Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാലം സാക്ഷി..ചരിത്രം സാക്ഷി: പുതു ഇന്ത്യ കെട്ടിപ്പടുക്കുമെന്ന വാഗ്ദാനത്തോടെ മോദി 2.0; രാജ്യം കണ്ണുനട്ടിരിക്കെ രണ്ടാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ; രണ്ടാമനായി രാജ്നാഥ് സിംഗും മൂന്നാമനായി അമിത്ഷായും; മോദിയുൾപ്പടെ സത്യപ്രതിജ്ഞ ചെയ്തത് 25 കാബിനറ്റ് മന്ത്രിമാരും 24 സഹമന്ത്രിമാരുമടക്കം 58 പേർ; ഒൻപത് സഹമന്ത്രിമാർക്ക് സ്വതന്ത്ര ചുമതലയും; പരിചയസമ്പന്നർക്കൊപ്പം പുതുമുഖങ്ങൾക്കും അവസരം; വി മുരളീധരന് സഹമന്ത്രി സ്ഥാനം; പുത്തരിയിലെ കല്ലുകടിയായി സർക്കാരിൽ ചേരാതെ വിട്ടുനിന്ന് ജെഡിയു

കാലം സാക്ഷി..ചരിത്രം സാക്ഷി: പുതു ഇന്ത്യ കെട്ടിപ്പടുക്കുമെന്ന വാഗ്ദാനത്തോടെ മോദി 2.0; രാജ്യം കണ്ണുനട്ടിരിക്കെ രണ്ടാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ; രണ്ടാമനായി രാജ്നാഥ് സിംഗും മൂന്നാമനായി അമിത്ഷായും; മോദിയുൾപ്പടെ സത്യപ്രതിജ്ഞ ചെയ്തത് 25 കാബിനറ്റ് മന്ത്രിമാരും 24 സഹമന്ത്രിമാരുമടക്കം 58 പേർ; ഒൻപത് സഹമന്ത്രിമാർക്ക് സ്വതന്ത്ര ചുമതലയും; പരിചയസമ്പന്നർക്കൊപ്പം പുതുമുഖങ്ങൾക്കും അവസരം; വി മുരളീധരന് സഹമന്ത്രി സ്ഥാനം; പുത്തരിയിലെ കല്ലുകടിയായി സർക്കാരിൽ ചേരാതെ വിട്ടുനിന്ന് ജെഡിയു

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: എല്ലാവർക്കും തുല്യതയുള്ള പുതിയ ഇന്ത്യ എന്ന വാഗ്ദാനം നൽകിക്കൊണ്ട് നരേന്ദ്ര മോദി രണ്ടാം ഇന്നിങ്സിന് തുടക്കം കുറിച്ചു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രണ്ടാം മോദി സർക്കാരിലെ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. സ്വദേശത്തും വിദേശത്തും നിന്നുമുള്ള എണ്ണായിരത്തോളം അതിഥികളെ സാക്ഷി നിർത്തിയായിരുന്നു സത്യപ്രതിജ്ഞ. രാഷ്ട്രപതിഭവൻ അങ്കണത്തിലെ അതിപ്രൗഢമായ തുറന്ന വേദിയിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ.നരേന്ദ്ര മോദിയാണ് ആദ്യം സത്യവാചകം ചൊല്ലിയത്. രണ്ടാമനായി രാജ്നാഥ്സിംഗും മൂന്നാമനായി അമിത്ഷായും.

മോദി ഉൾപ്പടെ 58 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ 25 പേരാണ് കാബിനറ്റ് മന്ത്രിമാരായി ചുമതലയേറ്റത്. 24പേർ സഹമന്ത്രിമാരാണ്. 9 പേർക്ക് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനം നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ഏക പ്രതിനിധിയായി മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ സത്യപ്രതിജ്ഞ ചെയ്തു

നിതിൻ ഗഡ്കരി, സദാനന്ദ ഗൗഡ, നിർമല സീതാരാമൻ, രാംവിലാസ് പാസ്വാൻ, നരേന്ദ്രസിങ് തോമർ എന്നിവർ തുടർന്ന് സത്യപ്രതിജ്ഞ ചെയ്തു. രവിശങ്കർ പ്രസാദ്, ഡോ. ഹർഷവർദ്ധൻ, പ്രകാശ് ജാവദേക്കർ, സ്മൃതി ഇറാനി, ധർമേന്ദ്ര പ്രധാൻ തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു. തവർചന്ദ് ഗെഹ്ലോട്ട് ആണ് പതിനൊന്നാമതായി സത്യപ്രതിജ്ഞ ചെയ്തത്. ഒന്നാം മോദി സർക്കാരിൽ സാമൂഹ്യ നിതി വകുപ്പ് മന്ത്രി ആയിരുന്നു. മുൻ വിദേശകാര്യ സെക്രട്ടറി സുബ്രഹ്മണ്യം ജയശങ്കർ ആണ് പന്ത്രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്. രമേശ് പോഖ്‌റിയാൽ നിഷാങ്ക് പതിമൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തു. ഈശ്വരനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ആയിരുന്നു. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ആയിരുന്ന അർജുൻ മുണ്ടയാണ് പതിനാലാമതായി സത്യപ്രതിജ്ഞ ചെയ്തത്

സുഷമ സ്വരാജും അരുൺ ജെയ്റ്റ്‌ലിയും ഇല്ല

കഴിഞ്ഞ അഞ്ചുവർഷം എന്തുപ്രതിസന്ധിയുണ്ടായാലും മോദി ആശ്രയിക്കുന്ന നേതാവും ക്യാബിനറ്റ് മന്ത്രിയുമായിരുന്നു രാജ്‌നാഥി സിങ്. സിങ് തന്നെയാണ് മോദിക്ക് ശേഷം രണ്ടാമനായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. അമിത് ഷാ ഇതാദ്യമായി കേന്ദ്രമന്ത്രിസഭയുടെ ഭാഗമായി. സർക്കാരിൽ നിർണായക പങ്കായിരിക്കും ഇനി ഷാ വഹിക്കുക. സുഷമ സ്വരാജ് അരുൺ ജെയ്റ്റ്‌ലി എന്നിവർ ആരോഗ്യകാരണങ്ങളാൽ മന്ത്രിസഭയുടെ ഭാഗമായില്ല. മന്ത്രിസഭയിൽ മുൻ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കർ അംഗമായത് കൗതുകകരമായി. നിർമല സീതാരാമൻ, നിതിൻ ഗഡ്കരി, രവിശങ്കർ പ്രസാദ്, പീയൂഷ് ഗോയൽ എന്നിങ്ങനെ കഴിഞ്ഞ മന്ത്രിസഭയിൽ മികച്ച പ്രകടനം കാഴ്‌ച്ച വച്ച ക്യാബിനറ്റ് മന്ത്രിമാരും പുതിയ സർക്കാരിൽ ഇടം കണ്ടു.

ആദ്യം തന്നെ കല്ലുകടി

രണ്ടാം വട്ടം അധികാരമേൽക്കുമ്പോൾ ജെഡിയും സർക്കാരിൽ ചേരാതെ വിട്ടുനിന്നത് ക്ഷീണമായി. സഖ്യകക്ഷികൾക്ക് ഒരുസീറ്റ് മാത്രമേ നൽകുകയുള്ളുവെന്ന മോദിയുടെയും, അമിത്ഷായുടെയും തീരുമാനം വന്നതോടെയാണ് ജെഡിയു പിന്മാറിയത്. ജെ.ഡി.യു മോദി മന്ത്രിസഭയിൽ ചേരില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തുറന്നടിച്ചു. ഒരുമന്ത്രിസ്ഥാനം മതിയാവില്ല. ജെ.ഡി.യു എൻ.ഡി.എയിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ജെഡിയുവിന് 16 എംപിമാരുണ്ട്. പ്രതീകാത്മക പങ്കാളിത്തം വേണ്ടെന്നാണ് നിതീഷ് പറഞ്ഞത്.

അതിഥികൾ ഏറെ; വർണാഭം ചടങ്ങുകൾ

യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻപ്രധാനമന്ത്രി മന്മോഹൻ സിങ്, രാജ്യസഭ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് എന്നിവർ സത്യപ്രതിജ്ഞയ്‌ക്കെത്തും. ബംഗാൾ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, പഞ്ചാബ്, രാജസ്ഥാൻ മുഖ്യമന്ത്രിമാർ വിട്ടുനിന്നു. ബംഗാളിൽ രാഷ്ട്രീയ സംഘർഷങ്ങളിൽ കൊല്ലപ്പെട്ട ബിജെപി നേതാക്കളുടെ കുടുംബാംഗങ്ങളും ചടങ്ങിനെത്തി. ഇതിൽ പ്രതിഷേധിച്ചാണ് മമത ബാനർജി വിട്ടുനിന്നത്. എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ സത്യപ്രതിജ്ഞയ്‌ക്കെത്തുി. രജനികാന്ത്, സൈന നെഹ്‌വാൾ, കരൺ ജോഹർ, ഷാരൂഖ് ഖാൻ, രത്തൻ ടാറ്റ, ടി.എസ് കല്യാണരാമൻ എന്നിവരും സത്യപ്രതിജ്ഞ കാണാനെത്തി.

രണ്ടാമൂഴക്കാർ

കഴിഞ്ഞ സർക്കാരിൽ മികച്ച പ്രകടനം കാഴ്ച വച്ച ബിജെപി നേതാക്കളായ നിധിൻ ഗഡ്കരി, ഡിവി.സദാനന്ദ ഗൗഡ, ധർമേന്ദ്ര പ്രധാൻ, മുക്താർ അബ്ബാസ് നഖ്വി, ഗിരിരാജ് സിങ്, ബാബുൽ സുപ്രിയോ, ശിരോമണി അകാലിദൾ നേതാവ് ഹർസിമ്രത് കൗർ ബാദൽ എന്നിവർക്ക് രണ്ടാമൂഴം. ഗഡ്കരി കഴിഞ്ഞ മന്ത്രിസഭയിൽ റോഡ് ഗതാഗത-ഹൈവേ മന്ത്രിയായിരുന്നു. നാഗ്പൂരിൽ നിന്നാണ് ജയിച്ചത്. രാജ്യസഭാംഗമായ ധർമേന്ദ്ര പ്രധാൻ, പെട്രോളിയം-പ്രകൃതിവാതക മന്ത്രിയായിരുന്നു. സദാനന്ദ ഗൗഡയ്ക്ക് നേരത്തെ സ്റ്റാറ്റിക്‌സ്-പ്രോഗ്രാം ഇംപ്ലിമെന്റേഷൻ വകുപ്പായിരുന്നു. ബാദലിന് ഭക്ഷ്യ സംസ്‌കരണ വകുപ്പിന്റെ ചുമതല ആയിരുന്നു. രാജ്യസഭാംഗമായ നഖ്വി ന്യൂനപക്ഷ കാര്യമന്ത്രിയും ബാബുൽ സുപ്രിയോ ഘനവ്യവസായ മന്ത്രിയും ഗിരിരാജ് സിങ് മൈക്രോ-ചെറുകിട-ഇടത്തരം വ്യവസായ സഹമന്ത്രിയുമായിരുന്നു.

കേന്ദ്ര കാബിനറ്റ് മന്ത്രിമാർ ഇവർ

രാജ്നാഥ് സിങ്: കഴിഞ്ഞ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തു. നിലവിൽ ലഖ്നൗവിൽ നിന്നുള്ള ലോക്സഭാ അംഗമാണ്.

അമിത് ഷാ: ബിജെപി ദേശീയ അധ്യക്ഷൻ. കേന്ദ്ര മന്ത്രിസഭയിൽ പുതുമുഖം. ഇത്തവണ ഗുജറാത്തിലെ ഗാന്ധി നഗറിൽ നിന്ന് ലോക്സഭയിലേക്കെത്തി.

നിതിൻ ഗഡ്കരി: കഴിഞ്ഞ മന്ത്രിസഭയിൽ ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. മഹാരാഷ്ട്ര സ്വദേശി. നാഗ്പുരിൽ നിന്നുള്ള ലോക്സഭാ അംഗമാണ്.

നിർമല സീതാരാമൻ: കഴിഞ്ഞ മന്ത്രിസഭയിൽ പ്രതിരോധ വകുപ്പ് മന്ത്രി. വ്യവസായ-വാണിജ്യ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിയാണ്. കർണാടകയിൽ നിന്നുള്ള രാജ്യസഭാ അംഗം.

പിയൂഷ് ഗോയൽ: കഴിഞ്ഞ മന്ത്രിസഭയിൽ റെയിൽവേ, കൽക്കരി വകുപ്പ് മന്ത്രിയായിരുന്നു. അരുൺ ജെയ്റ്റ്ലിയുടെ അഭാവത്തിൽ ധനകാര്യന്ത്രാലയത്തിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സ്വദേശി. മഹാരാഷ്ട്രയിൽ നിന്ന് തന്നെയുള്ള രാജ്യസഭാംഗം.

സ്മൃതി ഇറാനി: കഴിഞ്ഞ മന്ത്രി സഭയിൽ ടെക്സ്‌റ്റൈൽസ്, വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ചുമതലയായിരുന്നു. മാനവ വിഭവശേഷി വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്. ഡൽഹി സ്വദേശിയാണ്. നിലവിൽ ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നുള്ള ലോക്സഭാ അംഗം. അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയാണ് പരാജയപ്പെടുത്തിയത്.

ഡോ.ഹർഷവർധൻ: കഴിഞ്ഞ സർക്കാരിൽ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയായിരുന്നു. പരിസ്ഥതി, വനം, കാലാവസ്ഥ മാറ്റം തുടങ്ങിയ വകുപ്പുകളുടെ ചുമതലയും വഹിച്ചിരുന്നു. ഡൽഹിയിലെ ചാന്ദ്നിചൗക്കിൽ നിന്നുള്ള എംപിയാണ്.

സദാനന്ദ ഗൗഡ: കഴിഞ്ഞ മന്ത്രിസഭയിൽ രാസവസ്തുക്കൾ-വളം വകുപ്പ് കൈകാര്യം ചെയ്തിരുന്നു. സ്റ്റാസ്റ്റിക്കൽ പ്രോഗ്രാം, നിയമമന്ത്രാലയം, റെയിൽവേ എന്നിവയുടേയും ചുമതല വഹിച്ചിട്ടുണ്ട്. ബെംഗളൂരു നോർത്തിൽ നിന്നുള്ള ലോക്സഭാ അംഗം

സുബ്രഹ്മണ്യം ജയശങ്കർ: കേന്ദ്ര മന്ത്രിസഭയിൽ പുതുമുഖം, മുൻ വിദേശകാര്യ സെക്രട്ടറിയാണ്. 2014-15 കാഘട്ടത്തിൽ യുഎസ്എയിലും 2009-13 കാലഘട്ടത്തിൽ ചൈനയിലും 2001-04 കാലഘട്ടത്തിൽ ചെക്ക് റിപ്പബ്ലിക്കിലും ഇന്ത്യൻ സ്ഥാനപതിയായി സേവനമനുഷഠിച്ചിട്ടുണ്ട്.


രാം വിലാസ് പാസ്വാൻ: എൻഡിഎ സഖ്യ കക്ഷിയായ ലോക് ജനശക്തി പാർട്ടിയുടെ അധ്യക്ഷൻ, കഴിഞ്ഞ മന്ത്രിസഭയിൽ ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രിയായിരുന്നു.

രവിശങ്കർ പ്രസാദ്: കഴിഞ്ഞ മന്ത്രിസഭയിൽ ഇൻഫർമേഷൻ ആൻഡ് ടെക്നോളജി വകുപ്പ് മന്ത്രിയായിരുന്നു. ഇത്തവണ ബിഹാറിലെ പട്ന സാഹിബ് മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലെത്തി

ഹർസിമ്രത് കൗർ ബാദൽ: എൻഡിഎ സഖ്യ കക്ഷിയായ ശിരോമണി അകാലിദൾ എംപിയാണ്. കഴിഞ്ഞ മന്ത്രിസഭയിൽ ഭക്ഷ്യസംസ്‌കരണ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു. പഞ്ചാബിലെ ഭാതിന്ദ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ അംഗം

തവാർ ചന്ദ് ഗെഹ്ലോത്: കഴിഞ്ഞ സർക്കാരിൽ സാമൂഹി നീതി-ശാക്തീകരണ വകുപ്പ് മന്ത്രിയായിരുന്നു. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ അംഗമാണ്.

മുഖ്താർ അബ്ബാസ് നഖ്വി: കഴിഞ്ഞ മന്ത്രിസഭയിൽ ന്യൂനപക്ഷ വകുപ്പ് മന്ത്രി, ഉത്തർപ്രദേശിലെ അലഹബാദ് സ്വദേശിയാണ്. 2016-മുതൽ ഝാർഖണ്ഡിൽ നിന്നുള്ള രാജ്യസഭാ അംഗം.

പ്രഹ്ലാദ് ജോഷി: കേന്ദ്ര മന്ത്രിസഭയിലേക്ക് ഇതാദ്യം. കർണാടക മുൻ ബിജെപി അധ്യക്ഷനാണ്. കർണാടകയിലെ ധർവാദ് മണ്ഡലത്തിൽ നിന്നാണ് ലോക്സഭയിലേക്ക് ജയിച്ചത്.

പ്രകാശ് ജാവദേക്കർ: കഴിഞ്ഞ മന്ത്രിസഭയിൽ മാനവവിഭവ ശേഷി വകുപ്പ് മന്ത്രിയായിരുന്നു. പരിസ്ഥതി, വനം, കാലാവസ്ഥ മാറ്റം എന്നിവയുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായും ഊർജ്ജ സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

മഹേന്ദ്രനാഥ് പാണ്ഡെ: കഴിഞ്ഞ സർക്കാരിൽ മാനവ വിഭവ ശേഷി വകുപ്പ് സഹമന്ത്രിയായിരുന്നു. ബിജെപി ഉത്തർപ്രദേശ് സംസ്ഥാന അധ്യക്ഷൻ കൂടിയാണ്. ചന്ദൗലി ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ്.

അരവിന്ദ് സാവന്ത്: കേന്ദ്ര മന്ത്രിസഭയിൽ പുതുമുഖം. ശിവസേനയുടെ പ്രതിനിധിയാണ് അരവിന്ദ് സാവന്ത്. മുംബൈ സൗത്ത് മണ്ഡലത്തിൽ നിന്നാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുത്തത്.

രമേശ് പൊഖ്റിയാൽ നിഷാങ്ക്: കേന്ദ്ര മന്ത്രിസഭയിലെ പുതുമുഖം. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയാണ്. നിലവിൽ ഹർദ്വാറിൽ നിന്നുള്ള ലോക്സഭാ അംഗമാണ്.

ധർമേന്ദ്ര പ്രധാൻ: കഴിഞ്ഞ മന്ത്രിസഭയിൽ പെട്രോളിയം, പ്രകൃതി വാതക വകുപ്പ് മന്ത്രിയായിരുന്നു. ഒഡീഷ സ്വദേശി. നിലവിൽ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ അംഗമാണ്.

ഗിരി രാജ് സിങ്: കഴിഞ്ഞ മന്ത്രിസഭയിൽ ചെറുകിട-ഇടത്തരം സംരഭങ്ങളുടെ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിരുന്നു. ബിഹാറിലെ ബെഗുസരായ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ അംഗമാണ്. സിപിഐ നേതാവ് കനയ്യ കുമാറിനെയാണ് ഇവിടെ ഗിരിരാജ് സിങ് പരാജയപ്പെടുത്തിയത്.

അർജുൻ മുണ്ട: കേന്ദ്ര മന്ത്രിസഭയിലേക്ക് ആദ്യം. രണ്ട് തവണ ജാർഖണ്ഡ് മുഖ്യമന്ത്രി ആയിട്ടുണ്ട്. ഖുന്തി ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഗജേന്ദ്ര സിങ് ശെഖാവത്ത്: കഴിഞ്ഞ സർക്കാരിൽ കാർഷിക വകുപ്പ് സഹമന്ത്രിയായിരുന്നു. രാജസ്ഥാൻ സ്വദേശിയാണ്. രാജസ്ഥാനിലെ ജോധ്പുരിൽ നിന്നാണ് ലോക്സഭയിലേക്ക്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP