Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മറുനാടൻ വാർത്ത വൈറൽ ആയപ്പോൾ രക്ഷപ്പെട്ടത് സജീവൻ സ്വാമിയുടെ ജീവൻ; ഗംഗയിൽ 'ജലസമാധി'യ്ക്ക് ശ്രമിച്ച സജീവൻ സ്വാമിയെ ഗംഗയുടെ തീരത്ത് നിന്ന് അറസ്റ്റ് ചെയ്ത് നീക്കി അലഹബാദ് പൊലീസ്; ഇന്നു വൈകീട്ടുള്ള ബംഗളൂരു വിമാനത്തിൽ കയറ്റിവിടുന്ന സ്വാമി രാത്രിയോടെ കൊച്ചിയിലെത്തും; രാഹുലിനെ പ്രധാനമന്ത്രിയാക്കാനുള്ള പൂജയും തിരഞ്ഞെടുപ്പ് പ്രവചന ഫലവും പൊളിഞ്ഞതോടെ ഗംഗയിൽ ജലസമാധിക്ക് ഇറങ്ങിയ സജീവൻ സ്വാമിയുടെ കഥയുടെ ശുഭാന്ത്യം ഇങ്ങനെ

മറുനാടൻ വാർത്ത വൈറൽ ആയപ്പോൾ രക്ഷപ്പെട്ടത് സജീവൻ സ്വാമിയുടെ ജീവൻ; ഗംഗയിൽ 'ജലസമാധി'യ്ക്ക് ശ്രമിച്ച സജീവൻ സ്വാമിയെ ഗംഗയുടെ തീരത്ത് നിന്ന് അറസ്റ്റ് ചെയ്ത് നീക്കി അലഹബാദ് പൊലീസ്; ഇന്നു വൈകീട്ടുള്ള ബംഗളൂരു വിമാനത്തിൽ കയറ്റിവിടുന്ന സ്വാമി രാത്രിയോടെ കൊച്ചിയിലെത്തും; രാഹുലിനെ പ്രധാനമന്ത്രിയാക്കാനുള്ള പൂജയും തിരഞ്ഞെടുപ്പ് പ്രവചന ഫലവും പൊളിഞ്ഞതോടെ ഗംഗയിൽ ജലസമാധിക്ക് ഇറങ്ങിയ സജീവൻ സ്വാമിയുടെ കഥയുടെ ശുഭാന്ത്യം ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: മറുനാടൻ വാർത്ത വൈറൽ ആയപ്പോൾ സജീവൻ സ്വാമിയുടെ ജീവൻ രക്ഷപ്പെട്ടു. മറുനാടൻ ഇന്നലെ നൽകിയ സജീവൻ സ്വാമിയുടെ ഗംഗാ ജലസമാധി വാർത്ത വൈറൽ ആയതിനെ തുടർന്ന് വന്ന ഉന്നത ഇടപെടലുകളെ തുടർന്ന് ജലസമാധി ശ്രമം തടഞ്ഞു അലഹബാദ് പൊലീസാണ് സജീവൻ സ്വാമിയെ രക്ഷിച്ചത്. മറുനാടൻ വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ അലഹബാദ് പൊലീസിൽ സ്വാമിയുടെ ജലസമാധി ശ്രമം തടയണമെന്ന് ആവശ്യപ്പെട്ടു പരാതിയും നൽകിയിരുന്നു. ഇതോടെ പൊലീസ് ജാഗ്രത പാലിക്കുകയും വൈകീട്ട് അഞ്ചു മണിയോടെ ഗംഗയിലേക്ക് പുറപ്പെട്ട സ്വാമിയെ അറസ്റ്റ് ചെയ്ത് സുരക്ഷിതനായി സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു.

കേന്ദ്രത്തിൽ യുപിഎ അധികാരത്തിൽ വരുമെന്ന പ്രവചനവും പൂജയും പിഴച്ചതിന്റെ പേരിൽ പ്രാണത്യാഗം ചെയ്യാൻ തീരുമാനിച്ച് ഗംഗയിൽ ജലസമാധിക്ക് ഇറങ്ങാൻ തുനിഞ്ഞ സ്വാമിയെ അലഹബാദ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത ഉടൻ സ്വാമിയെ സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോഴും സ്വാമി അലഹബാദ് പൊലീസ് കസ്റ്റഡിയിൽ തന്നെയാണ്. ഇന്നു വൈകീട്ട് നാലേമുക്കാലിനുള്ള ബംഗളൂരു വിമാനത്തിൽ സ്വാമിയെ അലഹബാദ് പൊലീസ് ബംഗളൂരുവിലേക്ക് അയക്കും. ബംഗളൂരുവിൽ നിന്ന് രാത്രി ഒമ്പതരയ്ക്കുള്ള കൊച്ചി വിമാനത്തിൽ സ്വാമിയെ കൊച്ചിയിൽ എത്തിക്കുകയും ചെയ്യും. തനിക്ക് കുഴപ്പമൊന്നും ഇല്ലെന്നും പൊലീസ് ആണ് ജലസമാധി ശ്രമം തടഞ്ഞതെന്നും സജീവൻ സ്വാമി മറുനാടൻ മലയാളിയോട് പറഞ്ഞു. ഇരിങ്ങാലക്കുട നിന്ന് ഭാര്യയും ബന്ധുക്കളും വിളിച്ചിരുന്നുവെന്നും ജലസമാധി ശ്രമം തടയപ്പെട്ടതിൽ വീട്ടുകാർ ആശ്വാസം കൊള്ളുകയാണെന്നും സജീവൻ സ്വാമി പറഞ്ഞു. ജലസമാധിയിൽ നിന്ന് പിന്മാറാൻ എ.എൻ.രാധാകൃഷ്ണൻ വലിയ സമ്മർദ്ദം ചെലുത്തിയതായും സ്വാമി പറഞ്ഞു.

ഇന്നലെ ഗംഗയുടെ തീരത്ത് നിന്ന് മറുനാടനെ വിളിച്ചാണ് സജീവൻ സ്വാമി ആത്മാഹുതി ചെയ്യാനുള്ള തീരുമാനം അറിയിച്ചത്. പ്രാണത്യാഗത്തിന്റെ വാർത്തയറിഞ്ഞു പ്രാണത്യാഗ ശ്രമത്തിൽ നിന്ന് സ്വാമിയെ പിന്തിരിപ്പിക്കാൻ ആരാധകരുടെ ഭാഗത്ത് നിന്നും നിരന്തരം ശ്രമവും വന്നിരുന്നു. അതേസമയം ആത്മാഹുതിയുടെ തീയതിയും സമയവും ചോദിച്ച് ഒട്ടനവധി കോളുകൾ സ്വാമിയെ തേടിയെത്തുകയും ചെയ്തിരുന്നു. വാക്കു പാലിക്കുന്നതിന്റെ ഭാഗമാണ് ഈ പ്രാണത്യാഗം എന്നാണ് സ്വാമി ഇന്നലെ പറഞ്ഞത്. കഴിഞ്ഞ രണ്ടു മാസങ്ങളിലായി മൂകാംബികയ്ക്കടുത്ത് താൻ നടത്തിയ പൂജ ഫലിച്ചില്ലെങ്കിൽ, യുപിഎ കേന്ദ്രത്തിൽ അധികാരത്തിൽ വന്നില്ലെങ്കിൽ, രാഹുൽ പ്രാധാനമന്ത്രിയായില്ലെങ്കിൽ ആത്മാഹുതി നടത്തും എന്ന് മുൻപ് പ്രഖ്യാപിച്ച കാര്യവും ഓർമ്മപ്പെടുത്തിയാണ് പ്രാണത്യാഗ തീരുമാനം സ്വാമി ഉറപ്പിച്ചത്. അതിനായി വീട്ടുകാരെ പോലും അറിയിക്കാതെ സ്വാമി അലഹബാദിനു ഒറ്റയ്ക്ക് പുറപ്പെടുകയായിരുന്നു.

പ്രവചനം പിഴച്ചതിന്റെ പേരിൽ ആത്മാഹുതി ചെയ്യണം എന്ന് പറഞ്ഞു ഒരായിരം പേരെങ്കിലും തന്നെ വിളിച്ചിട്ടുണ്ട് എന്നും സ്വാമി പറഞ്ഞിരുന്നു. പക്ഷെ ആത്മാഹുതി ചെയ്യരുതെന്ന് ആരാധകർ സ്വാമിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. . സ്വാമിയെ അറിയുന്നവർ പ്രാണത്യാഗത്തിൽ നിന്ന് സ്വാമിയെ പിന്തിരിപ്പിക്കാനും ശ്രമിച്ചു. പക്ഷെ ഇത് തന്റെ സ്വന്തം തീരുമാനമാണെന്നും ഇങ്ങിനെ കുറച്ച് കാലം ഭൂമിയിൽ ജീവിച്ചിരുന്നിട്ട് കാര്യമെന്താണ് എന്നുമാണ് സ്വാമി മറുനാടനോട് ഇന്നലെ ചോദിച്ചത്. യുപിഎ അധികാരത്തിൽ വന്നില്ലെങ്കിൽ, രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആയില്ലെങ്കിൽ മെയ് 31 നു മുൻപ് പ്രാണത്യാഗം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത് എന്നാണ് സ്വാമി പറഞ്ഞത്.

മെയ് 31 നു ഇനിയും സമയമുണ്ട് അതിനാൽ 31 മുൻപ് ഗംഗയിൽ ആത്മാഹുതി ചെയ്യും. എന്റെ ശക്തിയുടെ മുന്നിൽ ഞാൻ തോറ്റിരിക്കുന്നു. ഇത്രയും കാലം ശക്തിയെ വച്ചാണ് ഞാൻ ജീവിച്ചത്. എവിടെയും വെച്ച് തോൽക്കുമ്പോൾ നീ വന്നോളൂ എന്നാണ് അതിന്റെ ഉത്തരം. അതാണ് ഞാൻ ചെയ്യുന്നത്. ആരെയും തോൽപ്പിക്കാനല്ല. ആരോടും വാശിയുമില്ല. കോൺഗ്രസ് അധികാരത്തിൽ വരുമെന്നും രാഹുൽ പ്രധാനമന്ത്രിയാകുമെന്നും പ്രഖ്യാപിച്ച് നടത്തിയ പൂജയും പ്രവചനങ്ങളും പിഴച്ചതിന്റെ പേരിലുള്ള പ്രാണത്യാഗമാണ് താൻ ചെയ്യുന്നതെന്നും ഇത് അനിവാര്യമാണെന്നും സ്വാമി പറഞ്ഞിരുന്നു. . പ്രവചനങ്ങളും പൂജയുമൊക്കെ എപ്പോഴും ഫലസിദ്ധി നൽകാറില്ലല്ലോ എന്ന ചോദ്യത്തിനു പൂജയും പ്രവചനവും പിഴച്ചതിന്റെ പേരിൽ ഇതല്ലാതെ വേറെ വഴിയില്ലെന്നാണ് സ്വാമി മറുപടി നൽകിയത്. .

മെയ് 18 നു ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലങ്ങളെക്കുറിച്ച് തന്റേതായ പ്രവചനം നടത്താനും മാധ്യമ പ്രവർത്തകർക്കായി ഒരു ഡിന്നർ ഏർപ്പെടുത്താനും സ്വാമി തീരുമാനിച്ചിരുന്നു. പക്ഷെ ഡിന്നറിനുള്ള ക്ഷണം നൽകിയപ്പോൾ ഡിന്നറിന്റെ മെനു സ്വാമി പരസ്യമാക്കി. ജോണി വാക്കറും, ബിയറും, നോൺ വെജിറ്ററേനിയൻ വിഭവങ്ങളുമടങ്ങിയ വമ്പൻ മെനുവാണ് സ്വാമി പ്രസിദ്ധപ്പെടുത്തിയത്. അതോടെ പ്രസ് ക്ലബ് ഈ വാർത്താ സമ്മേളനം റദ്ദ് ചെയ്യുകയും സ്വാമിയുടെ ഡിന്നർ പാർട്ടിയിൽ ജോണി വാക്കർ അടക്കമുള്ള മദ്യങ്ങൾ അപ്രത്യക്ഷമാകുകയും ചെയ്തു. ജോണി വാക്കർ ഉൾപ്പെടെയുള്ള മദ്യം നൽകി പാർട്ടി നടത്തിയാൽ കേസ് എടുക്കുമെന്ന് പൊലീസും സ്വാമിയെ അറിയിച്ചിരുന്നു. എക്‌സൈസും ഈ പ്രശ്‌നത്തിൽ ഇടപെട്ടിരുന്നു. ഇതോടെയാണ് മദ്യപാർട്ടി നടത്താനുള്ള തീരുമാനം സ്വാമി പിൻവലിച്ചത്

. പക്ഷെ വലിയ മാധ്യമ വാർത്തകളാണ് സ്വാമിയുടെ മദ്യപാർട്ടിക്ക് എതിരെ വന്നത്. മാധ്യമപ്രവർത്തകർക്ക് മദ്യ പാർട്ടി നടത്താനുള്ള സ്വാമിയുടെ തീരുമാനം വിമർശിക്കപ്പെടുകയും ചെയ്തിരുന്നു. ഈ മദ്യപാർട്ടിയും അതുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾ വഴിയുമാണ് കേരളത്തിൽ സ്വാമി പെട്ടെന്ന് പ്രസിദ്ധനായി മാറിയത്. പക്ഷെ കേന്ദ്രത്തിൽ യുപിഎ വരുമെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും സ്വാമി ഉറച്ചു വിശ്വസിച്ചിരുന്നു. ഈ പ്രവചനം പാളിപ്പോയതും പൂജ പരാജയപ്പെട്ടതുമാണ് സ്വാമിയെ പ്രാണത്യാഗത്തിന് തന്നെ പ്രേരിപ്പിക്കുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് കേന്ദ്രത്തിൽ യുപിഎ അധികാരത്തിൽ വരാനും രാഹുൽ പ്രധാനമന്ത്രിയാകാനും വേണ്ടി മൂകാംബികയ്ക്കടുത്തുള്ള സ്ഥലത്ത് തന്റെ നേതൃത്വത്തിൽ പൂജ നടത്തിയത് എന്നാണ് മറുനാടനോട് സ്വാമി പറഞ്ഞിരുന്നത്.

പക്ഷെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ സ്വാമിയുടെ രണ്ടു പ്രവചനങ്ങളും പാളിപ്പോയിരുന്നു. കേന്ദ്രത്തിൽ യുപിഎയും കേരളത്തിൽ യുഡിഎഫ്-എൽഡിഎഫ് തുല്യ രീതിയിൽ വരുമെന്നുമായിരുന്നു സ്വാമി പ്രവചിച്ചത്. കേന്ദ്രത്തിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുകയും കേരളത്തിൽ യുഡിഎഫ് ലോക്‌സഭാ സീറ്റുകൾ തൂത്തുവാരുകയും ചെയ്തു. ഇത് രണ്ടും സ്വാമിക്ക് തിരിച്ചടിയായി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മുതൽ സ്വാമിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിൽ ആക്രമണങ്ങൾ വന്നു തുടങ്ങിയിരുന്നു. മറ്റൊരുവനെ ഇല്ലാതാകുമ്പോൾ സ്വയം ഇല്ലാതാകുന്നത് തിരിച്ചറിയാത്തവരാണ് നമ്മൾ എന്ന ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് ആണ് സ്വാമി അവസാനം നടത്തിയിരിക്കുന്നത്. ഇത് തന്നെ സ്വാമി നേരിടുന്നഅസ്വസ്ഥതകളുടെ സൂചനയുമാണ്. അതിനു താഴെ എഡോ സാമീ...താൻ തൂങ്ങി മരിക്കാതിന്റെ കാരണം ഒന്ന് പോസ്റ്റിക്കൂടെ... സോറി..ആ കാരണം ഒന്ന് അരുളുമാറാകണമേ സ്വാമിൻ തുടങ്ങിയ കമന്റുകളാണ് വന്നിരുന്നത്. ഇത്തരം സൈബർ അറ്റാക്കിങ് ആണ് സ്വാമിയെ ഗംഗയുടെ തീരത്ത് എത്തിച്ചത്.

ഗംഗാ തീരത്ത് എന്ന് പറഞ്ഞു മറുനാടന് സ്വാമി ഇന്നലെ അയച്ച വാട്ട്‌സ് അപ്പ്‌സ് സന്ദേശം:

ഇന്ത്യയിലെ ആദ്യത്തെ അത്ഭുതം സിപിഎമ്മുകാരനായ സഖാവ് സ്വാമി കോൺഗ്രസ് കാർക്ക് വേണ്ടി പ്രാണ ത്യാഗം ചെയ്യുന്നു. ഇത് എന്തൊരത്ഭുതം. ഞാൻ സജീവൻ സ്വാമി. ഞാൻ തപസ്സ് ചെയ്തു സിദ്ധി നേടിയത് കർമ്മം ചെയ്യുവാനാണ് ഏതു പാർട്ടികാർ എന്റെ അരികിൽ എത്തിയാലും ഞാൻ അവർക്ക് ആവശ്യപ്പെടുന്ന രീതിയിൽ പൂജകൾ ചെയ്തുകൊടുത്തിട്ടുണ്ട് അവർക്കെല്ലാം അവരുടെ ആഗ്രഹ പ്രകാരം കർമ്മ ഫലം ലഭിക്കുകയും ചെയ്തിട്ടുണ്ട് .ആ കാലങ്ങളിലെല്ലാം അവർ എന്നെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട് ഞാൻ തപസ്സ് ചെയ്ത് സിദ്ധി നേടിയശേഷം എന്റെ അരികിൽ ആദ്യമായി രാഷ്ട്രീയക്കാർ കർമ്മത്തിനെത്തിയത് ബിജെപിക്കാരാണ്.

ഇന്ന് കോൺഗ്രസ് ആവശ്യപെട്ടതുപോലെ തന്നെയാണ് അന്ന് ബിജെപിക്കാരും എന്നോട് ആവശ്യപ്പെട്ടത് കർണ്ണാടകയിൽ ബിജെപി അധികാരത്തിൽ വരണം, യെഡിയൂരപ്പ മുഖ്യമന്ത്രി ആവണം . ഞാൻ അന്നത്തെബിജെപിക്കാർക്ക് ഉറപ്പ് കൊടുത്തു എന്റെ കർമ്മത്തിലൂടെ ബിജെപി അധികാരത്തിൽ വരും. യെഡിയൂരിയപ്പ മുഖ്യമന്ത്രിയായിരിക്കും. 41 ദിവസത്തെ പൂജകൾക്ക് ശേഷം ബിജെപി അധികാരത്തിൽ വന്നു യെഡിയൂരിയപ്പ മുഖ്യമന്ത്രിയായി അന്നു ബിജെപിക്കാർക്ക് ഞാൻ എല്ലാമായിരുന്നു. ഇന്ന് കോൺഗ്രസ്സ്‌കാർക്ക് കർമ്മം ചെയ്തു അതിന് പൂർണ്ണ ഫലം ലഭിക്കാതെവരികയും എന്റെ പ്രവചനം തെറ്റുകയും ചെയ്തപ്പോൾ എന്റെ പ്രാണത്യാഗത്തിന് മുറവിളി കൂട്ടുന്ന ബിജെപിക്കാരെ ഞാൻ കാണുന്നത്.

ഞാൻ വാക്ക് തെറ്റിക്കുന്നില്ല. മെയ് 31 തീരുന്നതിനു മുൻപ് ഞാൻ പ്രാണത്യാഗം ചെയ്തിരിക്കും. എനിക്ക് എന്റെ ഭാര്യയേയും മക്കളേയും എന്റെ അച്ഛനേയും അമ്മയേയും സ്‌നേഹിച്ച് ജീവിച്ച് കൊതിതീരാതെയാണ് ഞാൻ പ്രാണത്യാഗം ചെയ്യുന്നത്. എന്റെ പ്രാണത്യാഗത്തിനുശേഷം എന്റെ പ്രിയപ്പെട്ടവരാരെയും നിങ്ങളാരും ഉപദ്രവിക്കരുതെന്ന് ഞാൻ താഴ്മയോടെ അപേക്ഷിക്കുന്നു.
ഒന്നുകൂടി മനസ്സിലാക്കുക ഞാൻ ചെയ്ത കർമ്മം ഞാൻ ഒറ്റയ്ക്കല്ല ചെയ്തത് 90 ബ്രാഹ്മണന്മാർ 39 ഹോമകുണ്ഡങ്ങളിലായി അവർ പഠിച്ച വേദ മന്ത്രങ്ങൾ ച്ചൊല്ലി മഹാ ഹോമമായി നടത്തിയതാണ് . ഹോമങ്ങളിലോ വേദ മന്ത്രങ്ങളിലോ ഒന്നും പിഴവ് സംഭവിച്ചിട്ടില്ല. എന്റെ പ്രവചനത്തിൽ മാത്രമാണ് തെറ്റുകൾ സംഭവിച്ചത്. കർമ്മത്തിനായി വന്ന കോൺഗ്രസ്സ്‌കാരോട് ഞാൻ പറഞ്ഞിരുന്നു. മോദിജി ഒരു സാധാരണ മനുഷ്യനല്ല ഒരു അവധാര പുരുഷനാണെന്നും മോദിജിക്ക് ചുറ്റുമുള്ളവർ മഹാ സിദ്ധന്മാരും യോഗികളും നാഗ സ്വാമിമാരുടേയും അനുഗ്രഹങ്ങളാൽ വജ്രത്തിനു തുല്ല്യമായ ഓറവലയമുള്ള ഒരു മനുഷ്യനാണ് മോദിജി എന്ന് ഞാനവർക്ക് മുന്നറിയിപ്പ് കൊടുത്തിട്ടും വീണ്ടും അവരുടെ നിർബദ്ധ പ്രകാരമാണ് ഞാൻ ഈ കർമ്മം ഏറ്റെടുത്തത് .

കർമ്മം ഏറ്റെടുത്തശേഷം എനിക്ക് അവർക്കൊപ്പം നിൽക്കുവാനേ കഴിയൂ അതുതന്നെയാണ് അതിന്റെ സത്യവും. ഞാൻ ആത്മാർഥമായി കർമ്മം ചെയ്യുമെന്ന് അവർക്ക് ഉറപ്പ് കൊടുത്തത് കർമ്മ ഫലം ലഭിച്ചില്ലെങ്കിൽ ഞാൻ പ്രാണത്യാഗം ചെയ്യുമെന്ന വാക്കാകുന്നു അവർക്ക കൊടുത്ത ഉറപ്പ് അതാണ് എനിക്ക് പറ്റിയ ഏറ്റവും വലിയതെറ്റ്. അതിന്റെ ഫലമാണ് പ്രാണത്യാഗത്തിലൂടെ ഞാൻ അനുഭവിക്കാൻ പോകുന്നത്.ഏത്പാർട്ടിക്ക് വേണ്ടിയായാലും വേദമന്ത്രങ്ങൾ ഉച്ഛരിച്ച് ഈശ്വരനെ വിളിച്ച് പൂജ ചെയ്തതിന്റെ പേരിൽ പ്രാണത്യാഗം ചെയ്യേണ്ടി വന്ന ലോകത്തിലെ ആദ്യത്തെ സ്വാമി ഞാനായിരിക്കും.

അനർഘ നിർഗള
പ്രവാഹമേ ഗംഗേ
അനന്തശക്തി
സ്വരൂപിണീ
സർവ്വ ജ്യോതിർ പ്രദായിനീ

യുഗരചനാ മന്ത്ര
സാന്ദ്രമാമീ വീഥിയിൽ അതിദ്രുത ചലിതമെൻ ചരണ യുഗ്മങ്ങളും

'അമ്മേ ജഗത് മാതേ സർവ്വ ശക്തി പ്രദായിനീ
സ്വീകരിച്ചാലുമെൻ പ്രാണനെ അഹം സ്വയം സമർപ്പയാമീ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP