1361 സീറ്റുകളിലേക്കാണ് മത്സരം നടന്നത്. അതിൽ ഫലമറിവായ 1221 സീറ്റുകളിൽ 509 സീറ്റും കോൺഗ്രസ് നേടി. ബിജെപി 366, ജെഡിഎസ് 174, സ്വതന്ത്രർ 160 എന്നിങ്ങനെയാണ് മറ്റു സീറ്റുനില. ടൗൺ മുനിസിപ്പാലിറ്റി, സിറ്റി മുനിസിപ്പാലിറ്റി വിഭാഗങ്ങളിൽ കോൺഗ്രസ് മുന്നേറ്റം ദൃശ്യമായപ്പോൾ ടൗൺ പഞ്ചായത്തുകളിൽ ബിജെപിയാണ് നേട്ടമുണ്ടാക്കിയത്.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ജെഡിഎസ് സഖ്യത്തിന് ഒറ്റ സീറ്റുമാത്രമാണ് കർണാടകയിൽ നേടാനായത്. 28ൽ 25 സീറ്റും ബിജെപി തൂത്തുവാരി. തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ജെഡിഎസ്സും തനിച്ചാണ് മത്സരിച്ചത്. താഴെത്തട്ടിൽ കോൺഗ്രസ് പാർട്ടിക്ക് ഇപ്പോഴും സ്വാധീനമുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. തോൽവിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിടത്താണ് കോൺഗ്രസി മിന്നുന്ന പ്രകടനം കാഴ്‌ച്ചവെച്ചത്. ഇത് നേതാക്കളെ തന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ വർഷം 105 തദ്ദേശസ്ഥാപനങ്ങളിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിൽ 982 സീറ്റ് കോൺഗ്രസും 929 സീറ്റ് ബിജെപിയും 375 സീറ്റ് ജെഡിഎസും നേടിയിരുന്നു. മെയ്‌ 29നായിരുന്നു വോട്ടെടുപ്പ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ 28ൽ 25 സീറ്റുകളും നേടി വലിയ വിജയം സ്വന്തമാക്കിയ ബിജെപി തദ്ദേശ തെരഞ്ഞെടുപ്പിൽ പിന്നിലാണ്. എല്ലാ സിറ്റി മുനിസിപ്പാലിറ്റികളിലും ടൗൺ മുനിസിപ്പാലിറ്റികളിലും കോൺഗ്രസ് മുന്നേറ്റം നടത്തിയപ്പോൾ പഞ്ചായത്തുകളിൽ മാത്രമാണ് ബിജെപി പിടിച്ചു നിന്നത്.

സിറ്റി മുനിസിപ്പാലിറ്റികളിലെ 90 സീറ്റുകൾ കോൺഗ്രസ് നേടി. 56 സീറ്റുകളിൽ ബിജെപി വിജയിച്ചപ്പോൾ 38 സീറ്റുകളിൽ ജെ.ഡി.എസ് ജയിച്ചു. ടൗൺ മുനിസിപ്പാലിറ്റിയിലെ 322 സീറ്റിൽ കോൺഗ്രസും 184 സീറ്റിൽ ബിജെപിയും 102 സീറ്റിൽ ജെ.ഡി.എസും ജയിച്ചു. ഇനി ഫലം പുറത്തുവരാനുള്ള പല സീറ്റുകളിലും കോൺഗ്രസും ജെ.ഡി.എസും ലീഡ് ചെയ്യുകയാണ്.

അതേസമയം ബാലറ്റ് ഉപയോഗിച്ചു നടന്ന തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് മുന്നിട്ടു നിന്നത്. ലോക്‌സഭയിൽ ഉപയോഗിച്ചതാകട്ടെ വോട്ടിങ് മെഷീനും. ഇതോടെ വോട്ടിങ് യന്ത്രത്തിൽ അട്ടിമറി ആരോപണവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP