Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഎം വിടാൻ അബ്ദുള്ള ക്കുട്ടി ആയുധമാക്കിയത് മോദി സ്തുതി; മംഗലൂരുവിൽ താമസിക്കുന്ന അബ്ദുള്ളക്കുട്ടി ദക്ഷിണ കന്നഡയിലെ പ്രമുഖനായ ബിജെപി. നേതാവുമായി അടുത്ത സൗഹൃദം പുലർത്തുന്നുവെന്നും സൂചന; 'ഗാന്ധിയൻ മൂല്യങ്ങൾ സംരക്ഷിക്കുന്ന വ്യക്തിയാണ് നരേന്ദ്ര മോദി'; പാർട്ടി മാറ്റത്തിന് എ.പി. അബ്ദുള്ളക്കുട്ടി എന്നും വിഷയമാക്കുന്നത് നരേന്ദ്ര മോദിയെ

സിപിഎം വിടാൻ അബ്ദുള്ള ക്കുട്ടി ആയുധമാക്കിയത് മോദി സ്തുതി; മംഗലൂരുവിൽ താമസിക്കുന്ന അബ്ദുള്ളക്കുട്ടി ദക്ഷിണ കന്നഡയിലെ പ്രമുഖനായ ബിജെപി. നേതാവുമായി അടുത്ത സൗഹൃദം പുലർത്തുന്നുവെന്നും സൂചന; 'ഗാന്ധിയൻ മൂല്യങ്ങൾ സംരക്ഷിക്കുന്ന വ്യക്തിയാണ് നരേന്ദ്ര മോദി'; പാർട്ടി മാറ്റത്തിന് എ.പി. അബ്ദുള്ളക്കുട്ടി എന്നും വിഷയമാക്കുന്നത് നരേന്ദ്ര മോദിയെ

രഞ്ജിത് ബാബു

കണ്ണൂർ: പാർട്ടി മാറ്റത്തിന് എ.പി. അബ്ദുള്ളക്കുട്ടി എന്നും വിഷയമാക്കുന്നത് നരേന്ദ്ര മോദിയെ. 2008ൽ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സിപിഎം എം. പിയായിരുന്ന അബ്ദുള്ളക്കുട്ടി മോദിയെ സ്തുതിച്ചത്. ബഹ്റിനിൽ നടന്ന ഒരു സെമിനാറിലാണ് ഗുജറാത്തിലെ വികസനവും അതിൽ നരേന്ദ്ര മോദിയുടെ സംഭാവനയെക്കുറിച്ചും ശ്ലാഘിച്ച് പ്രസംഗിച്ചത്. ഇത് വിവാദമായതോടെ സിപിഎം ്അബ്ദുള്ളക്കുട്ടിയെ നാറാത്തെ ലോക്കൽ കമ്മിറ്റിയിൽ നിന്നും സസ്പെന്റ് ചെയ്യുകയും പിന്നീട് പുറത്താക്കുകയും ചെയ്തു. അതോടെ കോൺഗ്രസ്സിലെത്തിയ അബ്ദുള്ളക്കുട്ടി നാളിതുവരെ നരേന്ദ്ര മോദിയെക്കുറിച്ച് നല്ല വാക്കുകളൊന്നും പറഞ്ഞിരുന്നില്ല.

ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ കോൺഗ്രസ്സിന് ശക്തമായ തിരിച്ചടി വന്നപ്പോഴാണ് അബ്ദുള്ളക്കുട്ടിയുടെ മോദി സ്തുതി വീണ്ടും ഫെയ്സ് ബുക്കിലൂടെ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ്സിൽ നിന്നും അബ്ദുള്ളക്കുട്ടിക്ക് അണികളുടേയും നേതാക്കളുടേയും പിൻതുണ കുറഞ്ഞ സാഹചര്യത്തിൽ ബിജെപി.യോട് അടുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ഇപ്പോൾ മംഗലൂരുവിൽ താമസിച്ചു പോന്ന അബ്ദുള്ളക്കുട്ടി ദക്ഷിണ കന്നഡയിലെ പ്രമുഖനായ ബിജെപി. നേതാവുമായി അടുത്ത സൗഹൃദം പുലർത്തുന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.

ഈ അടുപ്പമാണ് നരേന്ദ്ര മോദിയുടെ വിജയം മഹാ വിജയമാണെന്നും അദ്ദേഹത്തിന്റെ വികസന അജണ്ടയുടെ അംഗീകാരമാണ് ഈ വിജയത്തിന്റെ കാരണമെന്നും അഭിപ്രായപ്പെട്ടത്. ഗാന്ധിയൻ മൂല്യങ്ങൾ സംരക്ഷിക്കുന്ന വ്യക്തിയാണ് നരേന്ദ്ര മോദിയെന്ന് വിശേഷിപ്പിക്കാൻ കാരണമായതെന്നും പറയുന്നു. ഗാന്ധിയൻ മൂല്യങ്ങൾ സംരക്ഷിക്കുന്ന വ്യക്തിയാണ് നരേന്ദ്ര മോദിയെന്ന് അബ്ദുള്ളക്കുട്ടി വിശേഷിപ്പിക്കുകയും ചെയ്തു. ഗാന്ധിജിയുടെ നാട്ടുകാരനായ മോദി ഗാന്ധിയൻ മൂല്യം ഭരണത്തിൽ പ്രയോഗിച്ചതാണ് അദ്ദേഹത്തിന് ജനപ്രിയനാക്കിയതെന്നും ഫേസ്‌ബുക്കിൽ പറഞ്ഞിരുന്നു.

ഇതിന്റെയൊക്കെ പിന്നിൽ ബിജെപി.യുമായുള്ള ബാന്ധവത്തിന്റെ സൂചനയാണോ എന്ന സംശയവും വ്യാപകമായിട്ടുണ്ട്. കോൺഗ്രസ്സിൽ നിന്നും ബിജെപി. പാളയം ലക്ഷ്യമിട്ട് എ.പി. അബ്ദുള്ളക്കുട്ടി മഞ്ചേശ്വരം നിയമസഭാ സീറ്റോ രാജ്യസഭാ സീറ്റോ നേടാനുള്ള തന്ത്രമാണിതെന്നും പ്രചാരണമുണ്ട്. കോൺഗ്രസ്സിൽ ഇനിയും തുടർന്നാൽ തന്റെ രാഷ്ട്രീയ ഭാവി ഇരുളടഞ്ഞു പോകുമോ എന്ന ആശങ്ക അദ്ദേഹത്തിനുണ്ട്. കണ്ണൂർ ജില്ലാ കോൺഗ്രസ്സിൽ നിന്നോ കെപിസിസി.യിൽ നിന്നോ അർഹമായ പരിഗണന തനിക്ക് ലഭിച്ചില്ലെന്ന് അബ്ദുള്ളക്കുട്ടി തന്നെ ഉന്നയിച്ചിരുന്നു.

കാസർഗോഡ് പാർലമെന്റ് മണ്ഡലത്തിൽ കഴിഞ്ഞ തവണ പേരുയർന്ന് വന്നെങ്കിലും രാജ്‌മോഹൻ ഉണ്ണിത്താനിലൂടെ അത് മുടങ്ങുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റായ കണ്ണൂർ നിഷേധിക്കപ്പെട്ടതോടെ തലശ്ശേരിയിൽ മത്സരിച്ചെങ്കിലും സിപിഎംലെ എ. എം. ഷംസീറിനോട് പരാജയപ്പെടുകയായിരുന്നു. ഏറെക്കാലമായി അബ്ദുള്ളക്കുട്ടിക്ക് കോൺഗ്രസ്സിൽ കാര്യമായ റോളൊന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്തും കാര്യമായ പരിപാടികളൊന്നും നൽകാതെ അബ്ദുള്ളക്കുട്ടിയെ തഴയുകയായിരുന്നു.

മോദി ഭക്തനായ ഒരു ന്യൂനപക്ഷ വികസന നേതാവ് എന്ന പരിഗണന ബിജെപി.യിൽ നിന്നും ലഭിക്കുന്നതിന്റെ സൂചനയാണ് അബ്ദുള്ളക്കുട്ടിയുടെ മോദി സ്തുതിക്ക് കാരണമെന്നും സൂചനയുണ്ട്. മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് വന്നാൽ അബ്ദുള്ളക്കുട്ടി എൻ.ഡി.എ. സ്ഥാനാർത്ഥിയായി രംഗത്ത് വരുന്നത് ബിജെപി.യുടെ വിജയ സാധ്യത വർദ്ധിപ്പിക്കുമെന്ന അഭിപ്രായവും ബിജെപി.യിൽ ചർച്ചയാവുന്നുണ്ട്. ഇപ്പോൾ നരേന്ദ്ര മോദിയെ വാഴ്‌ത്തിപ്പാടി ശരിയായ അവസരം ഉപയോഗപ്പെടുത്താനാണ് അബ്ദുള്ളക്കുട്ടിയുടെ തന്ത്രമെന്നും പറയുന്നുണ്ട്. കേരളത്തിൽ നിന്നോ കർണ്ണാടകത്തിൽ നിന്നോ ഒരു ദേശീയ മുസ്ലീമിനെ ആകർഷിക്കാൻ ബിജെപി. കൊണ്ടു പിടിച്ച് ശ്രമിക്കുന്നുണ്ട്.

മോദിയെ പ്രകീർത്തിച്ച സംഭവത്തിൽ അബ്ദുള്ളക്കുട്ടി ഇപ്പോഴും ഉറച്ച് നിൽക്കുകയാണ്. തനിക്ക് കെപിസിസി.യുടെ ഷോക്കോസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ലഭിച്ചാൽ വിശദീകരണം നൽകുമെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. എന്നാൽ കോൺഗ്രസ്സും അതിന്റെ പോഷക സംഘടനകളും അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള പാർട്ടി വിലക്ക് ആരംഭിച്ചു കഴിഞ്ഞു. പരിപാടികളിൽ നിന്നും അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP