Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുമ്മനത്തിന്റെ യോർക്കറിൽ കെ മുരളീധരന്റെ കുറ്റിതെറിക്കുമോ? ഉപതിരഞ്ഞെടുപ്പ് മോഹിച്ചിരിക്കുന്നവരെ വെട്ടിലാക്കി ഇരുതല മൂർച്ഛയുള്ള ഹർജിയുമായി കുമ്മനം സുപ്രീം കോടതിയിൽ; വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പ് ജയം റദ്ദാക്കാൻ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കോടതി വാദം കേൾക്കുമ്പോൾ വട്ടിയൂർക്കാവ്-വടകര തിരഞ്ഞെടുപ്പ് വിജയങ്ങൾ തുലാസിലാകുമെന്ന് ആശങ്ക; ജനപ്രിയ ടിവിയിലെ വായ്‌പ്പാ വിവരങ്ങൾ മറച്ചുവെച്ചത് മുരളിക്ക് വിനയാകുമോ? വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പു വരണമെങ്കിലും കുമ്മനം തന്നെ മനസ്സുവെക്കണം

കുമ്മനത്തിന്റെ യോർക്കറിൽ കെ മുരളീധരന്റെ കുറ്റിതെറിക്കുമോ? ഉപതിരഞ്ഞെടുപ്പ് മോഹിച്ചിരിക്കുന്നവരെ വെട്ടിലാക്കി ഇരുതല മൂർച്ഛയുള്ള ഹർജിയുമായി കുമ്മനം സുപ്രീം കോടതിയിൽ; വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പ് ജയം റദ്ദാക്കാൻ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കോടതി വാദം കേൾക്കുമ്പോൾ വട്ടിയൂർക്കാവ്-വടകര തിരഞ്ഞെടുപ്പ് വിജയങ്ങൾ തുലാസിലാകുമെന്ന് ആശങ്ക; ജനപ്രിയ ടിവിയിലെ വായ്‌പ്പാ വിവരങ്ങൾ മറച്ചുവെച്ചത് മുരളിക്ക് വിനയാകുമോ? വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പു വരണമെങ്കിലും കുമ്മനം തന്നെ മനസ്സുവെക്കണം

എം മനോജ് കുമാർ

തിരുവനന്തപുരം: നിയമസഭാംഗം എന്ന നിലയിൽ കെ.മുരളീധരന്റെ വട്ടിയൂർക്കാവിലെ വിജയവും ലോക്‌സഭാ അംഗമെന്ന നിലയിൽ ഇപ്പോഴുള്ള വടകരയിലെ തിരഞ്ഞെടുപ്പ് വിജയവും പ്രതിസന്ധിയിലാകുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ നിന്ന് കെ.മുരളീധരൻ വിജയിച്ചപ്പോൾ എതിർ സ്ഥാനാർത്ഥിയായിരുന്ന ബിജെപിയുടെ കുമ്മനം രാജശേഖരൻ മുരളീധരന്റെ വിജയം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയാണ് നിയമസഭാ-ലോക്‌സഭാ മണ്ഡലങ്ങളിലെ മുരളീധര വിജയം തുലാസിലാക്കുന്നത്. ഈ ഹർജിയിൽ ഹൈക്കോടതിയിൽ നടപടികൾ നടക്കുന്നതിന് എതിരെ കെ.മുരളീധരൻ സുപ്രീംകോടതിയിൽ പോയി സമ്പാദിച്ച സ്റ്റേ നിലനിൽക്കുകയാണ്. ഈ സ്റ്റേ നീക്കാനായി കുമ്മനം രാജശേഖരൻ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. മെയ് മാസം ഏഴിന് ഈ കേസ് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. സ്റ്റേ സുപ്രീംകോടതി നീക്കിയാൽ കേസ് വീണ്ടും ഹൈക്കോടതിയിലേക്ക് വരും. കുമ്മനത്തിന്റെ ഹർജിയിൽ തുടർ വാദം നടന്നാൽ സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചു വെച്ച പ്രശ്‌നത്തിൽ മുരളീധരൻ മറുപടി പറയേണ്ടി വരും. വിജയം തന്നെ അസാധുവുമായേക്കും. ഇതാണ് കുമ്മനത്തിന്റെ സുപ്രീംകോടതിയിലെ നീക്കം മുരളീധരന് പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

മുരളീധരൻ വട്ടിയൂർക്കാവിൽ നാമനിർദ്ദേശ പ്രതിക സമർപ്പിച്ചപ്പോൾ സത്യവാങ്മൂലത്തിൽ സ്വത്ത് വിവരവും ആസ്തി-ബാധ്യതകളും സത്യവാങ്മൂലത്തിൽ മറച്ചുവെച്ചുവെന്നാണ് നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ കുമ്മനം നൽകിയ ഹർജിയിൽ പറയുന്നത്. ജനപ്രിയ കമ്മ്യൂണിക്കേഷൻ ലിമിറ്റഡിന്റെ ചെയർമാനായിരുന്ന കെ മുരളീധരൻ കമ്പനിയിൽ നിന്ന് എടുത്ത 2.28 കോടി രൂപയുടെ വായ്പയും, പ്രധാന ഓഹരിയുടമ എന്ന നിലയിലുള്ള ആസ്തിയും കാണിച്ചിട്ടില്ലെന്നാണ് ഹർജിയിൽ പറയുന്നത്. കമ്പനി നിയമത്തിന് വിരുദ്ധമായാണ് മുരളീധരൻ വായ്പ എടുത്തിരിക്കുന്നത്. ജനപ്രിയയുടെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടകയിനത്തിൽ 16 ലക്ഷം രൂപ കൈപ്പറ്റിയതും സത്യവാങ്മൂലത്തിൽ കാണിച്ചിട്ടില്ല. സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവെച്ചതിനാൽ കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവെച്ചതിനാൽ ആരോപണങ്ങൾ ശരിയാണെങ്കിൽ മുരളീധരന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാകുമെന്നു ഈ ഹർജി പരിഗണിക്കുമ്പോൾ ഹൈക്കോടതി ജഡ്ജി വാക്കാൽ നിരീക്ഷണം നടത്തിയിരുന്നു. അതിനാലാണ് ഹർജിയിലെ തുടർ നടപടികൾക്ക് എതിരെ സുപ്രീംകോടതിയിൽ പോയി മുരളീധൻ സ്റ്റേ വാങ്ങിയത്. ഈ സ്റ്റേ നീങ്ങിയാൽ മുരളീധരന് പ്രശ്‌നം സൃഷ്ടിക്കപ്പെടുമെന്നു ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഈ ഘട്ടത്തിലാണ് കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന പ്രസിഡന്റ് പദവി വിട്ടശേഷം മിസോറാം ഗവർണർ പദവിയിലേക്ക് നീങ്ങുന്നത്. അതിനാൽ സുപ്രീംകോടതിയിലെ ഹർജിയിൽ കുമ്മനം പിന്നെ ഇടപെട്ടില്ല. തിരുവനന്തപുരത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ ഗവർണർ പദവി വിട്ടൊഴിഞ്ഞു എത്തിയ കുമ്മനം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കുമ്മനം രാജശേഖരന്റെ ഈ ഹർജിയാണ് സുപ്രീംകോടതി മെയ് ഏഴിന് പരിഗണിക്കുന്നത്.

വട്ടിയൂർക്കാവിൽ നൽകിയ അതെ സത്യവാങ്മൂലമാണ് മുരളി വടകരയിലും നൽകിയിരിക്കുന്നത്. വട്ടിയൂർക്കാവിൽ മുരളിക്ക് തിരിച്ചടി നേരിട്ടാൽ അതേ തിരിച്ചടി മുരളിയുടെ വടകര ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തെയും ബാധിക്കും. മുരളീധരന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടാൽ തുടർ കാര്യങ്ങൾ വിധിയിൽ വ്യക്തമാകും. അതുകൊണ്ട് തന്നെ സുപ്രീംകോടതിയിൽ നിന്ന് സ്റ്റേ നീങ്ങിയാൽ മുരളീധരന്റ് വട്ടിയൂർക്കാവിലെയും വടകരയിലെയും തിരഞ്ഞെടുപ്പ് വിജയങ്ങൾ തുലാസിലാകുന്ന അവസ്ഥ വരും. സത്യവാങ്മൂലത്തെ സംബന്ധിച്ച് കർശനമായ സുപ്രീം കോടതി വിധിയുണ്ട്. ആ വിധിയിൽ സ്ഥാനാർത്ഥികൾക്കുള്ള മാർഗ നിർദ്ദേശങ്ങൾ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഈ കാര്യങ്ങൾ എല്ലാ സ്ഥാനാർത്ഥികളും പിന്തുടരണണമെന്നു പറഞ്ഞു തിരഞ്ഞെടുപ്പ് കമ്മീഷൻ അവബോധവും നടത്തിയിട്ടുണ്ട്.

സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചു വച്ചാൽ അത് സുപ്രീംകോടതി വിധിയുടെ ലംഘനമാകും. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമങ്ങളുടെ ലംഘനം കൂടിയാകും-തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പക്ഷെ അന്തിമം ഹൈക്കോടതി വിധി തന്നെയാകും. കെ.മുരളീധരനെ തിരഞ്ഞെടുപ്പ് ജയത്തെ സംബന്ധിച്ച് നിർണ്ണായകമായ ഒരു നീക്കം തന്നെയാണ് കുമ്മനത്തിന്റെ ഭാഗത്ത് നിന്നും വരുന്നത്. അതുകൊണ്ട് തന്നെ സുപ്രീംകോടതി സ്റ്റേ നീങ്ങുമോ എന്നാണ് ഈ കാര്യത്തിൽ രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.

അതേസമയം ഈ കാര്യത്തിൽ മുരളീധരന്റെ പ്രധാനപ്പെട്ട ഒരു പ്രസ്താവനയും പുറത്ത് വന്നിട്ടുണ്ട്. വട്ടിയൂർക്കാവിലെ ഉപതിരഞ്ഞെടുപ്പിന് കുമ്മനം വിചാരിക്കണമെന്നാണ് മുരളീധരൻ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് സംഘടിപ്പിച്ച അനുമോദനചടങ്ങിൽ സംബന്ധിക്കവേയാണ് കെ. മുരളീധരൻ വട്ടിയൂർക്കാവിലെ ഉപതിരഞ്ഞെടുപ്പിന് കുമ്മനം വിചാരിക്കണമെന്ന് പറഞ്ഞത്. അതുകൊണ്ട് തന്നെ വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിലെ കെ.മുരളീധരന്റെ തിരഞ്ഞെടുപ്പ് ജയങ്ങളിലും അനിശ്ചിതത്വം നിലനിൽക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP