Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടാം മോദി സർക്കാരിൽ ധനമന്ത്രി ആയതോടെ നിർമ്മല സീതാരാമൻ കുറിക്കുന്നത് മറ്റൊരു ചരിത്രം; ഇന്ദിരാ ഗാന്ധി കഴിഞ്ഞാൽ പ്രതിരോധ വകുപ്പും ധനവകുപ്പും കൈകാര്യം ചെയ്ത വനിത എന്ന ഖ്യാതി ഇനി ഈ ഉരുക്കുവനിതക്ക്; പ്രാപ്തമായ കൈകളിലേക്ക് രാജ്യത്തിന്റെ ഖജനാവിന്റെ ചുമതല ഏൽപ്പിച്ചു കൊടുത്ത മോദിയുടെ നടപടിയെ പ്രതീക്ഷയോടെ ഉറ്റുനോക്കി രാജ്യവും ലോകവും; നിർമലയിലൂടെ സർക്കാർ തയ്യാറെടുക്കുന്നത് വൻ സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക്

രണ്ടാം മോദി സർക്കാരിൽ ധനമന്ത്രി ആയതോടെ നിർമ്മല സീതാരാമൻ കുറിക്കുന്നത് മറ്റൊരു ചരിത്രം; ഇന്ദിരാ ഗാന്ധി കഴിഞ്ഞാൽ പ്രതിരോധ വകുപ്പും ധനവകുപ്പും കൈകാര്യം ചെയ്ത വനിത എന്ന ഖ്യാതി ഇനി ഈ ഉരുക്കുവനിതക്ക്; പ്രാപ്തമായ കൈകളിലേക്ക് രാജ്യത്തിന്റെ ഖജനാവിന്റെ ചുമതല ഏൽപ്പിച്ചു കൊടുത്ത മോദിയുടെ നടപടിയെ പ്രതീക്ഷയോടെ ഉറ്റുനോക്കി രാജ്യവും ലോകവും; നിർമലയിലൂടെ സർക്കാർ തയ്യാറെടുക്കുന്നത് വൻ സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രണ്ടാം മോദി സർക്കാർ അധികാരം ഏറ്റെടുക്കുമ്പോൾ ലോകമാകെ ഉറ്റുനോക്കിയത് ആരാകും ഇന്ത്യയുടെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുക എന്നായിരുന്നു. കഴിഞ്ഞ മോദി സർക്കാർ ഏറ്റവുമധികം പഴി കേൾക്കേണ്ടി വന്ന വകുപ്പായിരുന്നു ധനകാര്യം. അതുകൊണ്ടുതന്നെ ഇത്തവണ ഏറെ ശ്രദ്ധയോടെ മാത്രമേ ധനകാര്യം ആരെയെങ്കിലും ഏൽപ്പിക്കു എന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾക്കും ഉറപ്പായിരുന്നു. വകുപ്പുകൾ വിതരണം ചെയ്തപ്പോൾ മോദി ഏവരെയും വിസ്മയിപ്പിച്ചു. അർഹമായ കൈകകളിലും പ്രാപ്തമായ നേതാവിലും ധനവകുപ്പ് വെച്ചുകൊടുത്തു പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്യങ്ങളെ കാര്യപ്രാപ്തിയോടെ കൈകാര്യം ചെയ്യാനറിയാവുന്ന നിർമ്മല സിതാരാമൻ അങ്ങനെ ഇന്ത്യൻ ധനമന്ത്രിയായി.

ഇന്ദിരക്കു ശേഷം

കഴിഞ്ഞ മന്ത്രിസഭയിൽ നിർമ്മല സീതാരാമനായിരുന്നു ഇന്ത്യയുടെ പ്രതിരോധ മന്ത്രി. ഇത്തവണ ധനമന്ത്രിയും നിർമ്മല തന്നെ. ഇന്ദിരാഗാന്ധി മാത്രമാണ് ഇതിന് മുമ്പ് ഈ രണ്ടു വകുപ്പുകളും കൈകാര്യം ചെയ്ത വനിത. അവരാകട്ടെ അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. അതുകൊണ്ടു തന്നെ ഇന്ദിരാ ഗാന്ധിക്കു ശേഷം സുപ്രധാനമായ രണ്ടു വകുപ്പുകൾ കൈകാര്യം ചെയ്യാൻ അവസരം ലഭിച്ച വനിതയാണ് നിർമ്മല സീതാരാമൻ. ധനവകുപ്പിൽ സഹമന്ത്രിയായി ഇതിനു മുമ്പ് ഇവർ പ്രവർത്തിച്ചിട്ടുണ്ട്. വാണിജ്യ വകുപ്പിൽ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായും കമ്പനികാര്യ സഹമന്ത്രിയായും ഒക്കെ സേവനമനുഷ്ഠിച്ചിട്ടുള്ള നിർമലാ സീതാരാമന് ധനകാര്യം പരിചയമില്ലാത്ത മേഖലയല്ല.

കഴിഞ്ഞ സർക്കാരിലെ മിന്നൽപ്പിണർ

പുൽവാമ ഭീകരാക്രമണത്തിന് പാക് തീവ്രവാദികൾക്ക് കനത്ത തിരിച്ചടി നൽകിയ ബലാക്കോട്ട് മിന്നലാക്രമണവും നിർമല സീതാരാമന്റെ തൊപ്പിയിലെ പൊൻതൂവലാണ്. റഫാൽ ഇടപാട് കേന്ദ്ര സർക്കാരിനെതിരെ രാഹുൽഗാന്ധി പാർലമെന്റിൽ ബ്രഹ്മാസ്ത്രമായി പ്രയോഗിച്ചപ്പോൾ സർക്കാരിന് കവചം തീർത്തത് നിർമ്മലയായിരുന്നു. ഓഖി ദുരന്തം കേരളത്തെ നടുക്കിയപ്പോൾ കടലിന്റെ മക്കളുടെ രോഷത്തിന് മുന്നിലും പതറാതെ നിന്ന നിർമ്മല അന്ന മലയാളികൾക്കും വിസ്മയമായിരുന്നു.

കഴിഞ്ഞ അഞ്ചുവർഷം കൈകാര്യം ചെയ്തത് പരിചയം ഇല്ലാത്ത പ്രതിരോധ മേഖലയാണ് എങ്കിൽ ഇനിയുള്ള 5 വർഷം നിർമല സീതാരാമൻ കൈകാര്യം ചെയ്യേണ്ടത് തന്റെ സ്വന്തം പ്രവർത്തന മേഖല തന്നെയാണ്. ജെഎൻയുവിൽ നിന്ന് ജെഎൻയുവിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി എടുത്തിട്ടുള്ള നിർമ്മല സീതാരാമൻ രാഷ്ട്രീയത്തിലെത്തും മുൻപ് വിവിധ മൾട്ടിനാഷണൽ കമ്പനികളിൽ ഉദ്യോഗസ്ഥയായിരുന്നു.

രാഷട്രീയവുമായി അകന്നു നിന്ന ആദ്യനാളുകൾ

1959 ഓഗസ്റ്റ് 18ന് തമിഴ്‌നാട്ടിലെ മധുരയിലാണ് നിർമല സീതാരാമന്റെ ജനനം. റെയിൽവേയിൽ ഉദ്യോഗസ്ഥനായ നാരായൺ സീതാറാമിന്റെയും വീട്ടമ്മയായ സാവിത്രിയുടെയും മകളായി ജനനം. വളരെ കണിശ സ്വഭാവക്കാരനായിരുന്നു നിർമലയുടെ അച്ഛൻ. ചിട്ടവട്ടങ്ങൾക്കനുസരിച്ച് മകളെ വളർത്തിയപ്പോൾ സാഹിത്യകുതുകിയായ അമ്മ കുട്ടികൾക്ക് കൂട്ടായി പുസ്തകങ്ങൾ നൽകി. കുട്ടിക്കാലത്ത ഈ ശീലങ്ങളും അറിവുമാണ് ഇന്ത്യയുടെ സുപ്രധാന സ്ഥാനം വരെ നിർമ്മലയെ എത്തിച്ചത്. റയിൽവേയിലെ അച്ഛന്റ ജോലി കാരണം അടിക്കടിയുള്ള സ്ഥലംമാറ്റം നിർമ്മലയ്ക്ക് സമ്മാനിച്ചത് ഒട്ടേറെ ജീവിതാനുഭവങ്ങളാണ്. പിന്നീടുള്ള ആത്മവിശ്വാസത്തിന് അത് അടിത്തറയായി.

തിരുച്ചിറപ്പള്ളി സീതാലക്ഷ്മി രാമസ്വാമി കോളേജിൽ നിന്ന് ബിരുദം നേടിയ മികവ് ഡൽഹിയില ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ നിർമ്മലയെ എത്തിച്ചു. അവിടെ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും പിന്നീട് എംഎഫിലും ഡോക്ടറേറ്റും നേടി. വികസ്വര രാജ്യങ്ങളിൽ ആഗോള വത്കരണം വരുത്തിയ പ്രതിഫലമായിരുന്നു നിർമലയുടെ പ്രിയപ്പെട്ട വിഷയം. ഇതാണ് ഇന്ത്യയുടെ വാണിജ്യമന്ത്രി പദത്തിലേക്ക് അവരെയെത്തിച്ചതിന് പിന്നിലെ പ്രധാന കാരണം.ഇടതു ബുദ്ധിജീവികളുട പഠനക്കളരിയായ ജെഎൻയു വിലെ കാമ്പസിൽ പോലും രാഷ്ട്രീയ മോഹങ്ങൾ ഒന്നും നിർമ്മലയ്ക്ക് ഉണ്ടായിരുന്നില്ല എന്നത് ഇപ്പോൾ ഒരു വൈരുദ്ധ്യമായി കാണാം.

കുറച്ചു കാലം മാധ്യമപ്രവർത്തനം നടത്തിയ ചരിത്രവും നിർമ്മലയ്ക്കുണ്ട്. പഠനത്തിനു ശേഷം പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിലും ബിബിസിയിലും ജോലി ചെയ്തുകൊണ്ടാണ് നിർമല തന്റെ കരിയർ ആരംഭിക്കുന്നത്. 1986ലാണ് ആന്ധ്രാ സ്വദേശിയായ പരകാലാ പ്രഭാകറിനെ നിർമല വിവാഹം കഴിക്കുന്നത്. തുടർന്ന് ഭർത്താവിന്റ ഗവേഷണ പഠനത്തിനായി ലണ്ടനിലേക്ക് പറിച്ചു നട്ട ജീവിതം ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തുന്നത് 1991ലാണ് .കോർപ്പറേറ്റ് വിദഗ്ദ്ധനായിരുന്നു ഭർത്താവിനൊപ്പം ആന്ധ്രയിലെ നർസാപുരത്താണ് സ്ഥിരതാമസമാക്കിയത്.

1991ൽ ഗർഭിണിയായിരുന്ന നിർമ്മല , ആന്ധ്രയിലെ ചൂടു സഹിക്കാനാവാതെ ചെന്നെയിലേയ്ക്കു പോകുന്നു. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്താണ് ലോക്‌സഭാ പ്രചരണം നടക്കുന്നത്. തെരഞ്ഞെടുപ്പു പ്രചരണത്തിനായി തമിഴ്‌നാട്ടിലെത്തിയ പ്രധാനമന്ത്രി രാജീവ്ഗാന്ധി പെരുംപതൂരിൽ കൊല്ലപ്പെട്ടു. തുടർന്ന് ചൈന്നെയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ നിർമ്മലാ സീതാരാമൻ മൂന്നു ദിവസമാണ് ചെന്നെയിലെ ആശുപത്രിയിൽ കുട്ടിയുമായി കുടുങ്ങിയത്. തുടർന്ന് സമാധാനത്തിന്റെ വെള്ളക്കൊടി കെട്ടിയ കാറിൽ ഡോക്ടറാണ് നിർമ്മലയെ വീട്ടിലെത്തിക്കുന്നത്.

രാഷ്ട്രീയത്തിലേക്ക്

രണ്ടായിരത്തിന്റെ തുടക്കത്തിലാണ് നിർമ്മല സജീവ രാഷ്ട്രീയവുമായി ബന്ധപ്പടുന്നത്. ഭർത്താവ് പ്രഭാകറിന്റ കുടുംബത്തിന്റ രാഷ്ട്രീയ പാരമ്പര്യം നിർമ്മല ഏറ്റടുക്കുകയായിരുന്നു. 1970കളിൽ ആന്ധ്രയിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രധാനികളായിരുന്നു ഭർത്താവിന്റെ അച്ഛനും അമ്മയും. പ്രഭാകറും കോൺഗ്രസ് അനുഭാവി ആയിരുന്നു. എന്നാൽ ചിരംജീവി പ്രജാരാജ്യം രൂപീകരിച്ചപ്പോൾ അതിൽ ചേർന്നു. എന്നാൽ തുടർന്ന് അവിടെ നിന്നും ബിജെപിയിലും പ്രഭാകർ എത്തി. ഭാരവാഹി പട്ടികയിൽ മൂന്നിലൊന്നു ഭാഗം വനിതകൾക്കായി ബി ജെപി മാറ്റിവച്ചപ്പോൾ നിർമ്മലയും അതിൽ ചേർന്നു. അതായിരുന്നു തുടക്കം.

വിദ്യാഭ്യാസ രംഗമായിരുന്നു നിർമ്മലയുടെ ആദ്യതട്ടകം. ലണ്ടനിൽ നിന്നു മടങ്ങിയതിനു ശേഷം പാവപ്പെട്ട കുട്ടികൾക്കായി ഒരു സ്‌ക്കൂൾ സ്ഥാപിച്ച് അതിന്റ പ്രവർത്തനങ്ങളിലായിരുന്നു നിർമ്മല മുഴുകിയിരുന്നത്. അദ്വാനിയുട രഥയാത്രയും അതേതുടർന്ന് രാജ്യമെമ്പാടും ബിജപിക്കനുകൂല തരംഗവും ഉണ്ടായ കാലം. ആന്ധ്രയിലെ രാ്ഷ്ട്രീയ മാറ്റങ്ങൾ തെലുങ്കുദേശം എൻഡിഎയിൽ ശക്തമായ കക്ഷിയായപ്പോൾ രഘുശങ്കർ പ്രസാദിന്റ നേതൃത്വത്തിൽ ബി ജെപിയും സമാന്തരമായി ആന്ധ്രയിൽ വളർന്നുവന്നു. നിർമ്മലയുടെ പ്രവർത്തനം ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ടപ്പോൾ ദേശീയ വനിതാ കമ്മിഷനിലേയ്ക്ക് നിർമ്മല 2003ൽ എത്തി. അങ്ങിന സുഷമാ സ്വരാജുമായി നിർമ്മല സൗഹൃദം സ്ഥാപിക്കുന്നു.

2006 ൽ ബിജെപിയിൽ ചേർന്ന നിർമല കർണാടകത്തിൽ നിന്നാണ് രാജ്യസഭയിലെത്തിയത്. ഒഴുക്കുള്ള ഇംഗ്‌ളീഷും സൗമ്യവ്യക്തിത്വവും മൂലം ബിജെപിയുടെ വക്താക്കളിൽ ഒരാളായിട്ടായിരുന്നു നിർമ്മലയുടെ ദേശീയ അരങ്ങേറ്റം. പിന്നീട് 2010 ൽ നിഥിൻ ഗഡ്കരിയുടെ പ്രത്യേക താൽപര്യ പ്രകാരം നിർമല ബിജെപിയുടെ ഔദ്യോഗിക വക്താവായി. പാർട്ടിയുടെ സമ്മർദ്ദ ഘട്ടങ്ങളിലെല്ലാം നിർമ്മലയുടെ വാക്ക് പ്രതിരോധ കവചം തീർത്തു. നരേന്ദ്ര മോദിയെ ദേശീയ നേതാവെന്ന പ്രതിഛായയിലേക്കുയർത്താൻ നിർമല വഹിച്ച പങ്ക് ചെറുതല്ല.

'സമചിത്തതയോടെ എല്ലാകാര്യങ്ങളേയും സമീപിക്കുക എന്നതാണ് എനിക്കു കിട്ടിയ ഏറ്റവും നല്ല ഉപദേശം. ഞാൻ എപ്പോഴും അങ്ങിനെയാണ്. സമവായത്തിന്റ വഴിയാണ് തെരഞ്ഞെടുക്കുക. അതിരൂക്ഷമായ പ്രതികരണം ഒരിക്കലും എന്നിൽ നിന്നുണ്ടാവില്ല.' - ഈ വാക്കുകളിൽ നിർമ്മലാ സീതാരാമന്റ ജീവിതവുമുണ്ട്.

മാധ്യമരംഗത്ത ജോലി നല്കിയ പരിചയം മൂലം പത്രക്കുറിപ്പുകൾ സ്വന്തമായി തയ്യാറാക്കുന്ന പതിവും നിർമ്മലയ്ക്കുണ്ട്. അക്ഷരങ്ങളെ സ്നേഹിക്കുന്ന പുസ്തകപ്രേമി, കർണ്ണാടക സംഗീതത്തെുയും കൃഷ്ണ ആരാധനയും ഇഷ്ടപ്പടുന്ന ദക്ഷിണേന്ത്യക്കാരി, സർവ്വോപരി കുടുംബ ബന്ധങ്ങൾക്ക് വലിയ വില നല്കുന്ന കുടുംബിനി. നിർമ്മല സീതാരാമൻ മാതൃകയാകുന്നത് ഇങ്ങനെയൊക്കെയാണ്.

വൻ സാമ്പത്തിക പരിഷ്‌കാരങ്ങളെന്ന് സൂചന

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ നൂറ് ദിവസത്തെ അജണ്ടകളിൽ വൻ സാമ്പത്തികപരിഷ്‌കാരങ്ങളുമെന്ന് സൂചന. വിദേശനിക്ഷേപവും പൊതുമേഖലയിലെ സ്വകാര്യവത്കരണവും, വ്യവസായങ്ങൾക്ക് വൻ സഹായവും കർഷകസഹായ പദ്ധതികളും സർക്കാരിന്റെ ആദ്യ നൂറ് ദിന കർമപരിപാടികളിൽ ഇടം നേടിയേക്കും.

തൊഴിൽ നിയമങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ വരാനാണ് സാധ്യത. എയർ ഇന്ത്യയടക്കം 42 പൊതുമേഖലാ കമ്പനികൾ സ്വകാര്യവത്കരിച്ചേക്കും, വ്യവസായങ്ങൾക്കായി ഭൂബാങ്ക് അടക്കമുള്ള മാറ്റങ്ങളും കൊണ്ടു വരാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സിന് നൽകിയ അഭിമുഖത്തിൽ നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ സാമ്പത്തിക വളർച്ച കുറഞ്ഞു. ഇന്ത്യ ഇടത്തരം വരുമാനക്കെണിയിലേക്ക് പോകുകയാണെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് തന്നെ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് രണ്ടാം മോദി സർക്കാർ വൻ സാമ്പത്തിക പരിഷ്‌കരണ നടപടികൾക്ക് ഊന്നൽ നൽകുന്നത് .

മാറ്റങ്ങളുടെ ചുക്കാൻ പിടിക്കുക നീതി ആയോഗ് തന്നെയാകുമെന്നാണ് സൂചന. ആദ്യം പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി ചെയ്ത സമൂല മാറ്റങ്ങളിലൊന്ന് ആസൂത്രണ കമ്മീഷൻ പിരിച്ചുവിട്ട് പുതിയ നീതി ആയോഗ് എന്ന ഭരണഘടനാസ്ഥാപനം രൂപീകരിക്കലായിരുന്നു.

44 തൊഴിൽ നിയമങ്ങളെ, നാല് കോഡുകളാക്കി തിരിക്കാനാണ് പുതിയ നിയമഭേദഗതി ലക്ഷ്യമിടുന്നത്. വേതനം, വ്യവസായവികസനം, സാമൂഹ്യസുരക്ഷ, തൊഴിൽ സുരക്ഷ എന്നീ വിഭാഗങ്ങളാക്കി തൊഴിൽ നിയമങ്ങളെ തരം തിരിച്ച് ഒറ്റ കുടക്കീഴിൽ കൊണ്ടുവരും. അങ്ങനെ സങ്കീർണമായ തൊഴിൽ നിയമങ്ങളെ ലളിതമാക്കും.

പൊതുമേഖലാ കമ്പനികൾ ഉപയോഗിക്കാതിരിക്കുന്ന, ഭൂമിയും മറ്റ് വസ്‌കുക്കളുടെയും വിവരങ്ങൾ ശേഖരിച്ച് ഭൂബാങ്ക് ഉണ്ടാക്കിയ ശേഷം അത് വിദേശനിക്ഷേപകർക്ക് നൽകുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്. നഷ്ടത്തിലായ പൊതുമേഖലയുടെ വസ്തുക്കൾ ഉപയോഗിക്കാൻ സർക്കാർ കണ്ടെത്തിയ വഴി ഇതാണ്. വിദേശനിക്ഷേപം ആവശ്യമുള്ള മേഖലകൾ കണ്ടെത്തി അവർക്ക് സഹായകമായ വിവരങ്ങൾ നൽകാനും അതിന് തയ്യാറാകുന്ന കമ്പനികളുടെ ക്ലസ്റ്ററുകൾ രൂപീകരിക്കാനും സർക്കാർ തയ്യാറെടുക്കുന്നു.

എയർ ഇന്ത്യയടക്കം സർക്കാരിന്റെ കീഴിലുള്ള 42 കമ്പനികൾ പൂർണമായും സ്വകാര്യവത്കരിക്കാനാണ് സാധ്യത. പൊതുമേഖലാ സ്ഥാപനങ്ങളിലെ വിദേശനിക്ഷേപത്തിനുള്ള പരിധി എടുത്തു കളയാനും സാധ്യതയുണ്ട്. സർക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങൾ മൊത്തം ഒരു കമ്പനിയുടെ കീഴിൽ കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്. പല മന്ത്രാലയങ്ങളുടെ കീഴിലല്ലാതെ ഒറ്റ കമ്പനിയാകും ഇനി എല്ലാ സർക്കാർ സ്ഥാപനങ്ങളും നിയന്ത്രിക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP