Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്‌സഭയിലെ നേട്ടത്തിന് പിന്നാലെ ബംഗാളിൽ തൃണമൂലിന്റെ അടിവേരിളക്കി കൊണ്ട് അമിത്ഷായുടെ ഓപ്പറേഷൻ തുടങ്ങി; മൂന്ന് എംഎൽഎമാർ അടക്കം അമ്പതോളം തൃണമൂൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു; മറുകണ്ടം ചാടിയവരിൽ ഒരാൾ സിപിഎമ്മിന്റെ എംഎൽഎയും; ബിജെപിക്ക് വേണ്ടി കരുക്കൾ നീക്കുന്നത് കരുത്തനുമായ ഒരു കാലത്ത് മമത ബാനർജിയുടെ വിശ്വസ്തനായിരുന്ന മുകുൾ റോയി

ലോക്‌സഭയിലെ നേട്ടത്തിന് പിന്നാലെ ബംഗാളിൽ തൃണമൂലിന്റെ അടിവേരിളക്കി കൊണ്ട് അമിത്ഷായുടെ ഓപ്പറേഷൻ തുടങ്ങി; മൂന്ന് എംഎൽഎമാർ അടക്കം അമ്പതോളം തൃണമൂൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു; മറുകണ്ടം ചാടിയവരിൽ ഒരാൾ സിപിഎമ്മിന്റെ എംഎൽഎയും; ബിജെപിക്ക് വേണ്ടി കരുക്കൾ നീക്കുന്നത് കരുത്തനുമായ ഒരു കാലത്ത് മമത ബാനർജിയുടെ വിശ്വസ്തനായിരുന്ന മുകുൾ റോയി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച നേട്ടത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ ബിജെപി കൂടുതൽ ശക്തമായി പിടിമുറുക്കി തുടങ്ങി. അമിത്ഷായുടെ നേതൃത്വത്തിൽ ബംഗാളിൽ നിന്നും കൂടുതൽ നേതാക്കളെ മറുകണ്ടം ചാടിക്കാനുള്ള ശ്രമം ശക്തമാക്കി. ബംഗാളിലെ മൂന്ന് എംഎൽഎമാർ ബിജെപിയിലെത്തി. കൂടാതെ അമ്പതിലേറെ കൗൺസിലർമാരും തൃണമൂൽ കോൺഗ്രസിൽ എത്തിയതോടെ വരും നാളുകളിൽ ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്കായിരിക്കുമെന്ന് ഉറപ്പായി.

ഡൽഹിയിൽ ബിജെപി. ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേശീയ സെക്രട്ടറി കൈലാശ് വിജയവർഗിയയും ബംഗാളിലെ ബിജെപി. നേതാവ് മുകുൾ റോയിയും ചേർന്നാണ് തൃണമൂൽ നേതാക്കളെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. ഇവർക്ക് പുറമേ സിപിഎമ്മിന്റെ എംഎ‍ൽഎയും ചൊവ്വാഴ്ച ബിജെപി.യിൽ ചേർന്നു. നിലവിൽ മൂന്ന് എംഎ‍ൽഎമാർ അടക്കമുള്ളവരാണ് പാർട്ടിയിലെത്തിയതെന്നും ഇനിയും ഒട്ടേറേപേർ ബംഗാളിൽ ബിജെപിയിലേക്കെത്തുമെന്നും ദേശീയ സെക്രട്ടറി കൈലാശ് വിജയവർഗിയ പറഞ്ഞു. മുൻ തൃണമൂൽ നേതാവും ബിജെപിയുടെ ബംഗാളിലെ കരുത്തനുമായ മുകുൾ റോയിയാണ് തൃണമൂൽ നേതാക്കളെ പാർട്ടിയിലെത്തിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത്. തൃണമൂലിലെ 143 എംഎ‍ൽഎമാർ പാർട്ടി വിടാൻ തയ്യാറാണെന്ന് അദ്ദേഹം നേരത്തെ അവകാശപ്പെട്ടിരുന്നു.

മുകുൾ റോയിയുടെ മകനും തൃണമൂൽ എംഎ‍ൽഎയുമായ സുബ്രാങ്ഷുറോയ് ഉൾപ്പെടെയുള്ള എംഎ‍ൽഎമാരാണ് നിലവിൽ ബിജെപിയിൽ ചേർന്നത്. സുബ്രാങ്ഷുറോയിയെ അടുത്തിടെ തൃണമൂൽ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ ബംഗാളിൽ 18 സീറ്റുകളിലാണ് ബിജെപി. വിജയിച്ചത്.

42 സീറ്റിൽ 18 എണ്ണവും ബിജെപി സ്വന്തമാക്കിയപ്പോൾ സംസ്ഥാനം ഭരിക്കുന്ന തൃണമൂൽ കോൺഗ്രസിന് 22 സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂ. സസ്‌പെൻഷനിലുള്ള സുബ്രാൻഷു റോയ് അടക്കമുള്ള മൂന്ന് തൃണമൂൽ കോൺഗ്രസ് എംഎ‍ൽഎമാർ തിങ്കളാഴ്ച വൈകിട്ട് ഡൽഹിക്ക് പോയതായി റിപ്പോർട്ടുണ്ട്. കൻച്ചറപ്പാറ, ഹലിഷഹർ, നെയിഹാട്ടി എന്നിവടങ്ങളിലെ 40 കൗൺസിലർമാരും ഇവർക്കൊപ്പം ഉണ്ടെന്നാണ് റിപ്പോർട്ട്. കൗൺസിലർമാർ പാർട്ടിയിലേക്ക് എത്തുന്നതോടെ രണ്ട് മുൻസിപ്പാലിറ്റികളിൽ അവകാശവാദം ഉന്നയിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

മമതാ ബാനർജിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കൊടുവിൽ 2017ൽ തൃണമൂൽ കോൺഗ്രസ് വിട്ട മുകുൾ റോയിയും നേതാക്കൾക്കൊപ്പം ഡൽഹിയിലേക്ക് പോയിട്ടുണ്ട്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ബിജെപി നേടിയ വിജയമാണ് തങ്ങളെ ആകർഷിച്ചതെന്ന് പശ്ചിമ ബംഗാളിലെ ഖാരിഫയിലെ കൗൺസിലറായ റൂബി ചാറ്റർജി പറഞ്ഞു. സസ്‌പെൻഷനിലുള്ള തൃണമൂൽ കോൺഗ്രസ് എംഎ‍ൽഎ സുബ്രാൻഷു റോയ്, താൻ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ബിജെപിയിൽ ചേരുമെന്ന് നേരത്ത വ്യക്തമാക്കിയിരുന്നു.

സസ്‌പെൻഷൻ ലഭിച്ചപ്പോൾ പിതാവിന്റെ പാത പിന്തുടർന്ന് താൻ ബിജെപിയിൽ ചേരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 17ശതമാനം വോട്ടായിരുന്നു ലഭിച്ചത്. ഇത്തവണ വൻ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. 40.5 ശതമാനം വോട്ട് ബിജെപിക്ക് ലഭിച്ചു. മുൻ തൃണമൂൽ നേതാവും നിലവിൽ ബംഗാളിലെ ബിജെപിയുടെ ചാണക്യനുമായ മുകുൾ റോയിയുടെ നേതൃത്വത്തിലാണ് എംഎ‍ൽഎമാരെ പാർട്ടിയിലെത്തിക്കാൻ ബിജെപി. കരുക്കൾനീക്കിയത്. ഒരു കാലത്ത് മമത ബാനർജിയുടെ വിശ്വസ്തനായിരുന്നു മുകുൾ റോയി. റോയിയുടെ നേതൃത്വത്തിലാണ് ബിജെപി ബംഗാൾ പിടിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിരിക്കുന്നത.

ഹാലിഷഹർ, നയ്ഹാതി,കഞ്ചറാപ്പറ എന്നീ നഗരസഭകളിലെ കൗൺസിലർമാരാണ് ഡൽഹിയിലെത്തിയിട്ടുള്ളത്. കൗൺസിലർമാരെ മറുകണ്ടം ചാടിക്കുന്നതിലൂടെ ബംഗാളിലെ രണ്ട് നഗരസഭകളിൽ അധികാരം പിടിക്കാമെന്നാണ് ബിജെപി. കണക്കുക്കൂട്ടൽ. അതേസമയം, ബിജെപി.യുടെ തിരഞ്ഞെടുപ്പ് വിജയമാണ് പാർട്ടിയിൽ ചേരാൻ പ്രേരിപ്പിച്ചതെന്നാണ് കൗൺസിലർമാരുടെ വാദം. ജനങ്ങൾ ബിജെപി.യെ കൂടുതലായി ഇഷ്ടപ്പെടുന്നുണ്ടെന്നും ബിജെപിക്കായി പ്രവർത്തിക്കാനാണ് താത്പര്യമെന്നും കൗൺസിലർമാർ പറയുന്നു.

തൃണമൂൽ കോൺഗ്രസിലെ 143 വിമത എംഎ‍ൽഎമാർ തന്നെ ബന്ധപ്പെട്ടതായി മുകുൾ റോയ് നേരത്തെ അവകാശപ്പെട്ടിരുന്നു. പരാജയപ്പെട്ട പാർട്ടിയിൽ പ്രവർത്തിക്കാൻ അവരാരും താത്പര്യപ്പെടുന്നില്ലെന്നും എന്നാൽ തന്നോട് ബന്ധപ്പെട്ട എംഎ‍ൽഎ.മാരുടെ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നുമായിരുന്നു മുകുൾ റോയിയുടെ പ്രതികരണം. തെരഞ്ഞെടുപ്പു വേളയിൽ ബിജെപിയിലേക്ക് തൃണമൂലിൽ നിന്നും 40തിലേറെ എംഎൽഎമാർ എത്തുമെന്ന് നരേന്ദ്ര മോദിയുടെ പ്രതികരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP