Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുഡിഎഫ് നന്ദി പറയേണ്ടത് സുകുമാരൻ നായരോട് മാത്രം; ബിജെപിയുടെ പ്രതീക്ഷകൾ തകിടം മറിച്ച് യുഡിഎഫിനെ പിന്തുണയ്ക്കാൻ കർശന നിർദ്ദേശം നൽകിയത് സിപിഎമ്മിന്റെ സമ്പൂർണ്ണ പരാജയം ഉറപ്പിക്കാൻ; എൻ എസ് എസ് യുണിയൻ ഭാരവാഹികളെ പെരുന്നയിൽ വിളിച്ചു വരുത്തി കർശന നിർദ്ദേശം നൽകി അട്ടിമറിച്ചതു ലക്ഷക്കണക്കിന് വോട്ടുകൾ; കുമ്മനത്തിന് വിനയായതും നായരുടെ പിന്തുണ തരൂരിന് ലഭിച്ചത്; തോൽവിയുടെ കാരണം തിരിച്ചറിഞ്ഞ് ഇനി എൻഎസ്എസിനെ പ്രകോപിപ്പിക്കരുതെന്ന് കർശന നിർദ്ദേശം നൽകി പിണറായി

യുഡിഎഫ് നന്ദി പറയേണ്ടത് സുകുമാരൻ നായരോട് മാത്രം; ബിജെപിയുടെ പ്രതീക്ഷകൾ തകിടം മറിച്ച് യുഡിഎഫിനെ പിന്തുണയ്ക്കാൻ കർശന നിർദ്ദേശം നൽകിയത് സിപിഎമ്മിന്റെ സമ്പൂർണ്ണ പരാജയം ഉറപ്പിക്കാൻ; എൻ എസ് എസ് യുണിയൻ ഭാരവാഹികളെ പെരുന്നയിൽ വിളിച്ചു വരുത്തി കർശന നിർദ്ദേശം നൽകി അട്ടിമറിച്ചതു ലക്ഷക്കണക്കിന് വോട്ടുകൾ; കുമ്മനത്തിന് വിനയായതും നായരുടെ പിന്തുണ തരൂരിന് ലഭിച്ചത്; തോൽവിയുടെ കാരണം തിരിച്ചറിഞ്ഞ് ഇനി എൻഎസ്എസിനെ പ്രകോപിപ്പിക്കരുതെന്ന് കർശന നിർദ്ദേശം നൽകി പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ വൻ തോൽവിക്ക് കാരണം എൻ എസ് എസ് ഇടപെടലെന്ന് തിരിച്ചറിഞ്ഞ് ഇടതു പക്ഷ നേതതൃത്വം. 20ൽ 19 നേടിയതിന്റെ അടിസ്ഥാന കാരണം എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പിന്തുണയാണെന്ന് യുഡിഎഫും വിലയിരുത്തുന്നു. തന്റെ തോൽവിയുടെ കാരണം നായർ വോട്ടുകൾ നഷ്ടപ്പെട്ടതു കൊണ്ടാണെന്ന് കുമ്മനം രാജശേഖരനും വിലയിരുത്തുന്നു. അങ്ങനെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഫലം നിർണ്ണയിച്ച ഏറ്റവും പ്രധാന ഘടകമായി സുകുമാരൻ നായർ മാറുകയാണ്. പാലക്കാടും ആലത്തൂരും തൃശൂരും കൊല്ലത്തും ആറ്റിങ്ങലിലും തിരുവനന്തപുരത്തും പ്രതീക്ഷിച്ച വിജയം ഇടതു പക്ഷത്തിൽ നിന്ന് അകറ്റിയത് എൻ എസ് എസ് ഇടപെടലുകളാണ്. ഇവിടെല്ലാം എൻ എസ് എസിന്റെ കേഡർ സ്വഭാവമുള്ള വോട്ടുകൾ സുകുമാരൻ നായർ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ഉറപ്പിച്ചു.

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന പ്രതീക്ഷ എൻ എസ് എസിനുണ്ടായിരുന്നു. ഇതിനൊപ്പം സിപിഎം തോറ്റേ മതിയാകൂവെന്ന ചിന്തയും. ഈ സാഹചര്യത്തിലാണ് എൻ എസ് എസ് വോട്ടുകൾ യുഡിഎഫിന് നൽകിയത്. സുകുമാരൻ നായരുടെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് പെരുന്നയിലെത്തിയ കെപിസിസി അധ്യക്ഷന് അന്ന് തന്നെ സുകുമാരൻ നായർ ഭയപ്പെടേണ്ടതില്ലെന്ന സന്ദേശം നൽകിയിരുന്നു. നമ്മൾ തമ്മിൽ ബന്ധമൊന്നുമില്ല. എന്നാൽ നിങ്ങൾക്കാകും പിന്തുണ. നിങ്ങൾ ജയിക്കും-ഇങ്ങനെയായിരുന്നു മുല്ലപ്പള്ളിയോട് കുറച്ചു വാക്കുകളിൽ സുകുമാരൻ നായർ പ്രതികരിച്ചത്. സുകുമാരൻ നായരുടെ പിന്തുണ തേടിയെത്തിയ എല്ലാ യുഡിഎഫ് നേതാക്കളോടും ഇക്കാര്യം പറയുകയും ചെയ്തു. ശബരിമലയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയം കളിച്ചുവെന്ന പരസ്യ പ്രസ്താവനയും ഇതിന്റെ ഭാഗമായിരുന്നു. എല്ലാ താലൂക്ക് യൂണിയൻ പ്രസിഡന്റുമാരോടും യുഡിഎഫിനൊപ്പമാണ് താനെന്ന സന്ദേശം സുകുമാരൻ നായർ നൽകിയിരുന്നു. ഇതെല്ലാം സിപിഎമ്മും അറിഞ്ഞിരുന്നു. എന്നാൽ ഇത്രയും സ്വാധീനം എൻ എസ് എസിന് ഉണ്ടാകുമെന്ന് സിപിഎം മനസ്സിലാക്കിയില്ല.

മുമ്പ് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനുള്ള കരുത്ത് എൻ എസ് എസിന് ഇല്ലായിരുന്നു. എന്നാൽ മീശ നോവൽ വിവാദത്തോടെ സമുദായത്തിൽ സുകുമാരൻ നായർ പിടിമുറുക്കി. ശബരിമലയിലെ യഥാർത്ഥ സമര നായകനും സുകുമാരൻ നായരായിരുന്നു. അയ്യപ്പജ്യോതിയും വിജയിപ്പിച്ചു. ബിജെപിക്കൊപ്പമായിരുന്നു അന്ന് സുകുമാരൻ നായർ. എന്നാൽ വോട്ടുകൾ ബിജെപിക്ക് നൽകിയാൽ സിപിഎം ജയിക്കുമെന്ന് സുകുമാരൻ നായർ തിരിച്ചറിഞ്ഞു. ഇതോടെ സിപിഎമ്മിനെ എല്ലാ സീറ്റിലും തോൽപ്പിക്കാൻ കോൺഗ്രസിന് വോട്ട് നൽകാൻ എൻ എസ് എസ് തീരുമാനിക്കുകയായിരുന്നു. സുകുമാരൻ നായരെ പിണറായിയും കോടിയേരിയും പരസ്യമായി തന്നെ വിമർശിച്ചിരുന്നു. എൻ എസ് എസിനെ പ്രകോപിപ്പിച്ച് നായർ വോട്ടുകൾ ബിജെപിയിൽ എത്തിക്കാനായിരുന്നു ഇത്. എന്നാൽ ഈ തന്ത്രം വിലപോയില്ല. ന്യൂനപക്ഷത്തിനൊപ്പം ഹൈന്ദവ വോട്ടുകളും സിപിഎമ്മിന് നഷ്ടമായി. അതുകൊണ്ട് തന്നെ ഇനി സുകുമാരൻ നായരെ പ്രകോപിപ്പിക്കരുതെന്ന് സിപിഎം നേതാക്കൾക്ക് പിണറായിയും നിർദ്ദേശം നൽകിയിട്ടുണ്ട്.

മുഴുവൻ താലൂക് യൂണിയൻ ഭാരവാഹികളേയും സുകുമാരൻ നായർ എൻ എസ് എസ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയിരുന്നു. എല്ലിയിടത്തും കോൺഗ്രസിന് വോട്ടുറപ്പിക്കണമെന്ന നിർദ്ദേശം നൽകി. മാവേലിക്കര യൂണിയനെ പിരിച്ചു വിട്ടതും യുഡിഎഫിന് എതിരെ നിലപാട് എടുക്കുന്ന യൂണിയനുകൾക്ക് കർശന നിർദ്ദേശം നൽകാനായിരുന്നു. ഇതോടെ സ്ഥാനം പോകുമെന്ന ഭയത്തിൽ എല്ലാ നേതാക്കളും സുകുമാരൻ നായർക്കൊപ്പം നിന്നു. മാവേലിക്കരയിൽ ബാലകൃഷ്ണ പിള്ള ഇടതുപക്ഷത്തിനായി വോട്ട് പിടിച്ചു. ഇവിടെ പ്രത്യേക ശ്രദ്ധ നൽകിയാണ് മുഴുവൻ വോട്ടും യുഡിഎഫിന്റെ കൊടിക്കുന്നിൽ സുരേഷിന് ഉറപ്പിച്ചത്. രാഹുൽ അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു സുകുമാരൻ നായരുടെ ഇടപെടൽ. ഇത് നടന്നില്ലെങ്കിലും പെരുന്നയിലെ വാക്കുകൾ എൻ എസ് എസ് അണികൾ ഉൾക്കൊണ്ടുവെന്നത് സുകുമാരൻ നായർക്ക് കരുത്ത് പകരും. നായർ സമുദായവും വോട്ട് ബാങ്കായി മാറുന്നതിന്റെ സൂചനയാണ് ഇത്.

സുകുമാരൻ നായരുടെ അതിസൂക്ഷ്മമായ നീക്കം തന്നെയാണ് ശബരിമല വിഷയത്തെ വളർത്തിയതും ആളിക്കത്തിച്ച് ഒരു വലിയ വിവാദമാക്കിയതും 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു സുപ്രധാന വിഷയമായി മാറ്റിയതും. കഴിഞ്ഞ വർഷം സെപ്റ്റംബർ 28 നാണ് സുപ്രീം കോടതി ചരിത്രപ്രധാനമായ ആ വിധി പ്രസ്താവിച്ചത്. ശബരിമലയിൽ ഏതുപ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം നൽകേണ്ടതാണെന്ന വിധി ആദ്യഘട്ടത്തിൽ പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. ബിജെപി നേതൃത്വം പൊതുവെ വിധിയെ സ്വാഗതം ചെയ്യുകയായിരുന്നു. ആർഎസ്എസിലെ ഒരു പ്രമുഖനേതാവ് ഈ നിലയ്ക്ക് ലേഖനമെഴുതുകയും ചെയ്തു. എന്നാൽ സുകുമാരൻ നായർ മറിച്ചൊരു നിലപാട് എടുത്തു. ആചാരത്തിന് പ്രാധാന്യം നൽകണമെന്ന് ആഹ്വാനം ചെയ്ുത. ഇതോടെ നാമജപ ഘോഷയാത്ര തുടങ്ങി. പന്തളം കൊട്ടാരവും തന്ത്രി കുടുംബവും എൻ എസ് എസിനൊപ്പം നിന്നു. ഒക്ടോബർ രണ്ടാം തീയതി തന്നെ വിധി വന്ന് ദിവസങ്ങൾക്കുള്ളിൽ പന്തളത്ത് അതി ഗംഭീരമായൊരു നാമജപ ഘോഷയാത്ര സംഘടിപ്പിച്ച് എൻ എസ് എസ് ശബരിമലയെ ആളിക്കത്തിച്ചു. ഇതോടെ ബിജെപിയും ആർ എസ് എസും നിലപാട് മാറ്റി. മിസോറാം ഗവർണർസ്ഥാനം രാജിവെച്ച് കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തു പറന്നിറങ്ങി സ്ഥാനാർത്ഥിയായി. കെ സുരേന്ദ്രൻ പത്തനംതിട്ടയിലെത്തി. തൃശൂരിൽ സ്ഥാനാർത്ഥിയായ സുരേഷ്‌ഗോപിയും

എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പിന്തുണ എൻ എസ് എസ് ബിജെപിക്ക് നൽകിയില്ല. 2000-ലാണ് ഡിസംബർ അവസാനവാരമാണ് പ്രധാനമന്ത്രി എബി വാജ്‌പേയ് കോട്ടയത്തിനടുത്ത് കുമരകത്ത് വിശ്രമത്തിനെത്തിയത്. തൊട്ടടുത്താണ് എൻഎസ്എസിന്റെ ആസ്ഥാനം. ചങ്ങനാശ്ശേരിക്കടുത്ത് പെരുന്നയിൽ. കുമരകത്തു വിശ്രമിക്കുന്ന പ്രധാനമന്ത്രിയെ സന്ദർശിക്കാൻ പ്രമുഖ ബിജെപി നേതാക്കൾ തന്നെ അന്നത്തെ എൻഎസ്എസ് ജനറൽ സെക്രട്ടറി പികെനാരായണപ്പണിക്കരെ നിർബന്ധപൂർവം ക്ഷണിച്ചതാണ്. വാജ്‌പേയ് പത്തു ദിവസത്തോളം കുമരകത്തുണ്ടായിരുന്നു. അദ്ദേഹവുമായി രെു കൂടിക്കാഴ്ച നടത്താൻ നാരായണപ്പണിക്കർ സമ്മതിച്ചതേയില്ല. കടുത്ത ബിജെപി വിരോധമാണ് നാരായണപ്പണിക്കർ പിന്തുടർന്നിരുന്നത്. ഇത് സുകുമാരൻ നായരേയും സ്വാധീനിച്ചിരുന്നു. എൻ.എസ്.എസ് തുറന്ന ശബരിമല വഴിയിലൂടെ ബിജെപി ബഹുദൂരം പോയെങ്കിലും ഒരിക്കലും എൻ.എസ്.എസ് കൂടെയുണ്ടായിരുന്നില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലവും വ്യക്തമാകുന്നത്.

ശബരിമല വിഷയം വലിയൊരു രാഷ്ട്രീയ വിഷയമാക്കിയ ബിജെപി നിലപാടിനോട് സുകുമാരൻ നായർ യോജിച്ചില്ല. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബിജെപി ബന്ധമുണ്ടാക്കിയതും തുഷാർ വെള്ളാപ്പള്ളി നേതാവായി ബിഡിജെഎസ് രൂപീകരിച്ചതുമൊന്നും സുകുമാരൻ നായർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. എസ്.എൻ.ഡി.പി.യെ പ്രീണിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളും സുകുമാരൻ നായരെ സ്വാധീനിച്ചു. അതുകൊണ്ട് തന്നെ 19 സീറ്റ് നേടിയ യുഡിഎഫ് വിജയത്തിനു പിന്നിൽ അടിസ്ഥാന ഘടകമായി എൻ.എസ്.എസ് നിലപാടുണ്ട്. നാരായണപണിക്കരുടെ കാലം മുതൽ എൻ.എസ്.എസ്. പിന്തുടർന്നിരുന്ന സമദൂര സിദ്ധാന്തം മാറ്റിവെച്ച് യു.ഡി.എഫ്. പിന്തുണ നൽകുകയാണ് സുകുമാരൻ നായർ ചെയ്തത്.

പത്തനംതിട്ടയിൽ ആന്റോ ആന്റണിയുടെ വിജയത്തിനു പിന്നിലും എൻ.എസ്.എസിന്റെ കൈയുണ്ട്. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ വിജയിപ്പിക്കാൻ ചില എൻ.എസ്.എസ്. നേതാക്കാൾ പ്രചാരണത്തിനിറങ്ങിയപ്പോൾ ശശി തരൂരിനെ പിന്തുണയ്ക്കാനായിരുന്നു സുകുമാരൻ നായരുടെ തീരുമാനം. എൻ.എസ്.എസ്. നേതാക്കൾ പരസ്യമായി തന്നെ തരൂരിനുവേണ്ടി പ്രചാരണത്തിനിറങ്ങുകയും ചെയ്തു. നെയ്യാറ്റിൻകരയിലും പാറശ്ശാലയിലും ഇത് തരൂരിന് ഗുണം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP