Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കളിക്കൂട്ടുകാരെ മാത്രമല്ല സ്വന്തം വീടുമായുള്ള ബന്ധം വരെ അവസാനിപ്പിച്ചു; ഏറ്റവും കഠിനമായ മുടി പിഴുതു കളയൽ വരെ പൂർത്തിയായി; രണ്ടു വെള്ളത്തുണിയും ഒരു ഭിക്ഷാ പാത്രവുമായി ഖുഷി ഷാ എന്ന പന്ത്രണ്ടുകാരി വീടുവിട്ടിറങ്ങുന്നത് ജൈനമത സന്ന്യാസിയായി; സന്ന്യാസ ദീക്ഷ സ്വീകരിച്ച ആറാം ക്ലാസുകാരി തന്റെ മാർഗം തിരിച്ചറിഞ്ഞത് എട്ടാം വയസ്സിൽ

കളിക്കൂട്ടുകാരെ മാത്രമല്ല സ്വന്തം വീടുമായുള്ള ബന്ധം വരെ അവസാനിപ്പിച്ചു; ഏറ്റവും കഠിനമായ മുടി പിഴുതു കളയൽ വരെ പൂർത്തിയായി; രണ്ടു വെള്ളത്തുണിയും ഒരു ഭിക്ഷാ പാത്രവുമായി ഖുഷി ഷാ എന്ന പന്ത്രണ്ടുകാരി വീടുവിട്ടിറങ്ങുന്നത് ജൈനമത സന്ന്യാസിയായി; സന്ന്യാസ ദീക്ഷ സ്വീകരിച്ച ആറാം ക്ലാസുകാരി തന്റെ മാർഗം തിരിച്ചറിഞ്ഞത് എട്ടാം വയസ്സിൽ

മറുനാടൻ മലയാളി ബ്യൂറോ

സൂറത്ത്: വർണങ്ങളോടും പൂക്കളോടും കിളികളോടും കൂട്ടുകാരോടും കളിച്ചും ചിരിച്ചും നടക്കേണ്ട പ്രായത്തിൽ സന്ന്യാസം സ്വീകരിച്ച് ഒരു പെൺകുട്ടി. ഇഹലോഹ സുഖങ്ങളെല്ലാം ക്ഷണികമാണെന്ന തിരിച്ചറിവിൽ സ്വന്തം കുടുംബവുമായി പോലുമുള്ള ബന്ധം വേർപെടുത്തി ജൈന സന്ന്യാസിയായി ദീക്ഷ സ്വീകരിച്ചിരിക്കുകയാണ് സൂറത്ത് സ്വദേശിനിയായ 12 വയസ്സുകാരി ഖുഷി ഷാ.

എട്ടാം വയസ്സിൽ തന്നെ തന്റെ മാർഗം സന്ന്യാസത്തിന്റേതാണ് എന്ന് തിരിച്ചറിഞ്ഞ ഖുഷി ഇന്നു നടന്ന ചടങ്ങിലാണ് ദീക്ഷ സ്വീകരിച്ചത്. മകൾ ദീക്ഷ സ്വീകരിക്കുന്നത് അഭിമാനമാണെന്ന് കുടുംബം അഭിപ്രായപ്പെട്ടു. ഭൗതിക ലോകത്ത് നമ്മളുടെ സന്തോഷം അതേസമയം സ്ഥിരമല്ലെന്നും അതേസമയം, ലോകം എക്കാലവും നിലനിൽക്കുമെന്നും ഖുഷി പറഞ്ഞു.

ഖുഷിയുടെ കുടുംബത്തിൽനിന്ന് മുമ്പ് നാലുപേർ ജൈന സന്ന്യാസം സ്വീകരിച്ചിട്ടുണ്ട്. എട്ടാം വയസ്സിൽ തന്നെ ഖുഷി സന്ന്യാസിനിയാകുമെന്ന് തീരുമാനമെടുത്തിരുന്നുവെന്ന് കുടുംബാംഗം പറഞ്ഞു. ഖുഷിയുടെ അച്ഛൻ വിനീത് ഷാ സർക്കാർ ഉദ്യോഗസ്ഥനാണ്. ഇത്രയും ചെറുപ്രായത്തിൽ തന്നെ ഉൾവിളി ലഭിച്ചെങ്കിൽ അവൾ സാധാരണ പെൺകുട്ടിയല്ല. ഒരുപാട് പേരുടെ ജീവിതത്തിലേക്ക് വെളിച്ചമേകാൻ അവൾക്ക് സാധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അവളിൽ അഭിമാനം മാത്രമാണ് ഞങ്ങൾക്കുള്ളത്. അദ്ദേഹം പറഞ്ഞു.

മകളെ ഡോക്ടറാക്കാനാണ് ആഗ്രഹിച്ചത്. എന്നാൽ, സന്ന്യാസിനിയാകാനാണ് അവൾ ആഗ്രഹിച്ചത്. അവളുടെ ആഗ്രഹത്തിന് പൂർണ പിന്തുണ നൽകുന്നു-ഖുഷിയുടെ അമ്മ പറഞ്ഞു. ആറാം ക്ലാസിൽ 97 ശതമാനം മാർക്ക് നേടിയ ഖുഷി കഴിഞ്ഞ നവംബറിലാണ് സ്‌കൂളിൽ പോകുന്നത് അവസാനിപ്പിച്ചത്. സ്‌കൂൾ നിർത്തിയതിന് ശേഷം ലളിത ജീവിതമായിരുന്നു നയിച്ചിരുന്നത്. ദീക്ഷ സ്വീകരിക്കുന്നതിന് മുമ്പ് നഗ്‌നപാദയായി കിലോമീറ്ററുകൾ സഞ്ചരിക്കുകയും ചെയ്തു.

ജൈനമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരമാണ് ദീക്ഷ. സന്ന്യാസം സ്വീകരിക്കുന്നതിന് തൊട്ടുമുമ്പാണ് ദീക്ഷ നടത്തുക. കഠിനമായ ആചാരങ്ങൾക്ക് ശേഷമാണ് സന്ന്യാസിയാകുക. ഭൗതിക സുഖങ്ങൾ ത്യജിക്കുക മാത്രമല്ല, വികാരവും ആഗ്രഹങ്ങളുമെല്ലാം ഉപേക്ഷിക്കണം. തലമുടി വടിച്ചു കളയുന്നതിന് പകരം പിഴുതുമാറ്റലാണ് ഏറ്റവും കഠിനമായ ആചാരം. സന്ന്യാസം സ്വീകരിച്ചാൽ വീടുമായി യാതൊരു ബന്ധവും പുലർത്തില്ല. രണ്ടു വെള്ള തുണിയും ഒരു ഭിക്ഷാ പാത്രവുമായാണ് വീടു വിട്ടിറങ്ങുക. ജൈന സന്ന്യാസിമാരുടെ മരണവും അവർ തന്നെ നിശ്ചയിക്കുന്ന പ്രകാരമാണ്.

പഞ്ചവ്രതം

പുതിയതായി ദീക്ഷ സ്വീകരിക്കുന്നവർ പഞ്ചവ്രതം എന്ന പ്രതിജ്ഞയെടുക്കണം. സന്ന്യസിയുടെ ദൈനം ദിന ജീവിതം ഉൾക്കൊള്ളുന്നതാണ് പഞ്ചവ്രതം.അഹിംസ പാലിക്കുക, സത്യം പറയുക, ഒന്നും മോഷ്ടിക്കാതിരിക്കുക, ബ്രഹ്മചര്യം അനുഷ്ടിക്കുക, ആരോടും ബന്ധുത പുലർത്താതിരിക്കുക എന്നിവയാണ് അഞ്ച് ജൈന തത്വങ്ങൾ. എന്നാൽ ജൈനതത്വങ്ങൾ പിന്തുടരുന്ന സാധാരണക്കാർക്ക് അവരുടെ ജീവിത ശൈലിയും അനുവദനീയമായിരുന്നു. സ്ത്രികളെ ഒരിക്കലും ജൈനമതം അകറ്റി നിർത്തിയിരുന്നില്ല.

തങ്ങൾക്ക് സ്വന്തമായുള്ളതെല്ലാം ഉപേക്ഷിച്ച് ഭക്ഷണം വരെ ഭിക്ഷയാചിച്ച് കഴിക്കുന്ന രീതിയിലുള്ള വളരെ ലളിതമായ ജീവിതരീതിയാണ് ജൈനമതവിശ്വാസികൾക്ക് നിഷ്‌കർഷിക്കപ്പെട്ടിട്ടുള്ളത്. ഇതിനുപുറമേ ബ്രഹ്മചര്യവും അനുഷ്ടിക്കേണ്ടുതുണ്ട്. പുരുഷന്മാർക്ക് അവരുടെ വസ്ത്രമടക്കം ഉപേക്ഷിക്കുന്നതിന് നിഷ്‌കർഷിക്കപ്പെട്ടിരിക്കുന്നു.

എല്ലാ ജീവനും വിശുദ്ധമെന്ന വിശ്വാസം

ജൈനരുടെ വിശ്വാസമനുസരിച്ച് ഏറ്റവും ചെറിയ കൃമികീടങ്ങളടക്കമുള്ള എല്ലാ ജീവജാലങ്ങളുടേതടക്കമുള്ള ജീവൻ വിശുദ്ധമാണ്. അത് ഇല്ലാതാക്കുന്നതും തെറ്റാണ്. അതുകൊണ്ട് അബദ്ധത്തിൽപ്പോലും പറക്കുന്ന ജീവികളെയോ മറ്റോ വായിൽപ്പെട്ട് വിഴുങ്ങാതിരിക്കുന്നതിന്, ജൈനർ തങ്ങളുടെ വായ വെളുത്ത തുണി കൊണ്ട് മൂടിക്കെട്ടുന്നു. വിളക്കിന്റെ നാളത്തിൽപ്പെട്ട് കീടങ്ങൾ മരിക്കുന്നത് ഒഴിവാക്കാനായി ജൈനർ വിളക്ക് കത്തിക്കുന്നതും ഒഴിവാക്കാറുണ്ട്. ഇതേ കാരണത്താൽ ഇവർ പകൽവെളിച്ചത്തിൽ മാത്രമേ ഭക്ഷണം കഴിക്കാറുമുള്ളൂ. ജൈനരുടെ വായ് മൂടിക്കെട്ടുന്ന സ്വഭാവം മൂലം ഗ്രീക്ക് സഞ്ചാരിയായിരുന്ന മെഗസ്തനീസ്, ഇവർ വായില്ലാത്തവരാണെന്നു വരെ രേഖപ്പെടുത്തിയിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP